ആട്ടക്കാരൻ വല്ല്യച്ഛൻ എന്ന വാരണപ്പിള്ളി പത്മനാഭപണിക്കർ

Sunday, November 24, 2013 - 08:51
Varanappilli Padmanabha Panikkar

കേരളത്തിന്റെ മദ്ധ്യകാലഘട്ടം തൊട്ടുള്ള ചരിത്രം പരിശോധിച്ചാൽ വളരെ പ്രമുഖമായ സ്ഥാനവും പദവിയുമുണ്ടായിരുന്ന ഒരു കുടുംബമാണ്, കാർത്തികപ്പള്ളി താലൂക്കിലെ, കായംകുളത്തിനടുത്തുള്ള പുതുപ്പള്ളിയിലെ വാരണപ്പിള്ളി. ഇവർ സമ്പന്നത കൊണ്ടു മാത്രമല്ല, കലാകാരന്മാർ, പണ്ഡിതന്മാർ, സാത്വികന്മാർ, പ്രബലരായ സേനാ നായകന്മാർ, ഉദ്യോഗസ്ഥ പ്രമുഖർ എന്ന നിലയിലും സമൂഹത്തിൽ ബഹുമാന സ്ഥാനീയർ ആയിരുന്നു. ഏതൊരു മലയാളിയും സന്ദർശിച്ചിരിക്കേണ്ട ഒരു പുണ്യ സ്ഥലം എന്നാണ് ഈ കുടുംബത്തെ ഒരു ലേഖനത്തിൽ പ്രൊഫ. സുകുമാർ അഴീക്കോട്‌ വിശേഷിപ്പിച്ചിട്ടുള്ളത്.

മാർത്താണ്ഡവർമ്മയുടെ കാലത്ത്, കായംകുളം രാജാവുമായി തിരുവിതാംകൂർ നിരന്തരം യുദ്ധം ചെയ്യുക പതിവായിരുന്നു. കായംകുളം രാജാവിന്റെ ഒരു സേനാവിഭാഗത്തിന്റെ തലവനായിരുന്നു, വാരണപ്പിള്ളിയിലെ ഒരു കാരണവരായിരുന്ന പതിനാഥപ്പണിക്കർ. ആന, തേര്, കുതിര, കാലാൾ എന്നിങ്ങനെയാണ് സേനാ വ്യൂഹത്തെ തരം തിരിച്ചിരുന്നത്. ഈ ഓരോ വിഭാഗങ്ങളും 'പതി' എന്നാണ് അറിയപ്പെട്ടിരുന്നത്. അങ്ങനെയുള്ള ഒരു പതിയുടെ നാഥൻ ആയതു കാരണം കായംകുളം രാജാവ് കൽപ്പിച്ചു നല്കിയതാണ് "പതിനാഥൻ" എന്ന സ്ഥാന പേര്. അദ്ദേഹത്തിന്റെ കാലഘട്ടം മുതൽ തുടങ്ങുന്നു വാരണപ്പിള്ളി കുടുംബത്തിന്റെ ചരിത്രം.

മാർത്താണ്ഡവർമ്മയുടെ സൈന്യം ചതി പ്രയോഗത്തിൽ കൂടി കായംകുളം രാജാവിനെ പരാജയപ്പെടുത്തുകയും, കായംകുളം രാജ്യത്തെ തിരുവിതാംകൂറുമായി സംയോജിപ്പിക്കുകയും ചെയ്തു എന്നാണല്ലോ ചരിത്ര രേഖകൾ പറയുന്നത്. കായംകുളത്തിന്റെ പരാജയം താങ്ങാനാവാതെ, രാജ്യ സ് നേഹിയായ ആ പതിനാഥൻ ആത്മഹൂതി ചെയ്യുകയായിരുന്നത്രേ.

ഇപ്പോൾ വാരിണപ്പിള്ളി മഹാദേവ ക്ഷേത്രം എന്നറിയപ്പെടുന്ന ക്ഷേത്രം അക്കാലം വാരിണപ്പിള്ളി കുടുംബ കളരി ആയിരുന്നു. കുടുംബ ക്ഷേത്രം പുതുപ്പള്ളിയിൽ സ്ഥിതി ചെയ്തിരുന്ന പത്തിശ്ശേരിൽ ഭദ്രകാളീ ക്ഷേത്രമാണ്.

