കലാമണ്ഡലം ഗോപി

Thursday, August 28, 2014 - 21:39
Padmasree Kalamandalam Gopi photo by Hari Chittakkadan from Facebook
"പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ ഉടലിന്മേൽ കുഞ്ചുക്കുറുപ്പിന്റെ തല വെച്ചുപിടിപ്പിച്ചാൽ"... എന്ന്  വള്ളത്തോൾ പറഞ്ഞിട്ടുള്ളതായി കേട്ടിട്ടുണ്ട്.  പട്ടിക്കാംതൊടിയുടെ കയ്യും മെയ്യും കുറുപ്പിന്റെ രസവാസനയുമാണ്  മഹാകവി വിശേഷമായി കണ്ടത്. ഏതാണ്ട്  അതുപോലൊരു പരാമർശം ഈയിടെ ഒളപ്പമണ്ണ നടത്തുകയുണ്ടായി. രാമൻകുട്ടിനായരും കൃഷ്ണൻനായരും ചേർന്നതാണ്  കലാമണ്ഡലം ഗോപി എന്ന്.  ഒക്റ്റോബർ 18-ന്  കലാമണ്ഡലത്തിലെ അവാർഡ് ദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
അസാമാന്യമായ വേഷഭംഗി, നല്ല മെയ്യൊതുക്കം, ചന്തമേറിയ അംഗചലനങ്ങൾ, ഒന്നാംതരം കണ്ണ്, തികഞ്ഞ അഭ്യാസബലം എന്നിവയെല്ലാം ഗോപിയുടെ കൈമുതലാണ്.  അവാർഡ്  ദാനത്തിൻനാൾ ഗോപിയുടെ കാലകേയവധത്തിൽ അർജ്ജുനൻ കണ്ടവർക്കെല്ലാം ഈ സംഗതികൾ ബോദ്ധ്യമായി. ആദ്യാവസാന പച്ച കത്തി വേഷങ്ങൾ എല്ലാം ഗോപി കെട്ടും. എങ്കിലും പച്ചയാണ്  ഗോപിക്ക്  കൂടുതൽ ഇഷ്ടം. കാഴ്ചക്കാർക്കും. ഗോപിയുടെ രണ്ടാം ദിവസത്തെ നളൻ പലവുരു ഞാൻ കണ്ടിട്ടുണ്ട്.  കുഞ്ചുക്കുറുപ്പാശാന്റെ വേഷവും ആട്ടവും ഓർത്തുപോയി അപ്പോഴെല്ലാം. ചൂതിൽ തോറ്റു സർവസ്വവും നഷ്ടപ്പെടുമ്പോഴെക്കും നളന്റെ ശരീരം തന്നെ ചെറുതാകുന്നതായി നമുക്ക്  തോന്നും. വേര്പാടും ബഹുകേമമാണ്. ഏറ്റവും ശോഭിക്കുന്ന ഗോപിയുടെ മറ്റൊരു വേഷമാണ്  രുഗ്മാംഗദൻ. "തന്മകൻ ധർമ്മാംഗദനെ ചെമ്മേ വാളാൽ വെട്ടാൻ" ഒരുങ്ങുമ്പോൾ മുഖത്തു വരുന്ന ഭാവങ്ങൾ കണ്ടുതന്നെ രസിക്കണം.
 
വ്യക്തി എന്ന നിലയിൽ വളരെ നല്ല സുഹൃത്തും നിഷ്ക്കളങ്ക പ്രകൃതിയുമാണ്  അദ്ദേഹം. ഗോപിക്ക്  ആരാധകരല്ല. സുഹൃത്തുക്കൾ ആണ്.  കുറച്ചുനാൾ മുമ്പ്  വരെ ഗോപിക്ക്  ഒരു ദൌർബല്യം ഉണ്ടായിരുന്നു - വാരുണീസേവ. അത്തരം കാര്യങ്ങൾ മറ്റുള്ളവരുടെ ചെലവിൽ മാത്രം നടത്തുന്ന ചില "കലാകാരന്മാർ" ഉണ്ടല്ലോ. ഗോപി അക്കൂട്ടത്തിൽ ആയിരുന്നില്ല. ഒടുവിൽ ഗോപി എന്ന വി.എം. ഗോവിന്ദൻ നായരെ രണ്ടു മാസത്തോളം സസ് പെൻഷനിൽ നിർത്താൻ കലാമണ്ഡലം ഭരണസമിതി നിർബന്ധിതമായി. പിന്നെ ഒരു ഇംക്രിമെന്റ്  മാത്രം തടഞ്ഞു തീരുമാനം എടുക്കുകയും അദ്ദേഹം അർഹിച്ചിരുന്ന പ്രൊഫസർ സ്ഥാനത്തേക്കുള്ള കയറ്റം അനുവദിക്കുകയും ചെയ്തു. 
 
