ഭസ്മീകരിക്കപ്പെടുന്ന കാട്ടാളൻ

Sunday, January 12, 2014 - 08:47
Chennithala Chellappan Pillai and Kudamaloor Karunakaran Nair (Photo: C. Ambujakshan Nair)

ഹേമാമോദസമാ - 15

നളചരിതം  രണ്ടാം  ദിവസം  കഥയുടെ  എട്ടാം  രംഗത്തിന്റെ അവസാനഭാഗത്ത് കാണുന്ന ദമയന്തിയുടെ വിചാരപദമാണ് ഇവിടെ പ്രതിപാദ്യവിഷയം. തന്നെ പെരുമ്പാമ്പിന്റെ വായിൽ നിന്നും രക്ഷപ്പെടുത്തിയ കാട്ടാളൻ പ്രണയാഭ്യർത്ഥനയുമായി പിറകെ കൂടിയപ്പോൾ ദമയന്തി ചിന്തിക്കുന്ന പദമാണ്,

അതിമൂഢനിവനോടെന്തനുസരിച്ചുരപ്പൂ
അത് കേട്ടിട്ടിവനുണ്ടോ അടങ്ങിപ്പോയിരിപ്പൂ
അബലേ! നിൻ വ്രതലോപോദ്യതൻ ഭസ്മീഭവിപ്പൂ എ-
ന്നമരേന്ദ്ര വരമുന്നൊണ്ടതിന്നുപകരിപ്പൂ

'നിന്റെ പാതിവ്രത്യവൃതഭഞ്ജനം ചെയ്യാനൊരുമ്പെടുന്നവൻ ഭസ്മമായിപ്പോകട്ടെ' എന്ന ഇന്ദ്രദേവവരം ദമയന്തി ഓർത്തതും കാട്ടാളൻ ഭസ്മമായി തീർന്നു (ശക്തിയായടിച്ച കാറ്റിൽ ആ ഭസ്മധൂളികൾ പറന്നു പോയി എന്നും പിന്നാലെ വരുന്ന ശ്ലോകത്തിൽ പറയുന്നുണ്ട്). പക്ഷെ ഇതിനു മുൻപായി ആട്ടക്കഥയിൽ ദേവേന്ദ്രൻ ദമയന്തിക്ക് ഇങ്ങനെയൊരു വരം കൊടുത്തിട്ടുള്ളതായി പറയുന്നില്ല. ദമയന്തീസ്വയംവരവേളയിൽ നളദമയന്തിമാരിൽ സന്തുഷ്ടരായി ദിക്പാലകന്മാർ നളനു കൊടുക്കുന്ന ചില വരങ്ങളെക്കുറിച്ചു മാത്രമേ ആട്ടക്കഥാസാഹിത്യത്തിൽ (ഒന്നാം ദിവസം) പരാമർശമുള്ളൂ. മൂലകഥയായ മഹാഭാരതം 'നളോപാഖ്യാന'ത്തിലും നളനു മാത്രമേ ദിക്പാലകന്മാർ വരങ്ങൾ കൊടുക്കുന്നതായി കാണുന്നുള്ളൂ. അപ്പോൾ ആട്ടക്കഥയിൽ ഇങ്ങനെയൊരു വരത്തെക്കുറിച്ചുള്ള പരാമർശം എങ്ങിനെ ഉണ്ടായി? 

Nelliyode Vasudevan Namboothiri and Margi Vijayakumar (Photo: Hareesh Namboothiri)

