കഥകളിപ്രവർത്തനം – ഫലവും പ്രസക്തിയും

Thursday, June 7, 2012 - 00:59
Ettumanoor P Kannan at Thouryathrikam workshop

 

2012 മാര്‍ച്ച് 29, 30, 31 ദിവസങ്ങളില്‍ ദുബായില്‍വച്ച് തിരനോട്ടം സംഘടിപ്പിച്ച തൗര്യത്രികത്തില്‍ പങ്കെടുത്ത് നാട്ടിലെത്തിയിട്ട് ഇന്ന് 25 ദിവസങ്ങള്‍ പിന്നിട്ടു. (ഏപ്രില്‍ 27 ന് എഴുതിയത്) ആ യാത്രയെക്കുറിച്ച് എഴുതണം എന്ന് ഞാന്‍ കരുതിയിരുന്നു. കാരണം, അതിലൂടെ ചില പ്രത്യേകതകള്‍ ഞങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞു. എന്നാല്‍ നാട്ടിലെത്തിയ ഉടന്‍ എഴുതാനുള്ള സാവകാശം കിട്ടിയില്ല. നാട്ടില്‍ ഇറങ്ങിയ ദിവസംതന്നെ കൊല്ലം പുതിയകാവില്‍ കളിക്കു പോയി. തൊട്ടടുത്ത ദിവസം കോഴിക്കോട് വാസുപ്പിഷാരോടിയാശാന്റെകൂടെ സന്താനഗോപാലത്തില്‍ അര്‍ജ്ജുനന്‍. അതിനടുത്ത ദിവസങ്ങളില്‍ തിരനോട്ടത്തിന്റെതന്നെ കളിയോഗം പരിപാടിയുടെ കളികള്‍. തുടര്‍ന്ന് ‘മുദ്രാപീഡിയ’യുടെ രണ്ടാംഘട്ടം ഷൂട്ടിംഗ്. പിന്നെയും കളികള്‍, ചില സോദാഹരണപ്രഭാഷണങ്ങള്‍. ഇതിനിടയില്‍ യൂണിവേഴ്സിറ്റിയിലെ കേരളാസ്റ്റഡീസിനുവേണ്ടി 21, 22 തീയതികളില്‍ കാട്ടൂര്‍ വച്ച് ചില നാടന്‍പാരമ്പര്യകലാരൂപങ്ങളുടെ ഡോക്യുമെന്റേഷന്‍. ഇങ്ങനെ ഓരോ ദിവസവും തിരക്കായി, എഴുത്തു നീണ്ടു നീണ്ടു പോയി. യാത്രയെക്കുറിച്ച് മനോജ് കുറൂര്‍ എഴുതിയ ലഘുലേഖനം വായിക്കുകയും ചെയ്തു.

നാട്ടില്‍ തിരനോട്ടത്തിന്റെ അരങ്ങിലും കളിയോഗത്തിലും പങ്കെടുത്തിട്ടുണ്ടെങ്കിലും ദുബായിലെ തിരനോട്ടം പരിപാടിയില്‍ ഞാന്‍ ആദ്യമായാണു പങ്കെടുക്കുന്നത്. തിരനോട്ടം പരിപാടികളില്‍ പൊതുവെ ഉണ്ടെന്നു പ്രസിദ്ധമായ ആത്മാര്‍ഥതയും ഊഷ്മളതയും അതിന്റെ തീവ്രത അല്പവും ചോരാതെ ഞങ്ങള്‍ അനുഭവിച്ചറിഞ്ഞു. രമേശന്‍ നമ്പീശനും രാമുവും പ്രദീപന്‍ തമ്പുരാനും തുടങ്ങി അനേകം സുമനസ്സുകളുടെ ആലോചനയും കഠിനാധ്വാനവും ഫലപ്രാപ്തിയിലെത്തുന്നത് ഞങ്ങള്‍ കണ്ടു. ഏറ്റവും ചെറിയ കാര്യങ്ങള്‍ വരെ മുന്‍കൂട്ടിക്കണ്ടു തീരുമാനങ്ങളെടുത്തു മുന്നോട്ടു പോകുന്ന കാഴ്ച സംഘടനാപ്രവര്‍ത്തനത്തിന്റെ ആസ്വാദനീയമായ ഒരു വശമാണ്. അതവിടെ നില്‍ക്കട്ടെ. ഇക്കാര്യങ്ങളെക്കുറിച്ചൊക്കെ മനോജ് സൂചിപ്പിച്ചിട്ടുണ്ട്. എന്നെ അദ്ഭുതപ്പെടുത്തിയ രണ്ടു കാര്യങ്ങളെക്കുറിച്ചാണ് എനിക്കു പറയാനുള്ളത്. ഒന്ന്, തൗര്യത്രികത്തിലെ കളികള്‍ കാണാനുണ്ടായ ജനപങ്കാളിത്തം. രണ്ട്, ശില്‍പ്പശാലയിലെ ബാലികാബാലന്മാര്‍ കഥകളിയെ മുന്‍നിര്‍ത്തി ചോദിച്ച ചോദ്യങ്ങളുടെ ഉള്‍ക്കനം.

ഗള്‍ഫ് നാടുകളില്‍ പണ്ടേ സിനിമാതാരങ്ങളുടെ പരിപാടികള്‍ക്കാണ് ജനത്തിരക്കുണ്ടാകുന്നത്. ഏതു നാട്ടിലും അതങ്ങനെയാണ്. ഇന്ന് തായമ്പകയ്ക്കും കഥകളിക്കും ദുബായില്‍ വമ്പിച്ച ജനപങ്കാളിത്തം കാണുന്നതില്‍നിന്ന് അവിടത്തെ പ്രവര്‍ത്തകരുടെ പരിശ്രമത്തിന്റെ അളവ് ബോധ്യപ്പെടും.

