തസ്മൈ ശ്രീ ഗുരവേ നമഃ

Sunday, July 29, 2012 - 05:21
Sadanam Harikumaran remembers Keezhpadam Kumaran Nair

കീഴ്പ്പടം കുമാരൻ നായരാശാനെക്കുറിച്ച് ഞാൻ എന്തെഴുതാനാണ്? എഴുതേണ്ടി വരുമ്പോൾ എഴുതേണ്ട ആളെക്കുറിച്ച് അറിയേണ്ടി വരുന്നു. അറിയുക എന്നാൽ ആയിത്തീരുക എന്നാണ് അർത്ഥം കല്പിക്കുന്നതെങ്കിൽ ഞാൻ ഇതിനു തുനിയുന്നത് മൌഢ്യമായിരിക്കും. അനുസ്മരണത്തിനു വേണ്ടി മാത്രമാണെങ്കിൽ ചില ശ്ലഥമായ ഓർമ്മകളെ ഇവിടെ അനാവരണം ചെയ്യാമെന്ന് മാത്രം.

പൂച്ചയുടേതു പോലെ മാർദ്ദവമേറിയ പാദങ്ങളായിരുന്നു ആശാന്റേത്. അതിൽ നിറച്ച് ഊർജ്ജമുണ്ടായിരുന്നു. ആശാന്റെ കാൽ‌ചുവട്ടിൽ ഉഴിച്ചിലിന് കിടക്കുമ്പോൾ അനുഭവിക്കുന്നത് വേദനായിരുന്നില്ല. സംരക്ഷണത്തിന്റെയും വാത്സല്യത്തിന്റേയും നിറവ് അതിൽ ഒളിഞ്ഞ് കിടന്നിരുന്നു. അദ്ദേഹത്തിന്റെ കാൽച്ചുവട്ടിൽ അഹം ഒഴിഞ്ഞ കാലിപ്പാത്രം പോലെയായിത്തീരുകയായിരുന്നു ഞാൻ.  അദ്ദേഹത്തിന്റെ സ്പ്രർശങ്ങൾ ഊർജ്ജം പ്രസരണം ചെയ്തിരുന്നു.

രാത്രികളിൽ ക്ലാസിനും ഭക്ഷണത്തിനും ശേഷം ചാരുകസേരയിലിരിക്കുന്ന ആശാന്റെ കാൽകീഴിൽ ഇരുന്ന് സംസാരിക്കാറുള്ള ഞാൻ ആശാന്റെ കാൽ‌പ്പാദങ്ങളിൽ വന്നിരിക്കുന്ന കൊതുകുകളെ മൃദുവായി തൊട്ട് അകറ്റാറുണ്ട്. ആശാൻ എല്ലാം അറിയാറുമുണ്ട്. കണ്ടറിയുന്നതും തൊട്ടറിയുന്നതും ഒരുപോലെയല്ലല്ലൊ.

