ഓർമ്മകളുടെ സൗഭാഗ്യം

Tuesday, July 19, 2011 - 07:14
കോട്ടയ്ക്കൽ ശിവരാമൻ

ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളുടെ അവസാനത്തിലാണ്‌. അതിഗംഭീരമായിക്കഴിഞ്ഞ ഒരു `നാലാംദിവസ`ത്തിനുശേഷം അണിയറയിലേയ്ക്കുവന്ന ശിവരാമനാശാന്‍ എന്നെ വിളിച്ചു പറഞ്ഞു, കുട്ടീ, എന്നെ ബസ്റ്റാന്റില്‍ കൊണ്ടുപോയി ബസ്സു കയറ്റി വിട്ടിട്ടേ പോകാവൂ, ട്ട്വോ? ഈ നിര്‍ദ്ദേശം വിദ്യാര്‍ത്ഥിയായ എനിക്കൊരു നിര്‍വൃതിയായിരുന്നു.

കോട്ടയം കെ.എസ്‌.ആര്‍.ടി.സി.ബസ്സ്റ്റാന്റില്‍ എത്തിയപ്പോള്‍ രാത്രി വൈകിയിരുന്നു. ഉടന്‍ ബസ്സുകള്‍ ഒന്നും കണ്ടില്ല. ബസ്സ്റ്റാന്റിന്റെ ഉമ്മറത്തായി റോഡിനോടു ചേര്‍ത്ത്‌ ഉയര്‍ത്തിക്കെട്ടിയ ഒരു സിമന്റുതറയില്‍ ഇരിക്കാന്‍ അദ്ദേഹം എന്നോടാവശ്യപ്പെട്ടു. ഞാന്‍ അങ്ങനെ ചെയ്തു. സാത്വികാഭിനയപൂര്‍ണ്ണമായ അര്‍ധോക്തികളായി അഭിനയത്തെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും ജീവിതാനുഭവങ്ങളെക്കുറിച്ചും അദ്ദേഹം ഇടതടവില്ലാതെ തന്നുകൊണ്ടിരുന്ന ഉപദേശങ്ങളില്‍ ഞാന്‍ മതിമറന്നിരുന്നു. അതുകൊണ്ട്‌ ക്ഷീണിതനായിരുന്ന അദ്ദേഹം സാവധാനം എന്റെ മടിയിലേയ്ക്കു കിടക്കുമ്പോള്‍ പ്രസരിച്ച മനയോലയുടെയും വാസനച്ചുണ്ണാമ്പിന്റെയും ഇടിച്ചുകൂട്ടിയ പുകയിലയുടെയും മറ്റും-മറ്റും ഗന്ധരാശികളില്‍ ഞാന്‍ അഭിമാനത്തിന്റെ ശൃംഗങ്ങളിലേയ്ക്കുയര്‍ന്നു. ചുറ്റുപാടും നടക്കുകയും ഇരിക്കുകയും ഉറക്കംതൂങ്ങുകയും ചെയ്യുന്ന യാത്രക്കാര്‍ക്കിടയില്‍ പരശുരാമനെ മടിയില്‍ കിടത്തി, സൂക്ഷ്മതയോടെ ഇരിക്കുന്ന കര്‍ണ്ണനെപ്പോലെ ഞാനങ്ങനെയിരുന്നു. അധികം കഴിഞ്ഞില്ല, തല വെട്ടിപ്പൊളിയുന്നു എന്നു പറഞ്ഞ്‌ ശിവരാമനാശാന്‍ എന്റെ രണ്ടു കൈകളും പിടിച്ച്‌ അദ്ദേഹത്തിന്റെ നെറ്റിയുടെ ഇരുവശത്തും ചേര്‍ത്തുവച്ചു; നന്നായി അമര്‍ത്തൂ എന്നു നിര്‍ദ്ദേശിക്കുകയും ചെയ്തു. അങ്ങനെ ചെയ്യുമ്പോള്‍ ഞാനെന്റെ വിരലുകളില്‍ അറിഞ്ഞു, രക്തപ്രവാഹം കൊണ്ടു തുടിക്കുന്ന ഓരോ ഞെരമ്പുകള്‍ ഇരുവശത്തുകൂടിയും ആ മസ്തിഷ്കത്തിലേയ്ക്കു പിടച്ചു പായുകയാണ്‌. ആ ചുടുരക്തത്തെയാണു ഞാന്‍ എന്റെ അസമര്‍ഥമായ വിരലുകള്‍കൊണ്ടു തടഞ്ഞു നിര്‍ത്തേണ്ടത്‌. എനിക്കതിനു കഴിയുമോ ?  അഭിനയത്തിന്റെ തീവ്രധ്യാനത്തില്‍ വെന്ത്‌, പരിക്ഷീണമായ, ആ മഹാനടന്റെ മസ്തിഷ്കത്തിലേയ്ക്കു ഞാന്‍ അപ്പോള്‍ കാതോര്‍ത്തു, `നാദമസാരം` കേള്‍ക്കുന്നുണ്ടോ ? ഉണ്ടെന്നു തോന്നി. അശ്വഹൃദയം ചുഴറ്റിവീശുമ്പോള്‍ മനോവേഗത്തില്‍ പായുന്ന കുതിരകളുടെ കുളമ്പടിയും വേഷമീവണ്ണമാകില്‍ ദോഷമെന്തെനിക്കിപ്പോള്‍ എന്നു തീരുമാനമെടുക്കുന്ന ദമയന്തിയുടെ മുഴങ്ങുന്ന മനസ്സും നേരേ നിന്നു നേരുചൊല്ലുന്ന ധീരമായ സ്ത്രീവചസ്സിനുമുന്നില്‍ മൗനം ഖണ്ഡിക്കേണ്ടിവന്ന പ്രകൃതിശക്തികളുടെ ലീനധ്വനിയും കോട്ടയം ബസ്റ്റാന്റിന്റെ സിമന്റുതറയിലിരുന്ന്‌ ഞാന്‍ അനുഭവിക്കുകയായിരുന്നു. പിന്നെ, സമയത്തോടടുത്തപ്പോള്‍ ആശാനു പോകാനുള്ള ബസ്സു വന്നെത്തി.