ഗള്‍ഫ് നാടുകളില്‍ പണ്ടേ സിനിമാതാരങ്ങളുടെ പരിപാടികള്‍ക്കാണ് ജനത്തിരക്കുണ്ടാകുന്നത്. ഏതു നാട്ടിലും അതങ്ങനെയാണ്. ഇന്ന് തായമ്പകയ്ക്കും കഥകളിക്കും ദുബായില്‍ വമ്പിച്ച ജനപങ്കാളിത്തം കാണുന്നതില്‍നിന്ന് അവിടത്തെ പ്രവര്‍ത്തകരുടെ പരിശ്രമത്തിന്റെ അളവ് ബോധ്യപ്പെടും. രണ്ടായിരത്തിയേഴു മുതല്‍ തിരനോട്ടം ദുബായില്‍ പ്രവര്‍ത്തിക്കുന്നു. ചെറുതും വലുതുമായ നിരവധി സംഘടനകളും അവിടെയും ചുറ്റുപാടുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കൂട്ടരുടെ ശ്രമഫലമായാണ് കഥകളിക്കും മറ്റും ഇത്ര ജനത്തിരക്കുണ്ടായത്. തൗര്യത്രികത്തിന്റെ ആദ്യദിവസത്തെ സന്താനഗോപാലം കാണുന്നതിന് ഗള്‍ഫ് മോഡല്‍ സ്കൂള്‍ മൈതാനത്തെ ഇരിപ്പിടങ്ങള്‍ നിറഞ്ഞ്, ജനങ്ങള്‍ നിന്നുകൊണ്ട് കളി കാണുകയായിരുന്നു. രണ്ടാം ദിവസം ഇന്‍ഡ്യന്‍ എംബസിയില്‍ നടന്ന കീചകവധം, കാലകേയവധം, തോരണയുദ്ധം ഇവ കാണാനും നിറഞ്ഞുകവിഞ്ഞ സദസ്സുണ്ടായിരുന്നു. മൂന്നാം ദിവസം ഗുരുവായൂര്‍ ശ്രീകൃഷ്ണാ കോളേജ് അലൂമ്നി അസ്സോസിയേഷന്‍ സംഘടിപ്പിച്ച പുറപ്പാട്, മേളപ്പദം, കുചേലവൃത്തം കഥകളി എന്നിവ കാണാനും വലിയ ജനത്തിരക്കുതന്നെ ഉണ്ടായിരുന്നു. സംഘാടകരും ആസ്വാദകരും കാണിക്കുന്ന ആത്മാര്‍ഥത നിറഞ്ഞ അത്യാവേശം കലാകാരന്മാരെ നന്നായി പ്രചോദിപ്പിച്ചിരുന്നു. thiranottam dubai thouryathrikamഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും അവരവരുടെ കഴിവിന്റെ പരമാവധി സംഭാവന ചെയ്യാന്‍ തോന്നിപ്പിക്കുന്ന അന്തരീക്ഷമായിരുന്നു ഉണ്ടായിരുന്നത്. മറ്റു സ്ഥലങ്ങളില്‍നിന്ന് കളി കാണുന്നതിനായി ഡ്രൈവ് ചെയ്തു വരികയോ അല്ലെങ്കില്‍ ദുബായില്‍ത്തന്നെ വന്നു താമസിക്കുകയോ ചെയ്തിരുന്നു പലരും എന്നത് എടുത്തു പറയേണ്ട കാര്യമാണ്. രമേശന്‍ നമ്പീശനോടൊപ്പം താമസിക്കുന്ന വാഴപ്പള്ളിക്കാരന്‍ ഗോപാലകൃഷ്ണന്‍ തനിക്കു തന്റെ കുടുംബത്തോളംതന്നെ പ്രധാനമാണ് കഥകളിയും അതിന്റെ ആസ്വാദനവും എന്നു സൂചിപ്പിച്ചത് അനേകം പേരെ സംബന്ധിച്ചിടത്തോളം അന്വര്‍ഥമാണെന്നു തോന്നി. നമ്മുടെ മഹത്തായ ഈ പാരമ്പര്യ കലയോട് ആസ്വാദകരുടെ ഈ സ്നേഹവായ്പു കാണുമ്പോള്‍ കഥകളിക്കാരനായി ജീവിക്കുന്നതില്‍ അഭിമാനം തോന്നുന്നു. നല്ല കഥകളിയിലേക്ക് ആസ്വാദകരുടെ കൂലങ്കഷമായ ഈ ശ്രദ്ധ നിലനില്‍ക്കുന്നേടത്തോളം കാലം പ്രചോദിതരായ നടന്മാരും ഗായകരും മേളക്കാരും മറ്റും ഉണ്ടായിവരികയും യാതൊരു തകര്‍ച്ചയും അധഃപതനവുമില്ലാതെ കഥകളി പുലര്‍ന്നുപോവുകയും ചെയ്യുമെന്ന് നിസ്സംശയം പറയാം.

നല്ല കഥകളിയിലേക്ക് ആസ്വാദകരുടെ കൂലങ്കഷമായ ഈ ശ്രദ്ധ നിലനില്‍ക്കുന്നേടത്തോളം കാലം പ്രചോദിതരായ നടന്മാരും ഗായകരും മേളക്കാരും മറ്റും ഉണ്ടായിവരികയും യാതൊരു തകര്‍ച്ചയും അധഃപതനവുമില്ലാതെ കഥകളി പുലര്‍ന്നുപോവുകയും ചെയ്യുമെന്ന് നിസ്സംശയം പറയാം.

തൗര്യത്രികം കഥകളിശില്‍പ്പശാലയില്‍ മറുനാട്ടില്‍ ജനിച്ചുവളര്‍ന്ന തൊണ്ണൂറോളം മലയാളിക്കുട്ടികള്‍ പങ്കെടുത്തിരുന്നു. എല്ലാദിവസവും സ്ഥിരമായി വരുന്ന കുട്ടികള്‍ നാല്‍പ്പത്തിയഞ്ചോളം വരും. കഥകളിയുടെയോ മറ്റു കേരളസംസ്കാരത്തിന്റെയോ അന്തരീക്ഷത്തില്‍ വളര്‍ന്നവരാകില്ലല്ലോ അവര്‍. സംസ്കാരചിഹ്നങ്ങളെ ബഹുമാനപൂര്‍വം വീക്ഷിക്കുന്ന മാതാപിതാക്കന്മാരും തദ്വാരാ അനുകൂലമായ ഒരു ഗൃഹാന്തരീക്ഷവും അവര്‍ക്കുണ്ടായിരിക്കാം. ഓരോ കളിയും കഴിയുമ്പോഴുള്ള അവലോകനചര്‍ച്ചയില്‍ ഈ കുരുന്നുകള്‍ ചോദിച്ച ചോദ്യങ്ങളുടെ പ്രസക്തിയും ഗൗരവവും എന്നെ അദ്ഭുതപ്പെടുത്തി. കാലകേയവധം അര്‍ജുനന്റെ വേഷമൊരുങ്ങാന്‍ ചുട്ടിക്കു കിടക്കുമ്പോള്‍, അതിനു മുന്നെ നടന്ന കീചകവധത്തെ അധികരിച്ച് കുട്ടികള്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ എനിക്കു കേള്‍ക്കാമായിരുന്നു. സ്ത്രീവേഷത്തിനു ചെണ്ട പിന്നണിയായി കൂടാത്തതെന്തുകൊണ്ട്, ഇടംകയ്യില്‍ മാത്രം വെള്ളിനഖം ഇടുന്നതെന്താണ്, കത്തിവേഷം അലര്‍ച്ചപോലെയുള്ള ശബ്ദങ്ങള്‍ എന്തുകൊണ്ടു പുറപ്പെടുവിക്കുന്നു, തുടങ്ങി സൂക്ഷ്മനിരീക്ഷണവും ശ്രദ്ധയും തെളിയിക്കുന്ന ചോദ്യങ്ങള്‍. ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നെങ്കില്‍ ഇവര്‍ കഥകളിയെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു എന്നു മനസ്സിലാക്കാനാണെനിക്കിഷ്ടം. പങ്കെടുത്ത കുട്ടികളില്‍ പത്തു പേരെങ്കിലും തങ്ങള്‍ക്ക്  കഥകളിയോടു തോന്നിയ സ്നേഹം ഗുണപരമായ ഗാര്‍ഹികാന്തരീക്ഷത്തിലൂടെ കഥകളിഭ്രാന്തായി വളര്‍ത്തിയെടുക്കും എന്നു പ്രത്യാശിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.

ഓരോ കളിയും കഴിയുമ്പോഴുള്ള അവലോകനചര്‍ച്ചയില്‍ ഈ കുരുന്നുകള്‍ ചോദിച്ച ചോദ്യങ്ങളുടെ പ്രസക്തിയും ഗൗരവവും എന്നെ അദ്ഭുതപ്പെടുത്തി.

