ദുരന്തജനനം - വെണ്മണിച്ചേങ്ങിലയിൽ കേട്ടത്‌

Tuesday, September 18, 2012 - 04:50
Kalamandalam Venmani Haridas

ഏഴുവർഷം!

വിശ്വസിയ്ക്കാനാവുന്നില്ല. എത്ര വേഗമാണ്‌ കാലം കടന്നു പോകുന്നത്‌! വെണ്മണി ഹരിദാസ്‌ ഇല്ലാതെ ഏഴു വർഷം പൂർത്തിയാകുന്നു.

അപ്രതീക്ഷിതങ്ങളുടെ തുടർക്കണികൾ സമ്മാനിച്ചുകൊണ്ട്‌, ഇത്രമേൽ വിസ്മയിപ്പിയ്ക്കുകയും മനസ്സുപിടിച്ചുവാങ്ങുകയും ചെയ്ത മറ്റൊരു കഥകളി സംഗീതജ്ഞൻ എന്റെ അനുഭവത്തിൽ ഇല്ല. പ്രവചനാതീതമായിരുന്നു എന്നും വെണ്മണിസംഗീതം. നന്നാവുക എന്നാൽ ആർക്കുമൊപ്പമെത്താനാവാത്ത വിധം ഉയരത്തിൽ പറക്കുക എന്നാണ്‌. ചീത്തയാവുക എന്നാൽ ഓരോ നിമിഷവും ഈ കളിയ്ക്കു വന്നതിൽ നമ്മേക്കൊണ്ട്‌ സ്വയം ശപിയ്ക്കാൻ പ്രേരിപ്പിയ്ക്കുക എന്നും. അനിശ്ചിതങ്ങളുടെ ഞാണിൽ നിന്ന്‌ പലപ്പോഴും വെണ്മണിയുടെ പ്രതിഭ ശരവേഗത്തിൽ പറന്നു. ചിലപ്പോഴൊക്കെ ലക്ഷ്യം തെറ്റി. പലപ്പോഴും ഏകാകിയായി രാഗസഞ്ചാരവനങ്ങളിൽ അലഞ്ഞു. തന്‍റെ സ്വന്തം ദിനങ്ങളില്‍ അപാരമാം വിധം ലക്ഷ്യവേധിയായി.

ആരോഹണം ശുദ്ധധന്യാസിയ്ക്കും അവരോഹണം ഖരഹരപ്രിയയ്ക്കും സമാനമെങ്കിലും സ്വന്തം ഭാവപ്രപഞ്ചവും അസ്തിത്വമുള്ള ആഭേരിയേപ്പോലെ, കലാ.ഗംഗാധരനും ശങ്കരൻ എമ്പ്രാന്തിരിയും ഊടും പാവുമായി നില്ക്കുമ്പോഴും വെണ്മണി അവരാരുടേയും അലയൊലിയായില്ല. കലാജീവിതത്തിന്റെ സിംഹഭാഗവും ‘പൊന്നാനിപ്പാട്ടി’നു ശ്രുതിമീട്ടിത്തീർന്നപ്പോഴും ഹരിദാസിന്റെ പ്രതിഭ മറ്റൊരു ഭാവുകത്വത്തിൽ മുങ്ങിത്താഴ്ന്നില്ല എന്നത്‌ അനന്യസാധാരണമാണ്‌. മറ്റേതു സംഗീതജ്ഞനാണെങ്കിലും ഇത്രയും കാലം ഒരു സംഗീതപരിചരണവ്യവസ്ഥയ്ക്കൊപ്പം ഒഴുകിയാൽ അതിന്റെ കൈവഴിയായി അസ്തമിച്ചുപോയേനെ. എന്നാൽ വെണ്മണി ചേങ്ങിലയെടുത്തപ്പോൾ കേട്ടത്‌ മറ്റൊരു നാദമാണ്‌. അത്‌ ഒന്നിന്റേയും കൈവഴിയായിരുന്നില്ലെന്നു മാത്രമല്ല, പുതിയൊരു ഉന്മേഷവും ഭാവുകത്വവും ചേർന്ന പൂക്കാലം കൂടിയായി.

അക്ഷരസ്ഫുടത, ഭാവവ്യക്തി, അന്യസ്വരവർജ്ജനത്തോടെയുള്ള രാഗസമീപനം, കഥകളിസംഗീതത്തിന്‌ അനിവാര്യമായ പ്രയുക്തബോധം, പൊന്നാനിത്തം, ശാരീരസിദ്ധി, ശബ്ദനിയന്ത്രണം, രാഗമാറ്റങ്ങളിലെ ഔചിത്യം, താളസ്ഥിതി - എന്നിങ്ങനെ വെണ്മണിസംഗീതത്തിനുള്ള ഓരോ സവിശേഷഗുണങ്ങളേയും വെവ്വേറെ സാമ്പ്രദായികമട്ടിൽ അപഗ്രഥിയ്ക്കാവുന്നതാണ്‌, അത്‌ പലരും ചെയ്തിട്ടുമുണ്ട്‌. ഇവയെല്ലാം ചേർന്ന വെണ്മണിസംഗീതത്തിന്റെ ആകമാനീയതയും കൂടുതൽ പരിശോധനാർഹമാണ്‌. വിശകലനത്തിന്റെ പ്രബലമായ രണ്ടുമാർഗങ്ങളും - ഇഴചേർത്തും ഇഴപേർത്തും - ഈ ഗായകന്റെ ഗേയമാർഗം പുതിയ കാലത്തിന്‌ ഏറെ വെളിച്ചം നൽകും.

മുൻചൊന്ന ഗുണവിശേഷങ്ങളെല്ലാം കൂടിയോ കുറഞ്ഞോ നമുക്കു മറ്റു പല കഥകളിഗായകരിലും കാണാം. എന്നാൽ വെണ്മണി ഹരിദാസിന്റെ തൊണ്ടയിലൂടെയല്ലാതെ സാക്ഷാത്കരിക്കപ്പെടാത്ത സവിശേഷത മറ്റൊന്നാണ്‌.

