വൃഥാ ഞെട്ടും ദമയന്തി

Monday, July 16, 2012 - 04:53
Sudevan and Damayanthi (Photo: Hareesh Namboothiri)

ഹേമാമോദസമാ - ഭാഗം 3

നളചരിതം മൂന്നാം ദിവസത്തിലെ 'യാമി യാമി' എന്ന പ്രസിദ്ധമായ സുദേവബ്രാഹ്മണ പദത്തിലെ 'വേളി നാളെ' യും അതുകേട്ടു ദമയന്തിക്കുണ്ടാകുന്ന ഞെട്ടലും ഒന്നാം ഭാഗത്തിൽ ചർച്ചയ്ക്ക്‌ വന്നിരുന്നു. ഈ വിഷയത്തെ കുറച്ചു കൂടി ആഴത്തിൽ അന്വേഷിക്കുവാനുള്ള ശ്രമമാണീ ഭാഗത്തിൽ നടത്തുന്നത്‌.

നളചരിതം ആട്ടക്കഥയുടെ പുരാണപശ്ചാത്തലം മഹാഭാരതം വനപർവത്തിലെ നളോപാഖ്യാനം ആണല്ലോ. ഈ വിഷയം എങ്ങിനെ അവിടെ അവതരിപ്പിച്ചിരിക്കുന്നു എന്ന്‌ നോക്കാം.

ദമയന്തി പറഞ്ഞു:

"സുദേവ, നീയയോദ്ധ്യക്കു പോയിട്ടാപ്പുരി വാഴ്‌വവൻ
ഋതുപർണ്ണനോടോതണം കാമമൊക്കും പടിക്കുടൻ
നടത്തുന്നൂ ഭൈമി രണ്ടാം സ്വയംവരം
രാജാക്കൾ അതിനെത്തുന്നൂ രാജപുത്രരുമേവരും
എന്നാൽ ഗണിച്ചുവച്ചോരു സമയം നാളെയാണതിൽ
സാധിക്കുമെങ്കിലങ്ങുന്നും പോയ്ക്കൊൾകുട നരിന്ദമ!
അവൾ സൂര്യോദയേ രണ്ടാം ഭർത്താവിനെ വരിക്കുമേ
ആവോ ജീവിച്ചിരിപ്പുണ്ടോ വീരനാം നളനില്ലയോ ?"

'പുനർവിവാഹ' പദ്ധതിയും അത്‌ 'നാളെ'യാണെന്നതും മൂലകഥയിൽ ദമയന്തിയുടെ ആശയങ്ങൾ തന്നെയെന്നു സ്പഷ്ടം. ഇനി നളചരിതം ആട്ടക്കഥയിൽ ഈ വിഷയം എങ്ങിനെ അവതരിപ്പിച്ചിരിക്കുന്നു എന്ന്‌ നോക്കാം. 'കരണീയം ഞാനൊന്നു ചൊല്ലുവൻ കേൾക്ക സുദേവ' എന്ന്‌ തുടങ്ങുന്ന ഭൈമീ പദത്തിൽ (മൂന്നാം ദിവസം, ഒമ്പതാം രംഗം)

"ഇവിടെ നിന്നു നടകൊണ്ടു ഋതുപർണ്ണഭൂപനെ കണ്ടു
സപരിതോഷം പൂജ കൈക്കൊണ്ടു സാരസ്യം പൂണ്ടു
സമയഭേദം നോക്കിക്കണ്ടു, സഭയിലൊന്നു ചൊല്ലിക്കൊണ്ടു
സാധുശീല വരിക, നീ വൈകാതെ കണ്ടു
നമുക്കതുകൊണ്ടുപകാരം നൈഷധദർശനം സാരം"