ഇന്‍ഡ്യക്കു പുറത്ത് കഥകളിക്കുവേണ്ടി മൂന്നുദിവസം തുടര്‍ച്ചയായി നടത്തുന്ന ആദ്യത്തെ ശില്‍പ്പശാല എന്ന ചരിത്രപ്രാധാന്യം തൗര്യത്രികത്തിനുണ്ട്. നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 1910 – 20 കാലഘട്ടത്തില്‍, കഥകളിയുടെ അവസ്ഥയെന്തായിരുന്നുവെന്ന് വെറുതെ ഒന്നോര്‍ത്തു നോക്കൂ. കേരളത്തിനു പുറത്തേക്കു യാത്ര ചെയ്യുന്നതു ചിന്തിക്കുകപോലും ചെയ്യാതെ, കേരളത്തിന്റെതന്നെ ചില കേന്ദ്രങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഒന്നായിരുന്നു ഈ കലാരൂപം. എന്നാല്‍ ഇതേ കലാരൂപം, ഒരു നൂറു വര്‍ഷങ്ങള്‍കൊണ്ട്, ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, ആഗോളപ്രശസ്തിയും പ്രസക്തിയും പ്രാപിക്കുന്നതിന്റെ പ്രകാശസ്ഫുരണമാണ് ഈ കുട്ടികളുടെ മുഖപ്രസാദത്തില്‍ കാണാന്‍കഴിയുന്നത്. കഥകളിയുടെ അവതരണരീതിശാസ്ത്രവും അതു സംവേദനം ചെയ്യുന്ന ആശയതലങ്ങളും നേരിടാനിരിക്കുന്ന വെല്ലുവിളികളെക്കൂടി ആ പ്രകാശസ്ഫുരണം വെളിവാക്കുന്നുണ്ട്. അതായത്, കേരളത്തിലെ പാരമ്പര്യവാദികളായിരുന്ന സമൂഹത്തെ മാത്രം മുന്നില്‍കണ്ടു രൂപകല്‍പ്പന ചെയ്ത അവതരണശില്‍പ്പങ്ങള്‍ കേരളവുമായി പ്രത്യക്ഷബന്ധമേതുമില്ലാതെ വര്‍ത്തിക്കുന്ന ഒരു തലമുറയ്ക്കുവേണ്ടി ആവിഷ്കരിക്കുമ്പോള്‍ വന്നുചേരാനിടയുള്ള സമ്മര്‍ദ്ദങ്ങളെക്കുറിച്ചാണ് ഞാന്‍ സൂചിപ്പിക്കുന്നത്. ജീവിതത്തോടു കണ്ടമാനം കടപ്പാടില്ലാത്ത, അത്യന്തം നാട്യധര്‍മ്മിയായ രാവണോദ്ഭവം തപസ്സാട്ടം പോലെയുള്ള രംഗങ്ങള്‍ക്ക് വലിയ പ്രശ്നങ്ങള്‍ നേരിടേണ്ടിവരും എന്നു തോന്നുന്നില്ല. കാരണം അവ ഏതെങ്കിലും ജീവിതപ്രശ്നത്തെയോ ജീവിതരംഗത്തെയോ നേരിട്ട് ചിത്രീകരിക്കുന്നില്ല. thiranottam dubaiപ്രമേയപരമായി അവ പൂര്‍ണ്ണമായും ഭാവനാനുഭവത്തിന്റെ തലത്തില്‍ നില്‍ക്കുന്നു. അവതരണപ്രകാരത്തിന്റെ നാട്യധര്‍മ്മിതയാണ് അവിടെ അനുഭവിക്കപ്പെടുന്നത്. അതുപോലെ മനോഹരമായ കവിതയെ മുന്‍നിര്‍ത്തിയുള്ള നളചരിതത്തിന്റെയും മറ്റും അവതരണത്തിനും വലിയ പ്രശ്നങ്ങള്‍ നേരിടും എന്നു കരുതാന്‍ വയ്യ. കാരണം, മനുഷ്യജീവിതത്തിന്റെ സാര്‍വലൗകികാവസ്ഥ കവിതയില്‍ത്തന്നെ ആവിഷ്കരിക്കപ്പെടുന്നുണ്ട്. കവിതയുടെ ആ മാനുഷികതലത്തില്‍നിന്നാണ് അത്തരം അവതരണങ്ങളുടെ ജനനം. ഇതിനു രണ്ടിനും ഇടയിലുള്ള മനോധര്‍മ്മപ്രധാനമായ ഭാഗങ്ങളെയാണ് ഭാവിയില്‍ പരിവര്‍ത്തിപ്പിക്കാനിടയുള്ളത്. ഉടനെ ഒരു പത്തുവര്‍ഷംകൊണ്ട് ഇതു സംഭവിക്കും എന്നല്ല ഞാന്‍ സൂചിപ്പിക്കുന്നത്. പൂതനാമോക്ഷത്തിലെ തൈര്‍ കടയലും ആശാരിയുടെ മരപ്പണിയും മറ്റും എന്തെന്നു മനസ്സിലാകാത്ത വരുംതലമുറയുടെ മുന്നില്‍ കഥകളിയുടെ രൂപവും ഭാവവും മാറാതിരിക്കുമോ? അങ്ങനെ മാറാന്‍ അനുവദിക്കാമോ എന്ന ചോദ്യം അവശേഷിക്കുന്നു. മാറേണ്ട കാര്യങ്ങളും മാറ്റരുതാത്ത കാര്യങ്ങളുമുണ്ട്. ആട്ടക്കഥയുടെ ഭാവഘടനയുമായി അഭേദ്യബന്ധമുള്ള സംഗതികള്‍ മാറ്റാന്‍ കഴിയുകയില്ല. ഉദാഹരണമായി, സന്താനഗോപാലത്തിലെ ബ്രാഹമണനും അര്‍ജുനനും ചേര്‍ന്നുള്ള സത്യംചെയ്യലിന്റെ രംഗം എടുക്കാം. പണ്ടൊക്കെ, അധികം പണ്ടൊന്നുമല്ല, എന്റെ ചെറുപ്പത്തില്‍ത്തന്നെ, സത്യത്തിന്റെ രംഗം എത്ര നേരമായിരുന്നു അവതരിപ്പിച്ചിരുന്നത്. ബ്രാഹ്മണന്റെ സത്യത്തിനായി ഏഴു വ്യത്യസ്ത സംഗതികള്‍ കുഞ്ചുനായരാശാന്‍ എഴുതിവച്ചിട്ടുണ്ട്. ധര്‍മ്മപുത്രര്‍, ഇന്ദ്രന്‍, പാണ്ഡു, കുന്തി, ഗാണ്ഡീവം, ശ്രീകൃഷ്ണന്‍, ഒടുവില്‍ ബ്രാഹമണന്റെ ബ്രഹ്മസൂത്രം അഥവാ പൂണൂല്‍ എന്നിങ്ങനെ ഒന്നു കഴിഞ്ഞു മറ്റൊന്നെന്ന ക്രമത്തില്‍ സത്യങ്ങള്‍ ചോദിച്ചുവാങ്ങുന്ന ശങ്കാശീലനായ ബ്രഹ്മണന്‍ അക്കാലത്ത് ജനസമ്മതി നേടിയിരുന്നു. എത്ര സമയമാണ് ആ രംഗത്തിനുവേണ്ടി അന്നൊക്കെ ചെലവിട്ടിരുന്നത്. ഇന്ന് അങ്ങനെ എവിടെയും കാണാറില്ല. ബ്രാഹ്മണന്റെ ശങ്കാശീലത്വം ഇന്ന് ഒരു വിഷയമായി അവതരിപ്പിക്കുന്നത് അപൂര്‍വമാണ്. പുത്രനഷ്ടത്തില്‍ ദുഃഖഭാരമനുഭവിക്കുന്ന ബ്രാഹ്മണനു വിശ്വാസം വരാനാണ് പദത്തിലുള്ള സത്യത്തിനു പുറമേ ഒന്നോ രണ്ടോ സത്യങ്ങള്‍ ചെയ്യുന്നത്. ശങ്കാലുവും ചപലസ്വഭാവിയുമായ ബ്രാഹമണനെന്ന സങ്കല്പം ഇന്നില്ല എന്നുള്ളതുകൊണ്ട് രംഗാവതരണത്തിനുതന്നെ വന്ന മാറ്റം ശ്രദ്ധിക്കുക. ഇത്തരം മാറ്റങ്ങള്‍ സൂക്ഷ്മവും നാട്യധര്‍മ്മിയിലൂന്നുന്നതുമാണ്. മാറ്റങ്ങളെ ഗുണപരമായി വഴിതിരിച്ചുവിടാന്‍ കഴിയുമെങ്കില്‍ ആതിലൂടെ വളര്‍ച്ചയുണ്ടാകുന്നു. ഇന്നത്തെ അന്തരീക്ഷത്തില്‍ കഥകളി അഭിമുഖീകരിക്കുന്നത്, പുതിയ കാലത്തിന്റെ സംവേദനതലത്തിലേക്ക് എത്തുകയും വേണം പഴയ സമ്പത്തുകള്‍ കാത്തു രക്ഷിക്കുകയും വേണമെന്ന ദ്വിതലപരമ്പരാഗതപ്രശ്നത്തെത്തന്നെയാണ്. ഭരതനാട്യവും ഒഡീസ്സിയും മറ്റും ഈ പ്രശ്നത്തെ അരനൂറ്റാണ്ട് മുന്‍പുതന്നെ നേരിട്ടു തുടങ്ങിയിരുന്നു. ഇപ്പോള്‍ കഥകളിയുടെ ഊഴമാണ്. ഏതു പ്രതിസന്ധിഘട്ടത്തിലുമെന്നപോലെ ബുദ്ധിയുള്ള നടന്മാര്‍ ഇവിടെ മദ്ധ്യമാര്‍ഗം കണ്ടെത്തിക്കൊള്ളും. നേരത്തേ പറഞ്ഞതുപോലെ പരിശീലനം സിദ്ധിച്ച ആസ്വാദകരുടെ നിയന്ത്രണം അരങ്ങിന്റെ നിലവാരത്തെ ഉടഞ്ഞു പോകാതെ പിടിച്ചുനിര്‍ത്താന്‍ ആവശ്യവുമാണ്.