താരട്ടുപാട്ടുകളേക്കാൾ കളിക്കൊട്ടുകേട്ടാണ്, എന്റെ ശൈശവനിദ്രകൾ കടന്ന് പോയത്. സ്കൂളിലെ ക്ലാസ്സ് കഴിഞ്ഞ് തിരിച്ച് പോകുന്ന വഴിക്കുള്ള കഥകളി കളരിയിൽ കയറിയിരുന്ന് കുറച്ച് സമയം ചെലവഴിച്ചാണ് സദനം നഴ്സറി ക്ലാസ്സുകളിലെ വിമ്മിട്ടങ്ങൾക്ക് ഞാൻ അറുതി കണ്ടെത്തിയത്. ജൂണിലെ തിരിമുറിയാത്ത മഴപ്പെയ്ത്തിൽ നിന്ന് എന്നെ രക്ഷിക്കാൻ സ്കൂളിൽ എഴുതാൻ ഉപയോഗിച്ചിരുന്ന് സ്ലേറ്റിനെ ആശ്രയിക്കാനേ എനിക്ക് നിർവാഹമുണ്ടായിരുന്നുള്ളൂ. എന്റെ ബാല്യം ദാരിദ്ര്യപൂർണ്ണമായിരുന്നു. സ്കൂൾ വിട്ട് മഴയത്ത് ഓടി നനഞ്ഞ നിക്കറും ഷർട്ടുമിട്ട് കളരിയുടെ വരാന്തയിൽ നിന്ന് ചൊല്ലിയാട്ടം എത്തി നോക്കുന്നത് എന്റെ ശീലമായിരുന്നു. താളം പിടിക്കുന്ന മുട്ടി താഴത്ത് വെച്ച് ചുമലിൽ കിടക്കുന്ന തോർത്ത് ഊരിയെടുത്ത് പേരറിയാത്ത ‘ആശാൻ‘ വരാന്തയിലേക്ക് ഇറങ്ങി വന്ന് എനിക്ക് തല തോർത്തി തരുമായിരുന്നു. തോർത്തിയതുകാരണം അലുക്കുലുത്തായ എന്റെ തലമുടി വിരലുകൾ കൊണ്ട് വകഞ്ഞു മാറ്റി ചീകിത്തരുമായിരുന്നു. എന്നെ കൈ പിടിച്ചുകൊണ്ട് പോയി ഇടത്തേ മടിയിലിരുത്തി തലയിലും പുറത്തും തലോടുമായിരുന്നു. ആശാന്റെ തോർത്തിന്റെ വാസന എനിക്കിഷ്ടമായിരുന്നു. അത് ആശാൻ ഉപയോഗിച്ചിരുന്ന അസനമഞ്ജിഷ്ഠാദി എണ്ണയുടെ വാസനയിൽ നിന്ന് വ്യത്യസ്തമായിരുന്നു.

അച്ഛന് ആശാനെ വലിയ ബഹുമാനമായിരുന്നു. പക്ഷെ അച്ഛൻ ഋജുവായി സംസാരിക്കുന്നയാളാണെങ്കിൽ ആശാന്റെ സംഭാഷണങ്ങൾ തികച്ചും ധ്വന്യാത്മകമായിരുന്നു. അതുകൊണ്ട് തന്നെ അവരുടെ സംഭാഷണങ്ങൾ എവിടേയും എത്തുമായിരുന്നില്ല. ആശാന്റെ ധ്വന്യാത്മകശൈലി തിരിച്ചറിയാത്ത് അച്ഛനും അച്ഛന്റെ ശുദ്ധതയെ വേണ്ടത്ര മാനിക്കാത്ത ആശാനും എന്നിൽ അസഹിഷ്ണുത തീർത്തിരുന്നു. അച്ഛൻ ലക്ഷ്യത്തേയും ആശാൻ മാർഗ്ഗത്തേയുമായിരുന്നു മാനിച്ചിരുന്നത്.

കല്യാണസൌഗന്ധികത്തിലെ ഹനൂമാൻ വൃദ്ധനാകുന്ന ഭാഗം അനുകരിച്ച് ഞാൻ വീട്ടിൽ കാണിക്കാറുണ്ടായിരുന്നു. ഒരിക്കൽ അച്ഛൻ ആശാനേയുംകൂടി എന്റെ ‘കോപ്രാട്ടി‘ കാണിക്കുവാൻ വീട്ടിലേക്ക് കൊണ്ടുവന്നു. ഞാൻ എന്നാലാകും വിധം കാണിച്ചെങ്കിലും, കുട്ടികളെ ‘പിഞ്ചിലേ പഴുപ്പിക്കു‘ന്ന ഏതൊരു പിതാവിന്റേയും ശീലത്തെ എന്ന പോലെ അച്ഛന്റെ ആകാംക്ഷയേയും ആശാൻ കെടുത്തുകയായിരുന്നു.

