ഇറവങ്കര നീലകണ്ഠൻ ഉണ്ണിത്താൻ - കൃതഹസ്തനായ കഥകളി ഗായകൻ

Saturday, December 7, 2013 - 01:22
Iravankara Neelakantan Unnithan

കേരളത്തിലെ കലകളുടേയും, സാഹിത്യത്തിന്റേയും പഴയകാല ചരിത്രം പഠിച്ചാൽ അതാതു കാലങ്ങളിൽ, ഓരോ രീതിയിലുള്ള ഗാന സമ്പ്രദായം ഇവിടെ നില നിന്നിരുന്നതായി കാണാൻ കഴിയും. ഇവയിൽ പലതും ദൃശ്യ കലകൾ അവതരിപ്പിക്കുവാൻ വേണ്ടി നിർമ്മിച്ചിട്ടുള്ളതായിരുന്നു. ഇതിൽ കേരളത്തിന്റെ തനതു കലയായ കഥകളിക്കു വേണ്ടിയുള്ള ഗാന ശാഖയാണ്‌ കഥകളി പാട്ട്. കൈകൊട്ടിക്കളി പാട്ട്, വഞ്ചിപ്പാട്ട്, തുള്ളൽപ്പാട്ട് എന്നിങ്ങനെ മറ്റു ഗാന ശാഖകളും ഉണ്ട്.

ഇപ്പോഴത്തെ സമ്പ്രദായത്തിലുള്ള കർണ്ണാടക സംഗീതത്തിന് പ്രചാരം കിട്ടുന്നതിന് മുമ്പാണ് കഥകളി സംഗീതം, സോപാന രീതിയിൽ ഇവിടെ പ്രചാരത്തിൽ വന്നത്. മുൻ കാലങ്ങളിൽ ശാസ്ത്രീയമായി കഥകളി സംഗീതം അഭ്യസിക്കുന്ന പതിവ് നിലവിലുണ്ടായിരുന്നില്ല. ഏതെങ്കിലും ഒരു ഭാഗവതരോടോപ്പം കുറേനാൾ താമസിച്ച് കുറച്ചു കഥകൾ ഹൃദിസ്ഥമാക്കുക. ഏറ്റവും ഉച്ചത്തിൽ എത്രത്തോളം ആട്ടക്കഥകൾ പാടാൻ കഴിയുക, അതായിരുന്നു ഒരു ഗായകന്റെ പ്രാഗൽഭ്യത്തെ വിലയിരുത്തുന്നതിന് സ്വീകരിച്ചിരുന്ന മാനദണ്ഡം. സ്വതസിദ്ധമായ സംഗീത വാസന ഉള്ളവരെ പോലെതന്നെ, സംഗീത സിദ്ധി തൊട്ടു തീണ്ടിയിട്ടില്ലാത്തവരും കഥകളി സംഗീത രംഗത്ത് ഉണ്ടായിരുന്നു.

ജന്മസിദ്ധമായി കിട്ടിയിട്ടുള്ള സംഗീത വാസന, ശാസ്ത്രീയമായ സംഗീത പഠനത്തിലൂടെ ഹൃദിസ്ഥമാക്കി പാടുന്നത്, ദൃശ്യ രസത്തിനും, ശ്രവ്യ സുഖത്തിനും പൂർണ്ണത നൽകാൻ സഹായിക്കുമെന്ന് കണ്ടെത്തിയ ഗായകരിൽ പ്രമുഖനായിരുന്നു ഇറവങ്കര നീലകണ്ഠൻ ഉണ്ണിത്താൻ.

കഥാപാത്രങ്ങളുടെ മനസ്സിൽ വന്നു നിറയുന്ന വിവിധ വിചാര വികാരങ്ങളെ ഹൃദയ സ്പർശിയായി പ്രതിഫലിപ്പിക്കാൻ സംഗീത ഗുണം കൂടിയേ തീരൂ എന്നദ്ദേഹം കാണിച്ചു കൊടുത്തു. നവരസങ്ങൾ മാറിമാറി പ്രത്യക്ഷപ്പെടുത്തുന്ന കഥകളും ഗാനങ്ങളും അക്ഷര സ്ഫുടതയോടെ സാഹിത്യാംശം ഒട്ടും ചോരാതെ, കച്ചേരി സംഗീതത്തിന്റെ പാരമ്പര്യ ശൈലിയിൽ നിന്ന് വേറിട്ട് - സംഗീതത്തിന്റെ നിലവാരം കാത്തു സൂക്ഷിച്ചു കൊണ്ടുള്ള ഒരു ആലാപന ശൈലി അവതരിപ്പിച്ചു എന്നതാണ് കഥകളി സംഗീതത്തിന് ഉണ്ണിത്താൻ നല്കിയ സംഭാവന.

തോഡി, ദ്വിജാവന്തി, പുന്നാഗവരാളി, നവരസം തുടങ്ങിയ ഹൃദയഹാരിയായ രാഗങ്ങൾ സാഹിത്യ ഗുണം അല്പം പോലും ചോരാതെ അവതരിപ്പിക്കാൻ ഉണ്ണിത്താനുണ്ടായിരുന്ന കഴിവ് അപാരമായിരുന്നു.

നളചരിതം ആട്ടക്കഥയുടെ സാഹിത്യ, സംഗീത മനോഹാരിത ശ്രോതാക്കൾ സമ്പൂർണ്ണമായി ഉൾക്കൊണ്ടത്‌ ഉണ്ണിത്താന്റെ ആലാപനത്തിലൂടെയാണെന്ന വസ്തുത പഴയ തലമുറ ഓർക്കുന്നുണ്ട്. തെക്കൻ കേരളത്തിൽ നളചരിതത്തിനു പ്രചുരപ്രചാരം കിട്ടിയതിൽ ഉണ്ണിത്താന്റെ പങ്ക് നിസാരമല്ലെന്നും അവർ വിലയിരുത്തിയിട്ടുണ്ട്.