ദുരന്തപ്പിറവിയിലെ ഇരുലാവണ്യസമന്വയം

Friedrich Nietzsche‘ദുരന്തപ്പിറവി’ ( The Birth of Tragedy) എന്ന പുസ്തകത്തിൽ നീഷേ (Frederic Nitschke) സൗന്ദര്യത്തിനേപ്പറ്റി രണ്ട്‌ ചിഹ്നങ്ങൾ അവതരിപ്പിയ്ക്കുന്നുണ്ട്‌. ഗ്രീസിലെ ഡൽഫിയിലുള്ള അപ്പോളോക്ഷേത്രത്തിലെ രണ്ടു പ്രതിമകളാണ്‌ നീഷേയുടെ സങ്കല്‍പ്പനത്തിന്‌ അടിസ്ഥാനം. ഒന്ന്‌ ലയത്തിന്റേയും സങ്കേതപരമായ കൃത്യതയുടേയും ആനുപാതികതയുടേയും ദേവനായ അപ്പോളോദേവൻ, മറ്റൊന്ന്‌ ഉന്മാദത്തിന്റെയും വീഞ്ഞിന്റെയും ക്രമലംഘനത്തിന്റേയും ദേവനായ ഡയനൈഷ്യസ്‌. സങ്കേതഭദ്രവും ലയാത്മകവും കണിശാനുപാതപരവുമായ സൗന്ദര്യത്തിനെ അപ്പോളോണിയൻ സൗന്ദര്യമെന്നും ഉന്മാദഭരിതവും അപ്പോളോണിയൻ സൗന്ദര്യത്തിന്റെ ലയാത്മകതയെ അസ്വസ്ഥപ്പെടുത്തും വിധം ഉല്ലംഘനസ്വഭാവത്തോടു കൂടിയതുമായ സൌന്ദര്യത്തെ ഡയനൈഷ്യാക്‌ സൗന്ദര്യമെന്നും നീഷെ നിർവചിച്ചു. അപ്പോളോണിയൻ സൗന്ദര്യത്തിന്റെ ആവർത്തിയ്ക്കപ്പെടുന്ന അഭിരമണവും ഡയനൈഷ്യാക്‌ സൗന്ദര്യത്തോടുള്ള വിരക്തിയും ക്ലാസിക്ക്‌ കാലഘട്ടത്തിന്റെ പൊതുസ്വഭാവമാണ്‌. അതുകൊണ്ടു തന്നെ, ആധുനികകാലം വരെ മുദ്രവെയ്ക്കപ്പെട്ട സൗന്ദര്യലോകമെന്നാണ്‌ നീഷേ ഡയനൈഷ്യാക്‌ സൗന്ദര്യത്തെ വിശേഷിപ്പിച്ചത്‌.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദം വരെ നിലനിന്ന അപ്പോളോണിയൻ സൗന്ദര്യാധീശത്വം ആധുനികത ക്രമേണ തകർക്കുന്നതിന്‌ ലോകത്തെമ്പാടും ചരിത്രം സാക്ഷ്യം വഹിച്ചു. ജീവനുള്ള ഒരു കലയ്ക്കും, ഏത്‌ ഇരുമ്പുമറയ്ക്കകത്തൊളിച്ചാലും ആ സൗന്ദര്യവിചാരണയിൽ നിന്ന്‌ രക്ഷപ്പെടുക സാദ്ധ്യമായിരുന്നില്ല. ജീവിതസങ്കേതങ്ങളേപ്പോലെ കലാസങ്കേതങ്ങളും വളരെപ്പതുക്കെ മാത്രം മാറുന്ന, എല്ലാ പുലർകാലങ്ങളും ഒരുപോലെ പൊട്ടിവിരിയുന്ന അപ്പോളോണിയൻ ക്രബബദ്ധതയുടെ ഫ്യൂഡൽ ബാബേലിൽ ഇരുപതാം നൂറ്റാണ്ടോടെ പൊഴി വീണു തുടങ്ങി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയോടെ ശക്തിപ്രാപിച്ച ദേശീയ നവോത്ഥാനത്തെ സാസ്കാരികഫലങ്ങളിലൊന്ന്‌, ചിന്തേരിൽ ചിന്തേരിട്ടു കൊണ്ടിരുന്ന അപ്പോളോണിയൻ സൗന്ദര്യവിചാരങ്ങൾ നവോന്മേഷശാലിയായ ചിന്തകൾ കൊണ്ട്‌ പിടിച്ചുലയ്ക്കപ്പെട്ടു തുടങ്ങി എന്നതുകൂടിയാണ്‌. ക്രമേണ ഇരുപതാം നൂറ്റാണ്ടിൽ ലഹരിയും ഉന്മാദവും ചേർന്ന ഡയനൈഷ്യാക്‌ കലാകാരൻമാരും അവരുടെ സൗന്ദര്യാവിഷ്കരണവുമായി തീവ്രമാം വിധം സംവദിയ്ക്കുന്ന പ്രേക്ഷകവൃന്ദവും വളർന്നു വരികയായിരുന്നു. അവ ഏതു ശൈലീകൃതമായ കലാഖ്യാനത്തിലും സൗന്ദര്യാവിഷ്കരണത്തിന്റെ പുതിയ സാദ്ധ്യതകളും അനുഭവങ്ങളും എഴുതിച്ചേർത്തു, തീർച്ചയായും കഥകളിയിലും.