എട്ടുവയസ്സിൽ ഞാൻ സദനത്തിലെ കഥകളി വിദ്യാർത്ഥിയായി. ‘കാര്യദർശി‘മാരുടെ മക്കൾക്ക് അനുഭവിക്കേണ്ടി വരാറുള്ള എല്ലാ ബുദ്ധിമുട്ടുകളും എനിക്ക് സദനത്തിലെ മറ്റെല്ലാ വിഭാഗങ്ങളിൽ നിന്നും അനുഭവിക്കേണ്ടിവരുമ്പോൾ ആശാൻ ഒരു നോട്ടം കൊണ്ടുമാത്രം എനിക്ക് ആത്മവിശ്വാസം ഉണ്ടാക്കി തന്നിരുന്നു. ആശാന്റെ മുറി വൃത്തിയാക്കാനുള്ള വിദ്യാർത്ഥികളുടെ ഊഴം എന്റേതായിരുന്ന ഒരു ദിവസം ഞാൻ ചൂലും‌ മറ്റുമായി ആശാന്റെ മുറിയിൽ ചെന്നപ്പോൾ സോഷ്യലിസത്തിനു വിരുദ്ധമായി ‘ഇന്ന് അടിച്ചുവാരേണ്ടതില്ല്’എന്നു പറയുകയും എന്നെന്നേയ്ക്കുമായി മുറി വൃത്തിയാക്കുന്ന ജോലിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തത് എനിക്കിഷ്ടമാകുകയുണ്ടായില്ല. മറ്റു ചിലർക്കും ഇഷ്ടമായില്ല.

ആശാൻ സദനത്തിലുണ്ടായിരുന്നെങ്കിലും അന്നത്തെ ഞങ്ങളുടെ ക്ലാസുകളധികവും എടുത്തിരുന്നത് സീനിയർ വിദ്യാർത്ഥികളായ സദനം ബാലകൃഷ്ണനും രാമൻ കുട്ടിയുമായിരുന്നു. കുറച്ചുകാലങ്ങൾക്കു ശേഷം ആശാൻ സദനത്തിൽ വരുന്നത് കുറഞ്ഞു കുറഞ്ഞു വരികയായിരുന്നു. പിന്നീട് കളരിയുടെ ചുമതല സദനം ബാലകൃഷ്ണേട്ടനെ ഏൽ‌പ്പിക്കുകയാണുണ്ടായത്.

ആശാനുശേഷം എന്നെ തിരിച്ചറിഞ്ഞത് ഇരിങ്ങാലക്കുടയാണ്. പലതവണ കലാപ്രതിഭയാകുന്നതും യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറാകുന്നതും അന്താരാഷ്ട്ര യുവജനോത്സവത്തിൽ പങ്കെടുക്കുവാൻ ക്യൂബയിലേക്ക് പോകുന്നതും ഞാൻ ഇരിങ്ങാലക്കുടയിലുള്ളപ്പോഴാണ്. ക്രൈസ്റ്റ് കോളെജിലെ ബിരുദപഠനങ്ങൾക്ക് ശേഷം ഞാൻ കഥകളി സ്കോളർഷിപ്പിനുവേണ്ടിയാണ് പ്രയത്നിച്ചത്.

ദെൽഹിയിലെ ഇന്റർനാഷണൽ കഥകളി കേന്ദ്രത്തിൽ നിന്ന് എനിക്ക് ക്ലാസ്സെടുക്കാൻ ആശാൻ സദനത്തിൽ വീണ്ടും വരികയുണ്ടായി. ആശാൻ എനിക്ക് ആദ്യമേ താക്കീത് നൽ‌കുകയുണ്ടായി. “ദുഃഖിക്കാൻ തയ്യാറാണെങ്കിൽ കഥകളി പഠിക്കുവാൻ തുടങ്ങിയാൽ മതി“... ദുഃഖിക്കാൻ തയ്യാറാണെങ്കിൽ സ്നേഹിക്കാൻ തുടങ്ങിയാൽ മതിയെന്ന് ശ്രീബുദ്ധനോ മറ്റോ പറഞ്ഞത് ഞാൻ ഓർത്തു പോയി. കോട്ട്യ്ക്കൽ രവി, കലാമണ്ഡലം ഉണ്ണികൃഷ്ണൻ, കൊളത്താപ്പിള്ളി നമ്പൂതിരി തുടങ്ങിയവർ അന്ന് സദനത്തിൽ ജോലി ചെയ്തിരുന്നു. അവർ എന്റെ ആത്മമിത്രങ്ങളുമായിരുന്നു. ഉണ്ണികൃഷ്ണനുശേഷം ബലരാമനും പ്രഭാകരേട്ടനും സദനത്തിൽ ഉണ്ടായിരുന്നു.