ഇന്നത്തെ അന്തരീക്ഷത്തില്‍ കഥകളി അഭിമുഖീകരിക്കുന്നത്, പുതിയ കാലത്തിന്റെ സംവേദനതലത്തിലേക്ക് എത്തുകയും വേണം പഴയ സമ്പത്തുകള്‍ കാത്തു രക്ഷിക്കുകയും വേണമെന്ന ദ്വിതല പരമ്പരാഗത പ്രശ്നത്തെത്തന്നെയാണ്.

ഉല്‍സവപ്പറമ്പുകളില്‍ തലമുറകളില്‍നിന്നു തലമുറകളിലേക്ക് ആസ്വാദനശീലം പകരുന്ന പഴയ സമ്പ്രദായം ഇന്ന് നാട്ടിന്‍പുറങ്ങളില്‍പ്പോലും കാണുകയില്ല. അവ അനൗപചാരികമായി സംഘടിപ്പിക്കപ്പെട്ടിരുന്ന ശില്‍പ്പശാലകള്‍തന്നെയായിരുന്നു. ഇന്ന് അങ്ങനെയൊരനുഭവം എവിടെയും ഉണ്ടാകുകയില്ല. രമേശന്‍ നമ്പീശന്‍ എല്ലാവര്‍ഷവും കൃത്യമായി ഇരിഞ്ഞാലക്കുട ക്ഷേത്രോത്സവത്തിനു പാകത്തില്‍ ദുബായില്‍നിന്നു വന്നെത്തുന്നത് ഒരപൂര്‍വമായ അദ്ഭുതമാണ്. Manoj kuroor thouryathrika thiranottam dubaiഇത്രയും നിഷ്ഠ പാലിക്കുന്ന രമേശനുതന്നെ എത്രസമയം ക്ഷേത്രത്തില്‍ ചെലവിടാന്‍ സാധിക്കുന്നുണ്ട്? ഇന്നത്തെ ജീവിതം അങ്ങനെ മാറിക്കഴിഞ്ഞു. മാറ്റത്തെക്കുറിച്ചു പരിതപിക്കുകയാണെന്നു തെറ്റിദ്ധരിക്കേണ്ട. ഇവിടെ ക്ലാസിക്കല്‍ കലകളുടെ അസ്വാദനസംസ്കാരം അടുത്ത തലമുറയിലേക്കു സംക്രമിപ്പിക്കാന്‍ പഴയ ഈ അനൗപചാരിക ശില്‍പ്പശാലകളുടെ സ്ഥാനത്ത് ഔപചാരികമായ പുതിയ ശില്‍പ്പശാലകള്‍ സംഘടിപ്പിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുക മാത്രമാണ് ചെയ്യുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയില്‍ കേരളത്തിലും തുടര്‍ന്ന് ഇന്‍ഡ്യയിലും പടര്‍ന്നു പിടിച്ച നാടകക്കളരികളാണ് ഇന്നത്തെ കേരളീയസമകാലികനാടകബോധത്തിന് അടിത്തറ പാകിയതെന്ന ചരിത്ര സത്യം നമുക്ക് സ്മരിക്കാം. അതിനു  സമാനമായി 1990 കളോടെ കഥകളിശില്‍പ്പശാലകള്‍ ആസ്വാദനപരിശീലനത്തിന്റെ പുതിയ കേന്ദ്രങ്ങളായി കേരളത്തില്‍ പ്രചാരത്തില്‍ വന്നു. എന്തൊരു വലിയ ചലനമാണ് അതു കേരളീയസമൂഹത്തിലും ചെറുപ്പക്കാരായ ആസ്വാദകരിലും യുവനടന്മാരിലും ഉണ്ടാക്കിയതെന്നത് പൂര്‍ണ്ണമായി അറിയാനിരിക്കുന്നതേയുള്ളു. ഗുണപരവും സര്‍വസ്പര്‍ശിയുമാണ് അവയുടെ ഫലങ്ങള്‍ എന്ന് ചുരുക്കത്തില്‍ പറയാം. ദുബായിലും അങ്ങനെയൊരു ശില്‍പ്പശാല നടന്നിരിക്കുന്നു. അതാണിവിടെ പ്രസക്തമായ സംഗതി. മലയാളികള്‍ ഉള്ളിടത്തെല്ലാം കഥകളിപ്രവര്‍ത്തനം ഉണ്ടായിവരുമെന്നതാണ് ഇതില്‍നിന്നു മനസ്സിലാക്കാനുള്ളത്. ‘കഥകളിപ്രവര്‍ത്തന’ത്തിന്റെ പ്രസക്തിയാണ് ഇതു ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലും ദുബായിലുമുള്ള ശില്‍പ്പശാലകള്‍ മിക്കതും സംഘടിപ്പിച്ചതു കഥകളിപ്രവര്‍ത്തകരാണ്. ഇങ്ങനെ നോക്കുമ്പോള്‍ കഥകളിപ്രവര്‍ത്തകര്‍, കലാകാരന്മാര്‍, ആസ്വാദകര്‍ എന്ന ത്രിതല സംവിധാനം ദര്‍ശനീയമാകുന്നു. കഥകളിയെക്കുറിച്ച്, അതിന്റെ വിവിധവശങ്ങളെക്കുറിച്ച്, മുന്‍വിധിയില്ലാതെ പഠിക്കാന്‍ ശ്രമിക്കുകയും യാഥാര്‍ഥ്യബോധത്തോടെ കഥകളിയെ സ്നേഹിക്കുകയും തനിക്കോ കുടുംബത്തിനോ മറ്റു ചുറ്റുപാടുകള്‍ക്കോ ദോഷം വരാത്ത വിധത്തില്‍ കഥകളിയുടെ ഉന്നമനത്തിനുവേണ്ടി പരിശ്രമിക്കുകയും ചെയ്യുന്ന സുമനസ്സുകളെയാണ് കഥകളിപ്രവര്‍ത്തകര്‍ എന്ന് ഇവിടെ പറഞ്ഞത്. ഗുണങ്ങളെല്ലാം പൂര്‍ണ്ണമായി ആരിലും കാണാന്‍ കഴിയില്ല. ഏറിയും കുറഞ്ഞും മേല്‍പ്പറഞ്ഞ ഗുണങ്ങളുള്ളവരുടെ പ്രവര്‍ത്തനഫലമാണ് ഇന്നത്തെ കഥകളിയുടെ അവസ്ഥ. പുതിയ ആസ്വാദകരെ കഥകളിയുടെ സ്നേഹവലയത്തിലേക്കു സ്വീകരിക്കുകയും അവരുടെ ഭാവുകത്വം ഗുണപരമായി നിലനിര്‍ത്തുകയും ചെയ്യാനുള്ള ഉത്തരവാദിത്തം കഥകളിപ്രവര്‍ത്തകനുണ്ട്.കലാകാരന്മാരുടെ പ്രകടനമൂല്യം ശോഷിക്കാതെ പിടിച്ചു നിര്‍ത്തുന്നതും പുതിയ ആസ്വാദകരെ സൃഷ്ടിക്കുന്നതും കഥകളിപ്രവര്‍ത്തനത്തിലൂടെയാണ്. കഥകളിയെ ബഹുമാനിക്കാത്ത നടനെ തിരിച്ചറിയുന്നതും സൃഷ്ട്യുന്മുഖത പ്രകടിപ്പിക്കുന്ന നടനെ പുരസ്കരിക്കുന്നതും കഥകളിപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. അതുപോലെതന്നെ പുതിയ ആസ്വാദകരെ കഥകളിയുടെ സ്നേഹവലയത്തിലേക്കു സ്വീകരിക്കുകയും അവരുടെ ഭാവുകത്വം ഗുണപരമായി നിലനിര്‍ത്തുകയും ചെയ്യാനുള്ള ഉത്തരവാദിത്തം കഥകളിപ്രവര്‍ത്തകനുണ്ട്. പാരമ്പര്യത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ് കഥകളിയരങ്ങുകളില്‍ അവ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നില്ലെങ്കില്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ മണ്ണൊലിച്ചുപോകുന്നത് അറിയില്ല. മണ്ണൊലിപ്പുതടയുന്ന വന്‍വൃക്ഷങ്ങളായി നില്‍ക്കേണ്ടവരാണ് കഥകളിപ്രവര്‍ത്തകര്‍. ചുരുക്കത്തില്‍ കഥകളിയുടെ ഭാവി കഥകളിപ്രവര്‍ത്തകരുടെ കയ്യിലാണ് എന്ന് ഓര്‍മ്മിപ്പിക്കാനാണ് ഇതൊക്കെ ഇവിടെ കുറിച്ചത്. തിരനോട്ടം പോലെയുള്ള സംഘടനകളുടെ പ്രസക്തിയും അതുതന്നെ.