വെണ്മണി സംപൃക്‌തതയുടെ പിൻ വഴികൾ

വെങ്കിടകൃഷ്ണഭാഗവതർ മുതല്ക്കുള്ള കഥകളിസംഗീതചരിത്രം പോലും ഇന്നു നമുക്കു സുവ്യക്തമല്ല. എങ്കിലും ഒന്നു തീർച്ച, വെങ്കിടകൃഷ്ണഭാഗവതർ മുതൽ കഥകളിസംഗീതത്തിന്റെ ആധുനികഘട്ടത്തിലേക്കുള്ള പരിണാമഗതി കൂടുതൽ ത്വരിതമായി. പരിമിതമായ രാഗങ്ങളും അവയുടെ ജീവസ്വരങ്ങളെ സ്പർശിച്ചുകൊണ്ടുള്ള പരിമിതമായ പരിചരണരീതിയും നിലനിന്ന കഥകളിപ്പാട്ടിനെ ഭാഗവതർ കർണാടകസംഗീതജ്ഞാനത്തിന്റെ സഹായത്തോടെ പരിവർത്തനവിധേയമാക്കി. ഈ പരിവർത്തനം വൈയക്തികമോ യാദൃശ്ചികമോ ആയി വിലയിരുത്തുന്നത്‌ ചരിത്രപരമായ വിഡ്ഡിത്തമാകും. പട്ടിയ്ക്കാംതൊടി രാവുണ്ണിമേനോൻ വേഷത്തിലും മൂത്തമന ചെണ്ടയിലും വെങ്കിച്ചസ്വാമി മദ്ദളത്തിലും നടത്തിയ ഉദ്ഗ്രഥനങ്ങൾക്കൊപ്പം സംഭവിച്ച ഭാഗവതരുടെ ആധുനീകരണം, സവിശേഷമായ ചരിത്രഘട്ടത്തിന്റെ സൃഷ്ടി തന്നെയായിരുന്നു. പരിമിതരാഗങ്ങളുടെ ആവർത്തിതാലാപനങ്ങളിൽ നിന്ന്‌ വ്യത്യസ്തമായി, ഗമകങ്ങളും സംഗതികളും ചേർന്ന, നവനവോന്മേഷശാലിനിയായ സംഗീതലാവണ്യം കഥകളിയിൽ ഉദ്ഘാടനം ചെയ്യപ്പെടുകയായിരുന്നു. കഥകളി സംഗീതജ്ഞനാവശ്യമായ പ്രയുക്തതയും അക്ഷരസ്ഫുടതയും പൊന്നാനിത്തവും ഭാഗവതർ സംരക്ഷിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്‌.

ഗേയമാർഗത്തിലെ സാമ്യങ്ങളേക്കാൾ പ്രസക്തം, ഭാഗവതരിൽ നിന്ന്‌ അടുത്ത തലമുറയിലെ സുപ്രധാനഗായകനുമായ നീലകണ്‌ഠൻ നമ്പീശനിലെത്തുമ്പോൾ നമ്മുടെ സൗന്ദര്യാവബോധത്തിലുണ്ടായ തിരുത്തുകളും, അവയോട്‌ നമ്പീശൻ ഇഴചേർന്ന മാർഗവുമാണ്‌. മാനുഷ്യകത്തിന്റെ ഖേദാഹ്ലാദഗാഥയായ നളചരിതവും ഉപരിതലകാല്പ്പനികകഥയായ രുഗ്മാംഗദചരിതവുമെല്ലാം കോട്ടയം കഥകളും പ്രതിനായകപ്രധാനകഥകളുമടങ്ങുന്ന ചിട്ടപ്പെട്ട കഥകളിയേക്കാൾ ജനപ്രിയമായി മാറി. ഈ കളംമാറിയ കഥകളിക്കാലത്തിനൊപ്പം വൈകാരികവും കാല്പ്പനികവുമായ ശബ്ദശില്പ്പമൊരുക്കിയതിൽ സുപ്രധാനപങ്ക്‌ നമ്പീശനുള്ളതാണ്‌. സൂക്ഷ്മതലത്തിൽ ആധുനികകഥകളിസംഗീതത്തിന്റെ ഊടുപാവുകൾ നെയ്തെടുത്ത ഗായകൻ തന്നെ നീലകണ്ഠൻ നമ്പീശനായിരിയ്ക്കും.

Predecessors of Venmani Haridas

കഥകളിഗേയാകാശത്തിൽ മുറിവേറ്റ പക്ഷിയേപ്പോലെ പറന്നുപോയ ഉണ്ണികൃഷ്ണക്കുറുപ്പ്‌ എന്ന ജന്മമാണ്‌ ഡയനൈഷ്യാക്‌ തീക്ഷ്ണചാരുതയും അപ്പോളോണിയൻ ലയഘടകങ്ങളും ചേർന്ന സവിശേഷമിശ്രണം കളിയരങ്ങിലാഘോഷിച്ച ആദ്യഗായകൻ. ക്രമനിരാസവും ഉന്മാദവും ലഹരിയും പൂത്തുവിടർന്ന വസന്തസ്ഥലികളിലൂടെ നിരന്തരം കുറുപ്പ്‌ അലഞ്ഞു, ലയരൂപഭാവങ്ങളെ വലിയൊരളവോളം കൈവിടാതെയും കൈവിട്ടും. 1970 - 80കളിൽ മലയാളിയുടെ ധിഷണയും സഹൃദയത്വവും ഡയനൈഷ്യാക്‌ സൗന്ദര്യങ്ങളിൽ മുങ്ങിപ്പൊങ്ങുകയായിരുന്നു. കുറുപ്പ്‌ അവിടേയ്ക്കു കൃത്യം ചേർന്ന ഉല്പ്പന്നവുമായി. ബോബ്‌ ഫിഷറിനെ ചെസ്സിലും ജോൺ അബ്രഹാമിനെ സിനിമയിലും എ അയ്യപ്പനെ കവിതയിലും നെഞ്ചേറ്റിയ സവിശേഷസമൂഹത്തിനോട്‌ കുറുപ്പും കണ്ണിചേരുന്നുണ്ടായിരുന്നു, അറിഞ്ഞായാലുമറിയാതെയായാലും. കഥകളിയുടെ ശൈലീകൃതസൗന്ദര്യം ഘനീഭവിച്ച കോട്ടയം കഥകളും കത്തിക്കഥകളും സുഭദ്രാഹരണവുമെല്ലാം കളരിയിലേയ്ക്കും നളചരിതവും കർണ്ണശപഥവും കചദേവയാനിയും രുഗ്മാംഗദചരിതവുമെല്ലാം വീണ്ടും വീണ്ടും അരങ്ങിലേക്കും സഞ്ചരിച്ചു.