ജീവിതത്തിലെ ഏറ്റവും ധന്യമായ കാലഘട്ടമേതെന്ന് ചോദിച്ചാൽ എന്റെ സ്കോളർഷിപ്പ് കാലഘട്ടമെന്ന് ഞാൻ പറയും. എന്റെ താമസം കളരിയിലേയ്ക്കാക്കി. കളരിയിൽ അന്ന് വൈദ്യുതിയുണ്ടായിരുന്നില്ല.

ആശാന് ശ്വാസം മുട്ട്, ചുമ തുടങ്ങിയ രോഗങ്ങൾക്കൊപ്പം കാലിൽ ആണിരോഗവും, എക്സിമയും ഉണ്ടായിരുന്നു. രാത്രി കിടക്കുമ്പോൾ ച്യവനപ്രാശവും പാലും ആശാൻ കഴിക്കാറുണ്ടായിരുന്നു. ഒരു നാരങ്ങാമിഠായിയോളം ച്യവനപ്രാശവും ഒഴക്ക് പാലും ആശാൻ കഴിക്കാതെ കരുതിവെയ്ക്കുകയും അത് എനിക്ക് തരികയും പതിവായിരുന്നു. ഹോർലിക്സ് ആശാന് ഇഷ്ടമായിരുന്നു. ഞാൻ വാങ്ങിക്കൊണ്ടുവെക്കുന്ന ഹോർലിക്സ് കോട്ടയ്ക്കൽ രവി എപ്പോഴും ആശാൻ കാണാതെ കട്ട് തിന്നുമായിരുന്നു. “ഹരി ഹോർലിക്സ് മാറ്റി വെച്ച്ട്ടുണ്ട്ട്ടോ കട്ടിലിന്റെ താഴെ കാണും“ എന്ന് രവിയോട് പറയുകയും അവൻ അത് വാരിത്തിന്നുന്നത് ആശാൻ കൌതുകത്തോടേ കാണുകയും പതിവായിരുന്നു.

ആശാന് കുളിക്കാനുള്ള വെള്ളം ചൂടാക്കുക, കുറുന്തോട്ടി അരച്ചുവെയ്ക്കുക, ഭക്ഷണം കൊണ്ടുവരുക തുടങ്ങി എല്ലാ കാര്യങ്ങളും ചെയ്യാൻ ഞങ്ങൾക്ക് മത്സരമായിരുന്നു. കോയമ്പത്തൂരുനിന്നോ മറ്റോ കളി കഴിഞ്ഞ് വരുമ്പോൾ ആശാന്റെ തൊട്ടുപിൻസീറ്റിലാണ് ഞാനും രവിയും ഇരുന്നിരുന്നത്. ആശാന്റെ ചെവിയിൽ പിടിക്കാൻ തനിക്ക് ധൈര്യമുണ്ടോ - രവി എന്നോട് ചോദിച്ചു. എനിക്ക് വാസ്തവത്തിൽ പേടി ആയിരുന്നെങ്കിലും പിന്നിലിരുന്നുകൊണ്ട് രണ്ടു ചെവിയിലും രണ്ടു കൈകൊണ്ടും ഞാൻ പിടിക്കുക തന്നെ ചെയ്തു. “ആരാ ജയിച്ചത്“ എന്ന് ആശാൻ ചോദിച്ചപ്പോഴാണ് ഞങ്ങളുടെ കുസൃതി മുഴുവൻ ആശാൻ കേൾക്കുന്നുണ്ടായിരുന്നു എന്ന് അറിഞ്ഞത്. കേൾവി ശക്തി സൂക്ഷ്മമായിരുന്നു. ഉള്ളിൽ എല്ലുകളുള്ളതുപോലെ ബലമേറിയതാണ് ആശാന്റെ ചെവികൾ. ഇത്തരം ചെവിയുള്ളവർ ആർക്കും വഴങ്ങാത്തവരും കുറുമ്പന്മാരായിരിക്കുമെന്ന് ഏതോ സാമുദ്രികശാസ്ത്ര പുസ്തകത്തിൽ ഞാൻ പിന്നീട് വായിക്കുകയുണ്ടായി.