എന്നാണ്‌ പറഞ്ഞിരിക്കുന്നത്‌. ആട്ടക്കഥയിൽ സഭയിൽ പറയേണ്ട ആ ഒരു കാര്യം അപ്പോൾ തെളിച്ചു പറയുന്നില്ല. "സഭയിലൊന്നു ചൊല്ലിക്കൊണ്ടു ----" എന്ന ചരണം കഴിഞ്ഞു 'രഹസ്യമായ ഒരു കാര്യമാണേ' എന്ന്‌ ദമയന്തി കാണിക്കണം എന്ന്‌ കൃഷ്ണൻ നായർ ആശാനും പദാന്ത്യത്തിൽ 'രഹസ്യമായി സുദേവന്റെ ചെവിയിൽ പറയണം' എന്ന്‌ കെ.പി. എസ്‌. മേനോനും അവരവരുടെ ആട്ടപ്രകാരങ്ങളിൽ പറഞ്ഞിട്ടുണ്ട്‌. ഈ ഭാഗം കഴിഞ്ഞാൽ ഈ വിഷയം പരാമർശിക്കപ്പെടുന്നത്‌ അടുത്ത 'യാമി യാമി' എന്ന സുദേവ പദത്തിലെ 'വേളി നാളെ' യിൽ ആണ്‌. മഹാഭാരതം അടിസ്ഥാനമാക്കിയാൽ ദമയന്തി സുദേവന്റെ ചെവിയിൽ മന്ത്രിച്ച കാര്യം തന്നെ സുദേവൻ തിരച്ചു പറഞ്ഞതാണെന്ന്‌ മനസ്സിലാക്കാം.

Sudevan and Damayanthi (Photo: Hareesh Namboothiri)

സുദേവൻ ബുദ്ധിമാനും ഉചിതജ്ഞനുമാണെന്നു ദമയന്തിക്ക്‌ നല്ല ബോദ്ധ്യമുള്ളതുകൊണ്ടാണ്‌, ഋതുപർണസഭയിൽ പറയേണ്ടതെന്തെല്ലാമെന്നു സ്പഷ്ടമായി പറഞ്ഞു കൊടുക്കാതെ, വിഷയം മാത്രം (കാതിൽ) സൂചിപ്പിച്ചു, സുദേവനെ ബാക്കിയെല്ലാം സ്വയം തീരുമാനിച്ചുകൊള്ളാൻ ദമയന്തി ഏൽപ്പിക്കുന്നത്‌' എന്ന്‌ പ്രൊ. പന്മന രാമചന്ദ്രൻ നായരുടെ 'നളചരിതം: കൈരളീ വ്യാഖ്യാന'ത്തിൽ പറഞ്ഞിരിക്കുന്നു. ഇങ്ങിനെ ഒരു വ്യാഖ്യാനം, ആട്ടക്കഥാ സാഹിത്യത്തിൽ നിന്നും വായിച്ചെടുക്കാൻ കഴിയുമോ? ഇല്ല എന്നാണെന്റെ പക്ഷം. വിഷയം സൂചിപ്പിച്ചു എന്നതിലെ 'വിഷയ'ത്തിനെ എന്തിനാണ്‌ കുറച്ചു ബാക്കി അവിടെ നിർത്തിയത്‌? പൂർണമായും പറയുന്നതിന്‌ എന്ത്‌ തടസ്സമാണ്‌ ഉള്ളത്‌ ? ആരാണീ തടസ്സം സൃഷ്ടിക്കുന്നത്‌? സുദേവൻ എന്തെങ്കിലും സ്വയം തീരുമാനിച്ചു നടത്തണം എന്ന്‌ ഭൈമി പറയുന്നതായി സാഹിത്യത്തിൽ നിന്നും മറ്റു സാഹചര്യങ്ങളിൽ നിന്നും വായിച്ചെടുക്കാൻ കഴിയില്ല. എന്നു തന്നെയല്ല സഭയിൽ പോയി ആ വാർത്ത എങ്ങിനെ, എപ്പോൾ ചൊല്ലണമെന്ന കൃത്യമായ നിർദേശം പോലും ഭൈമി കൊടുക്കുന്നുണ്ട്‌ എന്നതാണ്‌ സത്യം (സപരിതോഷം പൂജ കൈക്കൊണ്ടു, സാരസ്യം പൂണ്ടു, സമയഭേദം നോക്കിക്കണ്ടു). സുദേവനോട്‌ ഭൈമി പറഞ്ഞ രഹസ്യക്കാര്യം കവി തന്നെ 'വേളി നാളെ എന്നു ചൊല്ലാം' എന്നു സുദേവനെക്കൊണ്ടു പറയിപ്പിച്ചു പരസ്യമാക്കുകയും ചെയ്തു. ഈ ഭാഗത്ത്‌ ആട്ടക്കഥാകാരൻ മഹാഭാരത കഥ അതേപടി സ്വീകരിച്ചിരിക്കുകയാണെന്ന്‌ വ്യക്തം.