കലാകുടുംബത്തിൽ ജനിച്ച ആളായിരുന്നില്ല അദ്ദേഹം. മാവേലിക്കര താലൂക്കിൽ, ഇറവങ്കര എന്ന ഗ്രാമത്തിൽ 1885ൽ ആണ് ജനിച്ചത്. നൂറനാട്, നൂറുകോടിയിൽ രാമൻ താങ്കളുടേയും, ഇറവങ്കര കൊട്ടക്കാട്ട് നാരായണി കുഞ്ഞമ്മയുടെയും രണ്ടാമത്തെ മകനായിരുന്നു അദ്ദേഹം. ഔദ്യോഗികമായി പ്രാഥമിക വിദ്യാഭ്യാസം മാത്രമേ നേടിയിരുന്നുള്ളൂ. പുരാണേതിഹാസങ്ങളും, സംസ്കൃതവും രക്ഷകർത്താക്കളിലൂടെ പകർന്നു കിട്ടിയതായിരുന്നു.

അക്കാലത്ത് വിനോദോപാധികൾ എന്ന നിലയിൽ നാടൻ കലാരൂപങ്ങളായ പടേണി, കാക്കാരശി, മുടിയേറ്റ് തുടങ്ങിയവ ഗ്രാമങ്ങളിൽ സജീവമായിരുന്നു. അധികം അഭ്യാസം അത്യന്താപേക്ഷിതാമല്ലാത്ത കാക്കാരശി നാടകത്തിലൂടെയാണ് ഉണ്ണിത്താൻ തന്റെ കലാജീവിതത്തിന് ഹരി:ശ്രീ കുറിച്ചത്. കാക്കാരശിയിലെ നായകനായ കാക്കാന്റെ വേഷം അവതരിപ്പിച്ചാണ് അദ്ദേഹം ആസ്വാദകരുടെ മുക്തകണ്ഠ പ്രശംസക്ക് പാത്രീഭൂതനായത്. നാടൻ പാട്ടുകൾ വളരെ ആകർഷകമായി പാടി, സംഭാഷണം സംയോജിപ്പിച്ച്, അഭിനയിച്ച് സദസ്സിനെ രസിപ്പിക്കാൻ ഉണ്ണിത്താന് പ്രത്യേക വൈഭവം തന്നെയുണ്ടായിരുന്നു.

കാക്കരശിയിലെ തമ്പുരാനും കാക്കാനുമായുള്ള സംഭാഷണം പലപ്പോഴും ആനുകാലിക സംഭവങ്ങൾ കോർത്തിണക്കി പരിഹാസത്തിലൂടെ അവതരിപ്പിക്കുന്നതാണ് പൊതുവേയുള്ള രീതി. അരങ്ങിലിരിക്കുന്നവരെത്തന്നെ സന്ദർഭോചിതമായി കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച് പരിഹസിക്കുന്നതും സാധാരണമായിരുന്നു. കാണികൾ ആസ്വദിക്കുകയല്ലാതെ പ്രതിഷേധിക്കുന്ന സംഭവം തുലോം വിരളമായിരുന്നു.

ഒരിക്കൽ മാവേലിക്കര ഭരണിക്കാവിൽ, പ്രതാപശാലിയായ ഒരു കാരണവരുടെ തറവാട്ടിൽ ഉണ്ണിത്താന്റെ നേതൃത്വത്തിൽ കാക്കാരശി നാടകം അവതരിപ്പിക്കുകയുണ്ടായി. ആ കുടുംബത്തിൽ ആയിടക്ക് നടന്ന ഒരു സംഭവവുമായി ബന്ധമുള്ള ചില പരാമർശങ്ങൾ, തന്നെ കരുതിക്കൂട്ടി ആക്ഷേപിക്കാൻ അവതരിപ്പിച്ചതാണെന്നു കാരണവർ ധരിച്ചു.നാടിന്റെ മുഴുവൻ ആദരവും, നെടുനായകത്വവും വഹിച്ചിരുന്ന മൂപ്പിലെ വെറുതെയിരിക്കുമോ - കിട്ടി ഉണ്ണിത്താന്, "ചപേടികാ താഡനം", ചെകിട്ടത്തു തന്നെ! കലാസമിതിക്കാർക്ക് വളരെയേറെ വേദനയുണ്ടാക്കിയ സംഭവം ആയിരുന്നു അത്. ഇനി മേലിൽ കാക്കാരശിയിൽ ചായം തേക്കുകയില്ലെന്ന് ഉണ്ണിത്താൻ അന്ന് ശപഥം ചെയ്തു. അന്ന് അദ്ദേഹത്തിന് 23 വയസ്സാണ്.

ജന്മസിദ്ധമായി തനിക്കു കിട്ടിയ വരദാനം നിഷ്പ്രഭമാക്കി കളയാൻ ഉണ്ണിത്താന്റെ മനസ് അനുവദിച്ചില്ല. ഹരിപ്പാട് അമ്പക്കാട്ട് പരമേശ്വര അയ്യർ അക്കാലത്ത് അറിയപ്പെട്ട കഥകളി ഗായകൻ ആയിരുന്നു. ഉണ്ണിത്താൻ അയ്യരുടെ ശിഷ്യത്വം സ്വീകരിച്ചു. 5 വർഷം അദ്ദേഹത്തോടൊപ്പം താമസിച്ച് കഥകളി സംഗീതം അഭ്യസിച്ചു.

അരങ്ങേറ്റത്തിന് ശേഷം ശിങ്കിടിയായി ചില കളിയരങ്ങുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഒരു ദിവസത്തെ പ്രതിഫലം 21 ചക്രമായിരുന്നു. ( 75 പൈസ ) പൊന്നാനിക്കും ആദ്യാവസാന വേഷക്കാരനും ഒരു രൂപ മാത്രമായിരുന്നു അന്ന് പ്രതിഫലം.

തുടർന്ന് തെക്കൻ കേരളത്തിലെ പ്രമുഖ കഥകളി യോഗമായിരുന്ന കീരിക്കാട്ടെ തോപ്പിൽ കളിയോഗത്തിലെ പാട്ടുകാരനായി അംഗീകരിക്കപ്പെട്ടു. മാത്തൂർ കുഞ്ഞുപിള്ളപ്പണിക്കർ, തോട്ടം ശങ്കരൻ നമ്പൂതിരി, കീരിക്കാട്ട് വേലുപ്പിള്ള തുടങ്ങിയ പ്രമുഖ വേഷക്കാർ തോപ്പിൽ കളിയോഗത്തിലുണ്ട്.

