ഹാഹന്ത ഹവേലീചരിതം

Wednesday, May 30, 2012 - 17:06
Ormmakalkkoru kattottam Part 2

 

(ഓര്‍മ്മകള്‍ക്കൊരു കാറ്റോട്ടം - ഭാഗം 2)

പതിവിലും വൈകി എഴുന്നേറ്റ അവധി ദിവസം. ഫ്ലാറ്റില്‍ മടിച്ച് കൂടുകയായിരുന്നു. ഉച്ച തിരിഞ്ഞു. സായംകാലത്തും ഒടുങ്ങാത്ത ചൂട്. ദല്‍ഹിയിലെ തീക്ഷ്ണവേനല്‍ അങ്ങനെയാണ്. അസ്തമന സമയത്തും സൂര്യന്‍ പ്രതാപി തന്നെ. ഒന്ന് പുറത്തെ ബാല്‍ക്കണിയില്‍ പോയിരിക്കാമെന്നു വിചാരിച്ചാല്‍‍, തിണ്ണയും കസേരയുമൊക്കെ പൊള്ളുന്നപോലെയാണ് കിടപ്പ്.

പൊടുന്നനെയാണ് ശബ്ദം കേട്ടത്. ആകാശത്ത് ഇടി വെട്ടിയതാണ്. ക്ഷണനേരം കൊണ്ട് പുറത്തെ അന്തരീക്ഷം മാറി. ആര്‍ത്തടിക്കുന്ന പൊടിക്കാറ്റ്. ആന്ധി എന്ന് പ്രാദേശികനാമം. ആഞ്ഞടിച്ച് ജനലുകള്‍ പരിഭ്രമം കാട്ടി. പുറംലോകം പെട്ടെന്നിരുട്ടി. മേലെ, മിന്നല്‍ച്ചീളുകള്‍ -- വരാനിരിക്കുന്ന കോളിന് നേരെ സൂചനകള്‍ മാതിരി. രണ്ടുതുള്ളി വെള്ളം സാമ്പിള്‍ ആയി ആദ്യം. പിന്നെ ആടിയുലഞ്ഞ മഴ. ക്രമേണ, സ്ഥിരബോധം വന്ന മട്ടില്‍ കടതലയുറച്ച ശാന്തന്‍ പെയ്ത്ത്.

പുതുമണ്ണ് വാസനിച്ചപ്പോള്‍ പുസ്തകം വല്ലതും നോക്കിയാലോ എന്ന് തോന്നി. അകത്തെ മുറിയിലെ മരയലമാര ചില്ലുനീക്കി കൈ പായിച്ചപ്പോള്‍ വിരല്‍ തടഞ്ഞത് ആംഗല നോവലോന്നിനു മേല്‍. പശ്ചാത്തലം, പക്ഷെ, കേരളം. The God of small Things. ഇറങ്ങിയ കാലത്ത് വായിച്ച നോവലാണ്‌. വെറുതെ തുറന്നുനോക്കി താളുകള്‍ ചിലവക്ക് മേല്‍ കണ്ണോടിച്ചു.

കൈ ചെന്നുടക്കിയത് "കൊച്ചു തൊമ്പന്‍" എന്ന അദ്ധ്യായത്തില്‍. തലക്കെട്ടില്‍നിന്ന് മനസ്സില്‍ പതിയുന്ന ചിത്രം എന്തോ ആവട്ടെ, അരുന്ധതി റോയ് ഇവിടെ പറയുന്ന വിഷയം കഥകളിയാണ്. അവരുടെ നാടായ മദ്ധ്യതിരുവിതാംകൂറിലെ അയ്മനം ഗ്രാമത്തില്‍ "ഓടക്കുഴല്‍ പിടിച്ച നീല ദൈവം" വസിക്കുന്ന ക്ഷേത്രത്തില്‍ ഒരു രാത്രി 'കര്‍ണശപഥം'. കഥയറിഞ്ഞിട്ടും എന്തുകൊണ്ട് നാം കളി വീണ്ടും വീണ്ടും കാണാന്‍ പ്രേരിതരാവുന്നു എന്ന് വൈകാതെ പറഞ്ഞുതരുന്നുണ്ട്: It didn’t matter that the story had begun, because kathakali discovered long ago that the secret of the Great Stories is that they have no secrets. The Great Stories are the ones you have heard and want to hear again. The ones you can enter anywhere and inhabit comfortably. They don’t deceive you with thrills and trick endings. They don’t surprise you with the unforeseen. They are as familiar as the house you live in. Or the smell of your lover’s skin. You know how they end, yet you listen as though you don’t. In the way that although you know that one day you will die, you live as though you won’t. In the Great Stories you know who lives, who dies, who finds love, who doesn’t. And yet you want to know again.
That is their mystery and their magic.

ഏറെയും കൊച്ചു സോഫി മോളുടെ കണ്ണുകള്‍ വഴി കുറെ അത്ഭുതങ്ങള്‍ പറഞ്ഞുപോവുമ്പോഴും, ഈവിധം ഇടയ്ക്കെല്ലാം മുതിര്‍ന്ന ആളുകള്‍ക്ക് മാത്രം തരാനാവുന്ന ദര്‍ശനങ്ങള്‍ കുറിച്ചിടുന്നുണ്ട് എഴുത്തുകാരി. പക്ഷെ, പാതിമാത്രം വെന്തൊരു കാഴ്ച്ചപ്പാടായെ ഈ ഖണ്ടികയെ കാണാനാവുന്നുള്ളൂ. അല്ലെങ്കില്‍, ഭക്ഷണമെല്ലാം പാകം ചെയ്ത് ഉപ്പിടണ്ടാ എന്ന് തീരുമാനിച്ചത് മാതിരി. കഥകള്‍ മഹത്തരം ആവുന്നത് കൊണ്ട് മാത്രമോ നമ്മെ നളചരിതവും കല്യാണസൌഗന്ധികവും കീചകവധവും ഒക്കെ പിന്നെയും പിന്നെയും കളിയരങ്ങിലേക്ക് ആകര്‍ഷിക്കുന്നത്? സാഹിത്യത്തിന്റെ മാത്രം കണ്ണടയിലൂടെ നോക്കിയതിനാലാവുമോ ഇത്തരമൊരു വിവക്ഷയിലെക്ക് വിഷയം ഒതുങ്ങിപ്പോയത്? കഥകളി കണ്ടുശീലം ധാരാളമുള്ളവര്‍ക്ക് ഉത്തരം എളുപ്പവും ലളിതവുമാണ്. കുറേക്കൂടി കൃത്യവും. ഉദാഹരണത്തിന് പൂതനാമോക്ഷം എടുക്കുക. ഒരേ കലാകാരന്മാരുടെതന്നെ സംഘം ചേര്‍ന്നുള്ള കളിയല്ല സാധാരണ നിലക്ക് ഒരാസ്വാദകന് തരപ്പെടുക. ലളിത ഇന്ന് ഒരാളുടെയെങ്കില്‍ നാളെ മറ്റൊരാളുടെ. ഇനി രണ്ടിടത്തും ഒന്നായെങ്കില്‍ത്തന്നെ പാട്ടും മേളവും വ്യത്യസ്ഥരായ പ്രയോക്താക്കളുടെ. ഇനി അഥവാ ചുട്ടിക്കാരന്‍ പോലും സദാ ഒരെയാള്‍തന്നെ എന്നവിധം "തനിപ്പകര്‍പ്പ്‌" ആയ ചുറ്റുപാടെങ്കില്‍ വേഷത്തില്‍ ചില്ലറ പുതുമ, ആട്ടത്തില്‍ നവീനതകള്‍, പാട്ടിലും കൊട്ടിലും മാറ്റങ്ങള്‍, അരങ്ങിന്റെ അന്തരീക്ഷംതന്നെ തികച്ചും അസമാനം. എന്തിനേറെ, കളി കാണാന്‍ ഇരുന്ന വശം ഒന്ന് മാറിയാല്‍ മതി അനുഭവം വേറെ വഴിക്ക് പോവാന്‍. ഇനി, ഇതൊന്നുമല്ലെങ്കില്‍ക്കൂടി കളിക്കാന്‍ ഒരു എക്സ്ക്യൂസ് മാത്രമാണല്ലോ പലപ്പോഴും കഥ. ഓരോ അരങ്ങും ആദ്യാനുഭവം ആവുന്നത് ഏതെല്ലാം വിധത്തിലെന്ന് നോവലിസ്റ്റിന് "just miss" ആയതോര്‍ത്ത് ജനല്‍ വഴി പുറത്തേക്ക് നോക്കി.

