അരങ്ങേറ്റം

Saturday, June 4, 2011 - 17:35

കഥകളി അതിസങ്കീര്‍ണവും കഠിനവുമെന്ന വാദം നിരത്തി ദുരെ മാറി നില്‍ക്കുന്നവര്‍ക്ക്‌ അരങ്ങത്തേയ്ക്ക്‌ ഒന്നെത്തിനോക്കാനെങ്കിലും പ്രചോദനമാവട്ടെ എന്ന സദുദേശത്തിന്റെ പരിണാമ ഫലമാണ്‌ ഈ അരങ്ങേറ്റം. അതിപ്രഗല്‍ഭരായ പലരും തങ്ങളുടെ രചനകളിലൂടെ ഉല്‍ഘോഷിച്ചത്‌ വായിക്കാന്‍ തെല്ലും സമയം ലഭിക്കാത്ത ഏതെങ്കിലും ഒരു 'കളിഅരസികന്‍' ഇതുവായിച്ച്‌ കളികാണാന്‍ താല്‍പര്യപ്പെടുമെന്ന ആത്യാഗ്രഹവും ഇല്ലാതില്ല. 'കഥ'യും 'കളി'യും ഇഴപിരിയാതെ കിടക്കുന്ന കഥകളിയിലെ കഥകള്‍ ഏതൊരു മലയാളിക്കും സുപരിതങ്ങളാവേണ്ടതാണ്‌. ഇനി 'കാല വിഷമം കൊണ്ട'ു‍ അത്‌ സാധിക്കാത്തവര്‍ കഥയറിഞ്ഞ്‌ മാത്രം പുറപ്പെടുകയാണ്‌ ഉചിതം. 'കളി'യാണ്‌ പ്രശ്നക്കാരന്‍, അതുകൊണ്ടുതന്നെ 'കളി' തന്നെയാണ്‌ മുഖ്യവും. എല്ലാ ആട്ടവും മുദ്രകളും മനസ്സിലായതിനു ശേഷം കഥകളി കാണാന്‍ പോകാം എന്നു ചിന്തിക്കേണ്ട യാതൊരു സാഹചര്യവും ഇന്ന്‌ നിലവിലില്ല. കാരണം, ഉറക്കം ഉപേക്ഷിച്ചും വീട്ടുകാരുടെ എതിര്‍പ്പും നാട്ടുകാരുടെ പരിഹാസവും കണ്ടില്ലെന്ന്‌ നടിച്ചും കഴിഞ്ഞ പത്തുപതിനഞ്ചു കൊല്ലകാലം കളിഭ്രാന്തന്‍മാരായി മിനക്കിട്ടങ്ങുമിങ്ങും നട(ക്കു)ന്നവനും മുഴുവന്‍ മനസസിലാക്കിയിട്ടല്ല സദസസില്‍ ഇരിക്കുന്നത്‌ എന്നതുതന്നെ. ഒരാസ്വാദകന്‍ എന്ന നിലയില്‍ എല്ലാമുദ്രകളും അറിഞ്ഞിരിയ്ക്കണമെന്ന്‌ ശഠിക്കുന്നതും പ്രായോഗികമല്ല. കഥകളി കാണുന്നത്‌ പോലതന്നെ പ്രധാനപ്പെട്ടതാണ്‌ പലതും കാണാതിരിക്കുക എന്നതും. കൊള്ളേണ്ടവ ഉള്‍കൊള്ളാനും തള്ളേണ്ടവ തള്ളികളയാനും  ഉള്ള കഥകളിയുടെ മാത്രമായ പലതരത്തിലുള്ള വകതിരിവ്‌ (കുചേലവ്യത്തത്തില്‍ രുഗ്മിണിയുടെ പരിഭവപദത്തിനിടയില്‍ കുചേലനെ കാണാതിരിക്കാനും തോരണയുദധത്തിലെ രാവണന്റെ ആട്ടം ആസ്വദിക്കുമ്പോള്‍ സീതയെ ശ്രദധിക്കാതിരിക്കാനും സ്വന്തം മകനെ വാളാല്‍ വെട്ടാന്‍ ആയി മടിയില്‍ കിടത്തുന്ന നിര്‍വ്വികാരിണിയായ സനധ്യാവലിയെ കുറിച്ച്‌ വ്യാകുലപ്പെടാതിരിക്കാനും) കാലപ്പഴക്കം കൊണ്ടേ വരൂ. അതുകൊണ്ട്‌ സുഹ്യത്തേ, ഈ വൈകിയവേളയിലെങ്കിലും നമുക്കൊരുമിച്ചിരുന്ന്‌ കളികണ്ടു തുടങ്ങാം.

ഒരുത്തമ ശാസ്ത്രീയരംഗകലയായ കഥകളിയുടെ പരമമായലക്ഷ്യം കഥാഭിനയത്തിലുടെ പ്രേക്ഷകരില്‍ രസാനുഭൂതി ജനിപ്പിക്കലാണ്‌. ഇതു നിര്‍വഹിക്കപ്പെടുന്നത്‌ സാത്വികം (ഭാവഭേദങ്ങള്‍), ആംഗികം(അംഗോപാംഗ ചേഷ്ടകള്‍), വാചികം(ഉചിത ശബ്ദ സംവിധാനം), ആഹാര്യം(വേഷഭൂഷാദികളും രംഗവൂം) എന്നീ നാലുതരം അഭിനയോപാധികളിലൂടെയാണ്‌. ഈ അഭിനയോപാധികള്‍ രണ്ടുതരം അഭിനയമുറകളിലൂടെ സാക്ഷാത്കരിക്കപ്പെടുന്നു. സാധാരണ ജീവിത ചേഷ്ടകളെ സ്വാഭാവിക രീതിയില്‍ നേരിട്ട്‌ അവതരിപ്പിക്കുന്ന 'ലോകധര്‍മ്മി'യും ചിട്ട-സങ്കേതങ്ങളിലൂടെ യാഥാര്‍ഥ്യ പ്രതീതി ജനിപ്പിക്കുന്ന 'നാട്യധര്‍മ്മി'യും. കഥകളിയില്‍ കൂടുതലായി ഉപയോഗിക്കപ്പെടുന്ന മുറ നാട്യധര്‍മ്മിയാണ്‌. ബ്രാഹ്മണന്‍, ആശാരി തുടങ്ങിയ ചില കാഥാപാത്രങ്ങളുടെ അവതരണത്തില്‍ മാത്രം ലോകധര്‍മ്മിയായ രീതി സ്വീകരിച്ചത്‌ കാണാം.

