എങ്ങിനെ ഞാൻ ഒരു കഥകളി ഭ്രാന്തനായി ?

Monday, June 25, 2012 - 12:34

കളിയരങ്ങുകളുടെ മുന്നില്‍ - 1

(കഥകളി.ഇന്‍ഫോയില്‍ ശ്രീ രാമദാസ്‌ എന്‍. എഴുതിയ കളിയനുഭവങ്ങളുടെ ഒരു പുതിയ പരമ്പര ആരംഭിക്കുന്നു.)

കഥകളിയുടെ സുവര്‍ണ്ണകാലഘട്ടത്തില്‍ ഒരു കളിക്കമ്പക്കാരനായി ജീവിക്കാന്‍ കഴിഞ്ഞത്‌ മഹാഭാഗ്യം. അങ്ങനെ ഒരു കളിഭ്രാന്തനാകാന്‍ ഇടയാക്കിയ ഒരു അരങ്ങിനെ അനുസ്മരിക്കാന്‍ ശ്രമിക്കുകയാണ്‌ ഇവിടെ.

ചേര്‍ത്തല മരുത്തോര്‍വട്ടം ക്ഷേത്രത്തിനടുത്ത്‌ ജനിച്ചു വളര്‍ന്ന എനിക്ക്‌ കുട്ടിക്കാലത്ത്‌ കുറെ കളിയരങ്ങുകള്‍ക്ക്‌ മുന്നില്‍ ഇരുന്നും കിടന്നുറങ്ങിയും ഉള്ള പരിചയം ഉണ്ട്‌. പള്ളിപ്പുറം ഗോപാലന്‍ നായര്‍, മാങ്കുളം വിഷ്ണു നമ്പൂതിരി, കുടമാളൂര്‍ കരുണാകരന്‍ നായര്‍, കലാമണ്ഡലം കൃഷ്ണന്‍ നായര്‍, കലാമണ്ഡലം ഗോപി, കോട്ടക്കല്‍ ശിവരാമന്‍ തുടങ്ങിയ മഹാനടന്മാരും ഇന്ന്‌ പ്രഗല്‍ഭരായ അന്നത്തെ പല യുവനടന്മാരും അവിടെ പതിവുകാര്‍ ആയിരുന്നു. എന്റെ ഓര്‍മ്മയില്‍ പാട്ടുകാര്‍ ശങ്കരന്‍ എമ്പ്രാന്തിരിയും ഹൈദരാലിയും. പ്രീ ഡിഗ്രീ കഴിഞ്ഞു ഉപരിപഠനത്തിനായി പോയി എങ്കിലും മനസ്സിനുള്ളില്‍ ഞാന്‍ ഒരു കഥകളി ആസ്വാദകന്‍ ആണ്‌ എന്ന്‌ ഒരു ബോധം ഉണ്ടായിരുന്നു. പഠനം പുരോഗമിക്കുമ്പോള്‍ കളി കാണല്‍ തീരെ ഇല്ലാതായി.

എറണാകുളത്ത്‌ മത്സ്യശാസ്ത്രം പഠിക്കുന്നു. ആ കലാലയത്തിലെ ആദ്യ ബാച്‌ വിദ്യാര്‍ഥി. ഹോസ്ടല്‍ സൗകര്യം ഇല്ലാത്ത ഞങ്ങള്‍ക്ക്‌ നഗരത്തില്‍ പലയിടത്തായി വീടുകള്‍ വാടകക്ക്‌ എടുത്തു തന്നു. ഞാനടക്കം എട്ടു പേര്‍ കലൂര്‍ മാതൃഭൂമി ജങ്ക്ഷന്‌ അടുത്ത്‌. അടുത്ത ദേശാഭിമാനി ജങ്ക്ഷന്‌ അടുത്ത്‌ മറ്റൊരു പത്ത്‌ പേര്‍. സുഖവാസം. ദേശാഭിമാനി ഹോസ്റ്റലില്‍ ഞങ്ങളെ കാലാവസ്ഥാശാസ്ത്രം (meteorology ) പഠിപ്പിക്കുന്ന അദ്ധ്യാപകന്‍ രാമന്‍ സാറും താമസിക്കുന്നു. ഞങ്ങളെക്കാള്‍ നാലഞ്ചു വയസ്സുമാത്രം കൂടുതലുള്ള ഗുരുവായൂര്‍ സ്വദേശിയായ അദ്ദേഹം കഥകളി ആസ്വാദകന്‍ ആണ്‌. മുറിയില്‍ നിന്ന്‌ ചിലപ്പോളൊക്കെ എമ്പ്രാന്തിരി സംഗീതം കേള്‍ക്കാം. കഥകളി ആസ്വാദകന്‍ എന്ന്‌ ധരിക്കുന്ന ഞാന്‍ അദ്ദേഹവുമായി അടുപ്പത്തില്‍ ആയി. എനിക്ക്‌ കഥകളോ പാട്ടുകളോ മുദ്രകളോ ഒന്നും വലിയ പിടിയില്ല. എമ്പ്രാന്തിരിയുടെ പാട്ട്‌ ഇഷ്ടമാണ്‌. അത്രമാത്രം.