അഞ്ചടിയോളം നീളമുണ്ടായിരുന്ന ഒരു കുന്തം, കളരി മുറ്റത്ത് ഉറപ്പിച്ചു നിർത്തി, കടകം ചാടി മറിഞ്ഞ്, കുന്തത്തിൽ നെഞ്ചു കുത്തി പിളർത്തിയായിരുന്നു അദ്ദേഹം വീരചരമം പ്രാപിച്ചത് എന്നാണ് പറയപ്പെടുന്നത്. തന്റെ സൈന്യത്തിലെ യോദ്ധാക്കളോട് സമഭാവത്തിൽ പെരുമാറിയിരുന്ന അദ്ദേഹത്തെ എല്ലാവരും സ് നേഹ ബഹുമാനങ്ങളോടെ വല്യച്ഛൻ എന്നായിരുന്നു വിളിച്ചിരുന്നത്. കളരിയിൽ വിശേഷപ്പെട്ട ദിവസങ്ങളിൽ പ്രത്യേക പൂജ പതിവായിരുന്നു. ഈ അവസരങ്ങളിൽ സേനയിൽ ഉള്ളവർക്കെല്ലാം ശർക്കരയും അരിയും തേങ്ങയും ചേർത്ത് അടയുണ്ടാക്കി കൊടുക്കുമായിരുന്നു. ഈ കളരിയുടെ - ഇപ്പോഴത്തെ ശിവ ക്ഷേത്രം - പുറകു വശത്ത് ഒരു തറയിലാണ് വല്യച്ഛനെ കുടിയിരുത്തിയിരിക്കുന്നത്. ആ ശിവ ക്ഷേത്രത്തിലെ ഏറ്റവും വലിയ വഴിപാടാണ് വല്യട നേദ്യം. കുടുംബാംഗങ്ങൾ മാത്രമല്ല, നാട്ടിലും മറ്റു പ്രദേശങ്ങളിൽ ഉള്ളവരും, ഇഷ്ടകാര്യസാദ്ധ്യത്തിനായി വാരിണപ്പിള്ളി വല്ല്യച്ചനു വല്യട നേദിച്ചു വരുന്നു. 6000 രൂപയോളം ചെലവ് വരുന്ന വല്യട വഴിപാട്, ആഴ്ചയിൽ രണ്ടും മൂന്നും എണ്ണം ഇപ്പോൾ നടന്നു വരാറുണ്ട്.

അദ്ദേഹത്തിന് 5 സഹോദരന്മാരും ഒരു സഹോദരിയുമാണ് ഉണ്ടായിരുന്നത്. സഹോദരിയുടെ തലമുറയാണ് ആറാമത്തെ ശാഖയായ കിഴവൂർ ശാഖ എന്നറിയപ്പെടുന്നത്. വളരെ പ്രമുഖമായ സ്ഥാനമാണ് കുടുംബാംഗങ്ങളും നാട്ടുകാരും ഈ ശാഖക്ക് നല്കിവരുന്നത്. വാരണപ്പിള്ളി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ആറാട്ടും അതോടനുബന്ധിച്ചുള്ള ചടങ്ങുകളും നടത്താനുള്ള അവകാശം കിഴവൂർ ശാഖക്കാണ്. മുൻ ധനകാര്യ മന്ത്രിയും, കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.കെ. ഹേമചന്ദ്രൻ കിഴവൂർ ശാഖയിൽ പെട്ടതായിരുന്നു.

ഈ കിഴവൂർ ശാഖയിൽ പെട്ട ഒരു ഭവനത്തിൽ താമസിച്ചാണ് ശ്രീനാരായണ ഗുരുദേവൻ 5 വർഷക്കാലം, കുമ്മമ്പള്ളി രാമൻ പിള്ളയാശാന്റെ കളരിയിൽ സംസ്കൃതം, വേദാന്തം, ജ്യോതിഷം എന്നിവയിൽ ഉപരി പഠനം നടത്തിയത്. 1876 മുതൽ 1881 വരെയായിരുന്നു ഗുരുദേവൻ വാരണപ്പിള്ളിയിൽ താമസിച്ചിരുന്നത്. കഥകളി രംഗത്തും പേരും പ്രശസ്തിയും നേടിയിരുന്ന കലാകാരന്മാരും കിഴവൂർ ശാഖയിലെ തലമുറയിൽ പെട്ടവർ ആയിരുന്നു.