വേളി എന്നത്‌ ദമയന്തിയുടെ ആശയവും 'നാളെ' എന്നത്‌ ബുദ്ധിമാനായ സുദേവന്റെ നാവിൽ പൊടുന്നനെ വന്ന സരസ്വതിയും ആണെന്ന്‌ വേർതിരിച്ചാൽ ദമയന്തിയുടെ ഞെട്ടലിനു ഒരു ചെറിയ ന്യായീകരണം കിട്ടും. പക്ഷെ, മഹാഭാരതത്തിൽ അങ്ങിനെയല്ല കാണുന്നതെന്നത്‌ ഒരു കാര്യം. രണ്ടാമതായി ഈ 'നാളെ' എന്ന സമയപരിധിക്കു കഥാഘടനയിൽ വലിയ പ്രസക്തി ഉണ്ടെന്ന സത്യം. സാകേതത്തിൽ നിന്നും കുണ്ഡിനം വരെപ്പോകാൻ ആ സമയം തീരെപ്പോരാ. വായുവേഗത്തിൽ കുതിരയെ ഓടിക്കാൻ കഴിവുള്ള ഒരാളിന്‌ മാത്രമേ ആ ദൂരം ആ സമയ പരിധിക്കുള്ളിൽ താണ്ടാൻ കഴിയൂ. അതിനു കഴിവുള്ള ആളാണ്‌ 'അശ്വഹൃദയ' ജ്ഞാനിയായ നളൻ. അങ്ങിനെയാകുമ്പോൾ ബാഹുകനാമാധാരിയായ ആൾ തേരോടിച്ചു കുണ്ഡനത്തിലെത്തിയാൽ അയാൾ നളനാണെന്നു ദമയന്തിക്ക്‌ ഏറെക്കുറെ ഉറപ്പിക്കാൻ കഴിയും. അതുപോലെ, ആ സമയപരിധി കാരണമാണ്‌ നളന്‌ വായുവേഗത്തിൽ തേരോടിക്കേണ്ടി വന്നതും അതിൽ സംപ്രീതനായി ഋതുപർണ്ണൻ നളന്‌ 'അക്ഷഹൃദയം' ഉപദേശിച്ചതും അതിന്മൂലം കലി പുറത്തു പോകേണ്ടി വന്നതും.

ഇത്രയും ഗൗരവമേറിയ കാര്യങ്ങൾ ബന്ധിച്ചുകിടക്കുന്ന ആ 'നാളെ' പ്രയോഗം ഈ വിഷയങ്ങളൊന്നുമായി ബന്ധമില്ലാത്ത സുദേവനെക്കൊണ്ട്‌ നിസ്സാരമായി ഉണ്ണായി പറയിച്ചു എന്നു ചിന്തിക്കുന്നത്‌ ശരിയാണോ? ഉണ്ണായി ബുദ്ധിമതിയായ ദമയന്തിയെ തന്നെയാണ്‌ ഇതിന്റെയെല്ലാം സംവിധാനം എൽപ്പിച്ചിരുന്നതെന്ന്‌ നിസ്സംശയം പറയാം. നളചരിതം നാലാം ദിവസത്തിലെ പല പദങ്ങളിലും ഇത്‌ വീണ്ടും വീണ്ടും വ്യക്തമാക്കുന്നും ഉണ്ട്‌. 'ചൂതസായകമജാതനാശതനു കാണ്മാൻ ആദരേണ ചെയ്തുപോയ പിഴ' ആണെന്നും നിന്നെക്കാണാഞ്ഞു ഭീത 'ഞാൻ കണ്ടവഴി' ആണെന്നും ദമയന്തി പറയുന്നുണ്ട്‌. പോരാത്തതിന്‌ ത്രൈലോക്യ പ്രാണവാക്യത്തിലും രണ്ടാം വിവാഹം എന്നത്‌ നളനെ കണ്ടുപിടിക്കാൻ ‍ വേണ്ടി ദമയന്തി ഉപയോഗിച്ച ഒരു 'ഉചിതമുപായം' ആണെന്ന്‌ പറയുന്നുണ്ട്‌.