ഒരു ദിവസം ഞങ്ങള്‍ മാതൃഭൂമി ഹോസ്റ്റലിലെ അന്തേവാസികള്‍ കലൂര്‍ പള്ളി പെരുനാളിനു നാടകം കാണാന്‍ പോകാന്‍ തീരുമാനിച്ചു. മാതൃഭൂമി ജങ്ക്ഷനിലെ കൈരളി ഹോട്ടലില്‍ നിന്ന്‌ രാത്രിഭക്ഷണവും കഴിഞ്ഞു പള്ളിയിലേക്ക്‌ നടക്കാന്‍ തുടങ്ങുമ്പോള്‍ രാമന്‍ സാര്‍ സാവധാനം നടന്നുവരുന്നു. "ഞങ്ങള്‍ നാടകം പോകാന്‍ പോകുന്നു. സര്‍ എങ്ങോട്ടാ?" എന്ന ചോദ്യത്തിനു മറുപടി ഒരു മറുചോദ്യം ആയിരുന്നു. "രാമദാസ്‌, പരമാര അമ്പലത്തില്‍ ഗംഭീരകളി ഉണ്ട്‌. പോരുന്നോ?" എന്ന്‌. ഞാന്‍ കൂട്ടുകാരോട്‌ "എന്നാല്‍ ഞാന്‍ അവിടെ വരെ പോയി കുറച്ചു സമയം കഥകളി കണ്ടിട്ട്‌ നാടകസ്ഥലത്തേക്ക്‌ വരാം" എന്ന്‌ പറഞ്ഞു സാറിന്റെ കൂടെ നടന്നു. എറണാകുളം നോര്‍ത്ത്‌ ഓവര്‍ബ്രിഡ്ജിനു പടിഞ്ഞാറുവശം ടൌണ്‍ ഹാളിനു എതിര്‍വശത്താണ്‌ പരമാര ദേവീക്ഷേത്രം.

ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ വിളക്കുവച്ചു. പുറപ്പാട്‌ തുടങ്ങാന്‍ പോകുന്നു. എമ്പ്രാന്തിരി - ഹരിദാസ്‌ ടീം (അന്ന്‌ പാട്ടിലെ താരജോടി) പാട്ട്‌. വലതുവശത്ത്‌ മേളത്തിന്‌ പൊതുവാള്‍ ആശാന്മാര്‍. ഇടതു വശത്ത്‌ കലാമണ്ഡലം കേശവനും, നമ്പീശന്‍കുട്ടിയും. മേളപ്പദം ഇരമ്പി.

ആദ്യകഥ നളചരിതം രണ്ടാം ദിവസം. കലിയുടെ ഭാഗം പത്താം ക്ലാസില്‍ പഠിച്ച ഓര്‍മ്മയുണ്ട്‌. കാണുക തന്നെ. കൃഷ്ണന്‍ നായര്‍ ആശാന്റെ നളനും കോട്ടക്കല്‍ ശിവരാമേട്ടന്റെ ദമയന്തിയും അരങ്ങത്തെത്തി. തുടര്‍ന്ന്‌ നെല്ലിയോടിന്റെ കലി, ഗോപി ആശാന്റെ പുഷ്ക്കരന്‍, രാമന്‍കുട്ടി ആശാന്റെ കാട്ടാളന്‍. പകുതി വഴിക്ക്‌ പാട്ടിനു ഹൈദരാലിയും രാജേന്ദ്രനും കൂടി. അല്‍പ സമയം കളി കാണാന്‍ ചെന്ന ഞാന്‍ രണ്ടാമത്തെ കഥയായ ദക്ഷയാഗവും കൂടി മുഴുവന്‍ കണ്ടിട്ടാണ്‌ തിരിച്ചു പോയത്‌. മാത്രമല്ല അന്ന്‌ തുടങ്ങി “അടുത്ത കളി എവിടെ? എന്ന്‌?” എന്നുള്ള അന്വേഷണവും തുടങ്ങി. പിന്നീട്‌ ഒരു പത്ത്‌ വര്‍ഷത്തോളം ശീലമാക്കിയ ദൂരയാത്രകളുടെയും ഉറക്കം ഒഴിക്കലിന്റെയും തുടക്കം അന്നായിരുന്നു.

