എഴുപതുകളിലെ ഒരു കളിസ്മരണ

Sunday, June 17, 2012 - 18:19

വർഷം 1975-76 ആണെന്നാണ്‌ ഓർമ്മ. പറവൂർ കഥകളി ക്ലബ്ബിന്റെ വാർഷികം പറവൂർ ടൌൺ ഹാളിൽ. വാർഷിക സമ്മേളനത്തിൽ മുഖ്യാതിഥി അന്നത്തെ കലാമണ്ഡലം ചെയർമാനും മുൻ ബ്രിട്ടീഷ്‌ ഹൈകംമീഷണറം ആയിരുന്ന ശ്രീ.കെ എം കണ്ണമ്പള്ളി ആയിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ഒരു പരാമർശം ഇപ്പോഴും ഓർമ്മയിൽ. അദ്ദേഹം ഇംഗ്ലണ്ടിൽ ആയിരുന്ന കാലത്തെ സ്മരണകൾ ആണ് പ്രതിപാദ്യം. ആധുനിക സംഗീതാതി കലകളിൽ അഭിരമിക്കുംപോഴും ആ നാട്ടുകാർ അവരുടെ ക്ലാസിക് കലാരൂപങ്ങളെ അതീവ പ്രാധാന്യത്തോടെ ആദരിക്കുകയും നിലനിർത്തുകയും ചെയ്തിരുന്നു എന്നതാണ് അദ്ദേഹം എടുത്തു പറഞ്ഞ വസ്തുത.

സമ്മേളനാനന്തരം സദസ്യരെ ഹാളിൽ നിന്ന് പുറത്തിറക്കി. കളി കാണുന്നതിനു ടിക്കറ്റ് ഏർപ്പെടുത്തിയിരുന്നു. ടിക്കറ്റ് എടുത്തു ഹാളിൽ പ്രവേശിക്കുവാൻ ചെന്ന ഞാൻ കണ്ട കാഴ്ച ആൾക്കാർ മുൻനിരയിൽ സ്ഥലം പിടിക്കുന്നതിനുള്ള വ്യഗ്രതയിൽ കസേരകൾ പലതും തട്ടിമറിച്ചു മുൻപോട്ടു ഓടുന്നതാണ്. ഒരുവിധം അധികം പിന്നിലല്ലാതെ ഒരു സീറ്റ് ഞാനും തരപ്പെടുത്തി.

നളചരിതം രണ്ടാം ദിവസം,നരകാസുര വധം എന്നീ കഥകളാണ് അന്നവതരിപ്പിച്ചത്. സർവ്വശ്രീ കലാമണ്ഡലം കൃഷ്ണൻ നായർ (നളൻ)കോട്ടക്കൽ ശിവരാമൻ (ദമയന്തി)കലാമണ്ഡലം ഗോപി (പുഷ്ക്കരൻ)പള്ളിപ്പുറം ഗോപാലൻ നായർ (കാട്ടാളൻ)കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ ,ശങ്കരൻ എമ്പ്രാന്തിരി ,ഹൈദരാലി (പാട്ട്)കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ അപ്പുകുട്ടി പൊതുവാൾ (മേളം). ഇങ്ങിനെ ആയിരുന്നു. ആദ്യകഥ.മറ്റു വാദ്യകലാകാരന്മാർ ആരെല്ലാമെന്ന് ഓർമ്മയില്ല. അന്നത്തെ "ദയിതേ കേൾ"ഇന്നും ഹൃദ്യമായ ഒരു ഓർമ്മ.

തുടർന്ന് നരകാസുര വധം. ലളിത ,നക്രതുണ്ടി വേഷങ്ങൾ അവതരിപ്പിച്ച കലാകാരന്മാരെ വ്യക്തമായി ഓർക്കുന്നില്ല. ശ്രീ കോട്ടക്കൽ ശംഭു എമ്പ്രാന്തിരി നെല്ലിയോട് വാസുദേവൻ നമ്പൂതിരി എന്നിവരായിരുന്നു എന്നാണു തോന്നൽ.

