ഗുരുവായൂര്‍ ബാലിവധം കഥകളി

Friday, September 23, 2011 - 13:57

17-09-2011  ഞായാറാഴ്ച  വൈകുന്നേരം  ആറ്  മണിക്ക്  ഗുരുവായൂര്‍  മേല്പത്തൂര്‍  ആഡിടോരിയത്തില്‍    ശ്രീ കലാമണ്ഡലം  സാജന്റെ  ശിക്ഷണത്തില്‍ അഭ്യസിച്ച കുട്ടികള്‍
ബാലിവധം കഥകളി  അവതരിപ്പിച്ചു.  രാവണ -മാരീച രംഗം ഒഴിവാക്കിയാണ് കഥ  ആരംഭിച്ചത്. ശ്രീരാമന്‍ ,സീത, ലക്ഷ്മണന്‍  വേഷങ്ങള്‍ എല്ലാം കുട്ടികള്‍ തന്നെ ആയിരുന്നു .തുടര്‍ന്ന്  ശ്രീ കോട്ടക്കല്‍ കേശവന്‍ കുണ്ടാലയാര്‍  സുഗ്രീവന്‍ ആയും  ശ്രീ കലാമണ്ഡലം  ബാലസുബ്ര മണ്യന്‍ .  ബാലിയായുംരംഗതെത്തി താടി വേഷ ക്കാരല്ലെങ്കിലും  രണ്ടുപേരുടെയും പ്രകടനങ്ങളില്‍ ആ പരിമിതികള്‍ അല്പം  പോലും അനുഭവപ്പെട്ടില്ല. ശ്രീ കേശവന്‍ കുണ്ടലയാര്‍ തിരനോട്ടവും  തുടര്‍ന്നുള്ള ആട്ടങ്ങളും നല്ല  നിലവാരത്തില്‍ തന്നെ  അവതരിപ്പിച്ചു. ഋഷിയമൂകാചലത്തില്‍  എത്തുവാനുണ്ടായ   സാഹചര്യങ്ങള്‍ വരെ യുള്ള  ആട്ടങ്ങള്‍ വളരെ  ഹൃദയ സ്പര്‍ശകമായിതന്നെ  അനുഭവപ്പെട്ടു. ബാലി മരിച്ചുവെന്ന വിശ്വാസത്തില്‍ ശേഷക്രിയകള്‍  ചെയ്യുന്നതും  പിണ്ഡം  കാക്ക കൊത്താതെ വന്നതുമെല്ലാം ആസ്വാദ്യമായിതന്നെ അവതരിപ്പിച്ചു . ശ്രീരാമ വേഷം ചെയ്തിരുന്നത് ചെറിയ കുട്ടി ആയത്  ശ്രീരാമ  -സുഗ്രീവ   രംഗത്തില്‍ ചില പരിമിതികള്‍ ആയി.
     ബാലിയുടെ പുറപ്പാടു തന്നെ പ്രൌഡ ഗംഭീരമായിരുന്നു. തുടര്‍ന്നുള്ള  ആട്ടങ്ങള്‍  പലതും സുഗ്രീവന്റെ ആട്ടങ്ങളോട് സാമ്യമുള്ളതാണല്ലോ.രണ്ടുപേരും അവരുടേതായ സ്വതസിദ്ധമായ ശയിലിയില്‍ ആസ്വാദ്യകരമായി തന്നെ അവതരിപ്പിച്ചു. സാധാരണ പതിവില്ലാത്ത  ബാലിയും താരയുമായുള്ള രംഗം കൂടി ഉള്‍പെടുത്തിയത്‌ ഒരു മറക്കാനാവാത്ത  അനുഭവമായി. ഈ രംഗം  ആടി കണ്ടപ്പോള്‍  ഇതൊരിക്കലും ഒഴിവാക്കാവുന്ന രംഗമല്ലഎന്ന തോന്നല്‍ ഉണ്ടായി.  