ഈ കുടുംബത്തിലെ ആദ്യത്തെ കഥകളി കലാകാരൻ, പാട്ടുകാരൻ വല്യച്ഛൻ എന്നറിയപ്പെട്ടിരുന്ന പത്മനാഭപ്പണിക്കർ ആയിരുന്നു. ഇദ്ദേഹമാണ് വിപുലമായ കോപ്പ് ശേഖരത്തോടു കൂടിയ കളിയോഗവും, കളരിയും തുടങ്ങിയത്. കൊല്ല വർഷം 1049 ൽ (AD 1874) ആണ് അദ്ദേഹം ജനിച്ചത്. അരങ്ങിൽ പാടിക്കൊണ്ട് നിൽക്കുമ്പോൾ 55 മത്തെ വയസ്സിൽ കൊല്ല വർഷം 1114ൽ (AD 1939) അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്.

അദ്ദേഹത്തിന്റെ അനന്തിരവനായിരുന്നു - അദ്ദേഹത്തിന്റെ പേരും പത്മനാഭപണിക്കർ എന്നു തന്നെയായിരുന്നു - കഥകളി കലാകാരൻ എന്ന നിലയിൽ കൂടുതൽ അറിയപ്പെട്ടിരുന്നത്. ആട്ടക്കാരൻ വല്യച്ഛൻ എന്ന് പ്രസിദ്ധനായിരുന്ന അദ്ദേഹം കൊല്ല വർഷം 1079 ൽ (AD 1904)പത്തിയൂർ കോട്ടൂർ പപ്പുപ്പണിക്കരുടെയും, വാരണപ്പിള്ളി കുഞ്ഞുകുഞ്ഞിന്റേയും മകനായി ജനിച്ചു.

നാണുവാശാൻ എന്നൊരു കളരി ആശാനാണ് അദ്ദേഹത്തിന് കച്ചയും മെഴുക്കും നല്കിയത്. പള്ളിക്കോട്ട് കൊച്ചുപിള്ള, തുറയിൽ പപ്പുപ്പണിക്കർ എന്നിവരുടെ ശിക്ഷണത്തിൽ പ്രധാന വേഷങ്ങളിൽ പരിചയം നേടി. ആദ്യാവസാനവും ഇടത്തരവുമായുള്ള മിക്ക വേഷങ്ങളും ചൊല്ലിയാടി പരിശീലിപ്പിച്ചു. ആട്ടക്കാരൻ വല്യച്ഛൻ സ്ഥൂല ഗാത്രനായിരുന്നു. അതുകൊണ്ട് ഗൗരവമുള്ള വലിയ വേഷങ്ങളിലായിരുന്നു താല്പര്യം. രൌദ്ര ഭീമനും നരസിംഹവുമായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ട വേഷങ്ങൾ. അദ്ദേഹത്തിൻറെ താടി വേഷങ്ങളും പ്രസിദ്ധമായിരുന്നു.

നല്ലൊരു കളരി ആശാൻ കൂടിയായിരുന്നു പത്മനാഭപ്പണിക്കർ. തുറയിൽ കളിയോഗത്തിലെ ആശാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വലിയൊരു ശിഷ്യ സമ്പത്തിന് ഉടമയായിരുന്നു. സാമാന്യ വിദ്യാഭ്യാസം മാത്രമേ നേടിയിരുന്നുള്ളൂവെങ്കിലും മഹാ പണ്ഡിതൻ ആയിരുന്നു അദ്ദേഹം.

കെ.ആർ. ഗൌരിയമ്മയുടെ കുടുംബ ക്ഷേത്രമായ കളത്തിപ്പറമ്പിൽ ക്ഷേത്രത്തിലെ ഉത്സവത്തിന് കഥകളി അവതരിപ്പിച്ചിരുന്നത് വാരണപ്പിള്ളി കളിയോഗവും, തുറയിൽ കളിയോഗവും ആണ്. നാലു ദിവസത്തെ കഥകളി ആയിരുന്നു കളത്തിപ്പറമ്പിൽ ക്ഷേത്രത്തിൽ നടത്തിയിരുന്നത്. അവിടെ പത്മനാഭപ്പണിക്കരുടെ രൌദ്രഭീമൻ, നരസിംഹം, ത്രിഗർത്തൻ, കംസൻ,നക്രതുണ്ഡി തുടങ്ങിയ വേഷങ്ങൾ പതിവായിരുന്നു. ഒരിക്കൽ പത്മനാഭപ്പണിക്കരുടെ ദുശാസ്സനനായിരുന്നു. ഗൌരിയമ്മ സെക്കന്റ് ഫോമിലോ മറ്റോ പഠിക്കുകയാണ്. പോരിനുവിളിയും, രൌദ്രഭീമനുമായുള്ള യുദ്ധവും, അലർച്ചയുമൊക്കെ കണ്ട് പേടിച്ചു നിലവിളിച്ചത് ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്.