നൂറു പൂക്കള്‍ വിരിയട്ടെ, നൂറ്റൊന്നാമതും…

Article Category: 
Malayalam

Comments

C.Ambujakshan Nair's picture

ശ്രീ. കണ്ണന്റെ ലേഖനം വളരെ ഇഷ്ടപ്പെട്ടു.   പണ്ട് സന്താനഗോപാലം കഥകളിയുടെ അവതരണത്തില്‍ ബ്രാഹ്മണന്റെ സത്യം ചെയ്യല്‍ രംഗം വളരെ നീണ്ടു നിന്ന അനുഭവവും, അക്കാലത്തെ ആസ്വാദകര്‍ അതിനെ സ്വീകരിച്ചിരുന്നതും ശ്രീ. കണ്ണന്‍ ഓര്‍മ്മിപ്പിച്ചതിനു നന്ദി. മാറ്റങ്ങള്‍ കാലത്തിന്റെ ഗതിക്കു അനുസരിച്ചു കൂടി ഉണ്ടാകുന്നത് ആണല്ലോ? ഇന്നത്തെ കാലഘട്ടത്തെ ഉള്‍ക്കൊണ്ടു കൊണ്ട് കഥകളിയില്‍ ഉണ്ടായ "മിതത്വം" എന്ത് കൊണ്ടും സ്വീകാര്യമാണ്. ശ്രീ. കോട്ടക്കല്‍ ഗോപി നായരുടെ ശതാഭിഷേകം പരിപാടിയില്‍ അവതരിപ്പിച്ച സന്താനഗോപാലം കഥകളിയില്‍ " കഷ്ടം ഇത് കാണ്ക" എന്ന ബ്രാഹ്മണന്റെ പദത്തില്‍ ബലരാമന്റെയും കൃഷ്ണന്റെയും പിന്നില്‍ ഇരുന്ന അര്‍ജുനനെ ബ്രാഹ്മണന്‍ കൂട്ടി വന്നു പുത്രശവം കാട്ടുന്നതായി അവതരിപ്പിച്ചു.  തുടര്‍ന്നുള്ള അര്‍ജുന - ബ്രാഹ്മണ സംവാദത്തിനു ഇത് എത്ര കണ്ടു യുക്തം എന്ന് എനിക്ക് മനസിലാകുന്നില്ല. ശ്രീ. കണ്ണന്‍ എന്റെ സംശയം തീര്‍ത്ത്‌ തരും എന്ന് വിശ്വസിക്കട്ടെ.
http://www.youtube.com/watch?v=WczajtUpWzE&feature=related

നന്ദി, അംബുജാക്ഷൻൿചേട്ടാ.
പഴയ കാലം പോലെയല്ലല്ലോ, ഇന്ന് ആർക്കും സമയമില്ലല്ലോ. തിരക്കു പിടിച്ച ജീവിതത്തിനിടയിൽ സമയം കണ്ടെത്തി കഥകളി കാണാൻ വന്നിരിക്കുമ്പോൾ അനാവശ്യമായും അനൗചിത്യമായും നേരം കൊല്ലുന്നതിനോട് ആരും യോജിക്കും എന്നു തോന്നുന്നില്ല. അനൗചിത്യങ്ങൾ ചോദ്യം ചെയ്യപ്പെടുന്നുവെന്നത് നല്ല പ്രവണതയായിട്ടേ എനിക്കു കാണാൻ കഴിയുന്നുള്ളു. ആസ്വാദകശ്രദ്ധ വേണ്ടത്രയുണ്ടായാൽ മാത്രമേ കഥകളിയുടെ മൂല്യം സംരക്ഷിക്കപ്പെടുകയുള്ളു.

After reading the article by Sri Kannan, I felt that I should congratulate you people once again here..

I have a few minor suggestions for the site itself (not the content, but the layout):

1. The 'width' of the text columns need to be smaller - the most ideal width is a 35 character width. (Which means you may adopt a two column format) This increases readability by a huge factor. This will also reduce the 'dropouts' (if have done such an analysis, you will discover that there may be a significant percetage of people who reach your site but visit ONLY one page...this is typically a 'dropout' )

2. A second suggestion is for your 'editorial' team- a simple & practical one... simply increase the number of paragraphs (by reducing the length of current paras- break them up into more paras, using logical content changeover points)

I really feel these 2 somple changes will result in a significant increase of your readership.

Thanks
Sankaran Nampoothiri

Thanks Sri Sankaran Nampoothiri for your valuable suggestions. We shall surely take them into account.

കണ്ണൻ, ലേഖനം അസ്സലായി.. പല കളരികളും ഇല്ലാതായ സ്ഥിതിക്ക് ഇനി നമുക്ക് ചിലപ്പോ ഒരു ദുബായ് കളരിയുടെ ജന്മം സ്വപ്നം കാണാം അല്ലേ? അതിനു തിരനോട്ടം പോലെയുള്ള സംഘടനകളുടെ പ്രവർത്തനം കാരണമാകാം. അപ്പോ നമുക്ക് ദുബായ് കളരിയുടെ മുദ്രകളും മുദ്രാപീഡിയായിൽ ചേർക്കാം.. :):):):)

അങ്ങനേം ആവാലോ ല്ലേ? സാധ്യതകൾ തള്ളിക്കളയാൻ പറ്റൂലാ.. (അൽ‌പ്പം തമാശയും കുറെ സീരിയസ്സും :))

നന്ദി, സുനിൽ.
ദുബയ് കളരിയുണ്ടാകട്ടെ. അറബിഭാഷയിൽ ഉള്ള ആട്ടക്കഥകളുംകൂടി ഉണ്ടാകട്ടെ. മുദ്രാപീഡിയക്കു മാത്രമല്ല, ആട്ടക്കഥാപ്രസ്ഥാനത്തിനും പുതിയ വിഷയങ്ങൾ കിട്ടുമല്ലോ..
സിംഗപ്പൂരിലെ ഭാസ്കർജി അഞ്ചു ഭാഷകളിൽ കഥകളി അവതരിപ്പിച്ചുവെന്നു കേട്ടിരുന്നു. അതുകൊണ്ട് മഹാകാലം ഗർഭം ധരിച്ചിരിക്കുന്നത് എന്തിനെയൊക്കെ എന്ന് കാത്തിരുന്നു കാണാം.