നളചരിതം മൂന്നും നാലും ദിവസങ്ങൾ ഒരാവർത്തിയെങ്കിലും മനസ്സിരുത്തി വായിച്ചിട്ടുള്ള ഏതൊരാളിനും 'രണ്ടാം കല്യാണം' എന്ന ആശയം ദമയന്തിയുടേതാണ്‌, സുദേവന്റെയല്ല എന്നു മനസ്സിലാക്കാൻ ഒരു വിഷമവും ഇല്ല. അല്ലെങ്കിൽ തന്നെ ഒരു മഹാരാജ്ഞിയുടെ രണ്ടാംകല്യാണം എന്ന വാർത്ത അവരോടോന്നു ആലോചിക്കുക പോലും ചെയ്യാതെ ഒരു രാജസേവകൻ അങ്ങ്‌ തട്ടിവിട്ടുകളയും എന്നു ചിന്തിക്കുന്നതിൽപ്പോലും ഒരു ശരികേടില്ലേ? കാര്യങ്ങൾ ഇങ്ങിനെ ഒക്കെ ആണെന്നിരിക്കെ ഒരു അബലയെപ്പോലെ ദമയന്തി എന്തുകൊണ്ടാണ്‌ അരങ്ങിൽ ഞെട്ടാൻ വിധിക്കപ്പെടുന്നത്‌?

ഈ വിഷയത്തെ ക്കുറിച്ച്‌ ചിന്തിച്ചു ഏതാണ്ട്‌ ഒരു നിഗമനത്തിൽ എത്തി നിൽക്കുമ്പോഴാണ് ഞാൻ ചിന്തിച്ചതുപോലെ ഒരു വാർത്ത ഇന്നത്തെ ഹിന്ദു പത്രത്തിൽ (28-06 -12) കാണാൻ ഇടയായത്‌. രണ്ടു പ്രാവശ്യം grandslam ചാമ്പ്യൻ ആയ, പ്രശസ്ത ഇന്ത്യൻ ടെന്നീസ്‌ താരം സാനിയ മിർസ, ഒളിമ്പിക്സിൽ കൂട്ടിനു കളിക്കുവാൻ മറ്റാരെയും കിട്ടാതെ നിൽക്കുന്ന ലിയാണ്ടർപേസിനെ രക്ഷിക്കുവാൻ തന്നെ ഉപയോഗിക്കുന്ന ഇന്ത്യൻ ടെന്നീസ്‌ ഫെഡറേഷന്റെ നിലപാടിനെ എതിർക്കുന്ന വാർത്തയായിരുന്നു അത്‌. താൻ grandslam അടക്കം ലോക പ്രശസ്ത വിജയങ്ങൾ പലതും നേടിയപ്പോഴും സ്ത്രീ എന്ന ഒരേ ഒരു കാരണത്താൽ തന്നെ ഒന്നനുമോദിക്കുവാൻ പോലും സൗമനസ്സ്യം കാണിച്ചിട്ടില്ലാത്ത ടെന്നീസ്‌ ഫെഡറേഷൻ, ലിയാണ്ടർപേസ്‌ എന്ന പുരുഷപ്രജ ഒളിമ്പിക്സിൽ നിന്നും വെളിയിൽ ആകുമോ എന്നു ഭയന്ന്‌ തന്നെ ഒരു bait ആയി ഉപയോഗിക്കുവാൻ ശ്രമിക്കുന്നതിലെ അമാന്യതയെയാണ്‌ സാനിയ ചോദ്യം ചെയ്തത്‌. എത്ര കഴിവുള്ളവൾ ആണെങ്കിലും സ്ത്രീയെ രണ്ടാം തരക്കാരിയായി കണ്ടു അധിക്ഷേപിക്കുന്ന ഭാരതീയ പുരുഷ മേധാവിത്വം ആണിതിന്റെ പിറകിലെന്നും അവർ തുറന്നടിച്ചു.