പത്തിരിപ്പാലയിലെ പുലാച്ചേരിമനയ്ക്കലേയ്ക്ക് വേളികഴിച്ച് കൊണ്ടുവന്ന ശ്രീദേവി ടീച്ചർ പറഞ്ഞറിഞ്ഞ് കാലിലെ ആണിരോഗം മാറുവാൻ ചില ഹോമിയോപ്പതി മരുന്നുകൾ വരുത്തിക്കൊടുത്തിരുന്നു. കുറെയൊക്കെ ആശാൻ കഴിച്ചെങ്കിലും പിന്നീട് അത് നിർത്തുകയായിരുന്നു. പക്ഷെ കഴിച്ചിടത്തോളം മരുന്നിന്റെ ഫലം കൊണ്ടാവണം കാലിലെ ആണി കൊഴിഞ്ഞ് പോയതായി ആശാൻ പറയുകയുണ്ടായി.

സ്കോളർഷിപ്പ് കാലത്താണ് ഞാൻ സി.എസ്.കൃഷ്ണ അയ്യരുടെ അടുക്കൽ ശിഷ്യപ്പെടുന്നത്. എന്റെ ആദ്യത്തെ ഗുരുവായ സെബാസ്റ്റ്യൻ ജോസഫ് സാറെക്കുറിച്ച് കൃഷ്ണയ്യർ സാറിന് അതീവ മതിപ്പായിരുന്നു. “ജ്ഞാനസ്ഥനായിരുന്നു. നല്ല ശബ്ദനിയന്ത്രണവും പക്ഷെ വേഗം മരിച്ച് പോയി“ അദ്ദേഹം പറഞ്ഞു.

അനദ്ധ്യായ ദിവസങ്ങൾ കഴിഞ്ഞ് ദ്വിതീയയ്ക്ക് ചിലപ്പോൾ ചൊവ്വ, വെള്ളി ദിവസങ്ങൾ ഒത്തുവരും. എന്റെ പാട്ടുക്ലാസ്സുകൾ ആ ദിവസങ്ങളിലായിരുന്നു നിശ്ചയിക്കപ്പെട്ടിരുന്നത്. ‘ചൊല്ലിയാട്ടത്തിനു നിൽക്കുകയാണ് പാട്ടു ക്ലാസ്സിനു പോകുന്നില്ലെ‘ന്ന് ഞാൻ അഭിപ്രായപ്പെടുമ്പോൾ “സമയം വൈകിയിട്ടൊന്നുമില്ല കൽ‌പ്പാത്തിക്ക് പൊയ്ക്കോളൂ. കൊളത്തിൽ നിന്ന് വെള്ളം കോരുന്നപോലെ ആണ് അദ്ദേഹം ഹരിക്ക് സംഗീതം തരുന്നത്. ചൊല്ലിയാട്ടം ഉച്ചയ്ക്കുശേഷവുമാകാമല്ലൊ“ എന്നായിരുന്നു ആശാൻ പറഞ്ഞത്. മറിച്ച് ഒന്നുകിൽ കഥകളി അല്ലെങ്കിൽ പാട്ട് എന്നായിരുന്നില്ല.

ടേപ്പ് ചെയ്ത പാട്ടുക്ലാസ്സുകൾ കേട്ടു രാത്രികളിൽ ഉറങ്ങാൻ കിടക്കുമ്പോൾ അതുകേൾക്കാൻ ആശാൻ വാതിൽക്കൽ വന്ന് നിൽക്കാറുണ്ടായിരുന്നു എന്ന് ഞാൻ പിന്നീടാണ് മനസ്സിലാക്കിയത്. കളരിയിൽ അന്നു പാടാറുള്ള ഭജനകൾ കേൾക്കാൻ ആശാൻ വരാന്തയിൽ വന്ന് നിൽക്കുമായിരുന്നു. ആശാന്റെ വേഷത്തിന് ഞാൻ പാടുന്നത് ആശാന് ഇഷ്ടമായിരുന്നു.