കണ്ണേട്ടാ ഇതര ഭാഷകളില്‍ ആട്ടക്കഥകള്‍ ഉണ്ടാകുന്നത് അത്ര നല്ല പ്രവണതയായി തോന്നുന്നില്ലെനിക്ക്. അറബിയിലും ചൈനീസിലും എഴുതപ്പെട്ട ആട്ടക്കഥകള്‍ പാടുന്നത് മലയാളികളായ ഗായകര്‍ ആണെങ്കില്‍ തീര്‍ച്ചയായും അറബികള്‍ക്കോ ചൈനക്കാര്‍ക്കോ അത് മനസിലാവുമെന്ന് തോന്നുന്നില്ല. നമ്മുടെ ഉച്ചാരണ ശൈലി തന്നെയാണ് കാരണം. എന്നാല്‍ അന്നാട്ടുകാര്‍ കഥകളി സംഗീതം പാടിയാല്‍ എത്രകണ്ട് ആലാപന ഭംഗി വരുമെന്നത് കേട്ടു തന്നെ അറിയണം. മാത്രമല്ല പാടുന്നത് അവരുടെതന്നെ ഭാഷയിലാണ് എന്നതും ഓര്‍ക്കണം. അപ്പോള്‍ നമ്മള്‍ ഭാരതീയര്‍ക്കു മാത്രം ദഹിക്കുന്ന, ആട്ടക്കഥകള്‍ പാടേണ്ടുന്ന യമനിയമങ്ങള്‍ തെറ്റിച്ച് അവര്‍ പാടുമെന്നത് സ്വാഭാവികം. മാതൃഭാഷയില്‍ ചൊല്ലുമ്പോള്‍ സ്വാതന്ത്ര്യം കൂടുതല്‍ ഉള്ളതുകൊണ്ടും മനുഷ്യന് സഹജമായി സിദ്ധിച്ച അനുകൂലനം (adaptation) എന്ന പ്രവണത കൊണ്ടും ചൈനീസിലും അറബിയിലും ചിട്ടപ്പെടുത്തുന്ന ആട്ടക്കഥകള്‍, സ്വാഭാവികമായും അവിടെയുള്ളവര്‍ പാടുന്നത് അവരുടെ ശൈലിയില്‍ ആയിരിക്കും. എങ്കില്‍ ഇതിനെ "ആട്ടക്കഥ" എന്ന് പേരിട്ടു വിളിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ? അത് മറ്റൊരു രൂപം സ്വീകരിച്ചു കഴിഞ്ഞു. ഇത്തരം പ്രവണതകള്‍ നൈര്യന്തര്യമായി സംഭവിച്ചാല്‍ കഥകളിയെന്ന കലാരൂപം അത് ആടപ്പെടുന്ന അന്യ ദേശങ്ങളിലെ ചില ശൈലികള്‍ സ്വാംശീകരിച്ച് മറ്റൊരു കലാരൂപമായി മാറുമെന്നതില്‍ സംശയമില്ല. ഇവിടെ കണ്ണേട്ടന്‍ മുന്‍പ് പറഞ്ഞ  കഥകളി ഇപ്പോള്‍ അഭിമുഖീകരിക്കുന്ന  ദ്വിതല  പരമ്പരാഗത  പ്രശ്നം ചിന്തനീയം.  എന്തുകൊണ്ട് കഥകളിയും മോഹിനിയാട്ടവും മറ്റും ചൈനയിലോ അറേബ്യയിലോ ജനിച്ചില്ല ? ഇവ നമുക്കായി മാത്രം സൃഷ്ടിക്കപ്പെട്ട നമ്മുടെ സ്വന്തമായ കലാരൂപമാണെന്നാണ് എന്റെ അഭിപ്രായം. 

നന്ദി, ശിവപ്രസാദ്..
അറബിഭാഷയിൽ എഴുതുന്ന ആട്ടക്കഥ അറബികൾതന്നെ പാടണം. അത് കളിക്കുന്നതും അറബികളായിരിക്കണം. കാരണം അതു കാണുന്നതും അറബികളായിരിക്കുമല്ലോ. നാം അതിനെക്കുറിച്ച് വേവലാതിപ്പെടേണ്ട. ആട്ടക്കഥയെന്നോ കഥകളിയെന്നോ അതിനെ നമുക്കു വിളിക്കേണ്ടിവരില്ല. കാരണം അറബിയിൽ അവർ അതിനു നല്ല ഒന്നാന്തരം പേർ കണ്ടെത്തിക്കൊള്ളും. അക്കാര്യം മുഴുവൻ അവർക്കു വിട്ടുകൊടുക്കുകയല്ലേ ഭേദം? അറബികൾക്കും ജപ്പാൻകാർക്കും ചൈനാക്കാർക്കും എല്ലാം അവരവരുടെ മൗലികാവകാശങ്ങളുണ്ടല്ലോ.
പിന്നെ, സിംഗപ്പൂരിലുള്ള ഭാസ്കർജി അഞ്ചു ഭാഷകളിൽ കഥകളിയവതരിപ്പിച്ചതിനെക്കുറിച്ചാണെങ്കിൽ, അതിന്റെ തിരുവനന്തപുരത്തെ വേദിയിൽവച്ചുതന്നെ കാവാലത്തെപ്പോലെയുള്ളവർ ആ സംരംഭത്തെ അപലപിച്ചതാണ്. അങ്ങനെയുള്ള അവതരണത്തിനു പിന്നിൽ ഉയർന്ന തരം നാട്യപരീക്ഷണകൗതുകമല്ല, മറിച്ച് കച്ചവടലക്ഷ്യങ്ങളാണുള്ളത്. സൗന്ദര്യാസ്വാദകരായ ആരെങ്കിലും അത് ഗൗരവമായി എടുത്തിട്ടുണ്ടെന്നു തോന്നുന്നില്ല. നാം വഴിയിലൂടെ നടന്നു പോകുമ്പോൾ എന്തെല്ലാം ശബ്ദങ്ങളും കാഴ്ചകളും ചുറ്റുപാടുമുണ്ടാകും? കാര്യമില്ലാത്ത കാര്യമാണെന്നു ബോദ്ധ്യമായാൽ നാം അങ്ങോട്ടു ശ്രദ്ധ കൊടുക്കാറുണ്ടോ? അതുപോലെയേ ഉള്ളു ഇക്കാര്യവും.
ഞാൻ ഒരിക്കൽ കൊല്ലൂർ മൂകാംബികക്ഷേത്രത്തിൽ തൊഴുതിറങ്ങുമ്പോൾ പരിചയമുള്ള ഒരാൾ പറഞ്ഞു, അവിടെ ആ ദിവസം കഥകളി നടക്കുന്നുണ്ടെന്ന്. അത്ഭുതത്തോടെ ഞാൻ അണിയറ തേടിപ്പിടിച്ച് അവിടെയെത്തി. അതൊരു യക്ഷഗാനസംഘമായിരുന്നു! യക്ഷഗാനത്തെയാണ് കഥകളിയെന്നു പറഞ്ഞത്. കർണ്ണാടകത്തിൽ അങ്ങനെ പറയാറുണ്ട്. 'കഥകളി എന്റെ സ്വന്തമാണ്, നിങ്ങൾ ഇനി ആ പേർ ഉപയോഗിക്കരുത്' എന്ന് ആ സംഘത്തോടു പറയാൻ എനിക്കെന്താണ് അവകാശം? അല്ലെങ്കിൽത്തന്നെ അങ്ങനെ പറയേണ്ട ആവശ്യമെന്താണ്?
നാം ഉദ്ദേശിക്കുന്ന 'നമ്മുടെ കഥകളി'ക്ക് മലയാളഭാഷയോട് ഇഴവേർപിരിക്കാൻ പറ്റാത്ത ബന്ധമാണുള്ളതെന്നു ഞാൻ പൂർണ്ണമായും സമ്മതിക്കുന്നു. ആട്ടക്കഥാസാഹിത്യവും അതിൽനിന്നുണ്ടായ പദാർഥാഭിനയമെന്ന കഥകളിയുടെ അഭിനയവും നൃത്തവും പാട്ടും മേളവും വേഷവിധാനങ്ങളുമല്ല്ലാം മലയാളിക്കു സ്വന്തമാണ്. അതിൽ അല്പവും സംശയമില്ല. അതിനെ നമ്മിൽനിന്നു പറിച്ചെറിയാൻ നമുക്കല്ലാതെ, ഒരിക്കൽക്കൂടി പറയട്ടെ, നമുക്കു മാത്രമല്ലാതെ, ഈശ്വരനുപോലുമാകില്ല. അതിനാൽ, അല്പവും ഭയം വേണ്ടാ. നല്ല കഥകളിക്കുവേണ്ടി ദത്തശ്രദ്ധരായ ആസ്വാദകരും നല്ല കഥകളിക്കായി നോയ്മ്പു നോൽക്കുന്ന കലാകാരന്മാരും ഉള്ളിടത്തോളം കാലം കഥകളി അസ്തമിക്കില്ല.
അസക്തോ ഹ്യാചരൻ കർമ്മ പരമാപ്നോതി പൂരുഷഃ (ആസക്തികളില്ലാതെ കർമ്മം ചെയ്യുന്നവൻ പരമപദത്തെ പ്രാപിക്കുന്നു.)

