Musically Yours - ഭാഗം 1

Neelakantan Nambeesan and Unnikrishna Kurup (Courtesy - Malayala Manorama)

രാഗം - ഭൈരവി

ഇരുപതാമത്തെ മേളരാഗമായ നഠഭൈരവിയുടെ ജന്യരാഗമാണ് ഭൈരവി.

ആരോഹണം - സ രി ഗ മ പ ധ* നി സ`
അവരോഹണം - സ നി ധ പ മ ഗ രി സ

സ്വരസ്ഥാനങ്ങൾ

ആരോഹണം - ഷഡ്ജ പഞ്ചമങ്ങൾക്കു പുറമേ, ചതുശ്രുതി രിഷഭം, സാധാരണഗാന്ധാരം, ശുദ്ധമദ്ധ്യമം, ചതുശ്രുതി ധൈവതം, കൈശീകിനിഷാദം.
അവരോഹണം - അവരോഹണത്തിൽ ധൈവതം ഒഴിച്ച് ബാക്കി സ്വരങ്ങൾക്കെല്ലാം അതേ സ്ഥാനങ്ങൾ തന്നെ. ധൈവതം അവരോഹണത്തിൽ ശുദ്ധധൈവതമായി വരുന്നു.

Natabhairavi notation

സാങ്കേതികസവിശേഷതകൾ

ഭൈരവി ക്രമ സമ്പൂർണ്ണമായി വരുന്ന ഒരു ജന്യരാഗമാണ്.  മാതൃരാഗമായ നഠഭൈരവിയിൽ നിന്നും ഭൈരവിയെ വ്യത്യസ്തമാക്കുന്ന ഏക സ്വരം ഈ ചതുശ്രുതി ധൈവതപ്രയോഗമാണ്. ഉപാംഗരാഗം എന്നാൽ ഒരു ജനകരാഗത്തിന്റെ അതേ സ്വരസ്ഥാനങ്ങൾ വരുന്ന അതിന്റെ ജന്യരാഗം. ഭാഷാംഗരാഗം എന്നാൽ, ജനകരാഗത്തിന്റെ സ്വരസ്ഥാനങ്ങളിൽ നിന്നും അന്യമായി ഒന്നോ അതിലധികമോ സ്വരങ്ങൾ വരുന്ന ജന്യരാഗങ്ങൾ. സ്വതവേ ഈ അന്യസരങ്ങൾ, ചില പ്രയോഗങ്ങളിൽ മാത്രമാവും കാണപ്പെടുക, അതിൽ നിന്നും വ്യത്യസ്ഥമായി ഭൈരവിയിൽ ആരോഹണാവരോഹണത്തിൽ തന്നെ അന്യസ്വരം വരുന്നു.ആരോഹണാവരോഹണത്തിൽ തന്നെ അന്യസ്വരം (അതിന്റെ ജനകരാഗത്തിൽ നിന്നും അന്യമായി വരുന്ന സ്വരം) വരുന്ന ഒരു ഭാഷാംഗരാഗം കൂടിയാണ് ഭൈരവി. ഭൈരവിയുടെ പ്രധാനസവിശേഷതയും അതാണ്.

എന്നാൽ ആരോഹണത്തിൽ  " സ ഗ രി ഗ മ പ ധ നി സ`" എന്നും ഒരു വഴി പാടി വരുന്നുണ്ട്. ഭൈരവിയുടെ ആരോഹണമായി കൂടുതൽ കേട്ടുവരുന്നതും ഇതുതന്നെ. "(നി) സ രി ഗ മ പ ധ നി സ` " എന്ന് പൂർണ്ണമായും ഭൈരവി അടതാളവർണ്ണത്തിൽ ഒരിടത്തേ വരുന്നുള്ളു. ( അനുപല്ലവി ഒടുക്കം) ബാക്കിയിടങ്ങളില്ലാം സരിഗമഗരി, സഗരി, സഗരിഗ, സമഗരി, സാ രിഗ എന്നൊക്കെ നേരിട്ട് പഞ്ചമത്തിലേയ്ക്കു പോകാതെയാണ് കൂടുതൽ കാണുന്നത്. സരിഗമ പ എന്നു വരുന്നയിടങ്ങൾ ചുരുക്കം.

രിഗസ, രിമഗരിസ, പധമ, പധനിധമ, മപഗരിസ, മനിധപ, പരി`സ`നിധപ ഇതൊക്കെ വിശേഷ പ്രയോഗങ്ങളായി പറയാം. അടതാളവർണ്ണത്തിൽ ഈ പ്രയോഗങ്ങളിൽ മിക്കതും കാണാവുന്നതാണ്.

മുകളിലേയ്ക്ക് ഷഡ്ജം തൊടാതെ വരുന്ന പ്രയോഗങ്ങളിലൊക്കെ ശുദ്ധധൈവതവും (ചെറിയ ധ)  മുകളിൽ ഷഡ്ജം തൊടുന്നതോ അതിന്നു മുകളിലേയ്ക്കു പോകുന്ന സഞ്ചാരങ്ങളിലൊ ഒക്കെയും ചതുശ്രുതി ധൈവതവും (വലിയ ധ) വരുന്നു. ഉദാഹരണത്തിന് പധനിധമ,  മനിധപ, പധപധപമ, ഇങ്ങനെയുള്ള മേൽ ഷഡ്ജം തൊടാതെ വരുന്ന സഞ്ചാരങ്ങളിലൊക്കെ ശുദ്ധധൈവതവും, ധനിസ`, ധനിസ`രിസ`, പാ ധനി ധനിസ`രി`, ധഗ`രി` തുടങ്ങിയ മേൽ ഷഡ്ജം തൊടുന്നതോ, അതിനു മുകളിലേ സഞ്ചാരങ്ങൾ വരുന്നതിലോ ഒക്കെ ചതുശ്രുതി ധൈവതവും കാണുന്നു.