അക്കാലത്ത് ഉത്തര കേരളത്തിലെ സമുന്നത ഗായകരായിരുന്നു നെന്മാറ മാധവമേനോനും കേശവമേനോനും. അവർ തിളങ്ങി നിന്നിരുന്ന ആ കാലത്ത് കഥകളി ആസ്വാദകരുടെ പ്രശംസക്ക് പാത്രമായ ഉണ്ണിത്താൻ, ഉത്തര കേരളത്തിലും അറിയപ്പെടുന്ന ഗായകനായി. മാധവമേനോൻ പാടിക്കൊണ്ടിരുന്ന ഒരു വേദിയിൽ, ആസ്വാദകരുടെ അഭ്യർത്ഥന പ്രകാരം ചേങ്കല എടുത്ത് പൊന്നാനിയായി വേദിയിലെത്തിയതായ ഒരു സംഭവം പറഞ്ഞു കേട്ടിട്ടുണ്ട്.

1915ൽ വലിയ കൊട്ടാരം കഥകളി ഭാഗവതരായി അദ്ദേഹത്തിനു സ്ഥാനം ലഭിച്ചു. കേരളത്തിലെ പ്രസിദ്ധ ക്ഷേത്രങ്ങളിലെല്ലാം പ്രധാനപ്പെട്ട പാട്ടുകാരനായി. 1956 വരെ നാൽപ്പതു വർഷം ശ്രീപത്മനാഭ ക്ഷേത്രത്തിലെ പ്രധാന ഗായകൻ ആയിരുന്നു. സഹോദരനായ കൊച്ചുകുഞ്ഞുണ്ണിത്താനുമൊത്ത് ഇറവങ്കര സഹോദരന്മാർ എന്ന പേരിൽ കേരളക്കരയിൽ ആകമാനമുള്ള വേദികളിൽ പാടി. സ്വരം നന്നായിരിക്കുമ്പോൾ തന്നെ ആ മഹാ ഗായകൻ അരങ്ങു വിടാൻ തീരുമാനിച്ചു. കൊട്ടാരം ആഫീസിൽ അപേക്ഷ സമർപ്പിച്ച് മഹാരാജാവിനോട് വിട ചോദിച്ചു പിരിഞ്ഞു പോവുകയാണുണ്ടായത്.

കൊട്ടാരം കഥകളി ഗായകനായിരിക്കെ ശ്രീമൂലം തിരുനാളിന്റെ സ്യാലനായ കൃഷ്ണൻ തമ്പിയുടെ - (സംസ്കൃത കോളേജ് പ്രിൻസിപ്പൽ) ക്ഷണമനുസരിച്ച് അദ്ദേഹത്തിന്റെ വസതിയായ കൈപ്പള്ളിൽ കുറേനാൾ താമസിക്കുകയുണ്ടായി. തമ്പിയുടെ നിർദ്ദേശ പ്രകാരം വല്ലീകുമാരം, താടകാവധം, ചൂഡാമണി എന്നീ മൂന്ന് ആട്ടക്കഥകൾ അദ്ദേഹം രചിച്ചു.

ആർക്കും വിധേയനായി ജീവിക്കാൻ ഉണ്ണിത്താൻ ഇഷ്ടപ്പെട്ടിരുന്നില്ല. മറ്റുള്ളവരെ കൈമണിയടിച്ച് നേട്ടങ്ങൾ കൊയ്യാനും അദ്ദേഹം ശ്രമിച്ചിട്ടില്ല. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും തന്റെ അഭിപ്രായം വെട്ടിത്തുറന്നു പറയാനുള്ള ആർജവം അദ്ദേഹം കാണിച്ചിരുന്നു. ആ സ്വഭാവ വിശേഷം ഒരുപാട് നഷ്ടമേ അദ്ദേഹത്തിനുണ്ടാക്കിയിട്ടുള്ളൂ.

അതിന് ഉദാഹരണമായി ഒരു സംഭവം കഥകളി ഗായകനായ തിരുവല്ല ഗോപിക്കുട്ടൻ നായർ ഓർക്കുന്നുണ്ട്. അമ്പലപ്പുഴ ക്ഷേത്രത്തിലെ ഒരു കളിക്ക് ഉണ്ണിത്താനെ ക്ഷണിച്ചു. സുപ്രസിദ്ധ നാഗസ്വര വിദ്വാനായ അമ്പലപ്പുഴ ശങ്കരനാരായണപ്പണിക്കരായിരുന്നു ഉത്സവ ഭാരവാഹി. അക്കാലം ഉണ്ണിത്താന്റെ പ്രതിഫലം 10 രൂപയായിരുന്നു. ചെങ്ങന്നൂർ രാമൻ പിള്ളയാശാന് 7 രൂപ പ്രതിഫലമുള്ളപ്പോഴത്തെ കഥയാണിത്. കളി കഴിഞ്ഞു. ശങ്കരനാരായണപ്പണിക്കർ 5 രൂപയേ ഉണ്ണിത്താന് കൊടുത്തുള്ളൂ. അത് വാങ്ങി മടിയിൽ തിരുകിക്കൊണ്ട് അദ്ദേഹം പറഞ്ഞു :

"ശങ്കരനാരായണപ്പണിക്കരെ, ഉണ്ണിത്താൻ പാടിയാൽ 10 രൂപ തന്നെ കിട്ടണം. ഇനി മേലിൽ എന്നെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്." അതോടെ അമ്പലപ്പുഴ അമ്പലത്തിലെ ഉണ്ണിത്താന്റെ പാട്ട് എന്നെന്നേക്കുമായി മുടങ്ങി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

നീലകണ്ഠൻ ഉണ്ണിത്താന്റെ അനന്തിരവൻ, കെ.വി. ഇറവങ്കര (പട്ടാഴി) മറ്റൊരു സംഭവം സൂചിപ്പിച്ചു. ഒരു ദേവസ്വം ഉദ്യോഗസ്ഥൻ പ്രതിഫലം 10 രൂപ എന്നെഴുതി ഒപ്പിട്ട് വാങ്ങിയിട്ട്, 7 രൂപയെ ഉണ്ണിത്താന് കൊടുത്തുള്ളൂ. അദ്ദേഹം ആ പണം ആ ഉദ്യോഗസ്ഥന്റെ മുന്നിൽ, മേശപ്പുറത്ത് വെച്ചിട്ട് പറഞ്ഞു :

"സ്വാമീ, ഈ പണി മഠത്തിൽ അരിവെയ്ക്കാൻ വരുന്നവരുടെ അടുത്തു കാണിച്ചാൽ മതി. ഇതും കൊണ്ട് ഉണ്ണിത്താന്റടുത്ത് വരരുത്." ഈ സംഭവം, ആ ക്ഷേത്രത്തിൽ മാത്രമല്ല, അയാൾക്ക് സ്വാധീനം ഉണ്ടായിരുന്ന മറ്റു ചില ക്ഷേത്രങ്ങളിലും ഉണ്ണിത്താന്റെ ചീട്ടു കീറാൻ ഉപകരിച്ചു.