നന്ദി കണ്ണേട്ടാ

ചൈനക്കാരോ അറബികളോ ജപ്പാന്കാരോ അല്ല ഇവിടെ പ്രതികള്‍. കഥകളിയെന്ന പേരില്‍ ഇത്തരം 

തോന്നാസ്യങ്ങള്‍ കാണിക്കുന്നത് മലയാളികള്‍ തന്നെയാണ്. കണ്ണേട്ടന്‍ പറഞ്ഞതുപോലെ ഇത്തരം 

ആഭാസങ്ങള്‍ക്ക് നേരെ ശ്രദ്ധ തിരിക്കേണ്ട ആവശ്യമില്ല. എന്നാല്‍ ശരിയായ കഥകളിയേത് 

തെറ്റേത് എന്ന്  തിരിച്ചറിയാത്ത ചിലരെങ്കിലും ഇത്തരം കളികള്‍ മൂലം ചൂഷണം ചെയ്യപ്പെടുന്നുണ്ട്.

കഥകളിയുടെ പേരില്‍ നടക്കുന്ന ഇത്തരം ചൂഷണങ്ങള്‍ അവസാനിക്കണം. 

രത്നചുരുക്കം ഇത്രയേയുള്ളൂ: യഥാര്‍ത്ഥ കഥകളി എന്നും അയഥാര്‍ത്ഥ കഥകളി

എന്നുമുള്ള വേര്‍തിരിവ് ഇല്ലാതാവണം. എല്ലാം "യഥാര്‍ത്ഥമായത്" ആവണം

 

hello Kannan. thanks for a relevant, timely and thought provoking article. i found your thoughts on 'urban kalaris' replacing the role of traditional ulsavams very interesting. i think such innovations must come in performances too -- instead of presenting an entire story we must start showcasing scenes, even from different stories, in an evening. a sringara padam, a vana varnana, a padam with a koottuvesham can comprise a performance. i visualise a day when a programme poster will list the performing artists merely as pacha, kathi, sthreevesham etc (in place of names characters) with the pacha vesham for example doing panchalarajathanaye as the opening item and then go on to arjuna's swaragavarnana or some such as the next piece. thank you once again for an excellent piece.

Thank you, Achuvettan.
I appreciate your view point regarding the possibilities of presentations. People should start thinking in that way. I am sure, people will become more and more receptive to innovations during the time to come. Changes should be done carefully. I have already prepared a performance plan for a solo performance by a Pachavesham to do for two hours. Staring with a portion of Purappad, I plan to go to Madhurathara (Rugmangadacharitham) or Dayithe (RaNTaam divasam). Next item will be a Pathinja padam like Paanchaala raaja thanayE(kalyaanasaugandhikam) or puunthen vaanii(Dakshayaagam). Then comes a different bhaavam like Sokam or bhakthi, an itakkaalam padam, like enthiha man maanasE (Karnasapadham). Next will be an aattam like maan prasavam or ajagara kabalitham. Last item will be a fast tempo padam like nisaacharendra (Bakavadham) along with concluding dance called Dhanasi. I am looking for a chance to perform this. PADAMAALIKA - Pachavesham. This is how I would like to call this performance.

Congratulations to Shri.Ettumanoor.P.Kannan for his well written thoughts on 'Thouryatrikam' .Happy to see that 'Thiranottam'
has successfully planted the roots of cultural and artistic values in the hearts and minds of our rising generation.ശ്രി.കണ്ണന്‍ പ്രത്യാശിക്കുന്നതുപോലെ കഥകളിയും ഇതര കേരളീയ കലകളും തിരനോട്ടം എന്ന വടവൃക്ഷത്തിന്റെ തണലില്‍ സുരക്ഷിതമാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..തിരനോട്ടത്തിനും ഇതില്‍ പങ്കെടുത്ത എല്ലാ കലാകാരന്മാര്‍കും ,കുഞ്ഞുങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ .

Well done shri.Kannan.'keralam valarunnu---anyamaam deshangalil' ennanallo kavivaakyam.The write-up shows that it is indeed happening.Even as kathakali takes root in foreign lands, it should not weaken in its own land. The changes are must, but as you said rightly, it should be done carefully. Best wishes for your new plans and ideas.

Thanks, Anonimous..
Kathakali is certainly flourishing in its own land. This is my experience. There are talented artistes in all aspects of Kathakali. And there are a number of new good viewers as well. We, ABHINAVAM School of Theatre Expressions, are now conducting a Hand Gesture Language Workshop in Trivandrum. 18 young people are regularly participating in the classes from June 8th. All of them, except one or two, are totally new to me. But they are really enthusiastic about knowing more about Kathakali and other classical forms. When we published our workshop news in newspapers, which they published with great importance, a number of queries had come to know the details of the workshop. And we have planned to conduct two more workshops on Kathakali for journalists and theatre / drama actors. We are organising them after requests from these groups. They want to know more about Kathakali and other classical forms. All these very clearly show that Kathakali is one of the most wanted classical forms, still, in Kerala. We cannot expect the crowd in a cinema for a Kathakali programme. That is not a realistic expectation. But a well presented Kathakali is, still, appreciated very well in our land.
Values in a Kathakali presentation make it real KATHAKALI. Such a valuable Kathakali will be appreciated by a great number of serious people..