അടിസ്ഥാനപരവും ആത്യന്തികവുമായി കഥകളി ഒരു ‘പാരമ്പര്യ അരങ്ങ്‌’ (Traditional theatre ) ആണെന്നതു വിസ്മരിച്ചുകൊണ്ടുള്ള ഈ ഉപരിപ്ലവയാത്രയുടെ സംഗീതവിഭാഗത്തിലെ കപ്പിത്താൻ കലാ. ശങ്കരൻ എമ്പ്രാന്തിരിയായിരുന്നു. ഡയനൈഷ്യാക്ക്‌ സൗന്ദര്യതലങ്ങളോട്‌ നേർവിപരീതവും വ്യവസ്ഥാപിതവുമായ ജീവിതം നയിക്കുകയും അരങ്ങിൽ നിരന്തരം കടുംഭാവപ്രസരണം സാദ്ധ്യമാക്കുകയും ചെയ്ത എമ്പ്രാന്തിരി, പുറമേയ്ക്ക്‌ അത്രമേൽ ആധുനികമെന്നു തോന്നിയ്ക്കുമെങ്കിലും അകമേ നിശിതമാം വിധം വ്യവസ്ഥാനുകൂലിയും ഫ്യൂഡൽ സൗന്ദര്യസംസ്കാരത്തിന്റെ പ്രയോക്താവുമായിരുന്നു. അപൂർവ്വമായി അദ്ദേഹം പാടിയിരുന്ന ചിട്ടക്കഥകളിലെ ആലാപനം ശ്രദ്ധിച്ചാൽ ഇതു വ്യക്തമാവും. ഒരേ സമയം കാലികഭാവത്തിന്റെ വക്താവും അകാലികലോകത്തിന്റെ ഭോക്താവുമായിരുന്ന എമ്പ്രാന്തിരിയുടെ ഈ വൈരുദ്ധ്യത്തിൽ നിന്ന്‌ ഉടലെടുത്ത വിചിത്രമായ ഫ്യൂഡൽ ബോധമാണ്‌, ശിങ്കിടിപ്പാട്ടിനെ ശിങ്കിടിമൂളലാക്കി നിർത്താൻ വരെ അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌. ഹൈദരാലിയിൽ ക്രമരാഹിത്യവും ലയവും ഒരുപോലെ ചേരുമ്പോഴും ഈ വിചിത്രബോധമില്ലാതിരുന്നതിനാൽ തന്നെ, അസ്തിത്വബോധം ശക്തമായി നിലനില്ക്കുകയും ചെയ്തു.

കലാ. ഗംഗാധരൻ ഒറ്റപ്പെട്ട ഒരു ദ്വീപായിരുന്നു, മറ്റേതൊരു ഗായകനുമായും വിലയം കൊള്ളാനുള്ള സിദ്ധിവൈഭവമുള്ളപ്പോഴും. കൂട്ടിൽ കിട്ടുന്ന അയത്നലബ്ധമായ ഇറച്ചി തിന്നുറങ്ങുന്ന വൃദ്ധപഞ്ചാനനന്മാർക്കൊപ്പം കിടക്കാത്ത സിംഹം. അനിതരസാധാരണമായ ശാരീരവും സംഗീതജ്ഞാനവും ചേർന്ന ഗംഗാധരന്റെ സംഗീതത്തിന്‌ കുറുപ്പിന്റെ സുവർണ്ണകാലത്തിൽ പോലും സ്വന്തമായൊരു പ്രേക്ഷകസമൂഹത്തെ സൃഷ്ടിക്കാൻ കഴിഞ്ഞതും മറ്റൊന്നും കൊണ്ടല്ല. നവീനമായ ശാദ്വലഭൂമികൾ തേടിയുള്ള പര്യവേഷണം എക്കാലവും ഗംഗാധരസംഗീതത്തിന്റെ മുഖമുദ്രയായിരുന്നു. ക്രമത്തേയും അക്രമത്തേയും ചേർക്കാനുള്ള രസതന്ത്രക്കൂട്ടുമുതൽ, ഭാവോല്‍പ്പാദനത്തിന്റെ അന്വേഷണമാർഗം വരെ ഹരിദാസിലേക്കു പകരുകയും, ഏറ്റവും ശക്തമായി വെണ്മണിസംഗീതത്തെ സ്വാധീനിച്ച ബാണിയായി നിലനില്ക്കുകയും ചെയ്ത ഗംഗാധരസംഗീതത്തിൽ നിന്നു വേണം വെണ്മണിയെ വ്യക്തമായി കാണാൻ.