Article Category: 
Malayalam

Comments

വായിച്ചു രസം പിടിക്കുംപോഴേക്കും കഴിഞ്ഞു....അടുത്തത് ഇത്തിരി വലുത് തന്നെ ആയിക്കോട്ടെ രാമദാസേട്ടാ!...."കൃഷ്ണന്‍ നായര്‍ ആശാന്റെ നളനു, ഗോപി ആശാന്റെ പുഷ്ക്കരന്‍, രാമന്‍കുട്ടി ആശാന്റെ കാട്ടാളന്‍" ഈ ടീം വളരെ കേമമായിരുന്നു എന്നും, ഒരുപാടു കളികള്‍ അക്കാലത്ത് ഇങ്ങനെ ഉണ്ടായിട്ടുണ്ട് എന്നും കേട്ടിട്ടുണ്ട്... ഇതൊന്നും കാണാന്‍ ഭാഗ്യം ഉണ്ടായില്യല്ലോ..

ആദ്യമായാണ്‌ ഇങ്ങനെ ഒരു അനുഭവക്കുറിപ്പ് എഴുതുന്നത്. അതും നിഖിലിന്റെ തുടര്‍ച്ചയായ നിര്ബ്ബന്ധത്തിന്റെ ഫലം. പോരായ്മകള്‍ ഉണ്ടാവാം. നനാക്കാന്‍ ശ്രമിക്കാം

നന്നായി ,അങ്ങയെ പോലുള്ള ഒരു ആസ്വാധകന്‍ ഇത്ര ചുരുക്കി പറയരുത് ..രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ..

C.Ambujakshan Nair's picture

ശ്രീ. രാമദാസിന്റെ കഥകളി അനുഭവങ്ങള്‍ പ്രസിദ്ധീകരിക്കുന്നു എന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം. ഞങ്ങള്‍ വളരെ സന്തോഷപൂര്‍വ്വം കാത്തിരിക്കുന്നു.

രാമദാസേട്ടന്റെ അനുഭവക്കുറിപ്പുകൾ വായിക്കാൻ കാത്തിരിക്കുന്നു.
വാസുവാശാന്റെ ശൈലിയോടു പ്രത്യേകതാല്പര്യമുള്ള ആസ്വാദകൻ എന്ന നിലക്കാണ് രാമദാസേട്ടനെ ഞാൻ ശ്രദ്ധിച്ചുതുടങ്ങുന്നത്. ഇക്കാരണം കൊണ്ടുതന്നെ താങ്കളുടെ അഭിപ്രായങ്ങൾക്കു ഞാൻ കാതോർക്കാറുണ്ട്. ഒരിക്കൽ കലാമണ്ഡലത്തിൽ ആശാന്റെ കളരിയിൽ ചൊല്ലിയാടുന്ന കാലത്ത് കരപ്പുറം കഥകളിക്ലബ്ബിൽ മൂന്നാം ദിവസം വെളുത്തനളന് എന്നെ താങ്കൾ വിളിച്ചത് ഓർക്കുന്നുണ്ടാകും. അന്ന് കളിക്കുപോകുമ്പോൾ ആശാൻ പറഞ്ഞു, നന്നായി കളി ആസ്വദിക്കുന്നവരാണ് അവിടെയുള്ളത്, ശ്രദ്ധിക്കണം എന്ന്. രാമദാസേട്ടനെ ഉദ്ദേശിച്ചായിരിക്കണം ആശാൻ അതു പറഞ്ഞതെന്ന് ഞാൻ വിചാരിക്കുന്നു. താങ്കളുടെ ഓർമ്മക്കുറിപ്പുകളിൽ ആശാന്റെ അരങ്ങുകളെക്കുറിച്ചുള്ള വിവരണങ്ങളും ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു. ഞാൻ കണ്ടതിനെക്കാൾ വളരെയധികം ആശാന്റെ വേഷങ്ങൾ താങ്കൾ കണ്ടിട്ടുണ്ടാകും എന്ന് എനിക്കുറപ്പാണ്.
ആശംസകൾ..