ഈ ശിക്ഷാ നടപടി നളനു കിട്ടിയ കാർക്കോടക ദംശനം പോലെ അനുഗ്രഹമായി ഗോപിക്ക്.  ഇന്ന് അക്കാര്യത്തിൽ ഗോപി പഴയ ഗോപിയല്ല.
 
1937 മെയ് 25-ന്  പാലക്കാടു ജില്ലയിലെ കോതച്ചിറയിൽ വടക്കടത്തു ഗോപാലൻ നായരുടേയും മണാളത്ത്  ഉണ്യാതി നങ്ങമ്മയുടെയും മകനായിട്ടാണ് കഥാപുരുഷൻ ജനിച്ചത്.  പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം ആദ്യം കച്ചകെട്ടിയത് തുളളലിനാണ്.  രണ്ടുവർഷം കഴിഞ്ഞ്  തേക്കിൻകാട്ടിൽ രാമുണ്ണിനായർ നടത്തിവന്ന ഗുരുകുലത്തിൽ ചേർന്ന്  കഥകളി അഭ്യാസം ആരംഭിച്ചു - 11ആം വയസ്സിൽ. മൂന്നു കൊല്ലം അവിടെ പഠിച്ച ശേഷം ആണ്  കലാമണ്ഡലത്തിൽ ചേർന്നത്. രാമൻകുട്ടി നായരും പത്മനാഭൻ നായരും ആയിരുന്നു കലാമണ്ഡലത്തിലെ മുഖ്യ ആശാന്മാർ.
 
അവാർഡ്  വാങ്ങുന്നതിനുമുമ്പായി ഗുരുസ്മരണ എന്ന നിലയിൽ  രണ്ട്  ആശാന്മാർക്കും പൊന്നാട സമർപ്പിച്ചുകൊണ്ട്  ദണ്ഡനമസ്ക്കാരം ചെയ്തപ്പോൾ അവിടെ കൂടിയിരുന്ന രണ്ടായിരത്തോളം ആളുകൾ ആനന്ദാശ്രു പൊഴിച്ചു.
 
ഗോപി കലാമണ്ഡലത്തിൽ അദ്ധ്യാപകനായി ചേർന്നത്  1958-ൽ ആണ്. അങ്ങനെ 1983-ൽ അവാർഡ്  കിട്ടിയത്  സേവനത്തിന്റെ രജതജൂബിലി വർഷത്തിലാണ്. കലാമണ്ഡലം അവാർഡ്  കിട്ടിയിട്ടുള്ളവരിൽ ഏറ്റവും ചെറുപ്പത്തിലെ അത്  നേടുവാൻ ഭാഗ്യം ഉണ്ടായത്  ഗോപിക്കാണ്  എന്നത്  എടുത്തുപറയേണ്ട കാര്യം തന്നെ. ഇനി കിട്ടാനിരിക്കുന്ന പല പുരസ്ക്കാരങ്ങളുടെയും മുന്നോടിയും ആവാം ഇത്.
 
കലാമണ്ഡലം സംഘത്തോടൊപ്പം ഇന്ത്യയിൽ മിക്കയിടത്തും വെളിയിലും ഗോപി പര്യടനം നടത്തിയിട്ടുണ്ട്.
 
രണ്ട്  ആണ്‍കുട്ടികളുടെ പിതാവായ ഗോപിയുടെ ജീവിതസഖി ആരേക്കത്തു ചന്ദ്രികയാണ്.
 
ഗോപിക്കു മേൽക്കുമേൽ ഐശ്വര്യം നെരാത്തവരായി കളിക്കമ്പക്കാർ ആരും കാണുകയില്ല എന്ന്  തീരത്തു പറയാം.
Article Category: 
Malayalam