സംവാദിസ്വരങ്ങളായി വർത്തിയ്ക്കുന്നവയാണ് രി യും നി യും. അതിൽ രി അചലസ്വരവും, നി കമ്പിത സ്വരവും. പരി, ഗാരി നീ..ധ ഗ`..രി`, ഗഗരിസ നിനിധപ ഗ`ഗ`രി`സ` എന്നൊക്കെ ധാരാളമായി കേൾക്കാം ഭൈരവിയിൽ.

ഇതിലെ ഗ, മ, നി എന്നിവ കമ്പിത സ്വരങ്ങൾ ആകുന്നു. (ഗമകം കൊടുത്തു പാടേണ്ട സ്വരങ്ങൾ) മദ്ധ്യമം ഗമകം കൊടുത്തും അല്ലാതെ പ്ലെയിൻ ആയും വരുന്നുണ്ട്.
പ, രി എന്നിവയെ ന്യാസ സ്വരങ്ങൾ (resting notes) ആകുന്നു. (ഈ സ്വരങ്ങളിൽ നിർത്തിപ്പാടി സഞ്ചാരങ്ങൾ വികസിപ്പിച്ചെടുക്കാൻ സാധിയ്ക്കുന്നവ) രിഷഭം ഭൈരവിയുടെ ഒരു പ്രോമിനന്റ് സ്വരം എന്നു തന്നെ പറയാം.രി, ഗ, മ, നി തുടങ്ങിയവ രാഗഛായാസ്വരങ്ങളും.

കർണാടകസംഗീതവും സവിശേഷതകളും

കർണ്ണാടക സംഗീതത്തിൽ ഉപയോഗിച്ചുവരുന്ന മേജർ രാഗങ്ങളിൽ ഒന്നാണ് ഭൈരവി. പ്രാചീനരാഗങ്ങളീൽ പെട്ടതും, വിസ്തരിച്ച് ആലാപനത്തിനുതകുന്നതുമായ ഒരു രാഗം. ജനകരാഗമായ നഠഭൈരവിയേക്കാളും പ്രാധാന്യം ഏറുന്ന ഒരു രാഗമാണ് ഭൈരവി. നഠഭൈരവി മിക്കവാറും ഒരു സ്കെയിൽ മാത്രമായി നിലനിൽക്കുമ്പോൾ, ഭൈരവി അതിന്റെ സഞ്ചാരയോഗ്യത കൊണ്ടും, സഞ്ചാര വൈവിദ്ധ്യം കൊണ്ടും, ഗമകഭംഗി കൊണ്ടും ഒക്കെ നിറഞ്ഞ്, അതിന്റെയൊക്കെ സാദ്ധ്യതകളെ അതിഗംഭീരമായി തന്നെ വെളിപ്പെടുത്തുന്ന ഒരു മേജർ രാഗമായി മാറുന്നു.

കർണ്ണാടകസംഗീതത്തിൽ ഭൈരവിയിൽ ചിട്ടപ്പെടുത്തിയിട്ടുള്ള ഒട്ടനവധി കൃതികൾ ഉണ്ട്. അവയ്ക്കു പുറമേ, കച്ചേരി മേടകളിൽ കൂടി അവതരിപ്പിച്ചുവരുന്നതും, അഭ്യസനപാഠങ്ങളിൽ ഉൾപ്പെടുന്നവയും, ഭൈരവിയെ പറ്റി പറയുമ്പോൾ ഒരിയ്ക്കലും ഒഴിവാക്കാനാവാത്തതുമായ, കർണ്ണാടകസംഗീത പദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു രത്നങ്ങൾ ആണ്, പച്ചിമറിയം ആദിയപ്പയുടെ "വിരിബോണി" അടതാളവർണ്ണവും, "കാമാക്ഷി" എന്നു തുടങ്ങുന്ന ശ്യാമാശാസ്ത്രികളുടെ സ്വരജതിയും. ഭൈരവിയിൽ വരേണ്ടുന്ന എല്ലാ ഗമകപ്രയോഗങ്ങളും, സഞ്ചാരങ്ങളും അടക്കം ഭൈരവിയുടെ രൂപം അങ്ങനെതന്നെ മുന്നിലേയ്ക്കു കൊണ്ടുവന്നു തരുന്ന വലിയ പാഠപുസ്തകങ്ങളെന്നു തന്നെ ഇവ രണ്ടിനേയും വിശേഷിപ്പിയ്ക്കാം. "വിരിബോണീ" അടതാളവർണ്ണത്തിന്റെ ഒരു സവിശേഷത കർണ്ണാടകസംഗീതത്തിലെ ദശവിധഗമകങ്ങളും വിരിബോണി അടതാളവർണ്ണത്തിൽ വരുന്നുണ്ട് എന്നതാണെന്നു പറയപ്പെടുന്നു. കൂടാതെ ജണ്ഡപ്രയോഗങ്ങൾ, ധാട്ടുസ്വര പ്രയോഗങ്ങൾ ഇതൊക്കെ ഭൈരവിയിൽ ധാരാളമായി കാണാമെന്നതും ഈ വർണ്ണത്തിൽ നിന്നും മനസ്സിലാക്കാം.

'കാമാക്ഷി' സ്വരജതിയിൽ, ചരണസ്വരങ്ങൾ ഓരോന്നും ഭൈരവിയുടെ ഓരോ സ്വരങ്ങളിൽ നിന്നും തുടങ്ങി, (കീഴ് ഷഡ്ജം മുതൽ മേൽ ഷഡ്ജം അടക്കം എട്ടു ചരണസ്വരങ്ങൾ അതിലുണ്ട്.) അതിന്റെ സഞ്ചാരങ്ങളും, സ്വരങ്ങൾക്കു കൈവരുന്ന പ്രാധാന്യവും, പ്രയോഗവഴികളും വളരെ വിശദമായി തന്നെ എടുത്തുകാണിയ്ക്കുന്നു.   എം.ഡി.രാമനാഥൻ, ശെമ്മാംകുടി ശ്രീനിവാസ അയ്യങ്കാർ, എം.എസ്.സുബ്ബലക്ഷ്മി തുടങ്ങി അനേകം വിദ്വാന്മാരുടേയും, വിദുഷികളുടേയും ശബ്ദത്തിൽ ഈ സ്വരജതിയും വർണ്ണവും അങ്ങേയറ്റം ഉപയോഗിയ്ക്കപ്പെട്ടിട്ടുമുണ്ട്.