മഴ ഒന്ന് നേര്‍ത്തിരിക്കുന്നു.

താള് മറിച്ചു. അവിടെ, താനെഴുതിയ half-baked ആശയത്തിന് പ്രായശ്ചിത്തം എന്ന പോലെ ഒരു ഖണ്ഡിക. ഇത് ഗംഭീരം. മര്‍മം തൊട്ട സത്യം: The Kathakali Man is the most beautiful of men. Because his body is his soul. His only instrument. From the age of three it has been planed and polished, pared down, harnessed wholly to the task of storytelling. He has magic in him, this man within the painted mask and swirling skins.

അപ്പോള്‍ ഈ രംഗകലയെ കുറിച്ച് ഇത്രവരെയൊക്കെ ആലോചിച്ച് മനസ്സിലാക്കിയിരിക്കുന്നു, അല്ലേ!

The God of Small Things ഇറങ്ങിയ 1997 കാലത്ത് അരുന്ധതി ഇന്നത്തേതിലോക്കെ ഏറെ സുന്ദരിയായിരുന്നു. ഇതിവൃത്തസംബന്ധിയായി കായലും കെട്ടുവള്ളവും മാത്രമല്ല അക്കാലത്ത് പുസ്തകത്തിന്റെ നിരൂപണത്തിനോപ്പം ആനുകാലികങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. മണല്‍പ്പരപ്പിലെ തറവാടിന്റെ ഇറയത്തിനു മേലത്തെ മുഖപ്പ് തെങ്ങോലത്തുമ്പില്‍ ഉരസുന്ന സുഖാലസ്യമുള്ള ചിത്രങ്ങള്‍ക്ക് തിലകക്കുറിയുമായി നോവലിസ്റ്റും നിറഞ്ഞുനിന്നു. ദല്‍ഹിനിവാസിയായ എഴുത്തുകാരിയെ തലസ്ഥാനത്തെ പത്രങ്ങള്‍ കൊണ്ടാടാന്‍ കാരണം വേറെയും ഉണ്ടായിരുന്നു: കോപ്പിറൈറ്റ് ആയി ഇവര്‍ക്ക് കിട്ടിയ കിടുകിടിലന്‍ തുക.

എന്നിരിക്കിലും നോവല്‍ വന്നുവന്ന് ബുക്കര്‍ സമ്മാനം വരെ കരസ്ഥമാക്കും എന്ന് ആരും അത്രയൊന്നും കരുതാഞ്ഞ കാലം. എന്നുവച്ചാല്‍ ഇന്നുള്ളതിന്റെ ആയിരത്തിലൊന്ന് പ്രശസ്തി ഇല്ലാഞ്ഞ സമയം. പുസ്തകത്തിലെ "കൊച്ചു തൊമ്പന്‍" അദ്ധ്യായം Oriental exotica വിളമ്പാന്‍ നടത്തിയ desperate attempt ആണ് എന്ന് ഇന്ദ്രപ്രസ്ഥത്തിലെ ഒരു പ്രശസ്ത മലയാള സാഹിത്യകാരന്‍ അഭിപ്രായപ്പെട്ടു. ആ ശകലം അവിടെയില്ലെങ്കില്‍ക്കൂടി നോവല്‍ ഭദ്രം എന്നും കൂട്ടിച്ചേര്‍ത്തു. അതിനുമൊക്കെ അപ്പുറവും പോയി വിമര്‍ശനങ്ങള്‍. പുസ്തകം വെറും potboiler മാത്രം എന്നായി വേറൊരു നിരൂപകന്‍. പതിവുപോലെ, നോവല്‍ വായിക്കാതെ നിരൂപണങ്ങള്‍ മാത്രം ഓടിച്ചുനോക്കി ഞാനും അതെ നഗരത്തില്‍ കാലം കഴിച്ചു.