ഉണ്ണിത്താൻ വലിയ കൊട്ടാരം പാട്ടുകാരൻ ആയിരിക്കുമ്പോഴത്തെ ഒരു കഥ. റീജന്റ് ഭരണം ആയിരുന്നു. ഒരു തമിഴ് ബ്രാഹ്മണനായിരുന്നു റീജന്റിന്റെ സന്തത സഹചാരിയും, വലം കൈയ്യും, ഉപദേശകനുമെല്ലാം. ആരെയും ഗൌനിക്കാത്ത, ഉണ്ണിത്താന്റെ സ്വഭാവ രീതി സ്വാമിക്ക് തീരെ പിടിക്കുന്നതായിരുന്നില്ല. പുളിയിലക്കരയൻ നേര്യത് കഴുത്തിൽ വളച്ചിടും. പാടുമ്പോഴും അങ്ങനെ തന്നെയായിരുന്നു. ഒരു ദിവസം സ്വാമി, രണ്ടാം മുണ്ട് അരയിൽ കെട്ടണമെന്ന് കല്പിച്ചു. ഉണ്ണിത്താനുണ്ടോ അത് വക വെയ്ക്കുന്നു.

വളരെ ശാന്തനായി അദ്ദേഹം പറഞ്ഞു, "സ്വാമീ, ഞാൻ ചക്രം കൊടുത്തു വാങ്ങിച്ച രണ്ടാം മുണ്ട് എങ്ങനെ ധരിക്കണമെന്ന് ഞാൻ തീരുമാനിച്ചു കൊള്ളാം."

സ്വാമിയാർ പരാതിയുമായി റീജന്റു തമ്പുരാട്ടിയുടെ അടുത്തെത്തി. ഉണ്ണിത്താനെ വിളിക്കാൻ ഉത്തരായി. രണ്ടാം മുണ്ട് കഴുത്തിൽ വളച്ചിട്ടു തന്നെയാണ് റീജന്റിന്റെ മുന്നിൽ ഉണ്ണിത്താൻ ഹാജരായത്.

ഉണ്ണിത്താന്റെ അധികപ്രസംഗം സ്വാമി റീജന്റ് സമക്ഷം ബോധിപ്പിച്ചു. എല്ലാം കേട്ടു കഴിഞ്ഞ്, "സ്വാമീ, ഉണ്ണിത്താനതാവാം", എന്നായിരുന്നു തമ്പുരാട്ടി പ്രതികരിച്ചത്.

അക്കാലങ്ങളിൽ കഥകളി അവതരിപ്പിക്കുമ്പോൾ കലാകാരന്മാർ ആരുടേയും പേര് നോട്ടീസിൽ വെക്കുമായിരുന്നില്ല. കളിയോഗങ്ങളുടെ പേര് മാത്രമേ പ്രസിദ്ധപ്പെടുത്തുമായിരുന്നുള്ളൂ. പ്രമുഖ വേഷക്കാരേയും, പാട്ടുകാരേയും, മേളക്കാരേയും പങ്കെടുപ്പിച്ചു നടത്തുന്ന കളികൾക്ക് "മേജർസെറ്റ് കഥകളി" എന്ന സംജ്ഞ കൊണ്ട് വന്നത് ഉണ്ണിത്താൻ ആയിരുന്നു.

കൊട്ടാരം കളിയോഗത്തിൽ നിന്ന് പിരിഞ്ഞതിനു ശേഷം വളരെ അടുപ്പമുള്ളവരുടെ നിർബ്ബന്ധത്തിനു വഴങ്ങി ഇടയ്ക്ക് അദ്ദേഹം അരങ്ങത്തു വരുമായിരുന്നു. അവസാനമായി ഒരു കളിക്ക് പാടിയത് കായംകുളത്തിനടുത്തുള്ള എരുവ ക്ഷേത്രത്തിൽ ആയിരുന്നു.

പ്രേക്ഷകരെ നടനിൽ നിന്ന് മാറ്റി, അവരുടെ ശ്രദ്ധ മുഴുവൻ പാട്ടിലേക്ക് ആകർഷിപ്പിക്കുവാനുള്ള ശ്രമമാണ് ഇപ്പോഴത്തെ ഗായകന്മാരുടെ ലക്‌ഷ്യം എന്ന് തോന്നുന്നു. ഉണ്ണിത്താൻ അത്തരത്തിലുള്ള കസർത്തുകളൊന്നും പരീക്ഷിക്കുമായിരുന്നില്ല. എന്നാൽ ആവശ്യമുള്ളയിടങ്ങളിൽ ചില ചരണങ്ങൾ ആവർത്തിച്ചു പാടി മനോഹരമാക്കുവാൻ അദ്ദേഹം തയ്യാറാകുമായിരുന്നു. ആവർത്തിച്ചു പാടി പൊലിപ്പിക്കേണ്ടത്, പൊലിപ്പിക്കുവാനും അദ്ദേഹത്തിന് അറിയാമായിരുന്നു. പക്ഷെ പരിധി ലംഘിച്ചുള്ള ഒരു പരീക്ഷണവും അദ്ദേഹം നടത്തുമായിരുന്നില്ല. അഭിനയ സംഗീതമാണ് കഥകളി പാട്ടെന്നും, അതിൽ സംഗീതം എത്രത്തോളം വേണമെന്നും നല്ല തിട്ടമുള്ളയാളായിരുന്നു നീലകണ്ഠൻ ഉണ്ണിത്താൻ.