ചരിത്രം

കഥകളിയുടെ ഉല്‍പ്പത്തിയെക്കുറിച്ചുള്ള വിവിധ ചരിത്രകാരന്‍മാരുടെ കണ്ടെത്തലുകള്‍ ലഭ്യമാണ്‌. ഒരാസ്വദകനെ അത്‌ വലിയളവില്‍ ബാധിയ്ക്കാത്തതിനാല്‍ കൂടുതല്‍ വ്യകുലപ്പെടേണ്ടെന്നു തോന്നുന്നു. ക്യഷ്ണനാട്ടത്തില്‍ നിന്ന്‌ കൊട്ടാരക്കര തമ്പുരാന്റെ രാമനാട്ടവും പിന്നീടത്‌ ക്യത്യമായ ചിട്ടപ്പെടുത്തലിലൂടെ പുഷ്ടിപ്പെട്ട്‌  ഇന്ന്‌ നാം കാണുന്നതരത്തിലുള്ള കഥകളിയില്‍ എത്തിനല്‍ക്കുന്നു എന്ന സാമാന്യം ലളിതവും വിശ്വസനീയവുമായ നിഗമനത്തില്‍ നമുക്കൂം ചേരാം. സമ്പ്രദായവ്യത്യാസങ്ങളുടെ അടിസ്ഥാനമായ വെട്ടത്ത്‌(വെട്ടത്ത്‌ രാജാവ്‌: വാചികാഭിനയം നിര്‍ത്തലാക്കി, പുറപ്പാടും തിരനോക്കും നടപ്പില്‍ വരുത്തി, ചെണ്ടയുടെ കൂട്ട്‌), കല്ലടിക്കോടന്‍(ചാത്തുപണിക്കരാശാന്‍: കോട്ടയം കഥകളുടെ ശിക്ഷണം, നാട്യ-/മുഖാഭിനയത്തിനും മെയ്‌വഴക്കത്തിനും കൂടുതല്‍ ശ്രദധ), കപ്ലിങ്ങാടന്‍(കപ്ലിങ്ങാട്ടു നമ്പൂതിരി:ആഹാര്യത്തിനും ഭാവാഭിനയത്തിനും കൂടുതല്‍ ശ്രദ്ധ, താഴ്‌ന്ന്‌ നിന്നുള്ള അഭിനയ രീതി, കയ്യിനും മെയ്യിനുമൊപ്പം കണ്ണുകള്‍ക്കും സ്ഥാനം, തന്റേടാട്ടം), കല്ലുവഴി(കുന്നത്തൂര്‍ ശങ്കുപണിക്കരും ശിഷ്യരായ നല്ലൂര്‌ ഉണ്ണീരിമേനോനും കുയില്‍തൊടി ഇട്ടിരാരിശശമേനോനും: ഒളപ്പമണ്ണ മനയുടെ തണലില്‍ കല്ലടിക്കോടനും കപ്ലിങ്ങാടനും സമന്വയിപ്പിച്ചത്‌. ചൊല്ലിയാട്ടത്തിലെ കൂറടക്കം, കലാശങ്ങളും മറ്റും ഒതുക്കി ഒരു 'പറവട്ട'ത്തില്‍, സര്‍വ്വാഗാഭിനയം, പാത്രസ്ഥായീ നില എന്ന പുതു സങ്കേതം) തുടങ്ങിയ പേരുകള്‍ കേള്‍ക്കുമ്പോള്‍ നമുക്ക്‌ അദര്‍ശ്യരായ ആ കഥകളി പരിഷ്കര്‍ത്താക്കളെ മനസാ നമിയ്ക്കാം. ഇവരോടൊപ്പം ഓര്‍ക്കേണ്ട പേരാണ്‌ കോട്ടയം തമ്പുരാന്‍ എന്നറിയപ്പെടുന്ന കഥകളിയുടെ മര്‍മ്മമറിഞ്ഞ (പദാര്‍ത്ഥാഭിനയത്തിന്‌ കണക്കൊത്ത പദങ്ങളും ശാസ്ത്രീയ ചിട്ടയും) 'കോട്ടം' തീര്‍ന്ന നാലു ആട്ടക്കഥകളുടെ കര്‍ത്താവായ പഴശി കേരളവര്‍മ്മയുടേത്‌. ഇന്ന്‌ അരങ്ങത്ത്‌ ആടുന്ന(?) വടക്കന്‍ശൈലിയും തെക്കന്‍ശൈലിയും യഥാക്രമം കല്ലുവഴിയും കപ്ലിങ്ങാടനും അടിസ്ഥാനപ്പെടുത്തി ആണെങ്കിലും ആദ്യവസാനവേഷക്കാരന്‍ മുതല്‍ തിരശ്ശീലക്കാരന്‍ വരെയുള്ള പ്രയോക്താക്കളുടെ രണ്ട്‌ ശീലങ്ങളായാണ്‍്‌ ആസ്വാദകന്‌ പലപ്പോഴും അനുഭവപ്പെടുന്നത്‌. ആ 'ശീലം' (ദുശ്ശീലമോ) കിരീടമടക്കമുള്ള വേഷഭൂഷാദികളിലും മൊത്തം അരങ്ങു സമീപനങ്ങളിലും അരങ്ങത്തും ദര്‍ശിക്കാം.

അരങ്ങുകേളി

കഥകളിയിലെ ആദ്യവസാനക്കാരന്‍ എന്ന സ്ഥാനപേര്‌ ഒരു വേള മദ്ദളക്കാരന്‌ അവകാശപ്പെട്ടതാണ്‌. കളിവിളക്ക്‌ തെളിഞ്ഞാല്‍ മദ്ദളകേളിയോടെയാണ്‌ ഒരു അരങ്ങ്‌ ഉണരുന്നത്‌. സമയലഭ്യതക്കനുസരിച്ച്‌ കൊട്ടുന്ന എണ്ണങ്ങളുടെ ദൈര്‍ഘ്യവും വ്യത്യസപ്പെടുന്നു. കേളിയുടെ അവസാനത്തിലുള്ള മുഖം കൊട്ടി മാറൂന്നതോടുകൂടി അരങ്ങത്ത്‌ തിരശ്ശീല പിടിക്കുന്നു.

വന്ദനശ്ലോകം

എല്ലാ കഥകള്‍ക്കും പ്രത്യേകം പ്രത്യേകം വന്ദനശ്ലോകം ഉണ്ടെങ്കിലും കോട്ടയത്ത്‌ തമ്പുരാന്‍ തന്റെ നാലു കഥകള്‍ക്കായി എഴുതിയ 'മാതംഗാനന അബ്ജവാസരമണി....' എന്നുതുടങ്ങുന്നതാണ്‌ സാധാരണയായി ആലപിയ്ക്കാറുള്ളത്‌.

തോടയം

വ്യത്യസ്ത താളങ്ങളിലുള്ള ചുവുടുവെയ്പ്പുകളും കലശങ്ങളും അടങ്ങിയ ദൈവ(ഗണപതി, ശ്രീക്യഷ്ണന്‍, ശിവന്‍, മൂകാംബിക, വിഷ്ണു) പ്രാര്‍ത്ഥനയാണിത്‌. മദ്ദളത്തിന്റെ അകംമ്പടിയോടെ വേഷഭൂഷാദികളില്ലാതെ ഒന്നോ രണ്ടോ നടന്‍മാര്‍ വായ്ത്താരി ചൊല്ലികൊണ്ടാണ്‌ തോടയം എടുക്കുക. ഒരു വേഷവിദ്യാര്‍ത്ഥിയെ താളങ്ങളുമായി പരിചയപ്പെടുത്തുന്ന തോടയം, സമയപരിമിതി മൂലം അരങ്ങത്തുനിന്ന്‌ പലപ്പോഴും ഒഴിവാക്കപ്പെടുന്നു.