ആ പദങ്ങളും വലിയ സാഹിത്യ ഗുണം അവകാശപ്പെടാനില്ലെങ്കിലും   രംഗത്തിനു ജീവന്‍ പകരുന്നതാണ് . തുടര്‍ന്നുള്ള ബാലി  സുഗ്രീവന്മാരുടെ യുദ്ധ വട്ടങ്ങളുടെ രംഗം , വാനരചാപല്യങ്ങള്‍   ബാലിയുടെ മരണം  ഈ ഭാഗങ്ങളില്‍ മാത്രമാണ്  ചെറുതെങ്കിലും ചില പോരായ്മകള്‍  തോന്നിയത്. ശ്രീരാമ ബാണമേറ്റ്  കഴിഞ്ഞുള്ള ഭാഗത്ത്‌ സുഗ്രീവന്‍ രംഗത്ത് അപ്രസക്തനായത് പോലെ തോന്നി. ബാലിയുടെ മരണവും അത്ര ഹൃദയ സ്പര്‍ശകമായില്ല.കെട്ടി പരിച്ചയിക്കാത്ത വേഷമാകുംപോള്‍  ഉണ്ടാവുന്ന  ചെറിയ ചില കുറവുകളാണ്.  ഇത്  .അപ്രധാനവുമാണ്.
 സര്‍വശ്രീ  സദനം ശിവദാസ് , പനയുര്‍  കുട്ടന്‍ , കലാമണ്ഡലം രാജേഷ്‌ ബാബു   എന്നിവരായിരുന്നു പാട്ടുകാര്‍. .അക്ഷരം  തോന്നയ്കയും പാടി പരിചയമില്ലായ്മയും അരങ്ങിനെ ഏറെ ബാധിച്ചു.  ബാലിയുടെ പുറപ്പാടു ശ്ലോകവും  യുദ്ധപ്പദങ്ങളും  അക്ഷരങ്ങള്‍ വിഴുങ്ങി പാടിയാല്‍ എത്ര അരോചകമാണ്. അല്പം  കൂടി  തയ്യാറെടുപ്പോടെ പാടാന്‍ ശ്രമിക്കേണ്ടതായിരുന്നു. ഇതൊരു വ്യക്തിപരമായ വിമര്‍ശനമല്ല. വളര്‍ന്നു വരുന്ന യുവ ഗായകരോടു  ആസ്വാദകന്‍ എന്നാ നിലയിലുള്ള  അഭിപ്രായ പ്രകടനമായി കണ്ടാല്‍ മതി. .
സര്‍വശ്രീ  കലാമണ്ഡലം ഉണ്ണികൃഷ്ണന്‍  ,കലാമണ്ഡലം ബാലസുന്ദരന്‍ ചെണ്ട, കോട്ടക്കല്‍ രവി, കലാമണ്ഡലം രാജനാരായണന്‍ മദ്ദളം  ഇവരായിരുന്നു  വാദ്യകലാകാരന്മാര്‍. തികച്ചും  ആട്ട പ്രധാനമായ  ഈ കഥക്ക്  പ്രഗല്‍ഭര്‍ ആയ ഇവരുടെ പ്രകടനം ഒരു മുതല്‍ കൂട്ടാവേണ്ടാതായിരുന്നു .നിര്‍ഭാഗ്യവശാല്‍  നിര്‍ജീവമായ മേളമായിരുന്നു  അന്നത്തേത്.ബാലി  സുഗ്രീവന്മാരുടെ ആട്ടങ്ങളെ ജീവസ്സുറ്റതാക്കാന്‍ പര്യാപ്തമായില്ല.
 മാങ്ങോട്  മഞ്ജുതര യുടെ  ചമയങ്ങള്‍ .വളരെ പഴയതും മുഷിഞ്ഞതുമായ  ഉടുത്തുകെട്ടും കിരീടവും. ചമയങ്ങളുടെ  ഭംഗി  ഇന്ന് കഥകളിയുടെ ഒരു പ്രധാന ഭാഗംതന്നെയാണ് .
ശ്രീ ബാല സുബ്ര മണ്യന്റെയും കേശവന്‍ കുണ്ടാലയാരുടെയും  പ്രകടനങ്ങള്‍  ഈ പരിമിത സാഹചര്യത്തിലും  അനുമോദ നാര്‍ഹാമാണ്. ഈ കഥാപാത്രങ്ങളെ  താടിവേഷക്കരല്ലാത്ത നടന്മാര്‍ക്ക് ഒരുപക്ഷെ കൂടുതല്‍ വിജയിപ്പിക്കനാവുമോ എന്ന് പരീക്ഷിക്കെണ്ടാതാണ്.

Article Category: 
Malayalam