ഹരിദാസ്‌ - ചാരുതകളുടെ ചേർച്ച

നമ്പീശൻ മുതലുള്ള ചരിത്രവുമായി, പാലിൽ പഞ്ചസാരയെന്നോണം അപ്രകടിതസാനിദ്ധ്യമായി സഞ്ചരിച്ചാണ്‌ വെണ്മണി ഹരിദാസിന്റെ സംഗീതം തിടം വെച്ചത്‌. ഉണ്ണികൃഷ്ണക്കുറുപ്പിനൊപ്പം തെളിഞ്ഞുപാടിയും ഹൈദരാലിയ്ക്കൊപ്പം ഭാവാർദ്രമായും ഗംഗാധരനൊപ്പം കിടനിന്നും എമ്പ്രാന്തിരിയ്ക്കൊപ്പം മനമറിഞ്ഞും നിറവേറ്റപ്പെട്ട ആ ശിങ്കിടീധർമ്മത്തിനു തുല്യമായി സമീപകാലചരിത്രത്തെലെങ്ങും മറ്റൊരു രണ്ടാം ഗായകനില്ല. ഏറെക്കാലം എമ്പ്രാന്തിരിയുടെ ഏകശബ്ദസംഗീതത്തിനൊപ്പം ചേർന്ന്‌ ‘ആത്മസ്വരൂപത്തെയോരാതെ’ വെണ്മണി പാടിത്തീർത്ത കാലം ആദ്യചിന്തയിൽ വേദനയായി തോന്നാമെങ്കിലും അത്‌ ചരിത്രപരമായി ശരിയായിരുന്നു. കാരണം ആ ഉപരിപ്ലവകാല്പ്പനികകാലമല്ല, അതിനുശേഷമുള്ള കാലത്തിനാണ്‌ വെണ്മണിച്ചേങ്ങില ആവശ്യമായിരുന്നത്‌.

1980കൾക്കു ശേഷം കഥകളിലോകം കണ്ട ഏറ്റവും വലിയ വിസ്മയം, അല്പ്പകാലത്തേയ്ക്ക്‌ അണിയറയും കടത്തി കളരിയിലേക്കു പറഞ്ഞയച്ചിരുന്ന കളരിക്കഥകളുടെ ഗംഭീരമായ പ്രത്യാഗമനമാണ്‌. കാലകേയവധം അർജ്ജുനനും ഉർവ്വശിയും ബകവധം ഭീമനും ഹിഡുംബിയും കിർമീരവധം ധർമ്മപുത്രരും ലളിതയും സുഭദ്രാഹരണം അർജ്ജുനനും എല്ലാം പൂർവ്വാധികതേജസ്സോടെ അരങ്ങുകളിലേക്കു തിരിച്ചുവന്നു. ഇതിൽ മൗലികവാദമോ പുനരുത്ഥാനവാദമോ കാണുന്നവർ കഥയും കളിയുമറിയാതെ ആട്ടം കാണുകയാണ്‌. ഡയനൈഷ്യാക്‌ വസന്തം ക്രമേണ അപ്പോളോണിയൻ സൗന്ദര്യവിചാരങ്ങളുമായി കലർന്ന്‌, ഒരു സവിശേഷ സാംസ്കാരികോല്പ്പന്നമായി രൂപപ്പെട്ടു. കാസറ്റുസംഗീതമായും ഉച്ചഭാഷിണീസംഗീതമായും കാലം ചെന്ന കഥകളിസംഗീതം ബോദ്രിയാർ ‘ഹൈപ്പർ മ്യൂസിക്ക്‌’ എന്നു വിളിച്ച, സാങ്കേതികലോകം പുനർനിർവ്വചിയ്ക്കുന്ന സംഗീതമായിക്കൂടി മാറുകയായിരുന്നു. ഇത്‌ എല്ലാ ഘടകകലകളിലും സംഭവിച്ചുകൊണ്ടിരുന്നു. ഈ മാറ്റത്തിനെ കഥകളി നേരിട്ടത്‌ അരങ്ങിലെ ഈ ഈടുറ്റ ക്ലാസിക്ക്‌ കഥകളിയുടെ തിരിച്ചുവരവുകളുടെ സഹായത്തോടെയാണ്‌. എന്നാൽ നളചരിതവും കചദേവയാനിയും രുഗ്മാംഗദചരിതവും മാഞ്ഞുപോവുകയല്ല, അവ ഈ ചിട്ടക്കഥകളുടെ ഊർജ്ജമേറ്റുവാങ്ങി കൂടുതൽ ശൈലീകരിയ്ക്കപ്പെടുകയാണുണ്ടായത്‌. ക്രമവും ക്രമരാഹിത്യവും വാഗർത്ഥങ്ങൾ പോലെ ചേർന്ന കലാ.ഗോപിയെന്ന നായകനും ക്രമരാഹിത്യത്തിന്റെ ഉൽസവം പോലും എതിരില്ലാത്തതാക്കാൻ മാത്രം പ്രകടനസിദ്ധിയുള്ള ശിവരാമനെന്ന നായികയുമടക്കം ഈ ചിട്ടയും ചിട്ടയില്ലായ്മയും ചേർന്ന പരിപ്രേക്ഷ്യത്തിലുണ്ടായിരുന്നു.

സംഗീതത്തിൽ വെണ്മണി തികഞ്ഞ അർത്ഥത്തിൽ ചേങ്ങിലയേന്തുന്ന കാലം ഇതാണ്‌. ഉന്മാദവും ലഹരിയും വീഞ്ഞും പതഞ്ഞുപൊന്തുന്ന ഡയനൈഷ്യാക്ക്‌ സൗന്ദര്യവും ലയവും ക്രമബദ്ധതയും അനുപാതഭംഗിയും ചേർന്ന അപ്പോളോണിയൻ സൗന്ദര്യവും ആ ഗായകന്റെ ഇടം വലം നിന്നു. ഒരേപോലെ ഗംഭീരമായി, കചദേവയാനിയ്ക്കും ഉർവ്വശിയ്ക്കും ആ കണ്ഠം സമഭാവം കൈക്കൊണ്ടു. നളചരിതത്തിനും കിർമീരവധത്തിനും ഒരുപോലെ ഇണങ്ങിപ്പാടിയ ആ വിസ്മയശാരീരം പ്രസ്തുതകാലത്തിന്റെ സാഫല്യമായിരുന്നു. ദീർഘകാലം പ്രവർത്തിച്ചു തെളിഞ്ഞ ആ ഗേയമാർഗത്തിൽ കുറുപ്പിന്റെ ഭാവത്തെളിമയും ഗംഗാധരന്റെ ബലിഷ്ഠജ്ഞാനവും ഹൈദരലിയുടെ ശബ്ദബോധവും എമ്പ്രാന്തിരിയുടെ ലയഭംഗിയും ലയിച്ചുചേർന്നിരുന്നു. വെണ്മണിയെ കേൾക്കുമ്പോൾ “ ഇത്‌ ഹൈദരലിമാഷിന്റെ” “ ഇത്‌ എമ്പ്രാന്റെ” “ ഇത്‌ ഗംഗാധരന്റെ” എന്നിങ്ങനെ തോന്നിയിരുന്നതൊന്നും അവരാരുടേയുമായിരുന്നില്ല, എല്ലാം വെണ്മണി ഹരിദാസിന്റേതു തന്നെയായിരുന്നു. ഈ ചരിത്രഘട്ടത്തെ മുഴുവൻ അന്തർധാരയാക്കി നിർത്തിക്കൊണ്ട്‌ സൂക്ഷ്മഗ്രാഹിയായ ഒരു സ്വകീയ ഭാവുകത്വം നിർമ്മിച്ചതിലാണ്‌ വെണ്മണി ഹരിദാസ്‌ അനന്വയമാകുന്നത്‌.