ഇങ്ങനെ എത്രയോ അപൂര്‍വവും സവിശേഷവുമായ നിമിഷങ്ങള്‍ ഓര്‍മ്മകളിലേയ്ക്കു സമ്മാനിച്ച്‌ കോട്ടയ്ക്കല്‍ ശിവരാമനാശാന്‍ യാത്ര പറഞ്ഞുപോയി. പ്രകൃതിയെയും മനുഷ്യമനസ്സിനെയും ജീവിതത്തിന്റെ പച്ചയായ അനുഭവങ്ങളെയും ഉപാസിച്ച ആ വലിയ കലാകാരന്‍ എപ്പോഴും അന്തഃസ്തോഭങ്ങള്‍കൊണ്ടു വിക്ഷുബ്ധനായിരുന്നു. ഒരു പാരമ്പര്യകലാരൂപത്തിന്റെ ആചാര്യനുണ്ടാകാറുള്ള നിര്‍മ്മമത​ത്വവും ഉള്‍ക്കാമ്പുള്ള മൗനവും ശിവരാമനാശാനില്‍ കണ്ടിട്ടില്ല. അതിവൈകാരികമായ സമീപനമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.  താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പ്രമേയത്തിലും അഭിനയപ്രകാരത്തിലും സ്വയം അലിഞ്ഞ്‌ ഇല്ലാതാകാന്‍ അദ്ദേഹം ബോധപൂര്‍വ്വം വെമ്പല്‍ കൊണ്ടിരുന്നു. ദമയന്തിയും ദേവയാനിയുമെല്ലാം അദ്ദേഹത്തിനു ധ്യാനിച്ചു പ്രത്യക്ഷമാക്കിയ മന്ത്രമൂര്‍ത്തികള്‍ തന്നെയായിരുന്നു. അവരുടെ അവസ്ഥകള്‍ അദ്ദേഹവും പങ്കിട്ടു. അവര്‍ കരയുമ്പോള്‍ ആ നടഹൃദയം വിങ്ങി. അവര്‍ കോപിക്കുമ്പോള്‍, ചിരിക്കുമ്പോള്‍ എല്ലാം അദ്ദേഹവും കോപിക്കുകയും ചിരിക്കുകയും ഒക്കെ ചെയ്തുകൊണ്ടിരുന്നു. പാരമ്പര്യകലാരൂപത്തിന്റെ അഭിനയരീതിയില്‍ പിന്തുടരേണ്ടതായ നാട്യശാസ്ത്രനിര്‍ദ്ദേശങ്ങളൊന്നും അവിടെ പ്രസക്തമായിരുന്നില്ല. ധ്യാനദേവതയുമായുള്ള സായൂജ്യനിര്‍വൃതിക്കപ്പുറം അദ്ദേഹം ഒന്നുമേ ആഗ്രഹിച്ചില്ല.