ദമയന്തിയുടെ ഞെട്ടലിനും സാനിയ പറഞ്ഞതിനും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ? ഉണ്ടെന്നാണ്‌ എന്റെ തോന്നൽ. മനുഷ്യന്‌ ചിന്തിക്കാൻ കഴിയുന്ന ഗുണമഹിമകൾ എല്ലാം ചേർത്തുവച്ചു ഉണ്ണായി സൃഷ്ടിച്ച സ്ത്രീ ശിൽപമാണ്‌ ദമയന്തി. മാന്യതയില്ലാത്ത പ്രവൃത്തി ചെയ്തതിനു ഇന്ദ്രാദികളേപ്പോലും നീചന്മാർ എന്ന്‌ വിളിക്കാൻ ധൈര്യം കാണിച്ചവളാണ്‌ ഉണ്ണായിയുടെ ദമയന്തി. പക്ഷെ, നമ്മുടെ പുരുഷമേധാവിത്വചിന്ത ആ സത്യത്തെ അംഗീകരിക്കാൻ നമ്മളെ സമ്മതിക്കില്ല. ഒരു രാജസേവകനെപ്പോലും ആ മഹതിക്ക്‌ മേലെ അവരോധിക്കാനാണ്‌ നമുക്കിഷ്ടം. അതിനായി നമ്മൾ നളചരിത സാഹിത്യത്തിൽ കവി സങ്കൽപ്പിച്ചതിലും 'വലിയ' ഒരു സുദേവനെ സൃഷ്ടിച്ചു ദമയന്തിയെ രണ്ടാംതരക്കാരിയാക്കുകയാണ്‌, ബോധപൂർവമോ അല്ലാതെയോ. ഇതാണ്‌ ദമയന്തിയുടെ ഞെട്ടലിന്റെ രാഷ്ട്രീയം. ദമയന്തിയെ ഇങ്ങനെ ഞെട്ടിക്കുക മാത്രമല്ല, അതേത്തുടർന്ന്‌ ചില ആട്ടങ്ങൾ കൂടി ഉണ്ടാകാറുണ്ടെന്ന്‌ ഒരു സഹൃദയൻ എനിക്കെഴുതി. 'വേളി നാളെ' എന്ന നുണ പറഞ്ഞാൽ തനിക്കു പാതിവ്രത്യഭംഗം ഉണ്ടാകില്ലേ എന്ന്‌ ദമയന്തി ചോദിക്കുന്നു. അങ്ങിനെ ഉണ്ടാവില്ലെന്നും എന്തൊക്കെ കാരണങ്ങൾക്കായി നുണ പറയാം എന്നും സുദേവൻ വിസ്തരിച്ചു ആടുമത്രേ! എങ്ങിനെയുണ്ട്‌ കഥ? കാര്യങ്ങൾ എവിടെപ്പോയെന്ന്‌ നോക്കൂ!