തെക്കന്‍ ദില്ലിയിലെ അന്നത്തെ താമസസ്ഥലത്തിന് അകലെയായിരുന്നില്ല ഇന്റര്‍നാഷണല്‍ കഥകളി സെന്റര്‍. അദ്ധ്യാപകരില്‍ നല്ലൊരു പങ്കും ഞാന്‍ മുമ്പ് ജോലി ചെയ്തിരുന്ന സദനത്തിലെ പൂര്‍വകാല വിദ്യാര്‍ഥികള്‍ ആയിരുന്നതിനാല്‍ക്കൂടി ഇടയ്ക്കിടെ അവിടം സന്ദര്‍ശനം പതിവായിരുന്നു. സെന്ററിന്റെ പ്രിന്‍സിപ്പാള്‍ തന്നെ സദനത്തിലെ ആദ്യകാല ബാച്ചുകളിലെ ഒരാള്‍: പി വി ബാലകൃഷ്ണന്‍. ശരാശരി കഥകളിക്കാരില്‍നിന്ന് വേറിട്ട രൂപഭാവത്തില്‍ സൌമ്യന്‍, കലയെ കുറിച്ച് എപ്പോഴുമെന്ന പോലെ മനനം ചെയ്യുന്ന വ്യക്തി. ഭാരതത്തിനകത്തെയും പുറത്തെയും നൃത്ത-നാടക കലകളെ കുറിച്ച് തല്‍പ്പരന്‍. പാട്ട് സദനം രാജഗോപാലന്‍ ആയിടെ ഫലത്തില്‍ കളിയരങ്ങ് വിട്ടിരുന്നു. അപ്പോഴേക്കും (ഇപ്പോഴും) സദനനത്തില്‍ നിന്നുതന്നെ സംഗീതം പഠിച്ച രാധാകൃഷ്ണന്‍ ആണ് സെന്ററിലെ മുഖ്യഗായകന്‍. ശാന്തന്‍, സാധു. മദ്ദളത്തിന് മുഖ്യന്‍ മുരുകജ്യോതി. നാട്ടില്‍ വച്ചുതന്നെ ചില സദനം ട്രൂപ്പ് കളികള്‍ക്ക് ഒപ്പം കൂടിയിട്ടുണ്ട് മുരുകേട്ടന്‍. (ഇദ്ദേഹം 2009ന്റെ തുടക്കത്തില്‍ വാഹനാപകടത്തില്‍ മരിച്ചു.) ഇവരേക്കാളൊക്കെ അടുത്ത സുഹൃത്ത് ശ്രീനാഥന്‍. സദനത്തില്‍ അദ്ദേഹത്തെക്കാള്‍ വളരെ മുമ്പ്
പുറത്തിറങ്ങിയ മറ്റൊരു വേഷക്കാരന്‍ എം എന്‍ ഹരികുമാര്‍. (ഇന്ന് സെന്ററിന്റെ വൈസ് പ്രിന്‍സിപ്പല്‍.) പെട്ടിക്കാരന്‍ ഗോവിന്ദന്‍ സദനത്തിന്റെ ചുറ്റുവട്ടത്തെ (പേരൂര്‍) ഗ്രാമനിവാസി. അതല്ലാതെ ആ സ്ഥാപനത്തിന്റെ ഇന്നത്തെ മേധാവി ഏവൂര്‍ രാജേന്ദ്രന്‍ പിള്ള (അഥവാ RLV രാജേന്ദ്രന്‍) അടക്കം ചിലരെയൊക്കെ നാട്ടില്‍ നിന്നെയുള്ള പരിചയം. ബാക്കിയുള്ളവര്‍ ദില്ലിയിലെ തുടക്കക്കാലത്ത് ക്രമേണ സൌഹൃദത്തില്‍ ആയവര്‍.

കഥകളി സെന്ററില്‍ അത്യാവശ്യത്തിനും അല്ലാതെയും പോവുക എന്നത് കുറേശ്ശെ പതിവായി. ഒഴിവുള്ളപ്പോള്‍ വെറുതെ വര്‍ത്തമാനം പറഞ്ഞിരിക്കുക എന്നതൊന്ന്. താമസമുറിയില്‍ വെള്ളമില്ലാത്ത പ്രഭാതങ്ങളില്‍ ഇടുങ്ങിയ 'ഗലി'കള്‍ താണ്ടി ടാറിട്ട റോഡ്‌ മുറിച്ച് കടന്ന് വീണ്ടും ചില ഊടുവഴികള്‍ നടന്ന് ഒടുവിലൊരു വെളിമ്പറമ്പിന്റെ അരമതില്‍ ചാടി അപ്പുറത്ത് സെന്ററില്‍ എത്തും -- അവിടെ ടാങ്കില്‍ എപ്പോഴും സ്റോക്ക് കാണും. വല്ലാത്ത ചൂടുള്ള രാവുകളില്‍ മുറിയുടെ കതക് താഴിട്ട് അവിടത്തോളം നടന്നെത്തിയാല്‍ സ്റെയ്ജുള്ള ഹാളിനു താഴെ അണിയറ മുറിയില്‍ (ബെയ്സ്മെന്റ്) നിലത്ത് പായ വിരിച്ച് കിടക്കാം. ശ്രീനാഥന്റെ ഉറക്കം അല്ലെങ്കിലും അവിടെയാണ്. എക്സോശ്റ്റ് ഫാന്‍ ചലിപ്പിച്ചാല്‍ പ്രത്യേകിച്ചും സുഖമാണ്. മുറിയില്‍ ടിവി ഇല്ലാഞ്ഞതിനാല്‍ അക്കാലത്തെ ചില പന്തുകളി മത്സരങ്ങള്‍ കാണാനും സെന്ററില്‍ പോവും.

അങ്ങനെയിരിക്കെ ഒരുനാള്‍ പകല്‍ അവിടെ ചെന്നപ്പോള്‍ വെളുത്ത് കൊഴുത്ത് ഉയരത്തില്‍ ഒരു സുമുഖന്‍ ചെറുപ്പക്കാരന്‍. ഒറ്റനോട്ടത്തില്‍ മനസ്സിലായി മലയാളി അല്ല എന്ന്. ശ്രീനാഥന്‍ ആണ് പരിചയപ്പെടുത്തിയത്: കഥകളിക്കമ്പം കയറിയ കാശ്മീര്‍കാരന്‍. Contemporary theatre പണ്ഡിതന്‍, പ്രയോക്താവ്. നടന്‍-സംവിധായകന്‍. അര്‍ജുന്‍ റൈന. താമസം ഉത്തര ദില്ലിയില്‍.

സംസാരപ്രിയന്‍. വര്‍ത്തമാനം പറഞ്ഞു തുടങ്ങിയപ്പോഴാണ് ഉള്‍വിളി വന്നത്: എവിടെയോ കണ്ടിട്ടുണ്ടല്ലോ. വൈകാതെ ഞാനത് തുറന്നു പറഞ്ഞു. കുസൃതിച്ചിരിയോടെ മറുചോദ്യം:
"പത്രക്കാരനല്ലേ? മെയ്ന്‍സ്ട്രീം അല്ലാത്തതും ആയ സിനിമയൊക്കെ കാണുന്ന ശീലമുണ്ടാവുമല്ലോ?" വല്ലപ്പോഴും, എന്ന് പരുങ്ങി മറുപടി കൊടുത്തു.