ഗൌരിയമ്മയുടെ പിതാവ് കളത്തിപ്പറമ്പിൽ രാമൻ കഥകളി ചെണ്ട അഭ്യസിച്ചിട്ടുണ്ട്. വാരണപ്പിള്ളി കളരിയിൽ ആണ് പഠിച്ചത്. കുടുംബ ക്ഷേത്രത്തിലെ ഉത്സവത്തിന്, നാല് ദിവസത്തെ കളിക്കും അദ്ദേഹമായിരുന്നു രണ്ടാം ചെണ്ട.

കിഴവൂർ ശാഖയുടെ ചുമതലയിൽ നടക്കുന്ന ആറാട്ടിൻ നാളിലായിരുന്നു അദ്ദേഹം ചരമമടഞ്ഞത്. കൊല്ലവർഷം 1159ൽ. (AD 1984)

1957ൽ കേരളകലാദളം എന്നൊരു കഥകളി സംഘം അദ്ദേഹം രൂപീകരിച്ചിരുന്നു.

വാരണപ്പിള്ളി കുടുംബത്തിൽ നിന്ന് ഈ തലമുറയിൽ ആരും തന്നെ കഥകളി രംഗത്ത് ഇല്ല. കഥകളിയിൽ താല്പര്യമുള്ളവർ തന്നെ ചുരുക്കം. അല്പസ്വല്പം താല്പര്യം കാണിക്കുന്ന ഒരാളാണ് ക്ലാപ്പന ഹൈസ്കൂൾ അധ്യാപകനായി വിരമിച്ച സുഭാഷ് ചന്ദ്രൻ. അദ്ദേഹത്തിന്റെ മുത്തച്ഛൻ കുഞ്ഞുപണിക്കർ കഥകളി വേഷക്കാരൻ ആയിരുന്നു. അദ്ദേഹത്തിന്റെ നളൻ, കചൻ എന്നീ വേഷങ്ങൾ പ്രസിദ്ധമായിരുന്നു.

Varanappilli Mahadeva Kshethram

വാരണപ്പിള്ളി ക്ഷേത്രത്തിലെ ഉത്സവം മകര മാസത്തിലാണ്. മകരം 30നു തീരത്തക്കവണ്ണം ആറു ദിവസത്തെ ഉത്സവം ആണ്. കഥകളിക്ക് വിലപ്പെട്ട സംഭാവനകൾ നല്കുകയും, ഒട്ടേറെ കലാകാരന്മാർക്ക് ജന്മം കൊടുക്കുകയും, അതിലേറെപ്പേരെ പരിശീലിപ്പിക്കുകയും ചെയ്ത വാരിണപ്പിള്ളി കുടുംബക്കാരുടെ ക്ഷേത്രത്തിൽ ഒരു ദിവസം പോലും കഥകളി അവതരിപ്പിക്കുന്നില്ല എന്നത് ഒരു വിരോധാഭാസമായി തോന്നാം. നാലഞ്ചു വർഷങ്ങൾക്ക് മുമ്പാണ്, സുഭാഷ് ചേട്ടന്റെ നേതൃത്വത്തിൽ ഒരു ദിവസം കഥകളി നടത്തിയിരുന്നു. അന്ന് കൈപൊള്ളി. അതിനുശേഷം അങ്ങനെയൊരു സാഹസത്തിന് അദ്ദേഹം തയ്യാറായിട്ടില്ല.

ആട്ടക്കാരൻ വല്യച്ഛന്റെ മരണശേഷം കളിയോഗം നടത്തിക്കൊണ്ടു പോയത് ഓച്ചിറ കലേശൻ ആയിരുന്നു. കുറച്ചുനാൾ മുന്നോട്ട് കൊണ്ടുപോയെങ്കിലും അല്പായുസ് ആയിരുന്നു യോഗത്തിന്. വിലപിടിച്ച കോപ്പുകൾ നഷ്ടപ്പെടുത്താൻ ഉപകരിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ. ആ കോപ്പുകൾ കണ്ടിട്ടുള്ള ഏതൊരു കലാസ് നേഹിയെയും വേദനിപ്പിക്കുന്നത് ആണിത്.