പുറപ്പാട്‌

ഇവിടം മുതല്‍ കഥയുമായി നേരിട്ട്‌ ബന്ധപ്പെട്ടിരിക്കുന്നു. കഥയിലെ കേന്ദ്രകഥാപാത്രമോ കഥാപാത്രങ്ങളോ ആയ പച്ച, സ്ത്രീ വേഷങ്ങള്‍ ആണ്‌ പുറപ്പാട്‌ അവതരിപ്പിക്കേണ്ടത്‌. എന്നാല്‍ പ്രസ്തുത വേഷം പലപ്പോഴും അരങ്ങത്ത്‌ ഇന്നവതരിപ്പിയ്ക്കപ്പെടുന്ന കാഥാഭാഗത്ത്‌ വരായ്കയാലും പുറപ്പാടെടുക്കുന്ന കുട്ടികളുടെ സൗകര്യം കണക്കിലെടുത്തും സര്‍വ്വോപരി ഭഗവാന്‍ ക്യഷ്ണനു മലയാളിയുടെ ജീവിതവുമായുള്ള സുബനധത്താലും ശ്രീക്യഷ്ണ വേഷം സാര്‍വ്വത്രികമായി നടപ്പിലായി. ശ്ലോകം (സാന്ദ്രാനന്താകുലാത്മ...) സന്താനഗോപാലം കഥയിലേയും ആണ്‌ സാധാരണ പ്രയോഗത്തില്‍ വരുന്നത്‌. നാല്‌ കുമ്പിടലും മദ്ദളം, ചെണ്ട, ചേങ്ങല, ഇലത്താളം എന്നിവയെ യഥാക്രമം വന്ദിക്കലും തിരശ്ശീലക്കകത്ത്‌ കഴിയും. സാധാരണ പുറപ്പാടിന്‌ നാല്‌ 'നോക്കാ'(തിര താഴ്ത്തല്‍)ണെങ്കില്‍ കലാമണ്ഡലം ചിട്ടപ്പെടുത്തിയ പകുതിപ്പുറപ്പാടിന്‌ രണ്ടേ വേണ്ടൂ. പകുതിപ്പുറപ്പാടിന്‌ കുറഞ്ഞത്‌ രണ്ടുപേര്‍ (ഗുണിതങ്ങളോ) വേണം. പകുതിപ്പുറപ്പാടിന്‌ ഉപയോഗിക്കുന്ന പദം കിര്‍മ്മീരവധത്തിലും കല്ല്യാണസൗഗനധികത്തിലും ഉള്ള ശ്രീക്യഷ്ണ അവതരണപദമാണ്‌. സാധാരണ പുറപ്പാടും ഇപ്പോള്‍ രണ്ട്‌ നോക്കില്‍ തീര്‍ക്കും. കുടാതെ മൂന്നാം 'നോക്ക്‌' ഒറ്റയ്ക്ക്‌ പറ്റുന്നതുമല്ല. ആദ്യത്തെ 'നോക്കി'ന്‌ മേലാപ്പ്‌, ആലവട്ടം എന്നിവ ഉണ്ടാവും. പുറപ്പാട്‌ ഒരു വേഷവിദ്യാര്‍ത്ഥിയുടെ താളപരിചയത്തിനു പുറമേ ഭാവാഭിനയതുടക്കത്തിനും വഴിവെയ്ക്കുന്നു.

മേളപ്പദം

മേള സംഗീത വിദഗ്ധരുടെ സ്വതന്ത്രാവിഷ്ക്കാരത്തിനുള്ള ഒരു നല്ല അവസരമാണ്‌ മേളപ്പദം. ചെമ്പ,ചെമ്പട താളങ്ങളുടെ പ്രയോഗമായ മേളപ്പദം കോട്ടയത്തുതമ്പുരാന്റെ ഒരു സംഭാവനയായി കരുതപ്പെടുന്നു. തായമ്പക, കേളികളിലെ എണ്ണങ്ങളും ഗീതാഗോവിന്ദത്തിലെ 'മഞ്ഞജുതര'  എന്നു തുടങ്ങുന്ന വരികളും ആണ്‍്‌ (പരമാവധി എട്ടു ചരണങ്ങള്‍, മോഹന(ഇഹവിലാസ..)ത്തില്‍ തുടങ്ങി മദ്ധ്യമാവതി(വിഹിതപത്മാവതി...)യില്‍ അവസാനിക്കുന്ന തരത്തില്‍) ഇതില്‍ ഉപയോഗിക്കപ്പെടുന്നത്‌. കഥകളിയുടെ ഒരു അവിഭാജ്യ ഘടകമല്ലെങ്കില്‍ കൂടി മേളപ്പദം('ഇരട്ട'കളും) സംഗീത മേളാസ്വാദകരെ ആകര്‍ഷിയ്ക്കുന്നതാണ്‌.

കഥാരംഭം

രാഗവിസ്താരാവസാനം ആദ്യരംഗത്തില്‍ വേണ്ട വേഷങ്ങള്‍ തിരശ്ശീലയക്കകത്ത്‌ വരുന്നു. കുമ്പിടലും യന്ത്രാഭിവാദ്യവും കവിവാക്യങ്ങളായ ശ്ലോകത്തിനു സമാന്തരമായി നിര്‍വ്വഹിയ്ക്കപ്പെടുന്നു.

വേഷങ്ങളും പ്രധാന കഥാപാത്രങ്ങളും

പച്ച:                    ധര്‍മ്മപുത്രര്‍/പഞ്ചപാണ്ഡവര്‍,നളന്‍,പുഷ്ക്കരന്‍,ദക്ഷന്‍,ബ്യഹന്നള
                            ഉത്തരന്‍, രുഗ്മാഗദന്‍, കചന്‍, ഇന്ദ്രന്‍, ഋതുപര്‍ണന്‍, വിഭീഷണന്‍.
                            ബാഹുകന്‍(നീല കരവാലും കുപ്പായവും), ക്യഷ്ണന്‍ (ക്യഷ്ണമുടി)
                            ശ്രീരാമന്‍, ലഷ്മണന്‍, ഭരതന്‍, ശത്രുഘ്നന്‍, കുശന്‍, ലവന്‍(മുടി)
                            രൗദ്രഭീമന്‍ (പ്രത്യേകതേപ്പോടുകൂടിയ പച്ച)       

കത്തി:                 രാവണന്‍, ദുര്യോധനന്‍, കീചകന്‍, ചെറിയനരകാസുരന്‍, കിര്‍മ്മീരന്‍
                            ശിശുപാലന്‍, കംസന്‍, ഹിരണ്യകശിപു.
                            മാരീചന്‍, കുംഭകര്‍ണര്‍, ഘടോല്‍ക്കചന്‍, ദ്വാപരന്‍(നെടുംകത്തി/2-ാ‍ം കത്തി)

ചുകന്നതാടി:       ബാലി, സുഗ്രീവന്‍, ത്രിഗര്‍ത്തന്‍, ദുശ്ശാസനന്‍, വീരഭദ്രന്‍, ജരാസന്‍ധന്‍, ബകന്‍, കാലകേയന്‍,   വലിയനരകാസുരന്‍, മാലി, സുമാലി, മാല്യവാന്‍, സുദര്‍ശനം, കൂടാതെ ദ്വാപരന്‍ തെക്കന്‍ ശൈലിയില്‍.
                            കലി(കറുത്തതാടി)

വെള്ളത്താടി:      ഹനുമാന്‍, നന്ദികേശ്വരന്‍,വിവിദന്‍.