സ്കോളർഷിപ്പ് കാലം കഴിയുമ്പോഴേയ്ക്കും ഞാൻ കിർമ്മീരവധം ധർമ്മപുത്രൻ, കാലകേയവധം അർജ്ജുനൻ, കല്യാണസൌഗന്ധികം ഭീമൻ, സുഭദ്രാഹരണം അർജ്ജുനൻ, ബാലിവിജയം രാവണൻ, ഉൽഭവത്തിൽ രാവണൻ തുടങ്ങിയ ശ്രമപ്പെട്ട വേഷങ്ങളെല്ലാം ഒരിക്കലെങ്കിലും ചെയ്തുകഴിഞ്ഞിരുന്നു. എന്റെ ഭീമന് ആശാൻ ഹനുമാൻ ചെയ്യാൻ തയ്യാറായി. എന്റെ രാവണന് ആശാൻ നാരദൻ ചെയ്യാൻ തയ്യാറായി. എന്റെ കൃഷ്ണന് ആശാൻ കുചേലൻ ചെയ്യാൻ തയ്യാറായി. എന്റെ അർജ്ജുനനോടൊപ്പം ആശാൻ ബ്രാഹ്മണൻ ചെയ്യാൻ തയ്യാറായി.

എളുമ്പുലാശേരി കളിക്ക് ആശാന്റെ ബ്രാഹ്മണനും എന്റെ അർജ്ജുനനും ആയിരുന്നു നിശ്ചയിക്കപ്പെട്ട വേഷം. പാട്ടിന് ഹൈദരാലിയേയും മറ്റ് ചിലരേയും ഏൽ‌പ്പിച്ചിരുന്നു. ചുരുക്കത്തിൽ പറയട്ടെ സംഘാടകർ ഏൽ‌പ്പിച്ചവരോ സദനക്കാർ ഏൽ‌പ്പിച്ചവരോ ആരും വന്നില്ല. കളിക്കുപാടാൻ സദനത്തിലെ പാട്ട് അരങ്ങേറ്റം കഴിഞ്ഞ് ഒരു കുട്ടി മാത്രം. എന്റെ വേഷം തീർന്ന് ഞാൻ കിരീടം വെയ്ക്കാറായി. സംഘാടകർ തലങ്ങും വിലങ്ങും ഓടുന്നു. “എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് ഹരിയോട് ചോദിക്കൂ“ എന്ന് സംഘാടകരോട് പറയുന്ന ആശാന്റെ ശബ്ദം ഞാൻ കേട്ടു. നേരിട്ട് പറയുവാൻ ആശാനും വൈമനസ്യമുണ്ടായിരുന്നെന്നു തോന്നു. അവസാനം ആശാന്റെ അനുമതിയോടെ മനയോല തുടച്ച് ആ മുഴുരാത്രി കളി ഞാനും സദനത്തിൽ കുട്ടിയും കൂടി നിവർത്തിക്കുകയായിരുന്നു.

മാനസികമായി തളർന്ന കാലങ്ങളിൽ ആശാൻ എന്നെ ഓർമ്മിപ്പിച്ചു. “കിരീടം അഴിച്ച് ചുട്ടി തട്ടി അരങ്ങത്ത് പാടി കളി നിവർത്തിച്ച ഒരാൾ താനെ ഉണ്ടാവൂ. അങ്ങനെ പലതും നിവർത്തിക്കുവാൻ ഉണ്ട് തനിക്ക്“.