അര്‍ജുന്‍ മറുപടി പറയാന്‍ ഒരുങ്ങിയതും എനിക്ക് സംഗതി കത്തി. അതെ, അതുതന്നെ. അയാള്‍ തന്നെ ഇയാള്‍. 1991ലോ '92 ലോ ആവണം.... ഏതായാലും അഞ്ചാറു വര്‍ഷം മുമ്പ് ടെലിവിഷനില്‍ കണ്ടൊരു ഇന്ത്യന്‍ ആംഗല ചിത്രമുണ്ട്. ദൂര്‍ദര്‍ശനില്‍. In Which Annie Gives It Those Ones എന്ന് പേര്. രസികന്‍ സാധനമായിരുന്നു. അതിലെ മുഖ്യകഥാപാത്രം. ങ്ഹാ, അത് ഇദ്ദേഹം തന്നെ. 1989ല്‍ ഇറങ്ങിയ ആ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് അരുന്ധതി റോയ്. ആ വിവരത്തിന്‍മേലല്ല, പക്ഷെ, അവരെ ഓര്‍ത്തത്. അതില്‍ ചെറുതെങ്കിലും ഓര്‍മയില്‍ നില്‍ക്കുന്ന റോളില്‍ ഉണ്ട് നമ്മുടെ എഴുത്തുകാരി.

വിഷയം അങ്ങനെ The God of Small Things ആയി. സുഹൃത്തിന്റെ പുസ്തകം അര്‍ജുന്‍ മുമ്പേ വായിച്ചിരിക്കുന്നു. Exotica, potboiler തുടങ്ങിയ നിരൂപണബാണങ്ങള്‍ സൂചിപ്പിച്ചപ്പോള്‍ "ഛെ, ആ പറയുന്നതൊക്കെ ഭോഷ്ക്ക്" എന്ന മട്ടില്‍ പ്രതികരണം. "താങ്കള്‍ വായിച്ചിട്ടില്ല ആല്ലേ? എങ്കില്‍ വൈകിക്കരുത്," എന്നൊരു ഉപദേശവും.

Arundhati Roy (Illustration: Sneha)

അങ്ങനെ ആ കണ്ടുമുട്ടല്‍ അവസാനിച്ചു. പിരിയുമ്പോള്‍ ശ്രീനാഥന്‍ പറഞ്ഞു: "ഈയ്യാഴ്ച്ച ഒടുവില് കളിണ്ടേയ്... നോര്‍ത്ത് ദല്‍ഹീല്....കിര്‍മീരവധാ.... ഒഴിവ്ണ്ടെങ്ക് പോന്നള..." എന്നിട്ട്, മറ്റേ ആജാനബാഹു സുഹൃത്തിന് നേരെ മുഖം തിരിച്ച് ഇത്രയുംകൂടി: "അര്‍ജുന്‍ ഭി ഹോഗാ."

അതെയതെ എന്ന മട്ടില്‍ തല കുലുക്കി.

കളി ദിവസം എനിക്ക് ആപ്പീസ് ഒഴിവാണ്. എങ്കില്‍ സെന്ററില്‍ വന്ന് ട്രൂപ് വാഹനത്തില്‍ പോവാം എന്നായി ശ്രീനാഥന്‍. സന്തോഷം പറഞ്ഞ് തല്‍ക്കാലം പിരിഞ്ഞു.

പറഞ്ഞ നാള്‍ വന്നെത്തി. കളിക്കോപ്പ് കയറ്റിയ വാന്‍ അത്യാവശ്യം തിരക്കുള്ളതായിരുന്നു. എങ്കിലും സ്ഥലം കിട്ടി. തെക്കന്‍ ദില്ലിയുടെ ഇങ്ങേത്തലയിലാണ് കഥകളി സെന്റര്‍. പോവേണ്ടത് നഗരത്തിന്റെ നേരെ മറ്റേ ധ്രുവത്തില്‍. ഉത്തര ദില്ലിയില്‍ ചരിത്രത്തിന്റെ ദൃശ്യശകലങ്ങള്‍ വിശേഷിച്ചും കൂടും. അവിടത്തെ എടാകൂടം പിടിച്ച പഴയ മൊഹല്ലയില്‍ കഥകളിയുടെ ഇത്തിരിവെട്ടം കാട്ടുക എന്ന ദൌത്യത്തിലാണ് അര്‍ജുന്‍. (ഈ വിവരം മാസങ്ങള്‍ക്ക് മുമ്പേ ടൈംസ്‌ ഓഫ് ഇന്ത്യ പത്രത്തില്‍ ഒരിക്കല്‍ വായിച്ചിരുന്നു.) വേനല്‍ വെയിലില്‍ വണ്ടി നഗരമത്രയും കുറുകെ കടന്ന് ആ പ്രദേശത്തെ ഏതോ ഊരാക്കുടുക്കില്‍ കൊണ്ട് നിര്‍ത്തി. കാക്കാന്‍ അര്‍ജുന്‍ കൃത്യസ്ഥലത്ത് ഉണ്ടായിരുന്നു. ട്രൂപ്പ് അംഗങ്ങള്‍ക്ക് സ്വീകരണം തുടങ്ങി കോപ്പുപെട്ടിയിറക്കാന്‍ വരെ ഉത്സാഹത്തില്‍ ആയിരുന്നു അദ്ദേഹം.

നാലുപുറം മതില്‍ പോലുള്ള ഇടത്തില്‍ നടുമിറ്റം കണക്ക് അത്യാവശ്യം സ്ഥലം. ഇറയം പോലെ നീളന്‍ ഇടനാഴികള്‍ക്ക് അതിര്‍ത്തിയായി തൂണുകള്‍. അവക്ക് മുഗള്‍-രാജ്പുട്ട് കൊത്തുപണികളുടെ സ്വാധീനം ഗ്രഹിച്ചെടുക്കാം. "അപ്പൊ ദാണ് ഇവര്ടെ ഈ ഹവേലി, ലേ?" അക്കാലത്ത് സെന്ററില്‍ ഉണ്ടായിരുന്ന ചെറുപ്പക്കാരന്‍ പാട്ടുകാരന്‍ കലാമണ്ഡലം നാരായണന്‍ എമ്പ്രാന്തിരി (ജൂനിയര്‍) പറഞ്ഞു.

ചായ കഴിച്ചതും വേഷക്കാരും ചുട്ടിക്കാരും അണിയറക്കാരും വേഗം അവരവരുടെ പണികളില്‍ വ്യാപൃതരായി.

ഒരു വേലയും ഇല്ലാത്തത് ഞാന്‍ മാത്രം. കളിമുറ്റത്തിന്റെ ഒരു മൂലക്കല്‍ ഒരു പേരാല് നോക്കിക്കണ്ടു‍. അതങ്ങനെ പടര്‍ന്നുപന്തലിച്ച് ഒരു ഭാഗത്ത് കുട പിടിച്ചുനില്‍ക്കുന്നു. ഏറെക്കുറെ അതിന് എതിര്‍വശതതായി കാണുന്ന ഇടനാഴിക്ക് വീതി കൂടും. അവിടമാണ് കളി നടക്കാന്‍ പോവുന്ന അരങ്ങ്. അങ്ങനെ ഉയര്‍ത്തിക്കെട്ടിയിട്ടൊന്നുമില്ല. ഒരു ചവിട്ടുപടി കയറുന്ന പൊക്കം. നന്നായി. ഒന്നോര്‍ത്താല്‍ മലനാട്ടിലെ ഒരു നാലുകെട്ടിനു നടുവില്‍ എത്തിയ മട്ട്. അതിന്റെ വേറൊരുതരം പകര്‍പ്പ്. ഇവിടം കഥകളി നൂറ്റാണ്ടുകള്‍ക്ക് മുമ്പേ വരേണ്ടിയിരുന്നു എന്ന് തോന്നി.