sreechithran's picture

കണ്ണേട്ടന്റെ ലേഖനം അനേകം പുതിയ ചിന്തകൾക്കു വഴിമരുന്നിടുന്നുണ്ട്. അവ ഇന്നത്തെ സാംസ്കാരികപരിസരത്തിൽ സുപ്രധാനവുമാണ്.
പാരമ്പര്യകല പുതിയ സമസ്യകളെ അഭിമുഖീകരിയ്ക്കുന്നതെങ്ങനെ എന്നത് ലോകത്തെമ്പാടും ചർച്ച ചെയ്യപ്പെടുന്ന വിഷയം. സംഗീതം 'ഹൈപ്പർ മ്യൂസിക്ക്' ആവുന്നതു പോലെയുള്ള, സാംസ്കാരികമിശ്രണപ്രശ്നങ്ങൾ വലിയ ചർച്ചകൾക്ക് വേദിയായിട്ടുണ്ട്. ഇന്ത്യയിൽ, ഭരതനാട്യവും ഒഡീസ്യും കഥക്കും എല്ലാം മുൻപേ ഈ വഴിയിലുള്ള ചിന്തകളും പരീക്ഷണങ്ങളും ആലോചിച്ചു. കണ്ണേട്ടൻ എഴുതിയ പോലെ,ഇപ്പോൾ കഥകളിയുടെ ഊഴമാണ്. എന്നാൽ, കഥകളിക്ക് അതു സാധിക്കും പോലെ മറ്റൊരു കലയ്ക്കും സാദ്ധ്യമാവില്ല എന്നും തോന്നുന്നു. കാരണം ഘടകകലകളുടെ ഉൾക്കാമ്പ് കഥകളിയിൽ അത്രമേൽ ശക്തമാണ്, അവയുടെ തൗര്യത്രികരൂപം എന്ന നിലയിൽ കഥകളി പ്രകാശിപ്പിക്കുന്ന അനുഭവലോകവും മറ്റേത് ഇന്ത്യൻ കലയേയും വിസ്മയിപ്പിക്കാൻ പോന്നതാണ്. സ്വാഭാവികമായും അപ്പോൾ ആധുനികകാലത്ത് കൂടുതൽ സാദ്ധ്യതകൾ കഥകളിക്കുണ്ട്.
എന്നാൽ, പാരമ്പര്യത്തിന്റെ ഒരു വലിയ ചങ്ങലയിലെ ഒരു കണ്ണിയാണ് നാം ജീവിക്കുന്ന ലോകത്തിന്റെ സൗന്ദര്യാവബോധം എന്ന തിരിച്ചറിവ് ഏതു പരീക്ഷണങ്ങൾക്കും ആവശ്യമാണ്.  പാമ്പര്യവും ശൈലീകരണവും സവിശേഷമാം വിധം വളർന്നുവികസിയ്ക്കുകയും കരുത്താർജ്ജിയ്ക്കയും ചെയ്ത കഥകളിയിലാകുമ്പോൾ വിശേഷിച്ചും.
അറബികൾ അറബിക്കഥ അറബിയിൽ ചിട്ടപ്പെട്രുത്തി അറേബ്യയിൽ അവതരിപ്പിച്ച് അതിന് 'കഥകളി' എന്നു പേർ വിളിച്ചാൽ അതിൽ സങ്കടപ്പെടാനൊന്നുമില്ല. ലോകത്തിന്റെ ഒരു കോണിൽ വികസിച്ചുവന്ന സൗന്ദര്യാവിഷ്കരണതന്ത്രങ്ങളെ മറ്റൊരു സംസ്കൃതി അതിനു പാകമാവും വിധം സ്വാശീകരിയ്ക്കുന്നു എന്നതിൽ വേണമെങ്കിൽ സന്തോഷിയ്ക്കയും ആവാം.
"ഗംഗയാറൊഴുകുന്ന നാട്ടിലേ ശരിയ്ക്കിത്ര മംഗളം കായ്ക്കും കൽപ്പപാദപമുണ്ടായ് വരൂ" എന്നൊക്കെ അഭിമാനപൂർവ്വം ചൊല്ലാം, പക്ഷേ അതൊന്നുമല്ല സത്യം. ലോകത്തെമ്പാടും അനേകം ആറുകളുള്ളതിലൊന്നത്രേ ഗംഗയാറ്. കൽപ്പപാദപങ്ങൾ ഉണ്ട് എങ്കിൽ അത് ലോകത്തു പലയിടത്തും ഉണ്ടായ് വന്നേക്കും. ലോകത്തുള്ള കലകളിൽ നമൂക്കേ ഇത്തരം ശ്രേഷ്ഠമായ ഒന്നുള്ളൂ എന്ന് അഭിമാനിയ്ക്കാം, അതുകൊണ്ട് മറ്റെല്ലാം ഇതിനു താഴെയെന്നു തോന്നിയാൽ പിശകാണ്. മനുഷ്യവർഗത്തിന്റെ അനേകായിരം വർഷം നീണ്ട ലാവണ്യചിന്തകളുടെ പലതരം പ്രകാശനങ്ങൾ ലോകത്തെമ്പാടും നടക്കുന്നു, നമ്മുടെ ജനനം മുതൽ നാം ശീലിച്ചും പരിചയിച്ചും പോന്ന സൗന്ദര്യപൂരങ്ങൾ നമുക്ക് കൂടുതൽ അഭിരാമമായി തോന്നിയേക്കും, അത്രമാത്രം.
കണ്ണേട്ടന്റെ എഴുത്തിൽ എനിയ്ക്കേറ്റവും ശ്രദ്ധേയമായി തോന്നിയ ഒരഭിപ്രായം ഇതാണ്:
"പൂതനാമോക്ഷത്തിലെ തൈര്‍ കടയലും ആശാരിയുടെ മരപ്പണിയും മറ്റും എന്തെന്നു മനസ്സിലാകാത്ത വരുംതലമുറയുടെ മുന്നില്‍ കഥകളിയുടെ രൂപവും ഭാവവും മാറാതിരിക്കുമോ?"
" ശങ്കാലുവും ചപലസ്വഭാവിയുമായ ബ്രാഹമണനെന്ന സങ്കല്പം ഇന്നില്ല എന്നുള്ളതുകൊണ്ട് രംഗാവതരണത്തിനുതന്നെ വന്ന മാറ്റം ശ്രദ്ധിക്കുക"
അത്യന്തം സൂക്ഷ്മമായി, നാട്യശരീരത്തിനുള്ളിൽ തന്നെ നടക്കുന്ന ഒരു സാമൂഹിക ( രാഷ്ട്രീയ)പരിണാമപ്രക്രിയയെ കണ്ണേട്ടൻ വിശദീകരിക്കുന്നു. ശൈലീകൃതകലകളിൽ നടക്കുന്ന സാമൂഹികപ്രതിപ്രവർത്തനം (social reaction ) ഇത്തരത്തിൽ സൂക്ഷ്മമാണ്. അവയുടെ ദിശയെ നിർണ്ണയിക്കാനുതകുന്ന നിലയിൽ ശക്തമായ ധൈഷണികതയാണ് കാലം ആവശ്യപ്പെടുന്നത്. അപ്പൊഴേ  കണ്ണേട്ടൻ പറഞ്ഞ 'കഥകളിയുടെ ഊഴം' നിവൃത്തിയാവുകയുള്ളു എന്നു കരുതുന്നു.
ലേഖനത്തിന് ഒരിയ്ക്കൽ കൂടി അഭിനന്ദനങ്ങൾ, തിരനോട്ടത്തിന്റെ പ്രവർത്തനങ്ങൾക്കും.
 
 

C.Ambujakshan Nair's picture

ശ്രീ. കണ്ണന്‍, മറുപടി വായിച്ചു.  എന്റെ ചോദ്യത്തിനു  വ്യക്തമായ ഒരു മറുപടി പറയുക ഒരു കലാകാരന്‍ എന്ന നിലയില്‍ താങ്കള്‍ക്കു അല്‍പ്പം ബുദ്ധിമുട്ടുള്ളതാണ് എന്ന് എനിക്ക് അറിയാമായിരുന്നു.
അനൌചിത്യങ്ങള്‍ ശ്രദ്ധിക്കുന്ന ആസ്വാദന രീതി ഇന്നില്ല എന്ന് ഞാന്‍  മനസിലാക്കിയിട്ടുണ്ട്. പക്ഷെ അതു ചോദ്യം ചെയ്തില്ലാ എങ്കില്‍ " മുന്‍പേ ഗമിക്കും ഗോവു തന്റെ പിന്‍പേ ഗമിക്കും ബഹു ഗോക്കളെല്ലാം" എന്ന സ്ഥിതിയിലേക്ക് ചെന്നെത്തുവാന്‍ സാദ്ധ്യത വളരെ കൂടുതലാണ്. 
നാം തമ്മില്‍ പരസ്പരം നേരിട്ടും ഇന്റര്‍നെറ്റില്‍ കൂടിയും പങ്കു വെച്ചിട്ടുള്ള വിഷയങ്ങളില്‍ താങ്കളുടെ പോസിറ്റീവായ നിലപാടുകള്‍ എപ്പോഴും സ്വാഗതാര്‍ഹം  തന്നെയാണ്.