പദ്മശ്രീ വാഴേങ്കടകുഞ്ചുനായരാശാന്റെ അനന്തിരവനും ശിഷ്യനുമായിട്ടാണ്‌ ശിവരാമനാശാന്‍ കലാജീവിതം ആരംഭിച്ചത്‌. എന്നാല്‍ കുഞ്ചുനായരാശാന്റെ നാട്യദര്‍ശനത്തില്‍ നിന്നും വ്യത്യസ്തമായ ഒരു സരണിയാണ്‌ ശിവരാമനാശാന്‍ സ്വീകരിച്ചത്‌. പ്രമേയസംബന്ധിയായ ഔചിത്യം തന്റെ അഭിനയപ്രകാരത്തില്‍ നിലനിര്‍ത്തണമെന്ന്‌ കുഞ്ചുനായരാശാനും ആഗ്രഹിച്ചിരുന്നു. പ്രമേയത്തില്‍ മനസ്സിരുത്തുമ്പോള്‍ത്തന്നെ ആട്ടപ്രകാരത്തെക്കൂടി സൂക്ഷ്മമായ വിലയിരുത്തലിനും കഠിനമായ നിയന്ത്രണത്തിനും വിധേയമാക്കിയ ആചാര്യനാണദ്ദേഹം. പ്രമേയം പരിണമിച്ചുണ്ടാകുന്നതാണു പ്രകാരമെന്ന്‌ അദ്ദേഹം സിദ്ധാന്തിക്കുന്നതായി `കാലകേയവധ`ത്തിലും മറ്റും നിര്‍ദ്ദേശിച്ച പരിഷ്കരണങ്ങളില്‍നിന്നു മനസ്സിലാക്കാം. പ്രത്യേകിച്ചു `നളചരിതം` പോലുള്ള കഥകളില്‍ അതിവൈകാരികതകൊണ്ട്‌ പ്രമേയവും പ്രകാരവും കൂടിക്കുഴഞ്ഞ്‌, നാട്യധര്‍മ്മിയായ കഥകളിഭാഷ നഷ്ടമാകുവാന്‍ ആചാര്യന്‍ അനുവദിച്ചില്ല. എന്നാല്‍ ശിവരാമനാശാനെ സംബന്ധിച്ചിടത്തോളം പ്രമേയവും പ്രകാരവും തമ്മില്‍ നിര്‍ബ്ബന്ധമായും നിലനില്ക്കേണ്ട നിയന്ത്രിതമായ അകലത്തിനു പ്രസക്തിയുണ്ടായിരുന്നില്ല. ദമയന്തിയായാലും ദേവയാനിയായാലും കുന്തിയായാലും ധ്യാനിച്ചുവരുത്തിയ ദേവതയുടെ മുന്നില്‍ സര്‍വവും സമര്‍പ്പിക്കുന്ന മനസ്സായിരുന്നു അദ്ദേഹത്തിന്റേത്‌. കഥാപാത്രം കനിഞ്ഞേകുന്ന, അനുവദിച്ചുകൊടുക്കുന്ന, ആംഗികസാത്വികങ്ങള്‍ നിരൂപണബുദ്ധിയേതും കൂടാതെ അദ്ദേഹം സ്വീകരിച്ചു; പ്രകടിപ്പിച്ചു. `ദമയന്തി അങ്ങനെയേ ചെയ്യൂ-` ശിവരാമനല്ല, ദമയന്തിയാണ്‌ ഇവിടെ കര്‍ത്താവ്‌. കഥാപാത്രവുമായുള്ള ഈ സമ്പൂര്‍ണ്ണലയനത്തിന്‌ അദ്ദേഹം സ്ത്രീവേഷമാണു കെട്ടിയിരുന്നത്‌ എന്ന സംഗതി കൂടുതല്‍ സഹായകമായി. നിലകളിലും മുദ്രകളിലും കാല്പനികമായ പരിവര്‍ത്തനം വരുത്തി, കഥകളിയുടെ വ്യവസ്ഥാപിതമായ ആംഗികസാത്വികങ്ങളെ മറ്റൊന്നായി പരുവപ്പെടുത്തുന്നത്‌ ഒരു പുരുഷവേഷക്കാരനാണെങ്കില്‍ അയാള്‍ ചെയ്യുന്നത്‌ കഥകളിയല്ല, വെറും നാടകമാണെന്ന്‌ അറിവുള്ളവരെങ്കിലും ആര്‍ത്തലയ്ക്കുമായിരുന്നു.