ramadasn's picture

കണ്ണനെ പോലെ ഒരാളില്‍ നിന്നും ഇങ്ങനെ ഒരു പ്രതികരണം ലഭിച്ചതില്‍ ഏറെ സന്തോഷം ഉണ്ട്. തീര്‍ച്ചയായും തുടര്‍ന്ന് എഴുതുമ്പോള്‍ ഷാരോടി വാസുവേട്ടന്റെ അരങ്ങുകളും വിഷയം ആകും.1885 ലോ 86 ലോ, കടയ്ക്കാവൂര്‍ നിന്ന് ശ്രീ ആര്‍ കുട്ടന്‍ പിള്ള പ്രസിദ്ധീകരിച്ചിരുന്ന "നൃത്യകലാരംഗം" എന്ന ത്രൈമാസികത്തില്‍ രണ്ടു ലക്കങ്ങളില്‍ ആയി "വാഴേങ്കട ശൈലിയുടെ കരുത്തനായ പ്രതിനിധി" എന്ന പേരില്‍ ഞാന്‍ ഒരു ലേഖനം എഴുതിയിരുന്നു. കുഞ്ചു നായര്‍ ആശാന്‍ തുടങ്ങിവച്ച ഒരു വഴി ശിവരാമേട്ടനും, നെല്ലിയോടിനും, വാസുവേട്ടനും ശേഷവും നിലനില്‍ക്കാനും വളരാനും ശ്രമിക്കേണ്ട ഉത്തരവാദിത്തം കണ്ണനിലും ഷണ്മുഖനിലും മറ്റും നിക്ഷിപ്തം  ആണ്.  
 

പ്രിയപ്പെട്ട രാമദാസ്സ്. കഥകളി അനുസ്മരണത്തിന്റെ ആദ്യ ഭാഗം വായിച്ചു. വളരെ സന്തോഷം തോന്നി. കഥകളിയുടെ സുവർണ്ണകാലഘട്ടത്തിൽ കളിക്കമ്പക്കാരായി ജീവിക്കാൻ കഴിഞ്ഞത് നമ്മുടെ ഒക്കെ മഹാഭാഗ്യം തന്നെ! നമ്മെ കളിഭ്രാന്തരാക്കുവാൻ ഇടയാക്കിയ ആ അരങ്ങുകളെ അനുസ്മരിക്കാൻ ശ്രമിക്കുന്നതിനു നന്ദി. രാമദാസ്സിന്റെ കളിഭ്രാന്ത് ചേർത്തലയിൽ ജനിച്ച്, എറണാകുളത്ത് വളർന്ന്, മധ്യതിരുവതാംകൂറിൽ കളി കണ്ടു ശീലിച്ച്, ആ കളിഭ്രാന്ത് തിരുവനന്തപുരത്ത് കൊട്ടാരം കളി വഴി ഇന്നത്തെ കാലഘട്ടത്തിൽ എത്തി നിൽക്കുന്നു. “അടുത്ത കളി എവിടെ?” എന്ന ചോദ്യം പോലെ, ഈ ലേഖനത്തിന്റെ അടുത്ത ഭാഗം എവിടെ എന്ന് ചോദിക്കുവാൻ മനസ്സ് വെമ്പുന്നു. തുടർന്നും എഴുതുക. ആശംസകൾ. അഭിനന്ദനങ്ങൾ.

ramadasn's picture

നന്ദി വൈദ്യനാഥന്‍ സ്വാമീ
കളിഭ്രാന്തിന്റെ റൂട്ട് ചേര്‍ത്തല- എറണാകുളം - അനന്തപുരി - കണ്ണൂര്‍ - മധ്യകേരളം എന്നാണ്. എന്നും കല്ലുവഴി സമ്പ്രദായത്തോട് കൂടുതല്‍ അടുപ്പത്തോടെ.
 

ഗുഡ്സ് തീവണ്ടി പോലെ അങ്ങനെ നീളത്തില്‍ ഉണ്ടായിരിക്കും എന്ന മോഹത്തില്‍ വായിച്ചു തുടങ്ങി....ഇതൊരു 'കുട്ടിവേഷം' മാത്രേ ആയുള്ളൂ...വിശദമായ ആട്ടത്തിന്നു കാത്തിരിക്കുന്നു.

രാമദാസ്‌ഏട്ടാ,
ലേഖനം വായിച്ചു. നന്നായിട്ടുണ്ട്. വേഗം കഴിഞ്ഞു. നമ്മളില്‍ ഒരുവിധം എല്ലാവരും ഇതുപോലെ ഒക്കെ തന്നെയാവും കഥകളിയിലേക്ക് ആകര്ഷിക്കപെട്ടിരിക്കുക. ഒരു കളി ഒന്നുമറിയാതെ കാണുകയും പിന്നീട് അതിനോട് ഒരുതരം ആവേശവും (കളിഭ്രാന്ത്) ആവുകയും ആവും ഉണ്ടാവുക. കൂടുതല്‍ ലേഖനങ്ങള്‍ക്കായി കാത്തിരിക്കുന്നു.