ഹസ്തലക്ഷണദീപികാ - മുദ്രാഖ്യം

Friday, June 17, 2016 - 13:04
2. മുദ്രാഖ്യം
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
അംഗുഷ്ഠസ്യതുതർജ്ജന്യായസ്യാഗ്രേ മിളിതോഭവേത് |      
ശേഷം [1]വിശ്ലഥിതം യസ്യ [2]മുദ്രാഖ്യസ്സകരഃസ്മൃത ||                12
 
ഭാഷ:- ചൂണ്ടൽവിരലിന്റെയും പെരുവിരലിന്റെയും അഗ്രങ്ങൾ തമ്മിൽ തൊടുകയും, ശേഷം വിരലുകൾ നിവര്‍ത്തി തമ്മില്‍ ചേര്‍ക്കാതെ പിടി-ക്കുകയും ചെയ്താൽ അതിനു മുദ്രാഖ്യം എന്നു പറയുന്നു.
 
വിനിയോഗം (ഉപയോഗം) - മൂലം:-
 
വർദ്ധനം ചലനം സ്വർഗ്ഗസ്സമുദ്രസ്സാന്ദ്രവിസ്മൃതിഃ ||                
 
സർവ്വ്വോവിജ്ഞാപനംവസ്തു മൃത്യുശ്ചധ്യാനമേവച |                13
ഉപവീതഋജൂപ്രോക്താ മുദ്രാഖ്യസ്തുത്രയോദശ ||      
 
ഹസ്താസ്തു സംയുതാ പ്രോക്താ നാട്യസിദ്ധാന്ത വേദിഭിഃ |       14
ചിത്തം ചിന്താഭിലാഷശ്ച സ്വയം ചൈവതഥാസ്മൃതിഃ ||          
 
പുനഃജ്ഞാനഞ്ചസൃഷ്ടിശ്ച പശ്ചാൽപ്രാണപരാഭവൌ |             15
ഭാവ്യർത്ഥശ്ചനഞർത്ഥശ്ച ചതുർത്ഥി ദ്വാദശോഭിത ||        
 
അസംയുതാ മുനീന്ദ്രൈസ്തു കരാമുദ്രാഹ്വയാസ്മൃതാഃ    |            16
 
ഭാഷ:- വർദ്ധനം, ചലനം, സ്വർഗ്ഗം, സമുദ്രം, ഇടതിങ്ങിയ,  മറതി (മറവി), എല്ലാം, അറിയിക്കുക, സാധനം (വസ്തു), മരണം, ധ്യാനം, പൂണൂല്‍, നേരെയുള്ളത് - ഈ 13 പദാർത്ഥങ്ങളെ രണ്ടുകൈകൊണ്ടും; മനസ്സ്, വിചാരം, ആഗ്രഹം, താൻ (സ്വയം), സ്മരണം, ജ്ഞാനം, സൃഷ്ടി, പ്രാണൻ, പരിഭവം, വരുവാനുള്ളത്, ഇല്ലെന്നുള്ളത്, ആയിക്കൊണ്ട് - ഈ 12  പദാർത്ഥങ്ങളെ ഒരുകൈകൊണ്ടും മുദ്രാഖ്യമുദ്രയിൽ കാണിക്കണം.
 
[1]  ‘വിശ്ലഥിതം’ എന്നതിന് ‘ചേര്‍ത്തുപിടിക്കുക’ എന്നും പാഠഭേദം കാണുന്നുണ്ട്. പ്രായോഗികമായി നോക്കിയാല്‍ അധികവും, മറ്റ് 3 വിരലുകള്‍  ‘ചേര്‍ക്കാതെ’ യാണ് ഈ മുദ്ര ഉപയോഗിക്കാറുള്ളത്. 
 
[2]  മുദ്രാഖ്യസ്തു കരോഃ മതഃ  (പാഠഭേദം)
Article Category: 
Malayalam