കഥകളിക്ഷേത്രത്തിലെ ഇരുവശങ്ങളിലുമുള്ള പ്രതിമകളുടെ സൗന്ദര്യമേറ്റെടുത്ത്‌ ഏറെക്കാലം നമുക്കു കൂടെയുണ്ടാവേണ്ടിയിരുന്ന വെണ്മണിനാദം പക്ഷേ, നീഷേയുടെ പുസ്തകനാമത്തെ അന്വർത്ഥമാക്കിക്കളഞ്ഞു - The Birth of Tragedy. ഈ ദുരന്തത്തിന്റെ ജനനമില്ലായിരുന്നെങ്കിൽ, കഥകളിയുടെ ഒരു വസന്തകാലമൊന്നാകെ വെണ്മണിച്ചേങ്ങിലയിൽ പുലർന്നേനെ. എന്തുചെയ്യാം! ‘ഒരു പകുതി പ്രജ്ഞയിൽ നിഴലും നിലാവും ഒരു പകുതി പ്രജ്ഞയിൽ കരിപൂശിയ വാവും“ കലർന്ന ആ ഓർമ്മകൾക്കു മുന്നിൽ ഇങ്ങനെ തരിച്ചു നില്ക്കുകയല്ലാതെ! ’ഗുണികളൂഴിയിൽ നീണ്ടുവാഴാ‘ എന്നോർക്കുകയല്ലാതെ!

Article Category: 
Malayalam

Comments

Mohandas's picture

"ദീർഘകാലം പ്രവർത്തിച്ചു തെളിഞ്ഞ ആ ഗേയമാർഗത്തിൽ കുറുപ്പിന്റെ ഭാവത്തെളിമയും ഗംഗാധരന്റെ ബലിഷ്ഠജ്ഞാനവും ഹൈദരലിയുടെ ശബ്ദബോധവും എമ്പ്രാന്തിരിയുടെ ലയഭംഗിയും ലയിച്ചുചേർന്നിരുന്നു". ശ്രീ. ചിത്രന്റെ ഈ പ്രസ്താവം തികച്ചും ശെരിതന്നെ. എന്റെ ഏറ്റവും പ്രിയങ്കരനായ കഥകളി ഗായകനെ ഇത്രമേല്‍ പുകഴ്ത്തിപ്പാടുന്ന ലേഖകനെ അനുമോദിക്കാതെ വയ്യ.   

'അപ്രകാരം തന്നെ'
കൂട്ടത്തില്‍ പറയട്ടെ, വാക്കും അര്‍ത്ഥവും കൂടിചെരുംബോളാണ് ഹരിദാസിന് സമാനതകള്‍ നഷ്ടപ്പെടുന്നത്.

സ്ഥിരം കാണുന്ന നിരീക്ഷണരീതികളിൽ നിന്ന് വേറിട്ടു നിൽക്കുന്ന ലേഖനം. അനുഭവവും ജ്ഞാനവും ഒരേപോലെ ചേർന്ന, കാമ്പുറ്റ എഴുത്ത്. വെണ്മണി ഹരിദാസിനേപ്പറ്റി ഇന്നുവരെ കണ്ട ഏറ്റവും അവിസ്മരണീയലേഖനം എന്നുപറഞ്ഞാലും തെറ്റില്ല.
ചിത്രനു ചെറുപ്പമാണ്. ഇന്നത്തെ ആഴം ഇതെങ്കിൽ നാളെ എന്താവും എന്നു കാത്തിരിയ്ക്കുന്നു.

കലകളിലെ അപ്പോലോനിയന്‍ സൌന്ദര്യത്തെയും ഡയനൈഷ്യാക്ക്‌ സൗന്ദര്യത്തെയും കഥകളിയിലെക്കും, കലകാരന്മാരിലെക്കും കണ്ടെത്തിയ ചിത്രന്റെ രചനാപാടവം വളരെ നന്നായിട്ടുണ്ട്....ഇനിയും വളരെ കൂടുതല്‍ ആഴത്തില്‍ ഉള്ള പഠനങ്ങള്‍ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു...ചിത്രന് അതിനു കഴിയും....കഥകളി ഇന്ഫോക്കും നന്ദി....

"ഒരേ സമയം കാലികഭാവത്തിന്റെ വക്താവും അകാലികലോകത്തിന്റെ ഭോക്താവുമായിരുന്ന എമ്പ്രാന്തിരി"
എന്തൊരു വാചകം! തരിച്ചുപോയി :):)
അഭിനന്ദനങ്ങൾ, ശ്രീ.

മലയാളം dictionary ഒന്ന് revise ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

Such an idiotic show off.. Making an analogy of things which have no relation !!! An endeavour to terrorise poor Kathakali aficionados with casuistry...All to aid a career in 'Kathakali Rakshakarthuthvam'...When this fellow will realise he is a waste of a scum !!