അരങ്ങിലെന്നപോലെ കളരിയിലും അപാരമായ സിദ്ധി വൈഭവമുള്ളയാളായിരുന്നു അദ്ദേഹം. സഹോദരനായ കൊച്ചുകുഞ്ഞുണ്ണിത്താൻ, ചെന്നിത്തല കൊച്ചുപിള്ള, കാപ്പിൽ നാണുപിള്ള, തിരുവല്ല ചെല്ലപ്പൻപിള്ള, മാങ്ങാനം കൃഷ്ണപിള്ള, നാണുക്കുറുപ്പ്, രാമക്കുറുപ്പ് തുടങ്ങിയവർ ആ ഗുരുവരനിൽ നിന്ന് കഥകളി സംഗീതം അഭ്യസിച്ചിട്ടുള്ളവരാണ്. ചെല്ലപ്പൻപിള്ളയുടെ ശിഷ്യനാണ് തിരുവല്ല ഗോപിക്കുട്ടൻനായർ.

Thiruvalla Gopikkuttan Nair with nephew of Iravankara Neelakantan Unnithan, Shri K. V. Iravankara

ഉദര രോഗമായിരുന്നു ആ മഹാ ഗായകന്റെ ജീവൻ അപഹരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയെങ്കിലും അതിനു ശേഷം അധിക കാലം അദ്ദേഹം ജീവിച്ചിരുന്നില്ല. 1957ൽ തന്റെ 72 മത്തെ വയസ്സിൽ അദ്ദേഹം ഈ ലോകത്തോട്‌ വിട പറഞ്ഞു.

Malayalam

Comments

അവസാനം ചേർത്തിട്ടുള്ള ചിത്രം: പ്രശസ്ത കഥകളി ഗായകൻ തിരുവല്ല ഗോപിക്കുട്ടൻനായരും, ഉണ്ണിത്താൻ ആശാന്റെ അനന്തിരവൻ കെ.വി. ഇറവങ്കരയും. (പട്ടാഴി)

Mohandas's picture

ലേഖനം നന്നായിട്ടുണ്ട്.

കേട്ടറിഞ്ഞിടത്തോളം ഒരസമാന്യ ഗായകപ്രതിഭയും തറവാടിയും ആയിരുന്നു ഇറവങ്കര നീലകണ്ഠൻ ഉണ്ണിത്താൻ. വെളുപ്പാൻ കാലത്ത്, മൂന്നു നാല് കിലോമീറ്റർ ദൂരം വരെ ഇദ്ദേഹത്തിന്റെ പാട്ട് കേൾക്കാൻ കഴിയുമായിരുന്നു എന്ന് പ്രായമുള്ള ഒരു തിരുവല്ല സ്വദേശി എന്നോട് പറഞ്ഞിട്ടുണ്ട്. പറയത്തക്ക ശാരീര ഗുണമില്ലെങ്കിലും സംഗീതജ്ഞാനവും അക്ഷരവ്യക്തതയോടെ പാടുന്നതിൽ നിഷ്ക്കർഷയും ഉണ്ണിത്താനുണ്ടായിരുന്നു എന്ന് 'കഥകളിരംഗത്തി'ൽ  കെ.പി.എസ്. മേനോൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. 1132 മിഥുനം 26-നു കായംകുളത്തിനടുത്തുള്ള നൂറനാട്ടു പള്ളിയ്ക്കലുള്ള സ്വവസതിയിൽ വച്ച് ഉണ്ണിത്താൻ അന്തരിച്ചതായും ശ്രീ. മേനോൻ രേഖപ്പെടുത്തിയിട്ടുണ്ട്.

"നളചരിതത്തിന്റെ വേരുകൾ'' തേടിയുള്ള എന്റെ 'ഹേമാമോദസമാ' ലേഖനങ്ങളിൽ, നടന്മാരിലേക്ക് കൂടുതൽ ശ്രദ്ധ പോയതുകൊണ്ടാകാം, എങ്ങിനെയോ ഈ മഹാഗായകന്റെ പേര് അതർഹിക്കുന്ന വിധത്തിൽ പരാമർശിക്കുവാൻ ഞാൻ വിട്ടു പോയിട്ടുണ്ട്. ആ തെറ്റു തിരുത്താൻ കൂടി ഞാൻ ഈ അവസരം വിനിയോഗിക്കുകയാണ്‌. തെക്കൻ കളിയരങ്ങുകളിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിൽ ഉണ്ടായിട്ടുള്ള നളചരിതം കഥകളിയുടെ വികാസ പരിണാമങ്ങൽക്കും പ്രചുരപ്രചാരത്തിനും ഇറവങ്കര നീലകണ്ഠൻ ഉണ്ണിത്താന്റെ ഗാനസിദ്ധി  വഹിച്ചിട്ടുള്ള പങ്കു വളരെ വലുതാണ്‌. 

ഉണ്ണിത്താൻ ആശാന്റെ പാട്ടിനെ പറ്റി അച്ഛനും അമ്മാവനും ഒക്കെ പറഞ്ഞ് ധാരാളം കേട്ടിട്ടുണ്ട്. അദ്ദേഹത്തെ പറ്റി കുറച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ ലേഖനം സഹായിച്ചു.

പ്രശസ്തനായ ഒരു പഴയ ഗായകനെ പുതു തലമുറക്ക് പരിചയപ്പെടുത്തിയത് അഭിനന്ദനം അര്ഹിക്കുന്നു.

> വെളുപ്പാൻ കാലത്ത്, മൂന്നു നാല് കിലോമീറ്റർ ദൂരം വരെ ഇദ്ദേഹത്തിന്റെ പാട്ട് കേൾക്കാൻ കഴിയുമായിരുന്നു എന്ന് പ്രായമുള്ള ഒരു തിരുവല്ല സ്വദേശി എന്നോട് പറഞ്ഞിട്ടുണ്ട്. <

ഓരിയിടുന്ന ശബ്ദത്തിൽ സംസാരിച്ചാൽ മാത്രമേ കിലോമിറ്ററുകൾ മനുഷ്യശബ്ദം താണ്ടൂ. അത് കേക്കണമങ്കിൽ, മറ്റ് ഡിസ്റ്റർബൻസുകളൊന്നുമേ പാടില്ല. ആ ശബ്ദത്തിൽ പാടിയാലെങ്ങിനെയിരിക്കും? ഇനി ഒരുമനുഷ്യനാ ഒച്ചയിൽ വല്ലതും പറഞ്ഞുവെങ്കിൽ തന്നെ എത്ര നേരമയാളെ കൊണ്ടതിനു സാധിക്കും?
ഐതിഹ്യമാല മോഡലിലുള്ള ഇത്തരം അതിശയോക്തികൾ ഒഴിവാക്കുന്നതല്ലേ അഭികാമ്യം?