സൂര്യന്‍ ചായാന്‍ തുടങ്ങുന്നു. കളിക്ക് കുറേശ്ശെയായി ആളുകള്‍ വന്നുതുടങ്ങി. അധികവും പ്രദേശവാസികളല്ല എന്ന് കെട്ടിലും മട്ടിലും വ്യക്തം. ഉറുദു കലര്‍ന്ന ഹിന്ദിയേക്കാള്‍ കേള്‍ക്കുന്നത് വിദേശ സ്പര്‍ശമുള്ള ആംഗലം. നഗരത്തിന്റെ സോഫിസ്റ്റിക്കേഷന്‍ ഉള്ളവിധം വേഷവിധാനമുള്ള മദ്ധ്യവയസ്കര്‍, വയോധികര്‍. തീര്‍ത്തും ഇന്‍ഫോര്‍മല്‍ ആയ ഉടയാടകളുമായി ചെറുപ്പക്കാരുടെ കുട്ടിസ്സംഘങ്ങള്‍ വേറെ. അര്‍ജുന്റെ പരിചയക്കാരാവണം ഏറിയകൂറും. ചിലര്‍ നേരെ വേഷങ്ങള്‍ ഒരുങ്ങുന്നിടത്തെക്ക് പോയി. അല്ലാത്തവര്‍ സ്റെയ്ജിനു മുന്‍പില്‍ ചമ്രംപടിഞ്ഞ്‌ സ്ഥാനം പിടിച്ചു.

ഇരുട്ടാന്‍ ഈ ഋതുവില്‍ ഇനിയും വൈകും. അതിനൊക്കെ കാത്താല്‍ നേരമെടുക്കും എന്നറിയാം സംഘാടകര്‍ക്കും. അങ്ങനെ, വൈകാതെ വിളക്ക് വച്ചു. മദ്ദളം കൊട്ടിമാറി, തിരശ്ശീല പിടിച്ചു. കേദാരഗൌളം കേള്‍ക്കായി.

സദനം ബാലകൃഷ്ണാശാന്റെ ധര്‍മപുത്രര്‍. "മാര്‍ഗേ തത്ര നഖം പചോഷ്മളരജ: പുഞ്ജേ ലലാടം തപ:" എന്ന കടുകട്ടി തുടക്കശ്ലോകത്തിന്റെ കാര്യഗൌരവം മനസ്സിലാക്കാന്‍ കാണികള്‍ക്ക് പ്രയാസമുണ്ടായിക്കാണില്ല. ചൂളയുടെ അടുത്തു നില്‍ക്കുംപോലുള്ള എരിച്ചിലാണ് അന്തരീക്ഷത്തില്‍. അവിടന്നങ്ങോട്ട് കളി ചൂട് പിടിച്ചു. അസ്സലായി വന്നു. മുദ്രമുദ്രാന്തരം കാണുക എന്നതിനേക്കാള്‍ അപരിചിതമായ അന്തരീക്ഷം ആവാഹിക്കാന്‍ പാകത്തിന് അവിടിവിടെ നിന്നും ഇരുന്നും കളി കാണുകയായിരുന്നു ഞാന്‍. നേരെ മുന്നില്‍, ലേശമൊന്ന് അകന്ന്, മുറ്റത്തിന്റെ മൂലയ്ക്കല്‍, തൂണുകള്‍ക്കിടയിലൂടെ, അണിയറയുടെ കിളിവാതിലിലൂടെ, അങ്ങനെയങ്ങനെ. നായകന്‍ തങ്ങള്‍ പാണ്ഡവരുടെ വ്യഥകള്‍ പറയുമ്പോള്‍ സഹികെട്ട് കൃഷ്ണന് സഹി കെടുന്നതും തുടര്‍ന്ന് അക്ഷയപാത്രം കിട്ടലും ഒക്കെ അരങ്ങില്‍ മുറയ്ക്ക് നടന്നുകൊണ്ടിരുന്നു.

രാവേറെ ചെന്നിരിക്കുന്നു. അന്നത്തെ കളിയുടെ അവസാന രംഗമായി. മംഗളം ചൊല്ലാന്‍ എട്ടോ പത്തോ നിമിഷമേയുള്ളൂ. പെട്ടെന്നായിരുന്നു അത്. പാട്ടിനും മീതെ ഒരു സ്ത്രീയുടെ പേടിച്ചുള്ള നിലവിളി. ഒരു മുഴുപ്പന്‍ കല്ല്‌ മുകളില്‍ എവിടെനിന്നോ മദ്ദളക്കാരന്റെ കാലിനടുത്തു വന്നു വീണു. വേറൊന്ന് ആട്ടവിളക്കിന്റെ സമീപത്തും. കളിയൊന്ന് അലങ്കോലമായി. വാദ്യങ്ങളുടെ ശബ്ദം നിലച്ചു. ജനം ചിതറിയോടാന്‍ തയ്യാറായി. കളിമുറ്റത്തിനു ചേര്‍ന്നുള്ള ചുവരിനും അപ്പുറത്തെ മട്ടുപ്പാവില്‍ നിന്ന് രണ്ടോ നാലോ മനുഷ്യര്‍ ഓടിയകലും പോലെ കാല്‍പ്പെരുമാറ്റം. എട്ടുപത്തു സെക്കന്റിന്റെ അശാന്തിക്ക് ശേഷം കളി പുന:രാരംഭിച്ചു. പിന്നെ വേഗം കലാശമെടുത്തു മംഗളം പാടി.

സര്‍വം നിശ്ശബ്ദം. ആളുകള്‍ക്ക് മൊത്തമൊരു പരിഭ്രമമുണ്ടായിരുന്നു. അടക്കം പിടിച്ചും ഉറക്കെയും സംസാരം. ഞാന്‍ അണിയറയിലേക്ക് പോയി. "It flew this near to me," എന്ന് വിശദീകരിച്ച് ഒരു പരിഷ്കാരി ചെറുപ്പക്കാരി. പൈജാമ പോലെ കാലുറക്ക് മേലെ അയഞ്ഞ ടീഷര്‍ട്ട്. ങേ, ഇത് നമ്മുടെ അരുന്ധതി റോയ് അല്ലേ? ഇവരെ "just miss‌" ചെയ്താണ് ഒരു കല്ല്‌ അരങ്ങില്‍ വെന്നതെന്നോ? അപ്പോള്‍ അലറിക്കരഞ്ഞത് ഈ സാഹിത്യകാരി തന്നെയോ?