കരി(പെണ്‍):       ഹിഡുംബി, സിംഹിക, നക്രതുണ്‍ണ്ടി, ശുര്‍പ്പണേഖ, ലങ്കാലക്ഷ്മി
                            ഈ കഥാപാത്രങ്ങള്‍ക്കെല്ലാം 'സ്ത്രീ' (ലളിത) വേഷങ്ങളും  ഉണ്ട്‌.

കരി(ആണ്‍):       കാട്ടാളന്‍(നളചരിതം 2, കിരാതം)

പഴുപ്പ്‌:                  ബലഭദ്രര്‍, ശിവന്‍

മിനുക്ക്‌:                ബ്രാഹ്മണന്‍, കുചേലന്‍(തറ്റുടുത്ത വേഷം)
                            നാരദന്‍, ദുര്‍വ്വാസാവ്‌, ധൗമ്യന്‍(മഹര്‍ഷി മുടി)
                            സുദേവന്‍, സുന്ദരബ്രാഹ്മണന്‍(സാധാരണ മിനുക്ക്‌, മുണ്ടുടുത്ത്‌)
                            വലലന്‍, മല്ലന്‍, ദൂതന്‍, മാതലി, മണ്ണാന്‍, പ്രഹസ്തന്‍ (ഉടുത്തുകെട്ടോടെ)
                            ആശാരി (ലോകധര്‍മി വേഷം)

സ്ത്രീ :                എല്ലാ സ്ത്രീ കഥാപാത്രങ്ങളും   

മറ്റുള്ളവര്‍:           പരശുരാമന്‍(കിരീടവും ഉടുത്തുകെട്ടും കൂടിയായിരുന്ന വേഷം രവിവര്‍മ്മചിത്രത്തിലേതിനു സമാനമായതിന്‌ വഴിമാറി)
                            ഹംസം (പക്ഷി സ്വര്‍ണവര്‍ണം), ജടായു (പക്ഷി കറുപ്പ്‌)
                            കാര്‍ക്കോടന്‍, ഭദ്രകാളി (പ്രത്യേക തേപ്പ്‌)
                            നരസിംഹം(പ്രത്യേക വേഷം)
                            നിണം(രക്താഭിഷിക്തയായി വരുന്ന ഭീകര വേഷം)
                            വ്യദധ, അംഗദന്‍(പൊയ്മുഖത്തോടെ)

നടന്റെ സ്വദേഹഭാഗങ്ങള്‍ പരമാവധി മറയ്ക്കുന്നതരത്തിലാവണം ഒരോ വേഷവും അരങ്ങത്ത്‌ വരേണ്ടത്‌. അതുകൊണ്ട്‌ തലമറയ്ക്കാതെയും ദേഹത്ത്‌ ആഭരണങ്ങള്‍ അണിയാതെയും രംഗത്ത്‌ വരുന്നത്‌ അനുവദനീയമല്ല. ആഭരണങ്ങളും മറ്റും കഥാപാത്രത്തിന്റെ അവസ്ഥയെ അല്ല മറിച്ച്‌ കഥാപാത്രത്തിന്റെ അനുഷ്ടാനത്തേയും കഥകളിയുടേതായ വേഷസംഹിതയെയുമാണ്‌ സാധൂകരിക്കേണ്ടത്‌ എന്നു ആസ്വാദകരും അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ അരമുണ്ടും ചുറ്റി കലിബാധിതനായി നടക്കുന്ന നളനെ കിരീടധാരിയായി ഉള്‍കൊള്ളാന്‍ കുറഞ്ഞത്‌ ഒരു ദ്വാപരബാധയെങ്കിലും കാഴ്ച്ചക്കാരനും വേണ്ടിവരും.

ആട്ടക്കഥ

കഥകളി എന്ന നാട്യകലയുടെ സാഹിത്യരൂപമാണ്‍്‌ ആട്ടക്കഥകള്‍. എന്നാല്‍ കഥകളിയുടെ വിജയം പലപ്പോഴും ആട്ടക്കഥയുടെ സാഹിത്യപരമായ മേന്‍മയേക്കാളും അത്‌ ഈ കലാരൂപത്തിന്റെ ഔചിത്യ വ്യവസ്ഥകള്‍ക്ക്‌ ഇണങ്ങുന്നതാണോ എന്ന അടിസ്ഥാനത്തിലാണ്‌. കഥയ്ക്ക്‌ ആവശ്യമായ പദരൂപേണ സംഭാഷണങ്ങളും  കഥാഗതിക്കനുസ്യതമായ വ്യാഖ്യാനങ്ങളും ആട്ടകഥയുടെ ഭാഗമാണ്‌. ഒരോ ആട്ടക്കഥയിലേയും പ്രേക്ഷക മനസ്സില്‍ സ്ഥാനം ലഭിച്ച ഭാഗം മാത്രമേ സ്ഥിരമായി ആടാറുള്ളൂ.
ഇന്നു സാധാരണയായി അരങ്ങത്ത്‌ അവതരിപ്പിയ്ക്കുന്ന കഥകളും അവയുടെ ആട്ടക ഥാകാരന്‍മാരും രംഗത്ത്‌ അവതരിപ്പിയ്ക്കപ്പെടുന്ന ഭാഗത്തെ പ്രധാന കഥാപാത്രങ്ങളും:
 