വിദ്യാരംഭത്തിന് ദക്ഷിണവെച്ച് നമസ്കരിക്കുവാൻ ഒരിക്കൽ വെള്ളിനേഴിയിൽ ചെന്നപ്പോൾ പറഞ്ഞു - “താൻ പണ്ട് വരച്ചുതന്ന ഗുരുനാഥന്റെ (പട്ടിക്കാം‌തൊടിയുടെ) ചിത്രം വെച്ച് കൊണ്ട് ഞാനെന്റെ വിദ്യാരംഭം അനുഷ്ഠിക്കുകയുണ്ടായി“. .. വർഷങ്ങൾക്ക് മുൻപ് എന്നോ വരച്ചു കൊടുത്ത പട്ടിക്കാം‌തൊടിയുടെ ഒരു പെൻസിൽ ഡ്രോയിങ്ങ് ആശാൻ അമൂല്യമായി സൂക്ഷിച്ചിരുന്നു എന്ന അറിവിൽ നിന്നാണ് സദനത്തിൽ സൂക്ഷിച്ചിട്ടുള്ള പട്ടിക്കാം‌തൊടിയുടെ ടെറാക്കോട്ട പ്രതിമ നിർമ്മിക്കുവാൻ എനിക്ക് പ്രചോദനം ലഭിച്ചത്. ആ ശിൽ‌പ്പത്തിനു മുൻപിൽ ആശാനും രാമൻ കുട്ടിയാശാനും പത്മനാഭനാശാനും മറ്റും നമസ്കരിക്കുന്നത് കണ്ടപ്പോൾ എനിക്കുണ്ടായ ചാരിതാർത്ഥ്യം കുറച്ചൊന്നുമായിരുന്നില്ല.

സദനം കൃഷ്ണൻ കുട്ടിയേട്ടനു ഇരിങ്ങാലക്കുടയിൽ വെച്ച് നൽകിയ സ്വീകരണച്ചടങ്ങുകളിൽ എനിക്ക് നളചരിതം നാലാംദിവസത്തിൽ ബാഹുകൻ ചെയ്യേണ്ട അവസരമുണ്ടായി. കൃഷ്ണൻ കുട്ടിയേട്ടന് പനിയോ മറ്റോ ആയിരുന്നു അന്ന്. യാതൊരു ഗൃഹപാഠവും ചെയ്യാൻ നേരം കിട്ടിയില്ലെങ്കിലും അത് നിവർത്തിക്കുവാൻ ഞാൻ തയ്യാറായി. എന്റെ വേഷം കഴിയുംവരേയ്ക്കും ആശാൻ കാണാനിരുന്നു. പിന്നീട് പത്മനാഭനാശാനും ആശാനും തിരിച്ച് പോകുന്ന കാറിൽ എനിക്കും കുറച്ച് ഇടം ഉണ്ടാക്കിത്തന്നു. പത്മനാഭനാശാനെ ഷൊർണ്ണൂരിൽ എത്തിച്ചശേഷം വെള്ളിനേഴിയ്ക്ക് പോകുമ്പോൾ പിൻസീറ്റിൽ ഞങ്ങൾ മാത്രമായിരുന്നു. എന്റെ തലയ്ക്കുമുകളിൽ പതിച്ച സുഖദമായ ഒരു ഭാരത്തെ ഞാൻ തിരിച്ചറിയുകയുണ്ടായി. ആശാന്റെ ഇടം‌പാണി എന്റെ മൂർദ്ധാവിൽ കൂടി വാത്സല്യപൂർവ്വം സഞ്ചരിക്കുന്നുണ്ടായിരുന്നു. അഞ്ചുവയസ്സിൽ മഴകൊണ്ടു കളരിയിൽ ചെന്നപ്പോൾ അനുഭവിച്ച അതേ സ്പർശം. അതേ അനുഗ്രഹം. ഒരു ക്ഷേത്രദർശനം പോലെ, ഒരു നിളാസ്നാനം പോലെ, ഒരു താരാട്ടുപോലെ...

ഈ അനുഭവങ്ങൾ എന്നെ പൂർണ്ണനാക്കുന്നു. ഈ ചിന്തകൾ മായുമ്പോൾ ഞാൻ വീണ്ടും കാലിയാകുന്നു. അതിൽ അഹം വന്നു നിറയുന്നു. അഹത്തെ അറിയാത്തവന് അഹം ബ്രഹ്മാസ്മിയെന്ന അറിവും ഉണ്ടാകില്ലല്ലൊ. അഹംകാരത്തെ അഹം ബോധമാക്കാനാകില്ലല്ലൊ. വേനലും വർഷവും മാറിവരുന്നപോലെ ഊഞ്ഞാലാടുന്നതുപോലെ രാത്രിയും പകലും വരുന്ന പോലെ അനുഗ്രഹിക്കപ്പെട്ട ദുർല്ലഭമുഹൂർത്തങ്ങളിൽ ആശാന്റെ ചിത്രം എന്റെ കണ്ണുകളിൽ ഒരു ചന്ദ്രകാന്തക്കല്ലുമായി പ്രത്യക്ഷപ്പെടും.