പിന്നെ തറവാടിയെന്ന പ്രയോഗം ബോധിച്ചു!

1956ൽ ഇറവങ്കര നീലകണ്ഠൻ ഉണ്ണിത്താൻ കഥകളി രംഗം വിട്ടു. 1957ൽ ആ സാധു മരിക്കുകയും ചെയ്തു. അദ്ദേഹം ഓരി ഇടുകയായിരുന്നോ, എന്ന സംശയനിവൃത്തിക്ക് പഴയ തലമുറയിലെ വളരെ കുറച്ച് ആൾക്കാരെ ഇപ്പോൾ ജീവിച്ചിരിക്കാൻ സാധ്യതയും കാണുന്നുള്ളൂ.

പത്തറുപത് കൊല്ലം മുമ്പുള്ള കഥയാണ് മോഹൻ ദാസ് പറഞ്ഞത്. മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിൽ ഉണ്ണിത്താൻ പാടുന്നത്, ഇക്കരെ കടപ്രയിൽ ( 2 കി.മീ.) വെളുപ്പിന് കേട്ടിട്ടുണ്ടെന്ന് എന്റെ അമ്മൂമ്മ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. ഓരിയിടുന്ന ശബ്ദമായിരുന്നോ എന്ന് സംശയനിവൃത്തി വരുത്താൻ അമ്മൂമ്മയും ഇപ്പോൾ ജീവിച്ചിരുപ്പില്ല.
പത്തറുപത് കൊല്ലം മുമ്പ് വെളുപ്പാംകാലത്ത് എന്ത് ഡിസ്റ്റർബൻസ് ആയിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത്.

തിരുവിതാംകൂറിൽ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന ഒരു മഹാ ഗായകനെ പരാമർശിച്ചപ്പോൾ, എന്താ ഇത്ര വലിയ ഒരു "പുജ് ഞം".

Mohandas's picture

മിസ്റ്റർ. രവി, 
ശ്രീ. ഇറവങ്കര നീലകണ്ഠൻ ഉണ്ണിത്താൻ പാടുന്നത് തിരുവല്ല ക്ഷേത്രത്തിൽ നിന്നും, പമ്പാനദിയുടെ ശാഖയും  വയലുകൾ നിറഞ്ഞ പ്രദേശങ്ങളിൽ കൂടി , അന്തരീക്ഷം ശാന്തമായ വെളുപ്പിന് മൂന്നു കിലോമീറ്റർ ദൂരത്തിൽ കേൾക്കാൻ സാധിക്കും എന്നാണ് പ്രായമായ  എന്റെ ഒരു ബന്ധു പറഞ്ഞത്. ഇത്  അൽപ്പം അതിശയോക്തിയാണ് തോന്നിയപ്പോഴും ഞാൻ എഴുതാൻ കാരണം  താങ്കളെപ്പോലെ മേൽവിലാസം ഇല്ലാത്തവർ പലരും ഇവിടെ  അസഹിഷ്ണതയോടെ എഴുതി വിദ്വാന്മാരാകാൻ ശ്രമിക്കും എന്ന് അറിയാം എന്നതു കൊണ്ടാണ്. ഇങ്ങിനെയുള്ളവരെ പരിചയപ്പെടുവാൻ  ഒരു സന്ദർഭം കൂടിയാകുമല്ലോ എന്ന് കരുതി. 
 ഇങ്ങിനെയുള്ള സംവാദങ്ങൾ അന്തസ്സോടുകൂടി മേൽവിലാസം കാണിച്ചുകൊണ്ട് മുന്നോട്ടു വന്നാൽ ആര്, എന്തൊക്കെയാണ് പറയുന്നത് എന്ന് എല്ലാവർക്കും മനസിലാക്കുവാൻ സാധിക്കും. 
ശ്രീ. ഇറവങ്കര നീലകണ്ഠൻ ഉണ്ണിത്താനും ഈ ലേഖനം എഴുതിയ ശ്രീ. രവീന്ദ്രൻ പുരുഷോത്തമനും ഇത് എഴുതുന്ന മോഹൻദാസിനും  ഒരു മേൽവിലാസം ഉണ്ട്. അതിനെയാണ് ഞങ്ങൾ തറവാടിത്തം എന്ന് പറയുന്നത്. ഇപ്പോൾ ആരാണ് തറവാടികൾ എന്നും ആരാണ് ഓരിയിടുന്നത് എന്നും മനസിലായി കാണുമല്ലോ?

C.Ambujakshan Nair's picture

ശ്രീ. ഇറവങ്കര നീലകണ്ഠൻ ഉണ്ണിത്താനെ കണ്ടിട്ടില്ല. അദ്ദേഹത്തിൻറെ ശിഷ്യനായ എന്റെ നാട്ടുകാരൻ ചെന്നിത്തല കൊച്ചുപിള്ള അവർകൾ മൈക്ക് സെറ്റിന്റെ സഹായം  ഇല്ലാതെ പല കളികൾക്കും  പാടുന്നത് എന്റെ ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്.  സാധാരണമായിത്തന്നെ  ഉറച്ച  ശബ്ദമായിരുന്നു അദ്ദേഹത്തിന്‌. കോട്ടയം ജില്ലയിലെ അയ്മനം സ്വദേശി അപ്പുഅയ്യരും ( ഹരിണാക്ഷി അപ്പുഅയ്യരും) ഉറക്കെ പാടാൻ കഴിവുള്ള ഗായകൻ എന്ന് ഒരു ലേഖനത്തിൽ വായിച്ചിട്ടുണ്ട്. വടക്ക് നെന്മാറ മാധവമേനോൻ എന്ന കഥകളി ഗായകൻ ഈ കാലഘട്ടത്തിൽ  പ്രസിദ്ധിനേടിയിരുന്നു.
 അന്നത്തെ കഥകളി ഗായകർ മൈക്ക് സെറ്റ് ഇല്ലാതെ പാടിയാണ്  ശീലം.

http://www.engineeringtoolbox.com/voice-level-d_938.html

ഇതിലെ ഷൗട്ടിങ്ങ് കാറ്റഗറിയെ വർക്കൗട്ടാക്കിയപ്പോഴാണു നിങ്ങൾ പറഞ്ഞ കിലോമീറ്ററുകൾ എത്തിയത്. ഷൗട്ടിങ്ങിനെ മലയാളവൽക്കരിച്ചതാണു ഓരിയിടൽ. ഗായകനെ കളിയാക്കാൻ ഉദ്ദേശിച്ചിട്ടില്ല. അങ്ങിനെ തോന്നിയതിൽ ക്ഷമ ചോദിക്കുന്നു.