ആട്ടക്കഥാകാരന്മാരും കഥകളും കഥാപാത്രങ്ങളും
ആട്ടക്കഥ   ആട്ടക്കഥാകര്‍ത്താവ്‌    പ്രധാന കഥാപാത്രങ്ങള്‍
സീതാസ്വയംവരം  കൊട്ടാരക്കര തമ്പുരാന്‍  പരശുരാമന്‍, ശ്രീരാമന്‍
ബാലിവധം  കൊട്ടാരക്കര തമ്പുരാന്‍  രാവണന്‍, സുഗ്രീവന്‍, ബാലി
തോരണയുദ്ധം  കൊട്ടാരക്കര തമ്പുരാന്‍  ഹനുമാന്‍, രാവണന്‍
ബകവധം  കോട്ടയത്തു തമ്പുരാന്‍ ഭീമന്‍, ലളിത, ബകന്‍, ആശാരി(അപൂര്‍വ്വം)
കിര്‍മ്മീരവധം   കോട്ടയത്തു തമ്പുരാന്‍ ധര്‍മ്മപുത്രര്‍,ക്യഷ്ണന്‍,സിംഹിക,ലളിത, കിര്‍മ്മീരന്‍
കല്ല്യാണസൗഗന്ധികം കോട്ടയത്തു തമ്പുരാന്‍ ഭീമന്‍, ഹനുമാന്‍.
നിവാതകവച കാലകേയവധം കോട്ടയത്തു തമ്പുരാന്‍ മാതലി, അര്‍ജുനന്‍, ഉര്‍വ്വശി
ഉത്തരാസ്വയംവരം  ഇരയിമ്മന്‍ തമ്പി   ഉത്തരന്‍, ബ്യഹന്നള,ദുര്യേധനന്‍,ത്രിഗര്‍ത്തന്‍,
കീചകവധം  ഇരയിമ്മന്‍ തമ്പി   സൈരന്രധി, കീചകന്‍
ദക്ഷയാഗം   ഇരയിമ്മന്‍ തമ്പി   ദക്ഷന്‍, ശിവന്‍, വീരഭദ്രന്‍
നളചരിതം ഒന്നാം ദി. ഉണ്ണായിവാര്യര്‍  നളന്‍, ഹംസം, ദമയന്തി
നളചരിതം രണ്ടാം ദി. ഉണ്ണായിവാര്യര്‍  നളന്‍, ദമയന്തി,കലി,പുഷ്ക്കരന്‍,കാട്ടാളന്‍.
നളചരിതം മൂന്നാം ദി.  ഉണ്ണായിവാര്യര്‍  നളന്‍, ബാഹുകന്‍,ഋതുപര്‍ണ്ണന്‍,പര്‍ണ്ണാദന്‍
നളചരിതം നാലാം ദി.  ഉണ്ണായിവാര്യര്‍  ദമയന്തി, ബാഹുകന്‍
നരകാസുരവധം കാര്‍ത്തികതിരുന്നാള്‍ നക്രതുണ്ഡി,ലളിത, ചെ.നരകാസുരന്‍
സന്താനഗോപാലം  ഇട്ടിരാരിശ്ശമേനോന്‍ അര്‍ജുനന്‍, ബ്രാഹ്മണന്‍
രുഗ്മാഗദചരിതം  ഇട്ടിരാരിശ്ശമേനോന്‍ രുഗ്മാഗദന്‍, മോഹിനി
രുഗ്മിണീസ്വയംവരം   അശ്വതിതിരുനാള്‍  സുന്ദരബ്രാഹ്മണന്‍, ശ്രീക്യഷ്ണന്‍
അംബരിഷചരിതം അശ്വതിതിരുനാള്‍  അംബരീഷന്‍, ദുര്‍വ്വാസാവ്‌
പൂതനാമോക്ഷം   അശ്വതിതിരുനാള്‍  പൂതന
ദുര്യോധനവധം  വയസ്ക്കര മൂസ്‌  ദുര്യോധനന്‍, ദുശ്ശാസനന്‍, ശ്രീക്യഷ്ണന്‍, രൗദ്രഭീമന്‍.
സുഭദ്രാഹരണം മന്ത്രേടത്ത്‌ നമ്പൂതിരിപ്പാട്‌  അര്‍ജുനന്‍, ശ്രീക്യഷ്ണന്‍, ബലഭദ്രര്‍
ബാലിവിജയം  കല്ലൂര്‍ നമ്പൂതിരിപ്പാട്‌ രാവണന്‍, നാരദന്‍
രാവണോല്‍ഭവം    കല്ലേകുളങ്ങര രാഘവപിഷാരടി രാവണന്‍,  മാല്യവാന്‍((അപൂര്‍വ്വം)
രാവണവിജയം (രംഭാപ്രവേശം) ചെറുണ്ണി കോയിതമ്പുരാന്‍ (കിളിമാനൂര്‍ രാജരാജവര്‍മ്മ) രാവണന്‍, രംഭ
 
കാര്‍ത്തവീര്യാര്‍ജജുന വിജയം(കമലദളം) പുതിയിക്കല്‍ തമ്പാന്‍ രാവണന്‍
രാജസൂയം വടക്കന്‍  പൂന്തോട്ടം നമ്പൂതിരി   (ഇളയേടത്ത്‌ നമ്പൂതിരി എന്നും ഒരു പക്ഷം) ജരാസന്ധന്‍, ശിശുപാലന്‍
കുചേലവ്യത്തം  മുരിങ്ങൂര്‍ ശങ്കരന്‍പോറ്റി  കുചേലന്‍, ക്യഷ്ണന്‍
ലവണാസുരവധം  അമ്യതശാസ്ത്രികള്‍  കുശന്‍, ലവന്‍, സീത, ഹനൂമാന്‍,  മണ്ണാന്‍, മണ്ണാത്തി(അപൂര്‍വ്വം)
ബാണയുദ്ധം (ഉഷ ചിത്രലേഖ) രാമശാസ്ത്രികള്‍ ഉഷ, ചിത്രലേഖ
കിരാതം ഇരട്ടകുളങ്ങര രാമവാര്യര്‍ അര്‍ജുനന്‍, കാട്ടാളന്‍
ദേവയാനീസ്വയംവരം  താഴവന ഗോവിന്ദനാശാന്‍ കചന്‍, ദേവയാനി
പ്രഹ്ലാദചരിതം   മടവൂർ കാളു ആശാൻ (1857-1888) ഹിരണ്യകശിപു,ശുക്രന്‍,നരസിംഹം
കര്‍ണശപഥം 
(പുതുആട്ടക്കഥകളില്‍ സ്ഥിരം അരങ്ങു കാണുന്നത്‌.))
മാലി മാധവന്‍ നായര്‍  ദുര്യോധനന്‍, കര്‍ണന്‍, കുന്തി

പദം, മുദ്ര

കഥകളിയിലെ കഥാപാത്രത്തിന്റെ സംഭാഷണങ്ങളോ ആത്മഗതങ്ങളോ ആണ്‌ പദങ്ങള്‍. അതിനുപയോഗിക്കുന്ന രംഗഭാഷയാണ്‌ മുദ്രകള്‍. അഭിനയരീതിയെ (ചൊല്ലിയാട്ടം) ആ ഭാഷയുടെ വ്യാകരണമായി കണക്കാക്കാം. ഒരു മുദ്ര പ്രത്യേക നിലയില്‍ തുടങ്ങി അതിന്റേതായ സഞ്ചാരപഥത്തിലൂടെ വികസിച്ച്‌ വ്യക്തമായി അവസാനിപ്പിക്കുമ്പോള്‍ മാത്രമേ ആശയം പ്രകടിതമാവുന്നുള്ളൂ. കഥകളിയിലെ സംഭാഷണം കഥാപാത്രങ്ങള്‍ തമ്മിലാണെങ്കില്‍ കൂടി ആശയസംവാദം നടത്തുന്നത്‌ നേരിട്ട്‌ പ്രേക്ഷകനോടാണ്‌. അതുകൊണ്ടാണ്‌ കഥകളിയില്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്ന വിചാരപദങ്ങളായാലും മറ്റു കഥാപാത്രത്തോടുള്ള സംഭാഷണമായാലും ആസ്വാദനക്ഷമതയില്‍ മാറ്റമില്ലാത്തത്‌. പദങ്ങളിലെ ആശയങ്ങള്‍ പലപ്പോഴും പരിമിതമായളവിലായിരിക്കും, പ്രത്യേകിച്ചും പതിഞ്ഞപദങ്ങളില്‍. കഥാഗതിയെ മുന്നോട്ട്‌ നയിക്കുന്നതിന്‌ പദങ്ങള്‍ക്കൊപ്പം ആട്ടങ്ങളും ഉപയോഗിക്കേണ്ടിവരും.