ഭൈരവിയ്ക്കു സമാനമായ പ്രാചീന തമിഴ് സംഗീതത്തിലെ പൺ (രാഗം) കൗശികം എന്നു പേരിൽ അറിയപ്പെടുന്നു. ഹിന്ദുസ്ഥാനീസംഗീതപദ്ധതിയിൽ ഭൈരവി എന്ന പേരിലറിയപ്പെടുന്ന രാഗം പക്ഷേ കർണ്ണാടകസംഗീതത്തിൽ കേട്ടുവരുന്ന ഭൈരവിയിൽ നിന്നും വ്യത്യസ്ഥമാണ്. അത് കർണ്ണാടകസംഗീത പദ്ധതിയിലെ തോടി രാഗത്തിന്റെ സ്കെയിലിനോടാണ് കൂടുതൽ സാദൃശ്യം.

അനവധി കൃതികൾ, പദങ്ങൾ, തമിഴ് സംഗീതത്തിൽ കണ്ടുവരുന്ന തേവാരം പോലുള്ളവ, വിരുത്തങ്ങൾ ഒക്കെ ഈ രാഗത്തിൽ ധാരാളമായി പാടികേൾക്കാം. ത്യാഗരാജരുടേതായി ഒരുപിടി കൃതികൾ ഭൈരവിയിലുണ്ട്.

ഭൈരവിയിലെ ചില പ്രധാന കൃതികൾ (ചിലതു മാത്രം) :‌-

വിരിബോണി - അടതാള വർണ്ണം - പച്ചിമറിയം ആദിയപ്പയ്യ
കാമാക്ഷി - സ്വരജതി - ശ്യാമാശാസ്ത്രികൾ.
കൊലുവൈയുന്നാടേ - ത്യാഗരാജർ
ചെതുലാര - ത്യാഗരാജർ
ഉപചാരമുലനു - ത്യാഗരാജർ
രക്ഷബെട്ടരേ - ത്യാഗരാജർ
തനയുനി ബ്രോവ - ത്യാഗരാജർ
ചിന്തയ മാ - മുത്തുസ്വാമി ദീക്ഷിതർ
ബാലഗോപാല - മുത്തുസ്വാമി ദീക്ഷിതർ
ജനനിമാമവ - സ്വാതിതിരുനാൾ
നീ പാദമുലേ - പട്ടണം സുബ്രഹ്മണ്യ അയ്യർ
രാമ രാമ - പദം - ക്ഷേത്രജ്ഞർ.

ഭൈരവിരാഗത്തിന്റെ സവിശേഷപ്രയോഗങ്ങളെ പരിചയപ്പെടാനായി വീണയിൽ വായിച്ച ഈ ഭൈരവി രാഗഛായകൾ കേട്ടുനോക്കാം:

കഥകളിസംഗീതം,സവിശേഷതകൾ

കഥകളിസംഗീതത്തിൽ ഏതൊരു രാഗവും പ്രയോഗിയ്ക്കപ്പെടുന്ന വഴി, കർണ്ണാടകസംഗീതത്തിലെ പ്രയോഗവഴികളിൽ നിന്നും വ്യത്യസ്ഥമാണ്. കർണ്ണാടകസംഗീതത്തിൽ ഒരു രാഗത്തിനു കൊടുക്കുന്നത്രയും വിശദാംശങ്ങൾ ഒരു കഥകളി അരങ്ങിൽ ആവശ്യം വരുന്നില്ല. അതുകൊണ്ടു തന്നെയാവണം, എങ്ങനെ കർണ്ണാടക സംഗീതത്തിൽ ഒരു രാഗത്തിന്റെ സാദ്ധ്യതകളെ ഉപയോഗപ്പെടുത്തും വിധം ഒരു  കൃതിയ്ക്ക് അതിന്റെ ഘടന ലഭ്യമാകുന്നുവോ അതുപോലെതന്നെ കഥകളിപ്പദങ്ങളിലും പദങ്ങൾക്ക്, പ്രസ്തുത രംഗഭാവം പുറപ്പെടുവിയ്ക്കുന്ന തരത്തിലുള്ള, അതിന്റേതായ ഒരു രൂപഘടന, പാടുന്ന ശൈലി ഒക്കെ കൈവരുന്നുണ്ട്, സംഗീതപരമായും സാഹിത്യപരമായും. അതിന്നപ്പുറത്തെ വിശദാംശങ്ങളിലേയ്ക്ക് ഒരു രാഗത്തെ കാഴ്ചവെയ്ക്കേണ്ട ആവശ്യം കഥകളിസംഗീതത്തിൽ വരുന്നില്ല/ അഥവാ ഒരു കഥകളിയരങ്ങ് അതാവശ്യപ്പെടുന്നില്ല. കഥകളിപ്പദങ്ങളിൽ രാഗം അതിന്നുള്ളിൽ ഒരു ഭാവാവിഷ്ക്കാരം മാത്രമായി ഒതുങ്ങി നിൽക്കുന്നു. ഈയൊരു ചട്ടക്കൂടിനെ ഭേദിയ്ക്കുക എന്നതിനേയും, കഥകളിപ്പദങ്ങളുടെ രൂപഘടന, ഗാനശൈലി ഒക്കെ ശ്രമകരമാക്കുകയും ചെയ്യുന്നു. കച്ചേരികളിൽ "നിരവൽ" എന്ന പോലെ കഥകളിയരങ്ങത്തും ഒരു ഗായകന് വരികൾ ആവർത്തിയ്ക്കേണ്ടി വരുന്നുണ്ടെങ്കിലും, അത് ഒരു കർണ്ണാടകസംഗീതകച്ചേരിയിൽ പാടി ഫലിപ്പിയ്ക്കും വിധം രാഗത്തിനെ വിശദീകരിയ്ക്കുകയല്ല എന്നു കാണാം.