പ്രൊഫ. പന്മന രാമചന്ദ്രൻ നായരുടെ 'നളചരിതം ആട്ടക്കഥ: കൈരളീ വ്യാഖ്യാനം' എന്ന ഗ്രന്ഥത്തിൽ ഈ വിഷയം പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ശ്രീഹർഷന്റെ 'നൈഷധീയ ചരിത'ത്തിൽ ഇന്ദ്രദേവൻ ദമയന്തിക്കു ഇങ്ങനെയൊരു വരം കൊടുക്കുന്നുണ്ടെന്നും ശ്രീഹർഷനെ പിന്തുടർന്ന് ആട്ടക്കഥ രചിച്ച നളചരിത കവി ആട്ടക്കഥയിൽ ഇത് എഴുതി ചേർത്തിട്ടില്ലെന്ന് ഓർക്കാതെ മേലുദ്ധരിച്ച പദത്തിൽ അത് പറഞ്ഞുപോയതായിരിക്കാം എന്ന നിഗമനത്തിലുമാണ്‌ പ്രൊഫ. പന്മന എത്തിച്ചേർന്നിട്ടുള്ളത്. ഇതിനു സാധ്യത വളരെയുണ്ടുതാനും. തന്റെ കുലീനയായ നായികയെക്കൊണ്ട് തികച്ചും ന്യായമെന്ന് കരുതാൻ കഴിയാത്തതും എന്നാൽ ഇതിഹാസ കഥാപ്രകാരം അനിവാര്യവുമായ കാട്ടാളനാശം വരുത്തുവാൻ ഉണ്ണായി സാമർത്ഥ്യപൂർവ്വം അമരേന്ദ്രവരത്തെ ഉപയോഗിച്ചതായാണ് തോന്നുന്നത്. നാടകീയമായ ഈ രംഗത്തിലെ അതീവശ്രദ്ധ കാരണം, വരത്തെക്കുറിച്ചു മുൻപ് പരാമർശിച്ചിട്ടില്ല എന്ന കാര്യം അദ്ദേഹം വിട്ടുപോയതാകാം. അതല്ല, ഉണ്ണായി എഴുതിയ കഥയിൽ നിന്നും പിൽക്കാലത്ത് ഈ പരാമർശം എങ്ങിനെയോ ഒഴിവായിപ്പോയതാണോ?

ഇതിഹാസത്തിലെയും ആട്ടക്കഥയിലെയും ദമയന്തിയുടെയും കാട്ടാളന്റെയും പാത്രപ്രകൃതത്തിലേക്ക് ഒന്നു കണ്ണോടിക്കാം. ഇതിഹാസത്തിലെ കാട്ടാളൻ പ്രാകൃതനായ വനവാസിയാണ്.

'അർദ്ധവസ്ത്രമുടുത്തു വൻകടികൊങ്കകളേന്തിയും   
സുകുമാരാനവദ്യാംഗം ചേർന്നിന്ദുമുഖമാർന്നുമേ
ആരാളപക്ഷ്മാക്ഷികളോടൊത്തും നന്മൊഴി തൂകിയും'  

നിന്ന ദമയന്തിയെ കണ്ടു 'കാമദേവന്റെ പാട്ടിലായ ക്ഷുദ്രനപ്പാപി, അവളെ പൊത്തിപ്പിടിക്കാൻ' ശ്രമിക്കുകയാണ് ചെയ്തത്. അവൻ 'ദുഷ്ടനെന്നറിഞ്ഞു കടുരോഷം കൊണ്ടു ജ്വലിച്ച' ദമയന്തി അവനെ ക്രോധപൂർവം ഇങ്ങനെ ശപിക്കുകയും ചെയ്തു.

'നളനെ വിട്ടന്ന്യനെ ഞാനുള്ളിലോർക്കായ്കിലിപ്പോഴേ
ഈ ക്ഷുദ്രനായീടും വേടൻ ചത്തു വീണീടവേണമേ!'  

ഇങ്ങനെ ശപിച്ചയുടൻ ആ

'മൃഗജീവനൻ ചത്തുവീണു നിലത്തഗ്നിയെരിച്ച തരുപോലവേ'.