'ഹേമാമോദസമ' യായ ദമയന്തിയുടെയും 'വാങ്മനസാതിവിദൂരൻ' ആയ നളന്റെയും അവരെ തമ്മിൽ ബന്ധിപ്പിക്കുന്ന ദിവ്യാനുരാഗം എന്ന സ്വർണചരടിന്റെയും കഥയാണ്‌ ഉണ്ണായിയുടെ നളചരിതം. ഈ രണ്ടു കഥാപാത്രങ്ങളേക്കാൾ ഔന്നിത്യം, ഈ കഥയിൽ വന്നു പോകുന്ന ഏതെങ്കിലും കഥാപാത്രത്തിനുണ്ടെന്നു ആട്ടക്കഥാസാഹിത്യം വെച്ചു അനുമാനിക്കാൻ കഴിയില്ല. പക്ഷെ നളചരിതം ആട്ടക്കഥ കൈകാര്യം ചെയ്തിട്ടുള്ള പല പ്രഗൽഭ സാഹിത്യ പണ്ഡിതന്മാരും കലാകാരന്മാരും ഇങ്ങനെയല്ല ചിന്തിച്ചിരുന്നതെന്നാണ്‌ എന്റെ ഈ വിഷയത്തിലുള്ള പരിമിതമായ അന്വേഷണം തെളിയിക്കുന്നത്‌. പലരും തങ്ങളുടെ താൽപര്യങ്ങളുടെയും വിശ്വാസപ്രമാണങ്ങളുടെയും പുകകണ്ണാടിയിൽ കൂടി നളചരിതത്തെ നോക്കി വ്യാഖ്യാനിക്കുകയായിരുന്നു എന്ന്‌ തോന്നിപ്പോയി പലപ്പോഴും (ഇപ്പറഞ്ഞതിനു ഒരപവാദം ആണ്‌ ശ്രീ. കലാമണ്ഡലം കൃഷ്ണൻ നായരും അദ്ദേഹത്തിന്റെ നളചരിതം ആട്ടപ്രകാരവും). ഈ വിഷയം 'ഹേമാമോദസമ' യുടെ ഇനി വരും ഭാഗങ്ങളിൽ വളരെ വിശദമായി ചർച്ച ചെയ്യുന്നതാണ്‌.

Sudevan and Damayanthi (Photo: Hareesh Namboothiri)

സത്യത്തിൽ പുനർവിവാഹം എന്ന വളരെ ഗൗരവമേറിയ വിഷയം ഒരു നുണയായി ഋതുപർണ്ണസവിധത്തിൽ പോയി പറയാൻ പറയുന്ന ദമയന്തിയുടെ ധൈര്യത്തെ ഓർത്ത്‌ സുദേവൻ ആയിരുന്നില്ലേ ഞെട്ടേണ്ടിയിരുന്നത്‌? 'കരണീയം ഞാനൊന്ന്‌ ചൊല്ലുവൻ കേൾക്ക സുദേവ' എന്ന പദത്തിൽ ദമയന്തി രഹസ്യമായ ആ വിഷയം സുദേവന്റെ ചെവിയിൽ മന്ത്രിക്കണം എന്ന്‌ മാത്രമേ മുൻപ്‌ സൂചിപ്പിച്ച രണ്ട്‌ ആട്ടപ്രകരങ്ങളിലും പറഞ്ഞിട്ടുള്ളൂ. അതിൽ കൂടുതലായി വേറെ ആട്ടമൊന്നും അവിടെ നിബന്ധിച്ചിട്ടില്ല. ദമയന്തിയുടെ അനാവശ്യമായ ഞെട്ടൽ കാണുമ്പോൾ, ഇങ്ങിനെയുള്ള തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ പദാന്ത്യത്തിൽ ('യാമി യാമി'ക്ക്‌ മുൻപ്‌) ഒന്ന്‌ രണ്ട്‌ ആട്ടങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ നല്ലതായിരിക്കും എന്നെനിക്കു തോന്നുന്നു. നിങ്ങളുടെ എല്ലാം അനുവാദത്തോടെ ഞാൻ ആ ആട്ടപ്രകാരം ഒന്നു മനസ്സിൽ കണ്ടോട്ടെ.

'കരണീയം ഞാനൊന്ന്‌ .. സുദേവ' മുഴുവൻ പാടിക്കഴിയുമ്പോൾ സുദേവന്റെ ചെവിയിൽ രഹസ്യമായി ദമയന്തി വിഷയം പറയുന്നു (വിഷയം എന്താണെന്നു പ്രേക്ഷകരെ മനസ്സിലാക്കി കൊടുക്കേണ്ടതില്ല. സാഹിത്യ പ്രകാരം 'വേളി നാളെ' എന്ന്‌ സുദേവൻ പറയുമ്പോഴേ അത്‌ പ്രേക്ഷകർ മനസ്സിലാക്കേണ്ടതുള്ളൂ). സുദേവൻ ആശ്ച്ചര്യത്തോടെ ദമയന്തിയെ നോക്കുന്നു.
സുദേവൻ: ഇപ്പറഞ്ഞത്‌ ശരിക്കും ചിന്തിച്ചു പറഞ്ഞതാണോ? അതോ മനസ്സിന്റെ വേദന കാരണം അറിയാതെ വന്ന ജൽപ്പനമാണോ?