സ്വർണ്ണനിറമുള്ള ഗിൽററ് പേപ്പറും, പല നിറത്തിലുള്ള ഗ്ലാസ് ചില്ലുകളും മെഴുക് തേച്ച് ഒട്ടിച്ചാണല്ലോ ഇന്ന് കിരീടം അലങ്കരിക്കുന്നത്. പക്ഷെ ഈ യോഗത്തിലെ കിരീടങ്ങൾ ചെമ്പ് തകിട് കനം കുറച്ചടിച്ചു പരത്തി മെഴുകിൽ ഒട്ടിച്ചായിരുന്നു ഉണ്ടാക്കിയിരുന്നത്. കൊരലാരങ്ങൾ, തോൾപൂട്ടുകൾ, തോടകൾ , കാതിലകൾ, ഒറ്റനാക്കുകൾ, മാർമാലകൾ, പടിയരഞ്ഞാണങ്ങൾ, വളകൾ തുടങ്ങിയവയെല്ലാം നല്ലൊന്നാന്തരം വെള്ളിയിൽ തീർത്തത് ആയിരുന്നു. തട്ടാന്മാർ വാരണപ്പിള്ളിയിലിരുന്ന് ശാസ്ത്രീയമായ കണക്കുകൾ അനുസരിച്ച് തീർത്തവയായിരുന്നു കൊപ്പുകളെല്ലാം. ഇതെല്ലാമാണ് നഷ്ടപ്പെടുത്തിയത്.

ശേഷിച്ചിട്ടുള്ളത് ഒരാട്ടവിളക്ക് മാത്രമാണ്. ഒരു നിധി പോലെ സുഭാഷ് ചേട്ടൻ അത് സൂക്ഷിക്കുന്നു.

Varanappilli Attavilakku

ഞാനും എന്റെ മൂത്ത സഹോദരി മണിയക്കയും കൂടി ഇക്കഴിഞ്ഞ ദിവസം വാരണപ്പിള്ളിയിൽ പോയിരുന്നു. സുഭാഷ് ചേട്ടന്റെ ഭാര്യ ഉഷാക്ക, എന്റെ സഹോദരിയോടൊപ്പം കായംകുളം എം.എസ്.എം. കോളേജിൽ പഠിച്ചതാണ്. ഉഷാക്കയും വാരണപ്പിള്ളി കുടുംബാംഗം തന്നെ.

ഞങ്ങൾ അവരുടെ വീട്ടിൽ നിന്നിറങ്ങുമ്പോൾ വാരിണപ്പിള്ളി അമ്പലത്തിലെ ദീപാരാധന കഴിഞ്ഞിരുന്നു. ചരിത്ര പാരമ്പര്യമുള്ള ആ ക്ഷേത്രം, മതിലിന് പുറത്തു നിന്ന് കണ്ടിട്ട്, ഞങ്ങൾ തിരുവല്ലക്ക് മടങ്ങി.

Malayalam

Comments

Commentable work. Lots of information

Hi, This is wonderful writing. Lots of information...particularly the story of that singer died on the stage! Hope you can gather more for all of us.

ആട്ടക്കാരൻ വല്യച്ഛൻ എന്ന ലേഖനത്തിൽ കടന്നു കൂടിയ ഒന്നു രണ്ടു പിശകുകൾ ശ്രീ സുഭാഷ് ചന്ദ്രൻ എന്നെ വിളിച്ച് അറിയിക്കുകയുണ്ടായി. അത് തിരുത്തി കൊള്ളുന്നു.

1. സേനാവിഭാഗങ്ങളെ "പത്തി " എന്നാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹം അറിയപ്പെട്ടിരുന്നത് പത്തിനാഥപ്പണിക്കർ എന്നായിരുന്നു.

2. ഗുരുദേവൻ കിഴവൂർ ശാഖയിലല്ല - വാരണപ്പിള്ളി മൂല കുടുംബത്തിൽ ആയിരുന്നു താമസിച്ചിരുന്നത്.

3. ആട്ട വിളക്ക് ക്ഷേത്രത്തിനോട് ചേർന്നുള്ള അറപ്പുരയിലാണ് സൂക്ഷിച്ചിട്ടുള്ളത്.

4. പത്തിനാഥപ്പണിക്കർക്ക് 6 സഹോദരിമാരും 1 സഹോദരനും ആയിരുന്നു ഉണ്ടായിരുന്നത്.