'തന്റെ പാതിവൃത്യശക്തിയിൽ കാട്ടാളൻ നശിക്കേണമേ' എന്ന് ദമയന്തി പ്രാർഥിച്ചെന്നല്ലാതെ ദേവേന്ദ്രവരത്തിന്റെ കാര്യമൊന്നും ഇവിടെ പറയുന്നില്ല. അതുപോലെ കാട്ടാളൻ 'അഗ്നിയെരിച്ച തരുപോലവേ ചത്തു വീണു' എന്നല്ലാതെ ഭസ്മമായി കാറ്റിൽ പറന്നുപോയി എന്നും ഇതിഹാസത്തിൽ പറയുന്നില്ല. ഇതിഹാസത്തിലെ ക്ഷുദ്രനായ കാട്ടാളന്റെ സ്വഭാവത്തിന് ചേർന്ന കാർക്കശ്യമായ പെരുമാറ്റം തന്നെയാണ് പതിവൃതയായ ദമയന്തിയുടെ ഭാഗത്ത് നിന്നും ഉണ്ടായതും.

Kattalan by Kalamandalam Balasubrahmanian (Photo: Hareesh Namboothiri)

ഇതിഹാസത്തിലെ കാട്ടാളനിൽ നിന്നും ആട്ടക്കഥയിലെ കാട്ടാളൻ വളരെ വ്യത്യസ്തനാണ്. ആട്ടക്കഥയിലെ കാട്ടാളൻ സംസ്കാരചിത്തനും സ്നേഹമുള്ളവനും ആണ്. കൊടും കാടിന്റെ ഏകാന്തതയിൽ കണ്ട 'ആകൃതി കണ്ടാൽ അതിരംഭേയം' ആയിട്ടുള്ള ദമയന്തിയെ അയാൾ കടന്നാക്രമിക്കാൻ ശ്രമിച്ചില്ലെന്നു മാത്രമല്ല, 'ചോർച്ച കൂടാതെ കെട്ടിച്ചുമരും വച്ചൊരു വീട്ടിലേക്കു വാഴ്ചക്കായി' സ്നേഹപൂർവ്വം ക്ഷണിക്കുക മാത്രമാണ് ചെയ്തത്. 'മഹിത ഗുണങ്ങൾ തിങ്ങി വിളങ്ങിയഭംഗുര ഭംഗി വിളങ്ങി' നില്ക്കുന്ന ആ സൌന്ദര്യധാമത്തെ കാടിന്റെ വിജനതയിൽ കണ്ടപ്പോൾ പുരുഷപ്രകൃതമായ ഒരഭിനിവേശം തോന്നി, 'പങ്കജബാണനൊരു പകയായ്‌ ചമഞ്ഞിതെന്നിൽ, എങ്ങനെയെല്ലാമവനെയ്യുന്നിതെന്നെ വെൽവാൻ' എന്നുള്ള പീഡിതാവസ്ഥയിൽ താൻ കണ്ട 'മനോരാജ്യങ്ങളുടെ' സഫലീകരണത്തിനായി തന്റെ ഇംഗിതത്തിനു ദയാപൂർവ്വം വഴങ്ങി 'വനസുഖങ്ങൾ' ആസ്വദിച്ചു തന്റെ കൂടെ കഴിയാൻ ദമയന്തിയോട് അപേക്ഷിക്കുക മാത്രമാണ് കാട്ടാളൻ ചെയ്യുന്നത്. കണ്ട മാത്രയിൽ കടിച്ചു കീറാൻ കഴിയുമായിരുന്ന നിസ്സഹായയായ ഒരു ഇരയോട്‌ സംസ്കാരപൂർവ്വം തന്റെ പ്രിയതമയാകാൻ അപേക്ഷിക്കുന്ന മാന്യനാണ് നളചരിതം