ദമയന്തി: അല്ല സുദേവ. ശരിക്കും ചിന്തിച്ചു തന്നെ പറഞ്ഞതാണ്‌.

സുദേവൻ: അച്ഛൻ അറിയാതെയല്ലേ ഈ പദ്ധതിയൊക്കെ? അദ്ദേഹം ഇതറിഞ്ഞാൽ, അതും ഞാൻ ഇതിനു കൂട്ടുനിന്നു എന്നറിഞ്ഞാൽ, എന്റെ കാര്യം കഷ്ടത്തിലാകുമേ!

ദമയന്തി: അങ്ങിനെയൊന്നും ചിന്തിക്കേണ്ടതില്ല സുദേവ. അച്ഛനറിഞ്ഞിട്ടില്ലെങ്കിലും അമ്മയുടെ പൂർണ്ണ അറിവോടും സമ്മതത്തോടെയും അല്ലേ നമ്മളിത്‌ ചെയ്യുന്നത്‌?

സുദേവൻ: എന്നാലും ഒരു പ്രയാസം. വലിയ ഒരു നുണയല്ലേ പറയേണ്ടത്‌?

ദമയന്തി: അതിൽ തെറ്റില്ല സുദേവ. ഒരു നല്ല കാര്യത്തിനുവേണ്ടിയല്ലേ? ഈശ്വരനുണ്ടാകും നമ്മളോടൊപ്പം.

സുദേവൻ: (അൽപനേരം ചിന്തിച്ചിട്ട്‌), ശരി.

തുടർന്ന്‌ 'യാമി യാമി ' പദം ആരംഭിക്കുന്നു.

Article Category: 
Malayalam

Comments

C.Ambujakshan Nair's picture

നളചരിതം കഥയിലെ കഥാപാത്രങ്ങളെ കൂടുതല്‍ മനസിലാക്കുവാന്‍ ഈ ലേഖന പരമ്പര പ്രയോജനപ്പെടും എന്ന് വിശ്വസിക്കുന്നു.

haree's picture

ലേഖനത്തോട് യോജിക്കുന്നു. "യാമി യാമി..."ക്കു മുന്‍പായി ഒരു ആട്ടം, ഇവിടെ പറഞ്ഞ രീതിയിലൊന്ന്, വളരെ ഉചിതമായിരിക്കും എന്നും കരുതുന്നു.
 
അഡ്‍മിനുകളോട്: ഈ Captcha എന്ന സാധനം ലോഗിന്‍ ചെയ്തതിനു ശേഷവും ആവശ്യമുണ്ടോ? അതൊഴിവാക്കിയിരുന്നെങ്കില്‍ നന്നായിരുന്നു.

ഞെട്ടലൊക്കെ അടുത്ത് വന്നതാ. എനിക്ക് ഓര്‍മ്മയില്ല പണ്ട് നടന്മാര്‍ ഞെട്ടിയിരുന്നതായിട്ട് :) കഥ മുഴുവന്‍ വായിക്കാത്തതുകൊണ്ടുള്ള പ്രശ്നം :)

Harikumaran Sadanam ‎''വേളി നാളെ എന്നും ചൊല്ലാം'' എന്നാ ഉപരിതല ആശയം കേള്‍ക്കുംപോഴാണോ ദമയന്തി ഞെട്ടുന്നത്,''വേളി നാളെ എന്നും ചൊല്ലാം ''എന്നത് അസത്യ സംഭാഷണം ആണെന്ന് ഒര്താണോ ദമയന്തി ഞെട്ടുന്നത് അതോ ''വേളി നാളെ എന്നും ''എന്നാ സംഭാഷണം കേട്ടാല്‍ നളനുണ്ടായെക്കാവുന്ന പ്രശ്നത്തെ ഒര്താണോ ദമയന്തി ഞെട്ടുന്നത് എന്ന് അറിഞ്ഞു കൊണ്ടെ ഇതിനു വിശദീകരണം നല്കാനാക്‌ു.തന്റെ പ്രശ്നത്തെ ക്കാള്‍ തന്റെ ഭര്‍ത്താക്കന്മാരുടെ പ്രസ്നാമാനല്ലോ ""പെണ് മനസ്സാസ്ത്രം""നടന്‍ ''ധ്വനി''പ്പിക്കുന്നത് .എന്തിനെ ആണെന്ന പ്രശനമുണ്ടു.
 