കഥകളി സംഗീതത്തിലും ഭൈരവി രാഗത്തെ ഒട്ടും കുറവല്ല. പൊതുവേ വളരെ ഗാംഭീര്യത്തോടെ, ഭക്തിരസത്തോടെ ഒക്കെ കർണ്ണാടക സംഗീതത്തിൽ കേൾക്കാവുന്ന ഭൈരവി കഥകളി സംഗീതത്തിൽ വിവിധ ഭാവങ്ങൾക്കായി തന്നെ ഉപയോഗിച്ചു കാണാം.

ചില പദങ്ങൾ.

കണ്ടിവാർകുഴലീ - കീചകവധം
ചന്ദ്രവംശമൗലീരത്നമേ -  കാലകേയവധം
ഗോപാലകന്മാരേ - ഉത്തരാസ്വയംവരം
അന്തികേ വന്നിടേണം  - നളചരിതം മൂന്നാം ദിവസം
വനമുണ്ടിവിടെ ദുർഗ്ഗാ - കിർമ്മീരവധം.
ഈര്യതേ എല്ലാം - നാലാം ദിവസം.
എങ്ങുനിന്നെഴുന്നരുളി സുരാധിപാ - നളചരിതം രണ്ടാം ദിവസം.
ഹേ മഹാനുഭാവാ - നളചരിതം ഒന്നാം ദിവസം.
സോദരന്മാരേ - രാവണോൽഭവം.

സന്താപമരുതരുതേ - ദക്ഷയാഗം

രാമണീയഗുണാകരാ - ദേവയാനീചരിതം

സന്ധ്യാകാലേ ( ശ്ലോകം ) - രംഭാപ്രവേശം.

സൈരന്ധ്രിയുടെ സമീപത്തെത്തുന്ന കീചകന്റെ ശൃംഗാരം ( കണ്ടിവാർകുഴലീ), യുദ്ധോൽസുകനാവുന്ന ഉത്തരന്റെ വീരം ( ഗോപാലകന്മാരേ ), കാട്ടുതീയിൽ പെട്ട കാർക്കോടകന്റെ ശോകം ( അന്തികേ വന്നിടേണം ) എന്നിങ്ങനെ വിവിധഭാവങ്ങളുടെ പ്രകാശനം ഭൈരവിയിലൂടെ കഥകളിസംഗീതം സാദ്ധ്യമാക്കുന്നു. ഭൈരവിയെ സംബന്ധിച്ചിടത്തോളം, ഈ രാഗത്തിന്റെ ജീവൻ എന്നുതന്നെ പറയാവുന്ന എല്ലാവിധ ഗമക, രഞ്ജക പ്രയോഗങ്ങളും കഥകളിസംഗീതത്തിൽ വിപുലമായി ഉൾക്കൊള്ളിച്ചുകാണാനുള്ള സാദ്ധ്യതകൾ കുറവാണ്. എന്നാൽ കഥകളിയിൽ ഏതൊരു രാഗത്തേയും പോലെ ഭൈരവി എന്ന രാഗത്തിന്റെ ശാസ്ത്രീയസമഗ്രതയിൽ അല്ല, അരങ്ങിലേയ്ക്കു പകർത്തുന്ന രസം, അല്ലെങ്കിൽ പ്രസ്തുത രംഗത്തന്നുതകുന്ന ഭാവം എന്നതിലാണ് ഗായകൻ ഊന്നുന്നത്. അതായത് കർണ്ണാടക സഗീതത്തിൽ കേൾക്കുന്ന ഭൈരവിയ്ക്കും കഥകളിസംഗീതത്തിലെ ഭൈരവിയ്ക്കും രസഭാവത്തിൽ ചില വ്യത്യാസങ്ങളും സംഭവിയ്ക്കുന്നുണ്ട്.

അതിനൊരു ഉദാഹരണമായി, കണ്ടിവാർകുഴലി എന്ന കീചകവധത്തിലെ പദം തന്നെ എടുത്തു നോക്കാം -

ആദ്യം ശ്ലോകം.

കഥാപാത്രങ്ങളുടെ സംഭാഷണത്തിൽ നിന്നും വെറിട്ട്, ആട്ടകഥാകൃത്ത് നേരിട്ട പറയുന്ന സംഭാഷണമായി ഒരു ശ്ലോകം എങ്ങനെ ഒരു രംഗത്തിനു ആമുഖമായി വർത്തിയ്ക്കുന്നുവോ അതേ നില തന്നെ രാഗത്തിനും കൈവരുന്നു. രാഗത്തിന്റെയും ഒരു ആമുഖം ശ്ലോകത്തിലൂടെ ലഭ്യമാവുന്നു. രാഗാലാപനം പോലെ ചെറിയ ചില സഞ്ചാരങ്ങളും അതിന്നിടയിൽ ചേർത്ത് മനോഹാരിത കൂട്ടുന്നു. ഇവിടെ ഭൈരവി എന്ന രാഗത്തിന്റെ സഞ്ചാരങ്ങൾ വളരെ ലളിതവും എന്നാൽ സങ്കീർണ്ണങ്ങളായ ബൃഗകളും മറ്റുമൊക്കെ കുറച്ച്, ഒരു രംഗകലയ്ക്കനുയോജ്യമായ രീതിയിലാണ് പാടി കേൾക്കുന്നത്. അതായത് രാഗത്തിന്റെ വ്യാകരണങ്ങൾക്കു വലിയ പ്രസക്തി വരുന്നില്ല. ഉദാഹരണത്തിന്, കലാമണ്ഡലം നീലകണ്ഠൻ നമ്പീശാശാനും ,കുറുപ്പാശാനും ചേർന്നു പാടുന്ന ഈ ക്ലിപ്പിൽ, ചില ഭൈരവിയിൽ കേൾക്കാത്ത സഞ്ചാരങ്ങളൊക്കെ കേൾക്കാം. ഗമകങ്ങൾ അധികം കൊടുക്കാതെ, ഹാർമോണ്യ വഴിയിലുള്ള ശൈലിയായി കേൾക്കാം ഈ ക്ലിപ്പിൽ. ഭൈരവിയിൽ ആരോഹണത്തിൽ ഷഡ്ജം തൊടുന്ന സഞ്ചാരത്തിൽ, ചതുശ്രുതി ധൈവതാണെങ്കിൽ, ഇവിടെ ചില പ്രയോഗങ്ങളിൽ പ ധ നി സ എന്നുള്ളിടത്ത്, ശുദ്ധ ധൈവതം തന്നെ കേൾക്കാം.