ഹസ്തലക്ഷണ ദീപികയെ അടിസ്ഥാനപ്പെടുത്തിയ 24 മൂലമുദ്രകളാണ്‌ കഥകളിയില്‍ പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്‌. എന്നാല്‍ പല മുദ്രകളുടേയും പ്രയോഗ സമ്പ്രദായത്തില്‍ മാറ്റങ്ങള്‍ കാണപ്പെടുന്നുണ്ട്‌. കൂടാതെ നാട്യശാസ്ത്രം പോലുള്ള മറ്റു ശാസ്ത്രപ്രകാരമുള്ള 24 മുദ്രകളും കാലാകലങ്ങളായി പ്രയോഗിയ്ക്കുന്നുമുണ്ട്‌. വ്യത്യസ്ത ശാസ്ത്രവിഭാഗങ്ങളില്‍ ഏകനാമത്തിലുള്ള മുദ്രകള്‍ ഉണ്ടെങ്കിലും, അവ രൂപത്തില്‍ വ്യത്യസ്തങ്ങളാണ്‌. ഒരു കഥകളി ആസ്വാദകന്‍ തന്റെ അരങ്ങുപരിചയത്താല്‍ നടന്‍ കാണിക്കുന്നത്‌ സന്ദര്‍ഭത്തിനനുസരിച്ച്‌ മനസ്സിലാക്കുകയാണ്‌ കരണീയമായിട്ടുള്ളത്‌. മുതിര്‍ന്ന കലാകാരന്‍മാരടക്കം പലരും മുദ്രകള്‍ ചുരുക്കി കാണിക്കുന്നതും വിഷയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നുണ്ട്‌.

കലാശങ്ങള്‍

പദഭാഗങ്ങളെ തമ്മില്‍ ബനധിക്കുവാനും പദാന്ത്യങ്ങളിലും പ്രയോഗിക്കുന്ന ന്യത്തരൂപങ്ങളാണ്‌ കലാശങ്ങള്‍. കഥാപാത്രത്തിന്റെ സ്ഥായീഭാവത്തെ കൈവിടാതെ മുഖാഭിനയപൂര്‍ണതക്ക്‌ സഹായകകരമായി വര്‍ത്തിക്കേണ്ടവയാണ്‌ ഒരോ കലാശങ്ങളും. ഇതിനുള്ള ഒരുത്തമ ഉദാഹരണമായി ചൂണ്ടികാണിക്കാവുന്നതാണ്‌ കിര്‍മ്മീരവധം കഥയിലെ ധര്‍മ്മപുത്രരുടെ 'ബാലേ കേള്‍ നീ' എന്ന പദത്തിലെ പതിഞ്ഞരീതിയിലുള്ള വട്ടംവെച്ചു കലാശം. പലതരത്തിലുള്ള കലാശരൂപങ്ങള്‍ കഥകളിയില്‍ നിലവിലുണ്ട്‌.

ഇടക്കലാശം: എല്ലാ താളപദങ്ങളിലും പല്ലവി,അനുപല്ലവി,ചരണങ്ങള്‍ എന്നിവക്ക്‌ ശേഷം വരുന്ന സാധാരണ കലാശങ്ങളാണിവ.
വട്ടംവെച്ചുകലാശം: ഇടമട്ടിലോ മുറുകിയതോ ആയ ചെമ്പട,അടന്ത പദങ്ങളുടെ പല്ലവി, അനുപല്ലവി, ചരണങ്ങള്‍ എന്നിവയുടെ തുടക്കത്തിലോ അവസാനചരണാന്ത്യത്തിലോ പതിത്തപദങ്ങളില്‍ പല്ലവിയ്ക്ക്‌ ശേഷമോ വ്യത്താകാരത്തിലെടുക്കുന്ന കലാശമാണിത്‌.
ഇരട്ടി: അനുപല്ലവി, ചരണം എന്നിവയുടെ അവസാനത്തിലാണ്‌ ഈ 'ഇരട്ടിക്കല്‍' പതിവ്‌. പുരുഷ പതിഞ്ഞപദങ്ങളില്‍ അവസാന ചരണാന്ത്യത്തില്‍ ആറുതാളവട്ട ഇരട്ടിയും സ്ത്രീ പതിഞ്ഞപദങ്ങളില്‍ കുറഞ്ഞത്‌ രണ്ട്‌ താളവട്ട ഇരട്ടിയും അരങ്ങത്ത്‌ ദ്യശ്യപരമായി വിജയിക്കുന്നുണ്ട്‌.
അടക്കം: ഇട/മുറുകിയ കാലത്തിലുള്ള ചെമ്പട, ത്യപുട പദങ്ങളില്‍ കലാശങ്ങള്‍ക്ക്‌ ശേഷം തുടര്‍ന്നുവരുന്ന പദഭാഗം ചൊല്ലിവട്ടംതട്ടിയാണ്‌ ഇതിന്റെ പ്രയോഗം.
തോങ്കാരം: പദാവസാനം പല്ലവി (പല്ലവി ഇല്ലെങ്കില്‍ ചരണാരംഭം) ആവര്‍ത്തിച്ചു കൊണ്ടാണ്‌ ഇതെടുക്കുന്നത്‌.
മുറിക്കലാശം: മുറിയടന്തയില്‍ ചരണാന്ത്യത്തില്‍ എടുക്കുന്ന ദൈര്‍ഘ്യം കുറഞ്ഞ കലാശമാണിത്‌.
ചൊല്ലിവട്ടംതട്ടല്‍(വലിയ കലാശം): ചരണാരംഭത്തില്‍ ഒന്നു രണ്ടു മുദ്ര കാണിച്ച ശേഷം എടുക്കുന്ന മുറുകിയ കാലത്തിലുള്ള വട്ടംവെച്ചു കലാശമാണിത്‌.
നാലാമിരട്ടി: ഇതൊരു 'വിരാമ' മാണ്‌. സാധരണയായി കഥാപത്രം നിഷ്ക്രമിക്കുന്നതിനും ആട്ടം അവസാനിച്ച്‌ പദം തുടങ്ങുന്നതിനു മുമ്പും നാലാമിരട്ടിയെടുത്താണ്‌.
അഷ്ടകലാശം: ചെമ്പതാളത്തില്‍ ഇടമട്ടിലാണ്‌ എട്ടു കലാശങ്ങളെ കോര്‍ത്തിണക്കിയ അഷ്ടകലാശം എന്ന കഥകളിയുടെ അപൂര്‍വ്വതയായ ഈ ന്യത്തത്തിന്റെ നിര്‍വ്വഹണം. നിശ്ച്ചയമായും അഷ്ടകലാശം എടുക്കേണ്ടത്‌ അല്ലെങ്കില്‍ എടുക്കുന്നത്‌ കാലകേയവധത്തില്‍ അര്‍ജജുനന്റെ 'സുക്യതികളില്‍ മുമ്പനായ്‌' എന്ന ചരണാരംഭത്തിലാണ്‌. അല്‍ഭുതവീര രസങ്ങളുടെ പാരമ്യപ്രകടനമെന്നനിലയില്‍ കല്ല്യാണസൗഗനധികം ('ശൗര്യഗുണനീതി' /കൂട്ടക്കലാശം മാത്രം), സുഭദ്രാഹരണം('അത്രയുമതല്ലെടോ') എന്നിവയിലും പതിവുണ്ട്‌. തെക്കന്‍ശൈലിയില്‍(?) കല്ല്യാണസൗഗനധികത്തില്‍ ഹനൂമാനും ബാലിവിജയത്തില്‍ ബാലിയും ഇതിനു മുതിരുന്നുണ്ട്‌.