ശിവരാമനാശാനോടൊപ്പം കൂട്ടുവേഷങ്ങള്‍ കെട്ടാനുള്ള സുവര്‍ണ്ണാവസരങ്ങള്‍ ചെറുപ്രായം മുതല്‍ എനിക്കു ധാരാളം കിട്ടിയിട്ടുണ്ട്‌. എനിക്കു പത്തോ പന്ത്രണ്ടോ വയസ്സുള്ളപ്പോള്‍ ചിത്രലേഖയായി വന്ന അദ്ദേഹം അനിരുദ്ധനായിരുന്ന എന്നെ കൈകളില്‍ പൊക്കിയെടുത്ത്‌ അരങ്ങിലേയ്ക്കു കൊണ്ടുപോയിട്ടുണ്ട്‌. ആ സീതയുടെ കൂടെ കുശലവന്‍‌മാരായും ആ മോഹിനിയുടെ ധര്‍മ്മസങ്കടത്തിനിടയിലും വാത്സല്യം ഏറ്റുവാങ്ങുന്ന ധര്‍മ്മാംഗദനായും കേശമിതുകണ്ടുവേണം പോകാനെന്ന്‌ ഓര്‍മ്മിപ്പിക്കുന്ന ആ ദ്രൗപദിയെ ആശ്വസിപ്പിക്കുവാനായി ശ്രീകൃഷ്ണനായും ആ കുന്തിയുടെ വരണ്ടതും നിസ്സഹായവുമായ മാതൃത്വത്തിനു മുന്നില്‍ അദ്ഭുതവും താപവും കോപവും ആനന്ദവും മാറിമാറി അനുഭവിക്കുന്ന കര്‍ണ്ണനായും ഒക്കെ അരങ്ങത്തു വരാന്‍ എനിക്കു ഭാഗ്യമുണ്ടായി. ഓര്‍മ്മകളുടെ സൗഭാഗ്യം.