തുടർന്ന് പദം കീഴ് ഷഡ്ജത്തിൽ നിന്നും തുടങ്ങി രണ്ടു ഭാഗമാക്കി വിഭജിച്ച്, പതുക്കെ പതുക്കെ വികസിപ്പിച്ചു വരുന്നു.
കണ്ടിവാർകുഴലി മുതൽ എന്നെ കണ്ടില്ലയോ ബാലേ... വരെ പൂർവ്വാംഗത്തിലും (ഷഡ്ജം മുതൽ പഞ്ചമം വരെ) "മിണ്ടീടാഞ്ഞതെന്തേ..." മുതൽ ഉത്തരാംഗത്തിലുമായി (പഞ്ചമം മുതൽ ഷഡ്ജം വരെ- മേൽ രി തൊട്ടുവരുന്നുണ്ടെങ്കിലും) വിഭജിച്ച് അതിനെ പാടി വികസിപ്പിയ്ക്കുന്നു. ഈയൊരു ഘടനയിൽ തന്നെയാണ് പദം മുഴുവനായി പാടി വെയ്ക്കുന്നതും.അവസാനം "നീ താൻ അല്ലല്ലീ മാലിനീ..." എന്ന, അതിന്റെ പരിണാമഗുപ്തിയിൽ, മുകളിൽ ഷഡ്ജത്തിലോ, രിഷഭത്തിലോ തന്നെ പാടി അവസാനിപ്പിയ്ക്കുന്നു. ഇങ്ങനെയാണ് പദം പാടുന്ന ഇതിന്റെ ഘടന. രാഗത്തിന്റെ ഘടനയും ഏതാണ്ട്, ഇതിനനുസരിച്ച് കീഴ് ഷഡ്ജം മുതൽ മേൽ ഷഡ്ജം അല്ലെങ്കിൽ ഒരു പരിധിവരെ മേൽ രിഷഭം വരെ സഞ്ചരിയ്ക്കുന്നു.

ഇവിടെ കൂടുതലും സ്വരങ്ങൾക്ക്, രാഗച്ഛായയ്ക്കു വേണ്ടിയുള്ള ഗമകം കൊടുക്കുന്നുണ്ടെന്നല്ലാതെ, ഭൈരവിയിൽ സമൃദ്ധങ്ങളായ ജണ്ഡസ്വരപ്രയോഗം, ധാട്ടുസ്വര പ്രയോഗങ്ങൾ, കർണ്ണാടക സംഗീത പദ്ധതിയുടെ ഒരു സവിശേഷത കൂടിയായ അഴകുള്ള, സങ്കീർണ്ണങ്ങളായ ബൃഗകൾ തുടങ്ങിയവയൊക്കെ കുറവേ ഉപയോഗിച്ചുവരുന്നുള്ളു. കർണ്ണാടക സംഗീതത്തിൽ, ഒന്നാംകാലവും രണ്ടാംകാലവുമൊക്കെ ഇടകലർത്തി, പടിപടിയായി വികസിപ്പിച്ചു കൊണ്ടുവരുന്ന സംഗതികളാക്കി, കൃതിയാകെ കീഴ് പഞ്ചമം മുതൽ മേൽ പഞ്ചമം വരെയുള്ള ഒരു സ്ഥായിയിൽ  ഉൾക്കൊള്ളിച്ച്, രാഗത്തിന്റെ പരിപൂർണ്ണമായ രൂപത്തെ പാടി ഫലിപ്പിയ്ക്കുന്ന ശൈലി കഥകളിസംഗീതം അതേപടി പിൻപറ്റുന്നതേയില്ല. ഭൈരവിയിലെ കൃതികൾ എടുത്തു നോക്കിയാൽ, മിക്കവാറും എല്ലാ കൃതികളിലും നിഷാദവും മദ്ധ്യമവുമൊക്കെ അംശസ്വരങ്ങളായും, അവയുടെ മിഴിവാർന്ന പ്രയോഗങ്ങളായുമൊക്കെ ധാരാളമായി കാണാം.  ബാലഗോപാലം, രക്ഷബെട്ടരെ തുടങ്ങിയ കൃതിയിലൊക്കെ അതിന്റെ അനുപല്ലവി തുടങ്ങുന്നത്, അതിന്റെ ജീവ സ്വരം കൂടിയായ നിഷാദത്തിൽ ആണെന്നു കാണാം. അടതാളവർണ്ണത്തിന്റെ ചരണം തുടങ്ങുന്നത് മദ്ധ്യമത്തി. മറിച്ച് ഇവിടെ പ്രസ്തുത പദത്തിൽ ഭൈരവിയുടെ ഒരാകമാനീയതയാണ് കിട്ടുന്നത്. ഇവിടെ സ്വരങ്ങളെ കഴിയുന്നതും, അധികം ആലങ്കാരികമല്ലാതെ ഉപയോഗപ്പെടുത്തുന്നു. ജീവസ്വരങ്ങൾ/രാഗച്ഛായാസ്വരങ്ങളിലൂടെ സഞ്ചരിച്ച്, ഭാവത്തെ ആവിഷ്ക്കരിയ്ക്കുന്നു. എല്ലാ (ചരണങ്ങളും) ഒരേ രീതിയിൽ തന്നെ പാടുന്നു. രാഗത്തിനു വേറൊരു നിറം കിട്ടുന്നു.