സാരി

മുഗ്ദധനായികമാരെ അവതരിപ്പിയ്ക്കാന്‍ പ്രയോഗിക്കുന്ന ലളിതമോഹനലാസ്യ ന്യത്ത രുപമാണ്‌ 'സാരി'. അരങ്ങുകാണുന്ന ചില സാരികള്‍:
കാമനോടു തുല്യനാകും ഭീമ..(യെദു.കാംബോജി)                 ബകവധം         ലളിത
പൂമകനും മൊഴിമാതും ഭൂമിദേവി..(പുന്നാഗവരാളി)            നളചരിതം1 ദി         ദമയന്തി-/സഖി
യാമിനിചരമാനിനീ വന്നിതു..(നിലാംബരി)                        നരകാസുരവധം     ലളിത
കല്ല്യാണാഗിയണഞ്ഞീടുമുല്ലാസ..(യെദു.കാംബോജി)         രുഗ്മാംഗദചരിതം     മോഹിനി
സുന്ദരിമാര്‍ മണി ബാണനന്ദിനി..(യെദു.കാംബോജി)        ബാണയുദധം         ഉഷ,ചിത്രലേഖ

ദണ്ഡകം

ശ്ലോകത്തില്‍ ഒതുക്കാന്‍ സാധിയ്ക്കാത്ത ആശയങ്ങളോ വ്യാഖ്യാനങ്ങളോ ആയ കവിവാക്യങ്ങളാണ്‌ ദണ്ഡകങ്ങള്‍. നാലാം വരി ചമ്പ മദ്ധ്യകാലത്തില്‍ ആണ്‌ പാടുന്നത്‌. തിരയ്ക്കകത്ത്‌ അവതരിപ്പിയ്ക്കുന്നവയോ ഭാവവര്‍ണ്ണനാപരമായി രംഗത്ത്‌ അഭിനയിക്കുന്നതോ ആയ ദണ്ഡകങ്ങളുള്ളതില്‍ പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു.
ക്ഷോണീന്ദ്രപത്നിയുടെ വാണീം        കീചകവധം
ഏണാങ്കമൗലിയുടെ ചേണാര്‍ന്ന        ദക്ഷയാഗം
ഇത്ഥം ശ്രവിച്ചു പരമാര്‍ത്ഥം നിനച്ചു        ദുര്യോധനവധം
ഇത്ഥം നിവേദ്യ ഗിരിപുത്രിം                      കിരാതം
വേദാന്തവേദ്യനഥ വാദം തുടര്‍ന്നളവില്‍    സുഭദ്രാഹരണം
ഏവം നിനച്ചവനിദേവന്‍                            കുചേലവ്യത്തം
ഇത്ഥം പ്രയാളി ദ്യഢബദധാളകം        ബാണയുദധം
ദണ്ഡകങ്ങള്‍ക്ക്‌ തുടക്കം കുറിച്ചതെന്ന്‌ കരുതപ്പെടുന്ന കാലകേയവധത്തിലെ 'ഇന്ദ്രാണിയെ തൊഴുതു....' എന്നു തുടങ്ങുന്ന ദണഡകം രംഗത്തു നിന്ന്‌ അപ്രത്യക്ഷമായിരിക്കുന്നു. ദ്വിജാവന്തി, മദ്ധ്യമാവതി രാഗ മിശ്രിതത്തില്‍ ആണ്‌ ദണ്ഡകങ്ങള്‍ ആലപിയ്ക്കുന്നത്‌.

തിരനോക്ക്‌

കത്തി, താടി, കരി വേഷങ്ങള്‍ക്കാണ്‌ തിരനോക്ക്‌ നിബനധിച്ചിട്ടുള്ളത്‌. എന്നാല്‍ ചില പ്രത്യേക കഥാപാത്രങ്ങള്‍ക്ക്‌ കൂടി തിരനോക്ക്‌ പതിവുണ്ട്‌. ഉദാ: നളചരിതം മൂന്നാം ദിവസത്തിലെ കാര്‍ക്കോടന്‍, ദക്ഷയാഗത്തിലെ ഭദ്രകാളി, കീചകവധത്തിലെ മല്ലന്‍. കഥാപാത്രത്തിന്റെ അവസ്ഥക്കനുസരിച്ച്‌ പതികാലം(പതിഞ്ഞ പദമുള്ള കത്തി/ആലവട്ടവും മേലാപ്പുമായി), ഇടമട്ടില്‍(മറ്റു കത്തി, വെള്ളതാടി), കാലം കയറ്റി (കുട്ടിത്തരം വേഷങ്ങള്‍ക്ക്‌) നാലാം കാലത്തില്‍ (ചുകന്ന താടി, കരി) എന്നിങ്ങനെ വിവിധ 'കാല' ക്രമത്തില്‍ തിരനോക്ക്‌ ഉണ്ട്‌.