ആശാന്റെ പച്ചയോ താടിയോ മിനുക്കോ ഏതുവേഷമായാലും കൊള്ളാം. ആശാന്റെ അഷ്ടകലാശം എന്റെ മുൻപിൽ ഒരു സുമേരുപർവ്വതമായി നിൽക്കുന്നു. ഒരു അത്ഭുതസ്തംഭമായി.

സത്യം പറയട്ടെ, എനിക്ക് കൂടുതൽ എഴുതുവാൻ സാദ്ധ്യമാകുന്നില്ല. പറഞ്ഞവർ അറിഞ്ഞവരെല്ലെന്നും അറിഞ്ഞവർ പറഞ്ഞവരല്ലെന്നുമാണല്ലൊ പ്രമാണം.

തികച്ചും അഭ്യന്തരവും സ്വകീയവുമായ എന്റെ ഈ ഓർമ്മക്കുറിപ്പുകളുടെ തിരുശേഷിപ്പ് സ്വകാര്യമായി ചർവ്വണം ചെയ്യാൻ മാത്രമുള്ളതാണെന്നറിയാം. ജീവനത്തിനുള്ള അന്നത്തിനും വെള്ളത്തിനും വായുവിനും അതീതമായി ജീവിതത്തിന്റെ ആശ്രയസങ്കേതങ്ങളും ആലംബനങ്ങളും ഊർജ്ജസ്രോതസ്സുകളുമാണ് എനിക്ക് ആശാനും എന്റെ അച്ഛനും സി.എസ്.കൃഷ്ണയ്യർ സാറും. അവർ എന്റെ ഭാഗധേയങ്ങളാണ്.

അവർ അപൂർവങ്ങളാണ് അമൂല്യങ്ങളാണ്. തസ്മൈശ്രീ ഗുരവേ നമഃ

Article Category: 
Malayalam
സന്ദർഭം: 

Comments

pradeepthennatt's picture

നല്ല ഓര്‍മ്മകള്‍ . നന്നായിരിക്കുന്നു. 

നന്നായിട്ടുണ്ട് ഹരിയേട്ടാ...

മനോഹരമായ അനുസ്മരണം. സംസ്കാരവും ആത്മാർഥതയും നിറഞ്ഞുനിൽക്കുന്നു.
ഹരിയേട്ടന് അഭിനന്ദനങ്ങൾ..

C.Ambujakshan Nair's picture

ശ്രീ. സദനം ഹരികുമാര്‍,
ഹൃദയത്തില്‍ തട്ടുന്ന ഓര്‍മ്മകള്‍. ഞാന്‍ വായിക്കുക ആയിരുന്നില്ല,  കാണുകതന്നെയായിരുന്നു. ബഹുമാന്യനായ ഗുരുനാഥന്റെ  കടാക്ഷം എപ്പോഴും താങ്കള്‍ക്കു ഉണ്ടാകട്ടെ.

The memories of not one legend, but the life time of Asan is described in a lucid style. I could not stop reading it till it was complete.I read it again and again.
A Malayali living outside Kerala will plunge into nostalgia when we get an opportunity to read and understand the past and the sufferings of our Gurus.
We are blessed by people like you to get the knowledge about our Gurus, their integrity, handwork and devotion to the Art and hope, these values are
important for following their vision.

You are indeed blessed not only by your great Guru but also by Sarveswaran. Let them lead you to more and more success. Not only thanks, but a humble Namasthe to
you and our Gurus. K.G Haridasan(Uthareeyam, Chennai. Mob: 9444035339)

It is worth reproducing in many more publications. Do we have similar Gurus and Shishys anymore ?

സദനം ഹരികുമാര്‍ ഇപ്പോഴും വേഷം കഴിഞ്ഞാല്‍ അരങ്ങത്തു പാടുന്നത് ശ്രദ്ധിച്ചിട്ടുണ്ട്.