  • Sreechithran Mj ശിവരാമൻ ഞെട്ടിയിരുന്നില്ല, Rajeev . അദ്ദേഹത്തിന്റെ മൂന്നാം ദിവസം ദമയന്തി കണ്ടിട്ടുണ്ട്.

    18 hours ago · Like · 3

  • RamanNambisan Kesavath നന്ദകുമാരന് നായരുടെ സുദേവന്നു ശിഷ്യനായ അഭിമന്യുവിന്റെ ദമയന്തി കാണിച്ചതാണ് (വിയ്യൂരില്‍ കളിച്ചത് ) ഞാന്‍ കണ്ടതില്‍ ശരി വ്യാഖ്യാനം. അഭിമന്യു ഒട്ടും ഞെട്ടാതെ ''അങ്ങിനെ തന്നെ ഉറപ്പിച്ചു പറയണം.എന്നാലേ അദ്ദേഹം വരികയുള്ളൂ.'' അഭ്മന്യുവിന്റെ അപ്പോഴത്തെ പ്രത്യുല്പന്നമതിത്വത്തെ ഞാന്‍ എപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്നു.
    കലി ബാധിച്ചു അസ്തപ്രജ്ഞനായത് നളനാണ്. ദമയന്തി എപ്പോഴും സ്ഥിരചിത്തയും ഭര്‍ത്താവിനെ വീണ്ടെടുക്കാന്‍ കുശലബുദ്ധിയും ആയിരുന്നു.

 

Mohandas's picture

ഫേസ് ബുക്ക്‌ ചര്‍ച്ചകള്‍ കണ്ടു. പലരും എന്തൊക്കെയോ പറയുന്നതായി തോന്നി. ഹരീഷ് ഈ ലേഖനത്തിലെ ആശയം ശെരിക്കും ഉള്‍ക്കൊണ്ടിട്ടുണ്ട്. ഹരീഷ് ഉന്നയിച്ച കാര്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞാല്‍ എല്ലാം അപ്പോള്‍ ശേരിയാകും.

C.Ambujakshan Nair's picture

RamanNambisan Kesavath: ജനഭേരി അഭിമന്യുവിനെ പരിചയം ഉണ്ട്. ഒരിക്കല്‍ ചെന്നൈയില്‍  വേഷം ചെയ്തു കണ്ടിട്ടുണ്ട്. കഥകളിയോടുള്ള എന്റെ താല്‍പ്പര്യം കൊണ്ട് എന്നോട് ഇന്റര്‍നെറ്റ് വഴി ബന്ധപ്പെട്ടിട്ടുണ്ട്.  അഭിമന്യുവിന്റെ നളചരിതം മൂന്നിലെ ദമയന്തി "വേളി നാളെ"  എന്ന് ഋതുപര്‍ണ്ണന്റെ കൊട്ടാരത്തില്‍ ചെന്ന് അറിയിക്കാം എന്ന് പറയുമ്പോള്‍   (ഒട്ടും ഞെട്ടാതെ) ''അങ്ങിനെ തന്നെ ഉറപ്പിച്ചു പറയണം.എന്നാലേ അദ്ദേഹം വരികയുള്ളൂ.''  എന്ന് അവതരിപ്പിച്ചത് കൊണ്ടാകാം ( ഒരു തമാശയാണെ!) കഥകളി വിട്ടു വെറു ജീവിതമാര്‍ഗ്ഗം തേടേണ്ടി വന്നത്.
 

The analysis of the term "tomorrow " explores new horizons in enjoying Nalacharitham.Kathakali contains immense hidden treasure to be unearthed and to be brought before the young generation to maintain our culture.The attempt of Dr Mohandas is praiseworthy,especially he is born and brought up at Evoor,the abode of Kathakali.