രാമൻകുട്ടി നായരാശാന്റെ ചെറിയ നരകാസുരൻ. പാടി പദം മുതൽ വിസ്തരിച്ചു കണ്ട ഓർമ്മകൾ. നരകാസുരന്റെ പടപ്പുറപ്പാട് ആയപ്പോഴേക്കും വൈദ്യുതി നിലച്ചു. ഏതാനും മിനിട്ടുകൾക്കുള്ളിൽ എവിടെനിന്നോ എട്ടോ പത്തോ പെട്രോ മാക്സ് എത്തി.നിറഞ്ഞ സദസ്സ്. ഇന്ദ്രന്റെ അഹല്യാ സംഗമ കഥകൾ വിസ്തരിക്കുന്നതൊക്കെ തെല്ലു അദ്ഭുതത്തോടെ കണ്ടാസ്വദിച്ചു. പിന്നിൽ അരങ്ങു നിറഞ്ഞ മേളം പള്ളി പ്പുറം ഗോപാലൻ നായർ ആശാനും കോട്ടക്കൽ ശിവരാമനും കാഴ്ചകാരായി സദസ്സിൽ. ശ്രീ ശിവരാമൻ എന്റെ അടുത്ത സീറ്റിൽ ആണ് ഇരുന്നിരുന്നത്. ഐരാവതത്തിന്റെ വീഴ്ചയും രോദനവും എല്ലാം ദൃശ്യ വിസ്മയങ്ങളായി തോന്നി. ഇടയിൽ ശ്രീ കോട്ടക്കൽ ശിവരാമൻ എന്നോട് പറഞ്ഞ വാക്കുകൾ "ഈ ഒരു മനുഷ്യനെ കൊണ്ടല്ലാതെ ഇങ്ങിനെയൊന്നും സാധിക്കില്ല" ഇപ്പോഴും ഓർക്കുന്നു.

ബാലിവിജയത്തിൽ രാവണൻ കൈലാസം എടുത്തു നെഞ്ചിലേറ്റി ആയാസത്തോടെ ഞെളിഞ്ഞു നിൽക്കുന്ന രാമൻകുട്ടി നായരാശാന്റെ ആ ഭാവം പലപ്പോഴും ഓർമ്മയിൽ തെളിയാറുണ്ട്. കാഴ്ച്ചകാരന്റെ നെഞ്ചിലും എന്തോ ഭാരം വന്നു വീണതുപോലെ . കഥാപാത്രത്തിന്റെ രംഗാനുഭാവങ്ങളെ പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കുന്നതിൽ രാമൻകുട്ടി നായരാശാനുള്ള പാടവം എന്നെ അദ്ഭുതപ്പെടുത്താറുണ്ട് .

കളി കഴിഞ്ഞപ്പോൾ നേരം പുലർന്നു. തിരിച്ചുള്ള ബസ് യാത്രയിലെ പാതിമയക്കത്തിലും "ദയിതേ കേളും നരകാസുരനും ഇരമ്പുന്ന മേളവുമെല്ലാം മാറി മാറി തെളിഞ്ഞിരുന്നു.

Article Category: 
Malayalam

Comments

കണ്ടതായി ഒന്നും ഓർക്കുന്നില്ലാ... എന്നാലും എഴുത്ത് എന്നെ ആശാന്റെ രാവണനെ കണ്ട് തിരിച്ച് വരമ്പത്ത് കൂടെ നടന്ന് പോരുമ്പോ ചെവിയിൽ മുഴങ്ങുന്ന ശബ്ദങ്ങളെ ഓർമ്മിപ്പിച്ചു..

നാരാണെട്ടാ, അനുസ്മരണം അസ്സലായി. വായിച്ചതാണെങ്കിലും കണ്ടത് പോലായി. ഇനിയും ഓര്‍മ്മകള്‍ പങ്കിടുമല്ലോ.