റേഷൻ കാർഡ് കൊണ്ട് വന്ന് എന്റെ ഐഡന്റിറ്റി ഒറപ്പിച്ചെങ്കിൽ മാത്രമേ എനിക്ക് സംവാദത്തിൽ പങ്കെടുക്കാൻ പറ്റുകയുള്ളോ? സംവാദത്തിൽ മേല്വിലാസമെന്തിനു ഹേ!? അത് വഴിയെന്താണു നിങ്ങൾ നേടൂന്നത്? എന്റെ ജാതി-സാംബത്തിക നില കൊള്ളാവെങ്കിലേ ഞാൻ പറയുന്ന കാര്യവും മുഖവിലയ്ക്കെടുക്കൂ എന്നായിരിക്കും വാദം. അല്ലെങ്കിൽ അഡ്രസ്സ് അറിയാമെങ്കിൽ ഇയാളെന്നെ ശാരീരികമായി നേരിടുമെന്നും ആയിരിക്കാം. ഞാൻ അനോണിയൊന്നുമല്ല. അനോണിയാണേലും, ചർച്ച വിഷയത്തിലൊതുക്കുക. സംഭാഷണത്തിലെ മെറിറ്റ് നോക്കുക. അല്ലാതെയെന്തരു?

ഗായകൻ ഒരു സവർണ്ണനല്ലെങ്കിലും 'തറവാട്ടിൽ' പിറന്നവനല്ലെങ്കിലും, നന്നായി പാടാൻ കഴിവുണ്ടെങ്കിൽ ധാരാളം. പക്ഷെ എന്തരു ചെയ്യാം, അഡ്രസ്സ് തപ്പി പിടിച്ച് തറവാടിയാണെന്നും സവർണ്ണനാണെന്നും ഉറപ്പാക്കാനാണൂ താത്പര്യം. നല്ല കഴിവുണ്ടെങ്കിൽ തറവാടിയാക്കാനും ആളുകൾക്ക് പ്രിയമാണു.... ഇതിലൊക്കെ നിറഞ്ഞിരിക്കുന്നത് പഴകി പുളിച്ച ഫ്യൂഡൽ ആശയമാണെന്ന് മനസ്സിലാക്കാൻ ഇനിയും ആയിട്ടില്ല. 21ആം നൂറ്റാണ്ടായി കേട്ടോ... ഇതൊക്കെയൊന്നിനിയെങ്കിലും മാറ്റി പിടിക്കു!

തീർത്തും അനാവശ്യമായ വിവാദമാണിത്. വൈത്തി ഭാഗവതരുടെ പാട്ട് 1930കൾ ഒക്കെ വരെ വളരെ ദൂരെ കേട്ടിരുന്നു എന്ന് അത് നേരിട്ടനുഭവിച്ചവർ എന്നോട് നേരിട്ടു തന്നെ പറഞ്ഞിട്ടുണ്ട്. 2 കി.മി. ആണോ 4 കി.മി. ആണോ എന്ന് അളന്നു നോക്കിയിട്ടില്ലെങ്കിലും പണ്ടത്തെ സംഗീതം അത്തരത്തിലുള്ളതായിരുന്നു. പ്രത്യേകിച്ച് കഥകളിസംഗീതം തൊണ്ട തുറന്നു തന്നെ പാടുന്ന രീതിയായിരുന്നു. ഇന്നത്തെ ലളിതസംഗീതം മാത്രം കേട്ടു പരിചയമുള്ളവർക്ക് (ഇതിൽ ഞാനും പെടും, പക്ഷേ പലരും കേട്ടറിഞ്ഞ അനുഭവം അസത്യമായി കരുതാൻ എനിക്കു കഴിയുകയില്ല.) ഇത് ഐതിഹ്യമോ മിത്തോ ആയി തോന്നിയില്ലെങ്കിലേ അൽഭുതമുള്ളൂ.

ഇങ്ങനെ ചില ജന്മങ്ങളുണ്ട്. വീട്, അച്ഛൻ, അമ്മ, കാർണവർ എന്നൊക്കെ പറഞ്ഞാൽ ഫ്യൂഡൽ ആയി. പിന്നെ പാവപ്പെട്ടവർക്ക് കേട്ടാൽ മനസ്സിലാവാത്ത സിദ്ധാന്തങ്ങങ്ങളായി, കൊല്ലായി, കൊലയായി...

പിന്നെഴുന്നള്ളുന്നത് സൈന്റിഫിക്ക് തിയറിയും കൊണ്ടാണ്. യ്യോ, ബുദ്ധിജീവി ജന്മങ്ങളേ മര്യാദക്കാരും ഒന്ന് ജീവിച്ചുപൊക്കോട്ടെ.

ഊമക്കത്തിനുള്ള പ്രാധാന്യമേ അങ്ങനെയുള്ള വാദഗതികൾക്ക് കൊടുക്കുകയുള്ളൂ. പേരുവെച്ച് എഴുതുന്നത്‌ തന്നെയാണ് അന്തസ്സ്.

പ്രമുഖ വേഷക്കാരേയും, പാട്ടുകാരേയും, മേളക്കാരേയും പങ്കെടുപ്പിച്ചു നടത്തുന്ന കളികൾക്ക് "മേജർസെറ്റ് കഥകളി" എന്ന സംജ്ഞ കൊണ്ട് വന്നത് ഉണ്ണിത്താൻ ആയിരുന്നു.

Need some reference to this. It is said that the 'Minor'-'Major' terms were came in to use when kalamandalam started to have a minor set of young performers.
Thanks for the writing. Is the picture provided a real portrait of the singer? Could you give the citation of it?

Mohandas's picture

ഇറവങ്കര നീലകണ്ഠൻ ഉണ്ണിത്താന്റെ ഒരു ഫോട്ടോ കെ.പി.എസ്.മേനോന്റെ 'കഥകളിരംഗ'ത്തിൽ കൊടുത്തിട്ടുണ്ട് (മാതൃഭൂമി പ്രിന്റിംഗ് & പുബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്,1957 എഡിഷൻ, പേജ്: 193).  