ഏതെങ്കിലും മുഖ്യധാരാമാസികളിൽ പോലും ഇത്ര കനപ്പെട്ട ഒരു ഹരിദാസ്‌ അനുസ്മരണം ഇന്നു വരെ കണ്ടിട്ടില്ല. നന്ദി.

സച്ചിൻ പുലഭ്യം പറഞ്ഞു എന്നു മനസ്സിലായി. പക്ഷേ എന്തിനാണെന്നു മനസ്സിലായില്ല. വേറിട്ട രീതിയിൽ കാണുന്ന ഈ നിരീക്ഷണങ്ങളോടു വിയോജനം ഉണ്ടെങ്കിൽ അതു കാര്യകാരണസഹിതം പറയണ്ടേ സച്ചിൻ? ഇതിന്റെ പേര് കുനുഷ്ട് എന്നല്ലേ?

venmany's picture

വല്ല്യച്ഛന്റെ മരണം  എന്നതിലുപരി വെണ്മണി ഹരിദാസ്‌ എന്നാ അതുല്യഗായകന്റെ കഥകളിഅരങ്ങത്തെ അഭാവം ആവും എന്നെ കൂടുതല്‍ ദു:ഖിപ്പിച്ചുണ്ടാവുക. വളരെ വിശകലനവൈദഗ്ധ്യം പ്രകടിപ്പിച്ചിട്ടുണ്ട് ലേഖകന്‍.
നന്ദി ശ്രീചിത്രേട്ടാ..

It was not 'Pulabhyam' Mr. Narayanan. If some one had given a word to his grandfather on his deathbed, that he will make a comparison of this observation of Nietzsche and the evolution of Kathakali Music from Venkita Krishna Bhagavathar, and if it is inevitable, that his blood might go thick without fulfilling it, then it has to be the other way round. A more refined and firmly rooted in tradition Karnatic Music with a history of almost saintly adherents, could be compared to Appollo and the other to Dionysius...

ശ്രീചിത്രന്റെ ലേഖനങ്ങളെല്ലാം എല്ലായ്പ്പോഴും അനുഭവിപ്പിയ്ക്കാറുള്ള ആ വല്ലാത്ത ഒരു "സൌന്ദര്യബോധം" - അതിനി ഭാഷയിലായാലും, ദര്‍ശനത്തിലായാലും - അങ്ങനെയൊരു വഴിയില്‍ വെണ്മണി ഹരിദാസിന്റെ സംഗീതം വായിച്ചറിയുവാന്‍ സാധിച്ചത് ആഹ്ലാദിപ്പിയ്ക്കുന്നു, അതിലേറെ ചിന്തിപ്പിയ്ക്കുന്നു.

ശബ്ദത്തിന് കിട്ടുന്ന, മയം, (ഒരു cushion effect) അതുവഴി ശബ്ദത്തിന് കൈവരുന്ന നൈസ്സര്‍ഗ്ഗികമായ ഭാവലയം- കുറേയുരഞ്ഞു കഴിയുമ്പോള്‍ വേദനയ്ക്ക് 'ബാം' പുരട്ടുന്ന പോലെയാണ് വെണ്മണി സംഗീതം തോന്നാറുള്ളത്.

വളരെ നന്നായിരിയ്ക്കുന്നു, ചിത്രൻ...നന്ദി.

In all respect he was a "BHAVA GAYAKAN". Whatever Haridas ettan sang, nobody can replicate. It will ever remain as the same only. A very good article on Haridas Ettan.

നീത്‌ഷേയുടെ സങ്കൽപ്പനങ്ങളെ തികഞ്ഞ സ്വാഭാവികതയോടെ കഥകളിസംഗീതചരിത്രത്തിലേയ്ക്ക് ചിത്രൻ ഇണക്കിച്ചേർത്തിരിയ്ക്കുന്നു. റോക്ക് മ്യൂസിക്കിലും പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിലും ഡൽഫി ചിഹ്നനങ്ങൾ നിരൂപകർ വർഷങ്ങൾക്കു മുൻപേ ഉപയോഗിച്ചിട്ടുണ്ട്. ഭാരതീയമീ‌മാംസയിൽ നിന്ന് ചില അമൂർത്തസംജ്ഞകൾ എടുത്തുദ്ധരിച്ച് വിശകലനം ചെയ്യുന്ന സ്ഥിരം പരിപടിയിൽ നിന്ന് ചിത്രനേപ്പോലെ അപൂർവ്വം ചിലരെങ്കിലും മാറിനടക്കുന്നത് വലിയ സന്തോഷം നൽകുന്നു. അത്തരത്തിൽ മാറിനടക്കുന്നവരിൽ സാധാരണ ക്ലാസിക്കൽ തീയറ്ററിന്റെ ആനുഭവികജ്ഞാനം വളരെ പരിമിതമായിരിയ്ക്കും. എന്നാൽ ചിത്രനിൽ അതും വേണ്ടത്രയും വേണ്ടതിലധികവും ഉണ്ട് എന്നത് ചിന്തകൾക്കു കൂടുതൽ ഗരിമ നൽകുന്നു.
അൽപ്പമൊരു വിമർശനം പറയാനുള്ളത് - തീർത്തും വിശകലനാത്മകമായി എഴുതുമ്പോഴും ചിത്രനിൽ കാണുന്ന റൊമാന്റിക്ക് ഭാവനകൾ കുറയ്ക്കുന്നതാവും നല്ലത്. അത്തരം ഭാവനകൾ അതിഗംഭീരമായി ഉൽപ്പാദിപ്പിക്കാനുള്ള താങ്കളുടെ സിദ്ധിയെ മാനിക്കാതെ പറയുന്നതല്ല. അത് വിശകലനാത്മകചിന്തയുടെ മൂർച്ചയെ ഇല്ലാതാക്കും.
ഉദാഹരണം: കഥകളിഗേയാകാശത്തിൽ മുറിവേറ്റ പക്ഷിയേപ്പോലെ പറന്നുപോയ ഉണ്ണികൃഷ്ണക്കുറുപ്പ്‌.