അതെ, എന്ന് തുടര്‍ന്നുള്ള സംഭാഷണശകലങ്ങളില്‍നിന്ന് മനസ്സിലായി. അര്‍ജുന്‍ റൈനയോടാണ് അവര്‍ ഏറെയും പറയുന്നത്. കൂട്ടത്തില്‍ അവര്‍ക്ക് പരിചയമുള്ള ചില കഥകളിക്കാരോടും. "അത് കൊറങ്ങാ," എന്ന് ആംഗലച്ചുവയുള്ള മലയാളത്തില്‍ ഒരു പ്രസ്താവനയും. "ഇവിടൊണ്ടാരുന്നു.... ബട്ട്...ഓടിപ്പോയി..." ആലിന്റെ കൊമ്പിലെറി ഏതോ മരഞ്ചാടി(കള്‍) ഒപ്പിച്ച വിക്രിയയത്രേ. കര്‍മം കഴിച്ചതും അവ കടന്നുകളഞ്ഞത്രേ.

ഈ തിയറി വിശ്വസനീയമായി തോന്നിയില്ല. എങ്കിലും അരുന്ധതി റോയിയെ നേരില്‍ കണ്ടതിന്റെ കൌതുകത്തില്‍ സൂക്ഷ്മം ആലോചിക്കാനും പോയില്ല.

തിരിച്ച് ട്രൂപ്പ് വണ്ടിയില്‍ വരുമ്പോള്‍ ചര്‍ച്ച ഇതിനെ ചൊല്ലിത്തന്നെ. "ഒറക്കം മൊടങ്ങ്യ ദേഷ്യത്തില്‍ ചുറ്റുവട്ടത്തുള്ളോര് ഒപ്പിച്ചതാവും," എന്നൊരാള്‍. "അതന്നെ," അയാള്‍ക്ക് സപ്പോര്‍ട്ടായി വേറൊരാള്‍. "ഈ ചണ്ടേം മദ്ദളോം ഒക്കപ്പാടെ കൂടീട്ടേയ്... പ്രാന്ത് ട്ക്കും ല്യേ മന്ഷ്യന്...." അപ്പോള്‍ മൂന്നാമതൊരാള്‍: "ഓ, അതൊന്നും ആവത്തില്ലന്നേ... ഏതേലും പിള്ളാര്ടെ ചുമ്മാ വികൃതി...."

ഇപ്പറഞ്ഞതില്‍ ആദ്യപകുതിയിലെ കാര്യകാരണം എനിക്ക് മുഴുവന്‍ ബോദ്ധ്യപ്പെട്ടില്ലെങ്കിലും ഇഷ്ട്ടപ്പെട്ടു. പിറ്റേന്ന് വാര്‍ത്താ ഏജന്‍സിയുടെ ആപ്പീസില്‍ ഹാജറായതും കമ്പ്യുട്ടറിനു മുമ്പില്‍ ഇരുന്നു റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. കഥകളിയവലോകനമല്ല; കല്ലേറ് ന്യൂസ്.

ചെറുപ്പമല്ലേ, ഉശിര് കൂടുമല്ലോ. പോരാത്തതിന് പണിയുമായി മുഴുവന്‍ തഞ്ചത്തില്‍ ആയി വരുന്നതേയുള്ളൂ. "Celebrated writer Arundhati Roy escaped unhurt when a small crowd at a Kathakali show in a north Delhi haveli..." എന്ന് പറഞ്ഞാണ് തുടക്കം. അഞ്ചെട്ടു പാരഗ്രാഫ് അടിച്ചു. എഡിറ്ററെ കാട്ടി. "കല്ലെറിഞ്ഞവര്‍ ഇവരെ ലാക്കാക്കിയായിരുന്നു എന്നുറപ്പുണ്ടോ?" ബോസിന്റെ ചോദ്യം. അയ്യോ, അങ്ങനെ ഉദ്ദേശിച്ചതേയില്ല എന്ന് മറുപടി. "എന്നാല്‍പ്പിന്നെ ഇങ്ങനെ എഴുതരുത്," എന്ന താക്കീതോടെ പകരം വരേണ്ടുന്ന വരിയുടെ മരുന്നിട്ടു തന്നു. സശ്രദ്ധം കൃത്യം നിര്‍വഹിച്ചു. Loud drum beats from an unfamiliar Kathakali show late into the night prompted neighbours of a congested North Delhi locality to throw stones at the small gathering that included writer Arundhati Roy....."

ദിവസത്തെ പണി വൈകാതെ കഴിഞ്ഞു.

അന്ന് രാത്രിയും കൂടിയത് കഥകളി സെന്ററില്‍. പിറ്റേന്ന് എഴുന്നേറ്റ് പൂമുഖത്ത് എത്തിയതും പത്രം കിടക്കുന്നത് കണ്ടു. ഹിന്ദുസ്ഥാന്‍ ടൈംസ്‌. മറിച്ചു നോക്കി. ഉവ്വ്! എന്റെ UNI വാര്‍ത്തയുണ്ട് അതാ മൂന്നാം പെയ്ജില്!!. വള്ളിപുള്ളി മാറാതെ!!! അവിടെയുള്ളവര്‍ വേഗമറിഞ്ഞു. അര മണിക്കൂര്‍ ചെന്നതും സെന്ററിലെ പ്രധാന ഫോണില്‍ വിളികള്‍ വന്നു തുടങ്ങി. എന്ത് പറ്റി? എങ്ങനെ സംഭവിച്ചു? ട്രൂപ്പില്‍ ആര്‍ക്കെങ്കിലും പരിക്ക്? എന്നുതുടങ്ങി അതുവരെയുള്ള ചോദ്യങ്ങള്‍ ഓക്കേ. പിന്നീടങ്ങോട്ടുള്ള അന്വേഷണങ്ങളില്‍ ആണ് കാര്യങ്ങളുടെ അപകടം മനസ്സിലായത്‌. "കളി അത്രയ്ക്ക് വഷളായിരുന്നോ?", "നല്ല വെള്ളം ആയിരുന്നിരിക്കും, അല്ലേ?" ഈവിധം സംശയങ്ങള്‍. ഫോണ്‍ എടുക്കേണ്ട ചുമതല ഇല്ലാഞ്ഞതിനാല്‍ മറുപടി പറയേണ്ട പണിയും എനിക്ക് പിണഞ്ഞില്ല.