Mohandas's picture

മിസ്റ്റർ.രവി:

എഴുത്ത് കണ്ടപ്പോൽ താങ്കളുടെ പ്രശ്നം എന്താണെന്ന് പിടികിട്ടി. പക്ഷെ അതൊന്നും ചർച്ചക്കെടുക്കാനുള്ള ഒരു ഇടം ആണ് ഇതെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങിനെയുള്ള ചർച്ചകളിൽ എനിക്ക് താത്പര്യവും ഇല്ല.

ഞാൻ പറഞ്ഞത് വീണ്ടും പറയട്ടെ; ഇത് കഥകളി വിഷയങ്ങളെ ഗൌരവപൂർവ്വം കാണുന്ന ഒരു വെബ്‌ സൈറ്റ്ആണ്. ഇവിടെ വരുന്ന അഭിപ്രായങ്ങളോട് യോജിക്കുകയും വിയോജിക്കുകയും ചെയ്യുന്നത് സ്വാഭാവികം മാത്രം. വിമർശനപൂർവമായ അഭിപ്രായങ്ങൾ എഴുതുമ്പോൾ എഴുതിയ ആളിനെ തിരിച്ചറിയാൻ കഴിഞ്ഞാൽ ചർച്ചക്ക് ബലമുണ്ടാകും. ഇല്ലായെങ്കിൽ ഇതുപോലെ ഒരു പൊതു ഇടത്തിൽ കേമന്മാരാകാൻ വേണ്ടി മാത്രം വന്നു അനാവശ്യ ചർച്ചകൾ നടത്തി ആളുകൾ ഇവിടം നശിപ്പിക്കും. മറ്റു ജോലികൾ ഉള്ള എന്നെപ്പോലുള്ളവർക്ക് ഇതും കളിച്ചിരിക്കാൻ കഴിയില്ലല്ലോ?അതിനാണ് ഇവിടെ പേരു രജിസ്റ്റർ ചെയ്തു മാന്യമായി സംവാദങ്ങളിൽ ഏർപ്പെടണമെന്നു പറയുന്നത്. ഇവിടെ പേരു രജിസ്റ്റർ ചെയ്യാൻ എന്താണിത്ര ബുദ്ധിമുട്ട്?

താങ്കളുടേതടക്കം ഇവിടെ കാണുന്ന അനോണി കത്തുകൾ കണ്ടില്ലെന്നു നടിച്ചു പ്രതികരിക്കാതെ വിടേണ്ട കാര്യമേ ഉള്ളൂ എനിക്ക്. പക്ഷെ, കഥകളിക്കു ഗുണകരമാകുന്ന എന്തെങ്കിലും ഒന്ന് അതിലുണ്ടെങ്കിൽ അത് കളയാൻ പാടില്ലല്ലോ? നമ്മുടെയൊക്കെ അഭിമാനമായ കഥകളിയെ സൃഷ്ട്ടിചെടുത്ത മഹാരഥന്മാരായ കഥകളി കലാകാരന്മാരെ ബഹുമാനിക്കാൻ കഴിയുന്നില്ലെങ്കിൽ വേണ്ട; പുശ്ചിക്കാതിരിക്കയെങ്കിലും ചെയ്യണം. ഇതിനു തെക്കും വടക്കും, അവർണ്ണ-സവർണ്ണൻ എന്നൊക്കെയുള്ള ഭെദവ്യത്യാസമൊന്നും വേണ്ടതില്ല.

നേരത്തെ ചൊന്നതു പോലെ കലാകാരനെ അവഹേളിക്കാൻ ഉദ്ദേശിചിരുന്നില്ല. അതുകൊണ്ട് ആ ആരോപണം മാറ്റി വച്ചേക്കുക. നിങ്ങളുടെ കമന്റിലെ തറവാടി പ്രയോഗവും തുടര്ന്നു വന്ന ഐഡന്റിറ്റിയെ ചൊല്ലിയുള്ള ഗീർവാണവും എന്നെകൊണ്ട് മറുപടി എഴുതിപ്പിക്കുകയാണു ഉണ്ടായത്.സാംസ്കാരിവിമർശനം എന്ന നിലയ്ക്ക് കണ്ടാൽ മതി. കഥകളിക്കും പ്രയോജനമാണ് ഫ്യൂഡൽ ബന്ധനങ്ങളിൽ നിന്നുമുള്ള മോചനം . പിന്നെ പേരു രജിസ്ടര്രു ചെയ്തേ കമന്റു ചെയ്യാവു എങ്കിൽ, വെബ്സൈറ്റിൽ അത് നിഷ്കർശിക്കണം. അതില്ലാത്തിടതോലം കാലം അതിനു നിർബന്ധിക്കുന്നതിൽ അർഥമില്ല. പേരിലും ഊരിലും കാര്യമില്ല പറയുന്നതിലെ കാര്യമുള്ളുവെന്ന് വീണ്ടും ഓര്മ്മിപ്പിക്കുന്നു.

നിങ്ങക്ക് മാത്രമല്ല പണികളുള്ളത്, മറ്റുള്ളവർക്കും ഉണ്ട്!

Thank you Sri Ravindranath for writing an article on Sri Eravankara Neelakantan Unnithan.It was informative and will definitely impress the new generation who are unaware of the old masters. As I have done much research on sri Eravankara Unnithan, I could have given more information, if contacted. A book on Sri Unnithan is getting ready and a documentary too, both from my side. If anybody is having any information on Sri Unnithan, may i request you to pass to me. I am a younger nephew of ssri Unnithan. My contact no is 9447802075, eravankara@gmail.com

മൈക്കുപോലും ഇല്ലാതെ സന്ധ്യ മുതൽ പിറ്റേന്നു വെളുപ്പാം കാലം വരെ ഒറ്റ നിപ്പിനു പാടുമായിരുന്നു എന്നാണു കേട്ടിട്ടുള്ളത്.
അരങ്ങു നിയന്ത്രിക്കാൻ അസാമാന്യ കഴിവുണ്ടായിരുന്നു എന്നും കേട്ടിരിക്കുന്നു.

My Grandmother's Grand father