റൊമാന്‍സ് ഏറിയാല്‍ ഏതും മുഷിയും എന്നത് ശരിതന്നെ. പക്ഷെ, രാജഗോപാലന്‍ സര്‍, എനിക്കെന്തോ ഉണ്ണിക്കൃഷ്ണ കുറുപ്പിനെ ലേഖകന്‍ വിശേഷിപ്പിച്ച വിധം ഒട്ടും കാല്പകനികമായി അനുഭവപ്പെട്ടില്ല. എന്ന് മാത്രമല്ല 'കൃത്യം' എന്നുവരെ അനുഭവപ്പെട്ടു. 'അത് കറക്റ്റ്' എന്ന് നാമൊക്കെ നാടന്‍ ഭാഷയില്‍ പറഞ്ഞു കൈ കൊടുക്കുമല്ലോ -- അതുപോലെ.

പിന്നെ, അപ്പോലോനിയന്‍, ഡയനൈഷ്യാക്ക്‌ സൌന്ദര്യം ഒന്നും എനിക്കും പിടികിട്ടിയില്ല, (ട്ടോ, സച്ചിന്‍. [മിനക്കെട്ടില്ല എന്നതാണ് വാസ്തവം.]) പക്ഷെ അതുകൊണ്ടൊന്നും മേലത്തെ ആംഗലശരങ്ങള്‍ പൊതുവായി പ്രസക്തമാവുന്നുവെന്നു തോന്നുന്നില്ല. കാരണം, കഥകളി സംഗീതം ജീവവായു പോലെ കൊണ്ടുനടക്കുന്ന/നടന്നിട്ടുള്ള, വെണ്മണി ഹരിദാസിന്റെ പാട്ടിന്റെ ആത്മാംശം അറിഞ്ഞിട്ടുള്ള, പലരും 'ദുരന്തജനനം' സുബദ്ധവും ഗംഭീരവും ആണെന്ന് ഇവിടെത്തന്നെ എഴുതിക്കാണുന്നു. (ഒരര്‍ഥത്തില്‍ ചിത്രന്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുള്ള ചില (അപരിചിത) സമാന്തരങ്ങള്‍ മനസ്സിലാക്കാതെതന്നെ ഈ കുറിപ്പ് reader-friendly ആണ്; ഉറപ്പായും ആലോചനാമൃതവും.

sreechithran's picture

ഹരിദാസേട്ടനേപ്പറ്റിയുള്ള എന്റെ ചില ആലോചനകൾക്കൊപ്പം വായിച്ചുനടന്നവർക്കും, അഭിപ്രായ/വിമർശനങ്ങൾ അറിയിച്ചവർക്കും നല്ലനമസ്കാരം.
രാജഗോപാലൻ മാഷേപ്പോലൊരാൾ സമയം കണ്ടെത്തി ഈ കുറിപ്പുവായിച്ചതിൽ വലിയ സന്തോഷം. " 'ഔപനിഷദികമായ' എന്നൊക്കെ എഴുതുമ്പോൾ ഏത് ആഷാമേനോനും ആനന്ദതുന്ദിലനാവാറുണ്ട്" എന്നും, " ഒരു ഇംഗ്ലീഷെഴുത്തോ ലാറ്റിനമേരിക്കൻ സൂക്തിയോ ആഫ്രിക്കൻ തോറ്റമോ ഇതേപോലെ സാംസ്കാരികമായി ഉദ്ധരിയ്ക്കപ്പെട്ടാൽ ( culturally quoted ) അതു കുറ്റമാവുകയും ചെയ്യുന്ന നമ്മുടെ ലോകം " എന്നും എഴുതിയ അങ്ങയേപ്പോലൊരാൾ എന്റെ മാർഗത്തിനു പ്രസക്തിയുണ്ടെന്നു പറയുന്നത് വലിയ ആത്മവിശ്വാസവും നൽകുന്നു.
വൽസേട്ടൻ പറഞ്ഞ 'കൃത്യത'യുടെ എല്ലാ സന്തോഷവുമുണ്ടെങ്കിലും രാജഗോപാലൻ മാഷ് പറഞ്ഞ വിമർശനം ഞാനംഗീകരിയ്ക്കുന്നു. വിശലകനരീതിശാസ്ത്രത്തേയും പാർവ്വതി രമേഷ് വിശേഷിപ്പിച്ച 'വല്ലാത്തതരം സൗന്ദര്യബോധത്തേയും' ചേർക്കുന്ന അനുപാതഗണിതം എനിയ്ക്കിന്നും കൃത്യമായി പിടികിട്ടിയിട്ടില്ലെന്നതു സത്യമാണ് . അതുകൊണ്ടുതന്നെയാവണം, വൽസേട്ടനേപ്പോലെ പരിണിതപ്രജ്ഞനായ ഒരു വായനക്കാരനുപോലും 'സമാന്തര'ങ്ങളെ നിഷ്കരുണം അവഗണിച്ചുകൊണ്ട് എന്നെ വായിക്കാനാവുന്നതും :)

തീർച്ചയായും തുടർന്നെഴുതുമ്പോൾ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രതയുണ്ടാവുമെങ്കിലും, കാലം കൊണ്ടു പുനർനിർണയിക്കപ്പെടേണ്ടതുകൂടിയാണ് ഇക്കാര്യമെന്നു തോന്നുന്നു.

സച്ചിന്റെ വിമർശം കാണായ്കയില്ല. മറുപടിക്കർഹമായി എന്തെങ്കിലും എഴുതിക്കണ്ടാൽ മറുപടി പറയാം. :)