ഏതാണ്ട്, ഘടന വെച്ചു നോക്കുമ്പോൾ, ഇതിനു സ്മാനമായി എടുക്കാവുന്ന കർണ്ണാടക സംഗീതത്തിൽ നിന്നും മുത്തുസ്വാമി ദീക്ഷിതരുടെ "ബാലഗോപാല" എന്ന കൃതിയുടെ വിദ്വാൻ ശ്രീ. ടി.എൻ.ശേഷഗോപാലൻ പാടിയത് കേട്ടുനോക്കൂ:

കണ്ടിവാർകുഴലിയിൽ  നിന്നും തികച്ചും വെറിട്ടൊരു സമീപനമാണ് ഉത്തരാസ്വയംവരത്തിലെ "ഗോപാലകന്മാരേ" എന്നു തുടങ്ങുന്ന പദത്തിൽ നാം കേൾക്കുക. പദം ആവശ്യപ്പെടുന്ന വീരരസം കൊണ്ടുവരുന്ന തരത്തിൽ അതിലുള്ള സഞ്ചാരങ്ങൾ അധികവും മേൽ സഞ്ചാരങ്ങളിലായി കേൾക്കാം. ഈ ക്ലിപ്പിൽ ഭൈരവിയിൽ നിന്നും വിട്ടു കൊണ്ട്, ചില വരികളൊക്കെ വളരെ ആധികാരികതയോടു കൂടിയും  ആജ്ഞയായുമൊക്കെ പാടികേൾക്കാം. ഇതെല്ലാം രാഗത്തിനെ സമഗ്രമായ കഥകളിയുടെ ഭാവാവിഷ്കാരത്തിനുള്ള ആയുധമായി കഥകളിയരങ്ങിൽ ഉപയോഗിയ്ക്കുന്നതിന്റെ ഉദാഹരണവുമാണ്.

മൂന്നാം ദിവസത്തിലെ അന്തികേ വന്നിടേണം എന്ന പദം കീഴ് ഷഡ്ജത്തിൽ നിന്നും തന്നെ തുടങ്ങുന്നുവെങ്കിലും, പിന്നീട് സഞ്ചാരങ്ങൾ കൂടുതലും ഉത്തരാങ്കത്തിലും അതിനും മുകളിലുമായി ശോകരസത്തിനു പ്രാധാന്യം നൽകിക്കൊണ്ട്  ഭൈരവിയുടെ സാധാരണയായുള്ള സഞ്ചാരങ്ങളായി തന്നെ വന്നു പോകുന്നു. ചന്ദ്രവംശമൗലിരത്നമേ (കാലകേയവധം), വനമുണ്ടിവിടെ ദുർഗ്ഗാ (കിർമ്മീരവധം)  തുടങ്ങിയവയിലെല്ലാം മേൽ രി യിൽ നിന്നും തുടങ്ങുന്നതായി കാണാം. മേൽ സഞ്ചാരങ്ങളാണധികവും. ഈര്യതേ പോലുള്ള പദങ്ങൾ നിഷാദത്തിൽ നിന്നും തുടങ്ങുന്നതു കേൾക്കാം. ഉൽഭവത്തിലെ സോദരന്മാരേ എന്ന പദത്തിൽ രംഗത്തിലെ വീരത്തിനനുസരിച്ച് ഭൈരവിയുടെ പ്രയോഗവും മാറുന്നു.

ഇങ്ങനെ പല രസങ്ങളിലായി , അതിനനുസരിച്ചുള്ള ലളിതങ്ങളായ, പലപ്പോഴും ആവർത്തിച്ചാവർത്തിച്ചു തന്നെ വരുന്ന സഞ്ചാരങ്ങളിലായി, കഥകളിയ്ക്കനുയോജ്യമാം വിധം  ഒതുക്കിയെടുത്തിരിയ്ക്കുന്ന ഒരു ഭൈരവിയെയാണ് കഥകളിസംഗീതത്തിൽ നിന്നും നമുക്കു കേൾക്കാനാവുക. ഘടകകലകൾ ചേർന്നു സമഗ്രമാവുന്ന കഥകളിയുടെ ആകമാനീയതയോട് ഇടയാതെയുള്ള ഭൈരവിയുടെ പ്രയോഗമാണ് കളിയരങ്ങിൽ ഉചിതവും ശോഭനീയവും.

ബൃഗകളും ഗമകങ്ങളും ജീവൻ നൽകുന്ന ക്ലാസിക്കൽ രാഗമായതുകൊണ്ടാവണം, മലയാള സിനിമാഗാനങ്ങളിലും ലളിതഗാനശാഖയിലും ഭൈരവി സമൃദ്ധമായി ഉപയോഗിയ്ക്കപ്പെട്ടെന്നു തോന്നുന്നില്ല. 'ലോട്ടറിടിക്കറ്റ്' എന്ന സിനിമയ്ക്കായി ദക്ഷിണാമൂർത്തി ഈണം പകർന്നു പി ലീല ആലപിച്ച "ഓരോ കനവിലും" , 'മനസ്സിന്റെ തീർത്ഥയാത്ര' എന്ന ചിത്രത്തിൽ എം ബി ശ്രീനിവാസ് സംഗീതം നൽകി യേശുദാസ് ആലപിച്ച "മന്ത്രം പോലെ" എന്നീ ഗാനങ്ങൾ ഭൈരവി രാഗത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. "കുടമുല്ലപ്പൂ" എന്ന ആൽബത്തിനായി എം ജയചന്ദ്രന്റെ സംഗീതത്തിൽ യേശുദാസ് പാടിയ "കുടമുല്ലക്കാവിലെ" എന്ന ഗാനവും ഭൈരവിയിൽ കേൾക്കാം.