ആട്ടക്കഥയിലെ കാട്ടാളൻ. പേരു കാട്ടാളൻ എന്നാണെങ്കിലും ഈ സംസ്കാരചിത്തനിൽ കാട്ടാളത്തം ഒട്ടും തന്നെയില്ല എന്നതാണ് സത്യം. അങ്ങിനെയൊരാൾ പ്രേമാഭ്യർത്ഥനയുമായി പിറകെ കൂടിയാൽ അതൊരു വലിയ 'വൃതലോപോദ്യമ'മായി പറയാൻ കഴിയുമോ? കഥയുടെ പോക്കിന് കാട്ടാളന്റെ മരണം അനിവാര്യം ആണെങ്കിലും തന്റെ രക്ഷകനും മാന്യനുമായ കാട്ടാളനെ, കുലീനയായ ദമയന്തി ഇങ്ങനെയൊരു കാര്യത്തിന്റെ പേരിൽ നശിപ്പിച്ചു ഭസ്മമാക്കുന്നത് മാന്യമായ ഒരു പ്രവൃത്തിയായിരിക്കുമോ? ഇല്ല. ഇവിടെ ഉണ്ണായി ഇലക്കും മുള്ളിനും കേടില്ലാത്തവിധത്തിൽ അമരേന്ദ്രവരം കൊണ്ട് ഇക്കാര്യം നിഷ്പ്രയാസം സാധിച്ചെടുക്കുകയാണ്. നളനെയല്ലാതെ മറ്റൊരുവനെക്കുറിച്ചു ചിന്തിക്കാൻ പോലും കഴിയാത്ത ദമയന്തി തന്റെ നിസ്സഹായാവസ്ഥയിൽ തനിക്കു ലഭിച്ചിരുന്ന അമരേന്ദ്രവരം തന്റെ രക്ഷക്ക് എത്തുമോ എന്നൊന്ന് മനസ്സിൽ ഓർത്തതേയുള്ളൂ, അല്ലാതെ കാട്ടാളനെ ശപിച്ചില്ല. ആ പതിവൃതയുടെ മന:ക്ലേശം മനസ്സിലാക്കി ദേവന്മാർ തന്നെ ഇടപെട്ടു അവളെ ആ കഷ്ട്ടസ്ഥിയിൽനിന്നും രക്ഷപെടുത്തുകയായിരുന്നു. തന്റെ കുലീനയായ നായികയുടെ ഇമേജിന് അല്പ്പം പോലും കോട്ടം വരുത്താതെ, എന്നാൽ കഥകളിക്കനുഗുണമായ നാടകീയതക്ക് അല്പ്പവും കുറവും ഉണ്ടാകാതെ  അതിവിദഗ്ദമായാണ് ഉണ്ണായി ഈ രംഗം കൈകാര്യം ചെയ്തിരിക്കുന്നത്. പാത്രപ്രകൃതത്തെ മുറുകെ പിടിച്ചുകൊണ്ടു കഥാപാത്രങ്ങളുടെ സൂക്ഷ്മ പ്രകൃതങ്ങൾ പോലും അനിതരസാധാരണമായ വൈഭവത്തോടെ അനുവാചക മനസ്സുകളിലേക്ക് സംക്രമിപ്പിക്കാൻ ഉണ്ണായി കാണിക്കുന്ന വൈഭവം വർണ്ണനാതീതം തന്നെയാണ്. നളചരിതസാഹിത്യം മറ്റ് ആട്ടക്കഥാ സാഹിത്യങ്ങളിൽ നിന്നും ഉയർന്നു നിൽക്കുന്നതിന്റെ കാരണങ്ങളിൽ ഒന്ന് രചനാശൈലിയുടെ ഈ സൂക്ഷ്മസ്വഭാവം തന്നെയാണ്.