5. വാരണപ്പിള്ളി ക്ഷേത്ര ഉത്സവം 8 ദിവസത്തെയാണ്.

തെറ്റുകൾ കടന്നു കൂടിയതിന് വായനക്കാരോട് മാപ്പപേക്ഷിക്കുന്നു.
പി. രവീന്ദ്രനാഥ്
തിരുവല്ല

C.Ambujakshan Nair's picture

പുതുപ്പള്ളി വാരണപ്പള്ളിയിലെ ഒരു ക്ഷേത്രത്തിൽ 78 - 79 കാലങ്ങളിൽ ഒരു കളി കണ്ടിട്ടുണ്ട്.
ഒന്നാം ദിവസം ദുര്യോധനവധം കഥകൾ.
കലാനിലയം മോഹനകുമാർ , ഓയൂർ രാമചന്ദ്രൻ, ചെന്നിത്തല രാഘവൻ പിള്ള, മൊഴൂർ രാജേന്ദ്രഗോപിനാഥ് , ചെറുകോൽ പുരുഷോത്തമൻ നമ്പൂതിരി, മുളവന ഉണ്ണികൃഷ്ണൻ തുടങ്ങിയ നടന്മാർ. പത്തിയൂർ കൃഷ്ണപിള്ള ചേട്ടൻ, വള്ളിക്കീഴ് ശങ്കരപിള്ള (സംഗീതം) കണ്ടല്ലൂർ സദാശിവൻ (ചെണ്ട) ഏവൂർ കുട്ടപ്പൻ നായർ (മദ്ദളം) കഥകളിയോഗം ശ്രീകൃഷ്ണ വിലാസം, ഏവൂർ.

വാരണപ്പള്ളി പദ്മനാഭ പണിക്കരെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ലേഖനം പ്രസിദ്ധീകരിച്ചു കണ്ടത്തിൽ അതിയായ സന്തോഷം ഉണ്ട്.
പണിക്കരുടെ നരസിംഹത്തെ കുറിച്ച് എന്റെ അപ്പൂപ്പൻ ഒരുപാട് പ്രശംസിച്ച് സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. ആദേഹം 84 ൽ ആണ് മരിച്ചത് എന്നത് പുതിയ അറിവാണ്.
അദ്ദേഹത്തിന്റെ ലഘുവായ ഒരു ചിത്രമേ ലഭിച്ചുള്ളു. അരങ്ങിലെ അദ്ദേഹത്തിന്റെ പ്രവർത്തികളും, ശൈലിയും കൂടി വിശദീകരിച്ചിരുന്നുവെങ്കിൽ ലേഖനം പരിപൂർണ്ണ വിജയം ആകുമായിരുന്നു. മടവൂർ ആശാൻ, പീതാംബരൻ ആശാൻ തുടങ്ങിയർ അദ്ദേഹത്തോടൊപ്പം വേഷം കെട്ടിയവർ ആയിരിക്കുമല്ലോ? അവരുടെ കൂടി അഭിപ്രായങ്ങൾ ആരാഞ്ഞിരുന്നുവെങ്കിൽ ലേഖനം കൂടുതൽ ഭംഗി ആവുമായിരുന്നു.
ഈ ലേഖനം തയ്യാറാക്കിയ ശ്രീ പി.രവീന്ദ്രനാഥ് എന്തുകൊണ്ടും പ്രശംസ അര്ഹിക്കുന്നു. മണ്‍മറഞ്ഞുപോയ കൂടുതൽ കലാകാരന്മാരെ കണ്ടെത്തി വായനക്കാരുമായി, ആ ചരിത്രം പങ്കു വെക്കണമെന്ന് രവീന്ദ്രനാഥിനോടും കഥകളി ഡോട്ട് ഇന്ഫോയോടും അഭ്യർഥിച്ചു കൊള്ളുന്നു.

വാരണപ്പള്ളി കുടുംബത്തിൽ ഒരു പത്മനാഭപണിക്കർ തഹസീൽ മാജിസ് ട്രേട്ട് ആയിട്ടിരുന്നിട്ടുണ്ട് എന്ന് കെ.ആർ. ഗൌരിയമ്മയുടെ ആത്മകഥയിൽ പറയുന്നുണ്ട്. പാട്ടുകാരനായി വാരണപ്പള്ളിയിൽ ഒരാളുണ്ടായിരുന്നു എന്ന് ലേഖനം വായിച്ചപ്പോൾ ആണ് മനസ്സിലായത്.