ഭൈരവിയോടു സാദൃശ്യം തോന്നാവുന്ന, എന്നാൽ ഭൈരവിയിൽ വരുന്ന സ്വരപ്രയോഗങ്ങളിലും, ഗമകങ്ങളിലുമൊക്കെ നേരിയ വ്യത്യാസങ്ങളുമുള്ള ചില  രാഗങ്ങളായി പറയാവുന്നവയാണ് മുഖാരി,(22-ൽ, ഖരഹരപ്രിയയിൽ ജന്യം) മാഞ്ചി (20-ൽ നഠഭരവിയിൽ ജന്യം), ഹുസേനി (22-ൽ, ഖരഹരപ്രിയയിൽ ജന്യം) തുടങ്ങിയവയെല്ലാം.


1) * എന്ന ചിഹ്നം അന്യസ്വരത്തെ സൂചിപ്പിയ്ക്കുന്നു.
2) ` എന്ന ചിഹ്നം മുകളിൽ വരുന്ന സ്വരം മേൽസ്വരമാണെന്ന് സൂചിപ്പിയ്ക്കുന്നു.
3) . എന്ന ചിഹ്നം സ്വരത്തോടൊപ്പം വരുന്നത് കീഴ്സ്വരമെന്നും സൂചന

Article Category: 
Malayalam

Comments

വിഷയം ഗൗരവമുള്ളതും സാങ്കേതികത നിറഞ്ഞതായത് കൊണ്ടുമാവാം ഒരു ' നടയ്ക്ക് ' മനസ്സില്‍ കയറുന്നില്ല. അതി ഗംഭീരമായിട്ടുണ്ട്. പാര്‍വതി രമേഷിന് എന്റെ അഭിനന്ദനങ്ങള്‍.

Excellent article. Extremely well researched and informative.

Mohandas's picture

നല്ല ഒരു സംരംഭം.  കര്‍ണാടക സംഗീതത്തിലെ ഗൌരവമേറിയ ഒരു രാഗത്തോടെയുള്ള ഈ തുടക്കം നന്നായി. അഭിനന്ദനങ്ങള്‍..... കഥകളി സംഗീതപ്രേമികള്‍ക്ക് ഇത് പ്രയോജനകരമാണ്. വിശദീകരിക്കുന്ന രാഗങ്ങളിലുള്ള കഥകളിപദം.കോമിലെ എല്ലാ പദങ്ങളെയും കിട്ടാനുള്ള ലിങ്ക് കൂടി ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.

 

ലളിതം. സൌമ്യം. ദീപ്തം! വളരെ നന്നായി. സുതാര്യമായ ഭാഷയില്‍ വിശദീകരിക്കുന്നതിനാല്‍ എളുപ്പത്തില്‍ അകത്തേക്കു കടക്കാനാവുന്നു. ആഴമുള്ള നിരീക്ഷണങ്ങള്‍ തുടര്‍ചിന്തകള്‍ക്കു പ്രേരിപ്പിക്കുന്നു. ഓരോ കലയുടെയും സത്ത ഉള്‍ക്കൊണ്ടുകൊണ്ട് പാകതയോടെ കലാസങ്കേതങ്ങളെ നോക്കിക്കാണുന്ന ഈ രീതി കലാനിരൂപകര്‍ക്കും കലാകാരന്മാര്‍ക്കും പാഠമാകേണ്ടതാണ്.

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, പാര്‍വതി രമേഷ്! :)

haree's picture

വിശദമായും ഭംഗിയായും നവമാധ്യമത്തിന്റെ സാധ്യതകള്‍ പൂര്‍ണമായി ഉപയോഗിച്ചും തയ്യാറാക്കിയ ലേഖനം. കഥകളി.ഇന്‍ഫോയിലെ ലേഖനപരമ്പരകള്‍ക്ക് പുതിയൊരു ദിശാബോധം തന്നെ ഇവ നല്കുമെന്ന് കരുതുന്നു. ഈ പരമ്പരയുടെ അവസാനം ഒരു പുസ്തകം തന്നെ ഇതില്‍ നിന്നും പുറത്തുവരട്ടെ എന്നാഗ്രഹിക്കുന്നു. ആ സാധ്യത കൂടി മുന്നില്‍ കണ്ടു ലേഖനങ്ങള്‍ വിഭാവനം ചെയ്യുന്നത് തീര്‍ച്ചയായും നന്നായിരിക്കും. (ശബ്ദ / വീഡിയോ ശകലങ്ങള്‍ അനുബന്ധ സി.ഡി.യായി ഉള്‍പ്പെടുത്താം.) എല്ലാ ആശംസകളും.

ഒരു ചെറിയ തിരുത്ത്: ആരോഹണം പാടുന്നത് 'സ ഗ രി ഗ മ പ ധ* നി സ', എന്നാല്‍ എഴുതിയിരിക്കുന്നത് 'ആരോഹണം - സ രി ഗ മ പ ധ* നി സ`'

pradeepthennatt's picture

ലേഖനം വളരെ നനായിരിക്കുന്നു. നല്‍കിയിരിക്കുന്ന ഉദാഹരണങ്ങള്‍ ആശയം വ്യക്തമാക്കുവാന്‍ പര്യാപ്തമായവ തന്നെ.

sreechithran's picture

അതു തിരുത്തേണ്ട കാര്യമില്ല, ഹരീ. ഭൈരവിയുടെ ആരോഹണം രണ്ടുവഴിയിൽ പാടിവരുന്നുണ്ട്. പാർവ്വതി പാടിയവഴിയാണ് കൂടുതൽ ഭൈരവിയിൽ കേൾക്കുന്നതും, ഭൈരവിയുടെ സ്വഭാവം പെട്ടെന്നു വ്യക്തമാക്കുന്നതു,.പക്ഷേ തീയറി വിശദമാക്കുമ്പോൾ സാധാരണമാർഗവും പറയാതെ പറ്റുകയും ഇല്ല. അത്രയേ ഉള്ളൂ.