നളചരിത കവി ഉദ്ദേശിച്ചിട്ടുള്ള ഔചിത്യബോധത്തോടെയാണോ കലാകാരന്മാർ അരങ്ങിൽ ഈ രംഗം അവതരിപ്പിക്കുന്നത്‌? കോമാളി മുതൽ തനി കാട്ടാളൻ വരെ ആയിട്ടുള്ള  കാട്ടാളൻമാരെ അരങ്ങുകളിൽ കണ്ടിട്ടുണ്ട്. പാത്രപരമായി ഈ ആട്ടരീതികൾ ശരിയാണെന്ന് പറയാൻ കഴിയില്ല. നളചരിതത്തിലെ കാട്ടാളൻ സംസ്കാരചിത്തനും റൊമാന്റിക്കും സൗന്ദര്യാരാധകനും രസികനും അൽപ്പസ്വൽപ്പം നർമ്മപ്രിയനുമായിരിക്കണം. ആട്ടക്കഥാസാഹിത്യം ആവശ്യപ്പെടുന്നത് അങ്ങിനെയൊരു പാത്രാവിഷ്ക്കാരമാണ്. അതിരുവിടുന്ന അശ്ലീല ചുവയുള്ള അഭിനയം നളചരിതത്തിലെ  കാട്ടാളന് ചേരില്ല, എന്നാൽ ഇതിഹാസത്തിലെ കാട്ടാളന് ചേരുകയും ചെയ്യും. കുറച്ചു നാൾ മുൻപ് ഒരു കഥകളി ആസ്വാദകൻ നെറ്റിലെഴുതി, " ദമയന്തിയുടെ ചിന്ത ഹേതുവായി, അമരേന്ദ്രവരപ്രഭാവത്താൽ കാട്ടാളൻ ഭസ്മീകരിക്കപ്പെട്ടു. കാട്ടാളൻ ഭസ്മമാകുന്നതു കണ്ടതായി ദമയന്തി നടിച്ചില്ല. ദമയന്തിയായി വേഷമിട്ട കലാകാരൻ തന്റെ ഭാഗം നന്നായി കൈകാര്യം ചെയ്തു". എന്നാൽ ഇത് ശരിയായ ആട്ടരീതിയല്ലെന്നു പറയേണ്ടിയിരിക്കുന്നു. തന്റെ പ്രാണനെ രക്ഷിച്ച കാട്ടാളനോട് കുലീനയായ ദമയന്തിക്ക് ഒരു വെറുപ്പും വിദ്വേഷവും പാടില്ല. ഭർത്താവും രാജ്യവും നഷ്ടപ്പെട്ടു ഹതാശയായി നില്ക്കുന്ന അവൾ, കാട്ടാളന്റെ പ്രേമാഭ്യർത്ഥനകളിലും മറ്റു ചേഷ്ടകളിലും മനംനൊന്തു അയാളെ എങ്ങിനെയെങ്കിലും ഒഴിവാക്കിക്കിട്ടാനായി ചിന്തിച്ച ഒരു ചിന്തയെ ആകാവൂ ആ വിചാര പദം. അമരേന്ദ്രവരപ്രഭാവത്താലാണെങ്കിലും കാട്ടാളന്റെ ജീവനാശത്തിനു താൻ കാരണക്കാരിയായതോർത്തു തെല്ലു ദുഖിച്ചു കാട്ടാളനോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നവളാകണം ഉണ്ണായിയുടെ ദമയന്തി. ഇതിനു ദമയന്തി നടൻ വലിയ അഭിനയ പ്രകടനമൊന്നും നടത്തേണ്ടതില്ല, മുഖത്തു ഈ വികാരങ്ങളൊക്കെ ഒന്നു പ്രതിഫലിച്ചാൽ മതിയാകും. ഈ രംഗം മനസ്സിലാക്കി അഭിനയിച്ചിരുന്ന പ്രഗൽഭ നടൻമാർ ചെയ്തിരുന്നതും ഇങ്ങനെയായിരുന്നിരിക്കണം.

Article Category: 
Malayalam

Comments

സൂക്ഷ്മമായ പാത്രനിരീക്ഷണവും യുക്തിയുക്തമായ ആഖ്യാനവും. ഈ കഥാഭാഗം ശ്രദ്ധിച്ചു പഠിയ്ക്കാൻ ശ്രമിയ്ക്കുന്നവർക്ക് വിലപ്പെട്ട Reference ആകും. (ചില typos കൂടി edit ചെയ്തു ശരിയാക്കിയാൽ നന്ന് എന്നും അഭിപ്രായമുണ്ട്).