വേണ്ടുവോളം അങ്കലാപ്പിലാണ് അന്ന് സെന്ററിന്റെ പടിയിറങ്ങിയത്. പിന്നീടൊരിക്കല്‍ നഗരത്തില്‍ ഒരിടത്ത് കഥകളിക്ക് കണ്ടപ്പോള്‍ ട്രൂപ്പംഗം ഒരാള്‍ ചോദിച്ചു. "എന്റെ ശ്രീവല്‍സാ, തന്റെ വാര്‍ത്ത (തര്‍ജമയായി) മലയാളം പത്രങ്ങളില്‍ പലതിലും വന്നിരുന്നു. നാട്ടില്‍നിന്നും ഉണ്ടായി പല കോളുകള്‍." കളി മോശമായതില്‍ ജനം പ്രതിഷേധിച്ചു എന്ന മട്ടിലായിരുന്നുവത്രേ കേരളത്തില്‍ കിട്ടിയ പല റിപ്പോര്‍ട്ടും.

എന്ത് ചെയ്യാന്‍!

വാല്‍ക്കഷ്ണം: വാര്‍ത്ത പുറത്തിറങ്ങിയ കാലത്താണ് കേരളത്തില്‍നിന്ന് രണ്ട് കഥകളി പണ്ഡിതര്‍ ഇന്ദ്രപ്രസ്ഥത്തില്‍ എത്തുന്നത്. വാഴേങ്കട കുഞ്ചു നായര്‍ ട്രസ്റ്റിന് തരപ്പെട്ടെക്കാവുന്ന ഏതോ സര്‍ക്കാര്‍ വക ഗ്രാന്റ് സംഗീതനാടക അക്കാദമിയില്‍നിന്ന് കിട്ടാനായി കടലാസുകള്‍ നീക്കാന്‍ ഡല്‍ഹിയില്‍ വന്നതാണ് ചെര്‍പ്ലശ്ശേരിക്കാരന്‍ കെ ബി രാജാനന്ദനും കോട്ടക്കലെ വൈദ്യന്‍ ടി എസ്‌ മാധവന്‍കുട്ടിയും. എന്റെ ആപ്പീസില്‍ ഞങ്ങള്‍ സമ്മേളിച്ച ഒരു സായാഹ്നം കഴിഞ്ഞ് തെക്കന്‍ ദില്ലിയിലെ സരോജിനി നഗര്‍ മാര്‍ക്കറ്റില്‍ തുണിത്തരം ചിലത് വാങ്ങാന്‍ "ഹിന്ദി പണ്ഡിറ്റ്‌" ആയ എന്നെയും കൂട്ടി തിരിച്ചു നവാഗതര്‍. അവിടെ ചുരിദാറും സാരിയും വാങ്ങുന്നതിനിടെ ഞാന്‍ മൊഹല്ലയിലെ "കല്ലേറ് കഥ" പറഞ്ഞു. പ്രത്യേകിച്ച് വാര്‍ത്ത പത്രങ്ങളില്‍ വന്നതിനെ തുടര്‍ന്നുണ്ടായ അനര്‍ത്ഥം. ഇരുവരും സംഭവം അറിഞ്ഞിരുന്നില്ല. ഓഹോ! അത്രയും നല്ലത്. ഏറെ സമാധാനമായത്, പക്ഷെ, മാധവന്‍കുട്ടിയേട്ടന്റെ ചോദ്യം കേട്ടപ്പോഴാണ്: "ആരായീ അരുന്ധതീ റോയ്?"

(വര - സ്നേഹ)

Article Category: 
Malayalam

Comments

beautiful language, interesting stories. i have also read the news paper report.

Good to read again. The account of inclement weather, surroundings and the hardships made it look like you are enjoying the reminiscences. Definitely we do. Since last one month, I open the Info site at least once in a day hoping to find the next part. Can’t we reduce the frequency of publishing the subsequent parts?

Sreevalsetta

You wrote it so beatifully. Its jist flowing to the readers mind.

Awaiting more.... without delay :)

ശ്രീവത്സന്‍, കഴിഞ്ഞ കുറിപ്പുപോലെ ഇതും നന്നായി. പത്രപ്രവര്‍ത്തകര്‍ നല്ല ആസ്വാദകര്‍ കൂടിയായാല്‍ ഭാഷയ്ക്കു വന്നു ചേരുന്ന കല ഈ കുറിപ്പിലുമുണ്ട്. ഉടനെയെങ്ങും നിര്‍ത്തരുതെന്നപേക്ഷ. തുടരണം. :)

പിന്നെ കുറിപ്പിലെ പ്രധാനതാരം അരുന്ധതിയായതുകൊണ്ട് അല്പം. ‘അപ്പോള്‍ ഈ രംഗകലയെ കുറിച്ച് ഇത്രവരെയൊക്കെ ആലോചിച്ച് മനസ്സിലാക്കിയിരിക്കുന്നു, അല്ലേ!‘ എന്ന വാക്യം കണ്ടതുകൊണ്ടു പ്രത്യേകിച്ചും. അരുന്ധതിയുടെ അമ്മ മേരി റോയ് കോട്ടയത്തിനടുത്ത് കളത്തിപ്പടിയില്‍ ഒരു സ്കൂള്‍ നടത്തുന്നുണ്ട്. ഇപ്പോള്‍ അതിന്റെ പേര്‍ പള്ളിക്കൂടം. കോര്‍പ്പസ് ക്രിസ്റ്റി എന്നായിരുന്നു പഴയ പേര്‍. അവിടെ കഥകളി പഠിപ്പിക്കാന്‍ അധ്യാപകനുണ്ട്. ഇപ്പോള്‍ കുടമാളൂര്‍ മുരളീകൃഷ്ണനാണ് കഥകളി അധ്യാപകന്‍. നേരത്തെ കലാമണ്ഡലം രാമകൃഷ്ണന്‍ ആയിരുന്നു. മിക്കവാറും കഥകളി അവതരണങ്ങളും ഉണ്ടാകുമായിരുന്നു. ചെണ്ടയ്ക്ക് മിക്കപ്പോഴും അച്ഛന്‍ ആയിരുന്നതിനാല്‍ കളി കാണാന്‍ അച്ഛന്റെ കൂടെ ധാരാളം തവണ അവിടെ പോയിട്ടുണ്ട്. പക്ഷേ അന്നൊന്നും അരുന്ധതിയെ അറിയില്ലല്ലൊ. മാത്രമല്ല അവര്‍ സ്ഥിരമായി ഇവിടെ ഉണ്ടായിരുന്നുമില്ലല്ലൊ.