പങ്തി വായിച്ചാൽ, ഇക്കാര്യം വിശദീകരിച്ചിട്ടും ഉണ്ട്.

haree's picture

അത് വായിച്ചിരുന്നു. ആഡിയോ ഒരു വഴിക്കും, എഴുത്ത് മറുവഴിക്കും അവിടെ വരുന്നത് ഒരു കല്ലുകടിയായി തോന്നി. അല്ലെങ്കില്‍ രണ്ടു രീതിയിലും പാടുകയും രണ്ടു രീതിയിലും എഴുതുകയും ചെയ്യുന്നത് കൂടുതല്‍ നന്നായിരിക്കും.

ഓഫ്: മറുപടിക്ക് റീപ്ലേ ബട്ടണ്‍ ഉപയോഗിക്കൂന്നേ! ;)

നവമാധ്യമത്തിന്റെ സാധ്യതകള്‍ പൂര്‍ണമായി ഉപയോഗിച്ചുകൊണ്ടു് ആരംഭിച്ചിരിക്കുന്ന ഈ പുതിയ പരമ്പര വളരെ പ്രയോജനപ്രദമാണ്. ലളിതവും ഉദാഹരണസഹിതവുമായ വിവരണം വളരെ നന്നായിരിക്കുന്നു. ഈ സംരംഭം വിജയപ്രദമായി മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു.

അഭിനന്ദനങ്ങള്‍ പാര്‍വതി. ജ്ഞാനം കമ്മി ആയതിനാല്‍ മനസ്സിരുത്തി വായിക്കണം. നല്ല ഉദ്യമം. ചേര്‍ത്തിട്ടുള്ള കഥകളിപ്പദങ്ങളുടെ പട്ടികയില്‍ തീര്‍ച്ചയായും ദേവയാനീസ്വയംവരത്തിലെ "രാമണീയഗുണാകരാ" കൂടി ചേര്‍ക്കണം.

sreechithran's picture

പറഞ്ഞപദവും മറ്റു ചിലതും ചേർത്തിട്ടുണ്ട്, രാമദാസേട്ടാ.

Dear Parvathy Ramesh
Excellent article, considering the way you explained the technical nuances of Bhairavi raga for both Carnatic and Kathakali music. It is a delight for a layman like me. I am sure you might have done good research and deserve appreciation and am also sure everyone who reads the document will agree with me. God bless you.

Best wishes
Lakshmanan Prasad

A VERY GOOD ARTICLE. BHAIRAVI IS A RAGA OF "GAURAVA" MOOD. ANY WAY THE ATTEMPT TO MAKE ALL TO KNOW ABOUT THE RAGA BHAI RAVI IS GOOD. A SONG BY DR. K J YESUDAS "VETTAKKORUMAKAN THAMPURANE...." IS ALSO IN BHAIRAVI.. ALL THE VERY BEST.

P. Ravindranath സർ, Sankaran Unni, Mohandas സർ - ഹൃദയം നിറഞ്ഞ നന്ദി, സന്തോഷം...

മനോജ് കുറൂര്‍ - വളരെ നന്ദി. ആ വാക്കുകളിൽ നിന്നും ഒരു ദിശാബോധമൊക്കെ കൈവരുന്നു... എവിടെ ഫോകസ് വേണമെന്നൊക്കെ... ഈ പ്രോത്സാഹനം തുടർന്നും വേണമെന്നു കൂടി പറയട്ടെ.... :-)

ഹരി - രണ്ടു രീതിയിലും വേണമെങ്കിൽ പാടാവുന്നതേയുള്ളു, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഒരു ഗ്രിപ് വരുന്നത് സ ഗ രി ഗ മ എന്നു പാടുമ്പോഴായിരുന്നു, അതുകൊണ്ട് അങ്ങനെ പാടിവെച്ചു എന്നു മാത്രം. പിന്നെ മുകളിൽ ചിത്രൻ സൂചിപ്പിച്ച പൊലെ ഭൈരവിയിൽ കൂടുതലും അങ്ങനെതന്നെയാണ് പാടി വരുന്നതും.

മണി, വാതുക്കോടം, രാമദാസേട്ടൻ - വളരെ സന്തൊഷം, നന്ദി.

ശ്രീ. Lakshmanan Prasad - വളരെ സന്തോഷം, നന്ദി.

പാര്‍വതീ ഗംഭീരമായിട്ടുണ്ട് ട്ടോ...

ഗംഭീരം ആയിരിക്കുന്നു, നല്ല സംരംഭം. കൂടുതല്‍ രാഗങ്ങള്‍ വരട്ടെ. ആശംസകള്‍ പാര്‍വതി !

തിരുത്തല്ല ,ഒരു ചെറിയ മറുകുറിപ്പ്- " നഠഭൈരവി മിക്കവാറും ഒരു സ്കെയിൽ മാത്രമായി നിലനിൽക്കുമ്പോൾ" എന്നാ വാചകത്തിന്.

നഠഭൈരവി ഒരു scale മാത്രമല്ല എന്ന് മനസ്സിലാവും, പാപ നാശം ശിവന്റെ ശ്രീവള്ളി ദേവസേനാപതേ ..." അതുപോലെ കോടീശ്വര അയ്യരുടെ ' അംഭോരുഹ പാദമേ ..." പിന്നെ ടി എന്‍ രാജരതിനം പിള്ളയുടെ നഗസ്വരത്തില്‍ നിന്നും ഒഴുകി വരുന്ന രാഗം എന്നിവ കേള്‍ക്കുമ്പോള്‍ പക്ഷെ ഭൈരവിയോളം വരില്ല ഇതൊന്നും,ഉറപ്പു,ഭൈരവി ഒരു മഹാരാഗമാണ്‌ !