എല്ലാവരില്‍നിന്നും ഒരുനാള്‍ ഓര്‍മ്മകള്‍ അകന്നു നിന്നേക്കാം. ധനാശിക്കൊട്ടിനു മുന്‍പുള്ള നിശ്ശബ്ദപ്രാര്‍ഥനയാകാം അത്‌. അവസാനനാളുകളിലൊന്നില്‍ ശിവരാമനാശാന്‍ ശയ്യയിലാണ്‌. അദ്ദേഹം എന്റെ മുഖത്തു നോക്കുന്നുണ്ടായിരുന്നു, പക്ഷേ, എന്നെ തിരിച്ചറിയുന്നില്ലെന്ന്‌ ആഴങ്ങളില്‍നിന്നുയര്‍ന്ന ദീനരോദനത്തോടെ ഞാന്‍ മനസ്സിലാക്കി. മുദ്രാനിഷ്ഠതയുടെ ആലഭാരങ്ങളില്ലാതെ ഭാവസമുദ്രത്തില്‍ തിരയിളക്കങ്ങള്‍ സൃഷ്ടിക്കാറുള്ള ആ വലംകൈ എടുത്ത്‌ അമര്‍ത്തിപ്പിടിച്ച്‌ ഞാന്‍ ഹൃദയംകൊണ്ടു തെരുതെരെ സംസാരിച്ചുകൊണ്ടിരുന്നു. ഭവാനീ, ഭവാനീ എന്ന്‌ ആവര്‍ത്തനശീലംകൊണ്ട്‌ ഉറച്ചുപോയ ഭാര്യാനാമം മാത്രം അദ്ദേഹം ഉരുവിടുന്നുണ്ട്‌. ഒരുയുഗം കഴിഞ്ഞുപോയെന്നു തോന്നി. അടുത്ത നിമിഷം, അദ്ദേഹത്തിന്റെ കണ്ണില്‍ ഒരു തിളക്കം. അതെ, എന്നെ തിരിച്ചറിഞ്ഞു.  `കണ്ണനല്ലേ` എന്നദ്ദേഹം ചോദിച്ചു. പിന്നെ, പരിക്ഷീണമായ സ്വരത്തില്‍ കൂട്ടിച്ചേര്‍ത്തു, `വയ്യ, കുട്ടീ`. നിശ്ശബ്ദമായ നിലവിളി എന്റെ മനസ്സില്‍.

നക്ഷത്രദ്വന്ദ്വങ്ങള്‍പോലെ ഭാവവാഹിയായി മിഴിയുന്ന ആ കണ്ണുകള്‍ കഥകളിയുടെ ചരിത്രത്തില്‍ എന്നും സമാനതകളില്ലാത്ത പ്രകാശം പരത്തിനിലനില്ക്കും.

Article Category: 
Malayalam

Comments

പ്രിയ സുഹൃത്ത് ശ്രീ. ഏറ്റുമാനൂര്‍ കണ്ണന്‍ ഹൃദയത്തില്‍ തട്ടും വണ്ണം ശ്രീ. കോട്ടയ്ക്കല്‍ ശിവരാമന്‍ എന്ന കലാകാരനുമായുള്ള അനുഭവം ഇവിടെ അവതരിപ്പിച്ചിരിക്കുന്നു.

A very nice and well written article on late Sivaraman asan.

Kathakali is not an ordinary art; a great kathakali genius cannot be an ordinary artist either. Shri. Kannan's article, though short, portrayed the extra-ordinary master in full glory. I liked the language used in the article, which enhanced the dignity of the great artist and the artistic medium in which he lived. As Kannan rightly said, Sivaraman asan was not an actor who was bonded by the traditional boundray conditions of the art. True to the style of every genius, he redefined the boundaries of his field of activity and lived there as a unquestioned master . He gave life to every character he portrayed. It is appropriate that Shri. Kannan mentioned the few Nalacharitha padams in the article in which Sivaraman asan vitually lived on the stage. All those beautiful images flashed through my mind.

Sivaraman asan enriched kathakali immensely through his brilliant 'sthree veshams'. Many of the kathakali rasikas like me were lucky that we could see the genius in action in front of our eyes. As Albert Einstein wrote about Mahatma Gandhi, the future generations may not believe that such a wonderful kathakali artist lived amongst us. So, we must preseve every bit of the vedio available on this great genius for the sake of posterity.

Dr. Evoor Mohandas

Dear Kannan,
Very nice your comments. Further I find that u r able to narrate the details in a very good style. Pl. continue this. regards.

വളരെ ഹൃദയസ്പൃക്കായ ആഖ്യാനം. അനുഭവങ്ങള്‍ നേരിട്ടായതുകൊണ്ട് തീവ്രമായി അവതരിപ്പിച്ചിരിക്കുന്നു. നടന്മാരുടെ അനുഭവങ്ങളോടൊപ്പം വായനക്കാരുടെ അനുഭവങ്ങള്‍ കൂടി വരുമെന്നു പ്രതീക്ഷ.

കണ്ണേട്ടാ അസ്സലായി. ആശാനെ നേരില്‍ കണ്ടതുപോലെ തോന്നുന്നു.