ഗോഡ് ഓഫ് സ്മോള്‍ തിങ്ങ്സ് ഒക്കെ എഴുതുന്നതിനും മുന്‍പാണ്. ഒരിക്കല്‍ ഒരു കഥകളി ഡെമോണ്‍‌സ്ട്രേഷനു വേണ്ടി കോര്‍പ്പസ് ക്രിസ്റ്റി സ്കൂളില്‍ ചെന്നു. കുടമാളൂര്‍ മുരളീകൃഷ്ണന്‍ വേഷഭാഗങ്ങള്‍ അവതരിപ്പിക്കാന്‍. വിവരണവും ചെണ്ടയും ഞാന്‍. ആകെ 6-7 പേരേയുള്ളൂ കാണാന്‍. മൂന്നുനാലുപേര്‍ വിദേശികള്‍. അരുന്ധതിയുമുണ്ടായിരുന്നു കൂട്ടത്തില്‍. പരിപാടി കഴിഞ്ഞ് ഒരുമിച്ചു ഭക്ഷണം. അരുന്ധതി അന്നു സെലെബ്രിറ്റി അല്ലാത്തതിനാല്‍ സാധാരണപോലെ ഒരു കണ്ടുമുട്ടല്‍. ഞങ്ങളുടെ ഡമോണ്‍‌സ്ട്രേഷന്‍ കണ്ടതുകൊണ്ടല്ല കേട്ടോ അരുന്ധതി കഥകളിയെപ്പറ്റി അറിഞ്ഞത്. അയ്മനത്തും തിരുനക്കരയിലുമൊക്കെ വലിയ കളികള്‍ സ്ഥിരമായി നടന്നിരുന്നു. മേരി റോയിയുടെ സ്കൂളില്‍ കലാമണ്ഡലം രാമകൃഷ്ണന്റെ ക്ലാസ്സും പിന്നെ സ്ഥിരം കഥകളി അവതരണങ്ങളും ഉണ്ടായിരുന്നല്ലൊ.

ഗോഡ് ഓഫ് സ്മോള്‍ തിങ്സ് പ്രസിദ്ധീകരിച്ച കാലത്ത് അവരുടെ കഥകളിബന്ധം ചര്‍ച്ചാവിഷയമായിരുന്നു. കഥകളിയെക്കുറിച്ച് അരുന്ധതിക്ക് ആവശ്യമുള്ള സാങ്കേതികവിവരങ്ങള്‍ പലതും പങ്കുവച്ചത് കലാമണ്ഡലം രാമകൃഷ്ണനാണ്. (കഥകളിസംബന്ധമായ അരുന്ധതിയുടെ നിരീക്ഷണങ്ങള്‍ക്കു പേറ്റന്റ് അവര്‍ക്കു മാത്രം. ‘വൈ വീ റീഡ് ക്ലാസ്സിക്സ്’ എന്ന ഇറ്റാലോ കാല്‍‌വിനോയുടെ കൃതിയാണ് ഈ പരാമര്‍ശങ്ങള്‍ വായിച്ചപ്പോള്‍ ഞാനോര്‍ത്തത്.) നോവല്‍ പ്രസിദ്ധീകരിച്ച കാലത്ത് അരുന്ധതി കലാമണ്ഡലം രാമകൃഷ്ണന് ഒരു ലക്ഷം രൂപ നല്‍കിയെന്നതും ഓര്‍ക്കുന്നു.

അപ്പൊ അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു :)

എല്ലാവരും മാറി മാറിയെടുത്ത ഒരു കവിള്‍ പുക കുന്തിയും വലിച്ചു. അവസാന ചമയങ്ങളുമഴിച്ച് ഭാര്യയെ തല്ലാന്‍ പോയവരും അക്കൂട്ടത്തിലുണ്ടായിരുന്നു.
വെള്ളത്തൂണില്‍ ചാരിയിരുന്ന് കഥകളി കണ്ട റാഹേല്‍ അരുന്ധതി തന്നെയായിരുന്നു!
സ്വന്തം ശരീരം കൊണ്ട് കാച്ചിക്കുറുക്കിയ കഥകളാടി, പഴയ മുഴുനീള കഥാപാത്രങ്ങളെ ദുഷിപ്പിച്ചതിന്‌ നടന്മാര്‍ അമ്പലത്തിനു മുമ്പില്‍ നിന്നു പ്രാര്‍ത്ഥിച്ചു.
''സമസ്താപരാധം ക്ഷമസ്വ.''
തിരുനക്കരയിലെ കൊച്ചുകൊമ്പന്‍ ഞങ്ങള്‍ക്കൊക്കെ കുട്ടിക്കാലത്ത് കൊച്ചുതൊമ്പനായിരുന്നു!
ആദ്യ അദ്ധ്യായം പോലെ തന്നെ മനോഹരമായിരിക്കുന്നു, ശ്രീവല്‍സന്‍. അഭിനന്ദനങ്ങള്‍.

ഹാഹന്ത ഹവേലീചരിതം വായിച്ചു. കലയായാലും സാഹിത്യമായാലും, പത്രവാര്‍ത്ത‍യായാലും അതിലെ ഭാഷ എഴുതുന്നയാളുടെ മനോവിചാരങ്ങളെയും, നിരീക്ഷണങ്ങളെയും ഭംഗിയായി പ്രകടിപ്പിക്കുമല്ലോ. ശ്രീവല്‍സന്‍ ചുറ്റുപാടുകളെയും അനുഭവങ്ങളെയും അതീവ രസകരമായി എന്നാല്‍ ഗൌരവം ചോര്‍ന്നുപോകാതെ അവതരിപ്പിച്ചിരിക്കുന്നു ഇവിടെ. വായനക്കാരന് എഴുത്തുകാരന്‍റെ സഹചാരിയാകാന്‍ കഴിയുന്ന അവസ്ഥ. ഇനിയും കൂടുതല്‍ താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്നു.

C.Ambujakshan Nair's picture

ശ്രീവത്സന്‍ അവര്‍കളുടെ ഭാഷാ പ്രയോഗങ്ങള്‍ വളരെ ഇഷ്ടപ്പെട്ടു.

Sreevalsan, excellent write-up. The language and presentation are simple and beautiful.Madhavankuttiyettan's question stands out so much so that I forgot all that you wrote before that.

ithupole nalla ormakkurippukal iniyum pratheekshikkunnu!

ശ്രീവത്സന്റെ ഭാഷയുടെ സുഖവും കഥ പറച്ചിലിലെ ഒഴുക്കും ഒഴിച്ചാല്‍, അത്രയ്ക്കങ്ങോട്ട് എന്തെങ്കിലുമുണ്ടെന്ന് തോന്നിയില്ല.മാത്രവുമല്ല, രഹസ്യങ്ങളൊന്നും ഒളിപ്പിച്ചുവെക്കാത്ത മഹാകഥകള്‍ വീണ്ടും വീണ്ടും കാണാനും കേള്‍ക്കാനും ആളുകള്‍ വരുന്നതിന്റെ മര്‍മ്മത്തെക്കുറിച്ചാണല്ലോ പറഞ്ഞുവന്നത്. അതില്‍നിന്ന് വഴിമാറി, മറ്റേതോ ഹവേലിയിലെത്തിയപോലെ ഒരു തോന്നല്‍..