ഇളകി ആട്ടങ്ങളും പ്രത്യേക ന്യത്തകര്‍മ്മങ്ങളും

ആട്ടങ്ങള്‍ ആട്ടക്കഥയുടെ ഭാഗമായല്ല നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്‌. കഥകളി ആചാര്യന്‍മാര്‍ കാലാകലങ്ങളില്‍ സ്ഫുടം ചെയ്തെടുത്ത ആട്ടക്രമം തലമുറ തലമുറ കൈമാറി വരുകയാണ്‌.
ഉദ്യാനവര്‍ണന,വനവര്‍ണന,സ്വര്‍ഗവര്‍ണന: പേര്‌ സൂചിപ്പിക്കുന്ന പോലെ ഇവ വര്‍ണനകളാല്‍ നിറഞ്ഞതാണ്‌. കൊടുങ്ങല്ലൂര്‍ തമ്പുരാക്കന്‍മാര്‍ ഉണ്ടാക്കിയ ശ്ലോകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്‌ ഒരോ വര്‍ണനയും അഭിനയിക്കുന്നത്‌. നളചരിതം രണ്ടാം ദിവസം (ഉദ്യാനവര്‍ണന), മൂന്നാം ദിവസം, കല്യാണസൗഗനധികം(വനവര്‍ണന), കാലകേയവധം (സ്വര്‍ഗവര്‍ണന) എന്നീവയിലാണ്‌ ഇവ പ്രധാനമായും പ്രയോഗത്തില്‍ വരുന്നത്‌.

ശബ്ദവര്‍ണന: നരകാസുരന്‍(നരകാസുരവധം), ഹനൂമാന്‍(കല്ല്യാണസൗഗനധികം) എന്നിവര്‍ ശബ്ദം കേള്‍ക്കുന്നത്‌ എന്തെന്ന്‌ ആരാഞ്ഞുകൊണ്ട്‌, വ്യത്യസ്ത രീതിയില്‍.
തന്റേടാട്ടം: ശ്യംഗാരപദമില്ലാത്ത കത്തി, താടി വേഷങ്ങള്‍ തിരനോക്കിനു ശേഷം ആമുഖമായി ആടുന്നതാണ്‌ തന്റേടാട്ടം. 'എനിക്കു സുഖം ഭവിച്ചു...' എന്നു തുടങ്ങുന്ന ആട്ടം കാഥാപാത്രത്തിന്റെ പൂര്‍വ്വചരിത്രവും തന്റേടവും അനാവരണം ചെയ്യുന്ന തരത്തില്‍.
കരിവട്ടം: കരി(പെണ്‍)വേഷങ്ങള്‍ക്കായി സ്ത്രൈണ ഭാവചലനങ്ങളിലുള്ള ഒരുങ്ങലും കുമ്മിയടിയും പന്തടിയും എല്ലാം അടങ്ങിയത്‌.
പടപ്പുറപ്പാട്‌: കഥയോ കാഥാപാത്രമോ ഏതുതന്നെയായാലും യുദ്ധ സന്നാഹമൊരുക്കുന്ന പൊതുവായ ചടങ്ങാണിത്‌. നരകാസുരന്‍(നരകാസുരവധം), കിര്‍മ്മീരന്‍(കിര്‍മ്മീരവധം), രാവണന്‍(രാവണവിജയം) എന്നീ 'കത്തി' കളാണ്‌ പ്രധാന പ്രയോക്താക്കള്‍. വില്ല്‌ വളച്ചുകുത്തി ഞാണ്‍ വലിച്ചുകെട്ടല്‍, വാളും പരിചയും, കുന്തം, ശൂലം എന്നിവ ഇണക്കം നോക്കി രഥത്തില്‍ വെച്ചുകെട്ടല്‍, വാള്‌ ഉറയില്‍ വെച്ചുകെട്ടല്‍, മാര്‍ചട്ടയണിയല്‍ എല്ലാം നടന്റെ ശരീര ഭാഷ കൊണ്ട്‌ ദ്യശ്യരൂപമൊരുക്കല്‍.
യുദധവട്ടം: ബാലിവധം, കീചകവധം(മല്ലവലലന്‍മാരുടെ), ദക്ഷയാഗം എന്നിവയൊഴികെ എല്ലാ യുദ്ധങ്ങളും ഒരുപോലെയാണെന്ന്‌ പറയാം. മല്ലവലലന്‍മാര്‍ക്കും ബാലിസുഗ്രീവന്‍മാര്‍ക്കും ലവണാസുരവധത്തിലും ദൈര്‍ഘ്യസൂചകമായി ചെമ്പവട്ടത്തിലും യുദ്ധമുണ്ട്‌. ബാലിസുഗ്രീവന്‍മാരുടെ യുദ്ധം മറ്റു യുദ്ധരംഗങ്ങളില്‍ നിന്ന്‌ വ്യത്യസ്തമായി പര്‍വ്വതം ചുറ്റല്‍, മീശപിരിയ്ക്കല്‍, പലതരത്തിലുള്ള അലര്‍ച്ചകളും വാനരശബ്ദങ്ങളും പുറപ്പെടുവിക്കല്‍,  ചൊറിയല്‍, കിടന്ന്‌ ചവുട്ടല്‍, പുലി പതിയിരുന്ന്‌ ആക്രമിക്കുന്ന തരത്തിലുള്ള പുലിയങ്കം തുടങ്ങി വാനര സോദരരുടെ അവസ്ഥക്ക്‌ യോജിക്കും വിധം.
പ്രത്യേക കഥാപാത്രത്തിനു നിര്‍വ്വഹിക്കാനുള്ള ആട്ടങ്ങള്‍: വേര്‍പാട്‌(നളചരിതം രണ്ടാം ദിവസം/നളന്‍),ത്യഗര്‍ത്തവട്ടം(ഉത്തരാസ്വയംവരം/ത്യഗര്‍ത്തന്‍),തേര്‍ക്കൂട്ടികെട്ടല്‍(കാലകേയവധം/മാതലി),മാലയിടല്‍വിവാഹം (സുഭദ്രാഹരണം/അര്‍ജജുനന്‍) ശരകൂടനിര്‍മ്മാണം (സന്താനഗോപാലം/അര്‍ജജുനന്‍) കൂടാതെ 'പ്രധാന ആട്ട'ങ്ങളില്‍ കാണുക.
കഥകളിയുടെ സമഗ്രമേഖലകളേയും ആട്ടങ്ങളേയും കുറിച്ച്‌ വിശദീകരിക്കുന്ന കല.പദ്മനാഭന്‍നായരാശന്റെ എതിരില്ലാത്ത ക്യതികളായ 'കഥകളി വേഷം', 'ചൊല്ലിയാട്ടം', 'നാട്യാചാര്യന്റെ ജീവിതമുദ്രകള്‍' എന്നിവ നമുക്ക്‌ ലഭിച്ച നിധികളായി കാണാവുന്നതാണ്‍്‌.

പലവക വിഷയങ്ങള്‍

1.വലതുവശം: പൊതുവെ മാന്യസ്ഥാനമായി കണക്കാക്കപ്പെടുന്ന വലതുവശം തന്നെയാണ്‌ കഥകളി അരങ്ങത്തേയും അടിസ്ഥാനം. ദേവത്വം, ഗുരുത്വം, പ്രായം എന്നീ കഥാപാത്രപരമായ ഉന്നതിയാണ്‌ അതിനാധാരം. അതുകൊണ്ട്‌ ചില യുദ്ധ രംഗങ്ങളില്‍ പദമാടുന്ന കഥാപാത്രം വലത്തോട്ട്‌ മാറി ആടുകയാണ്‌ നടപ്പ്‌. കഥാപാത്രങ്ങള്‍ സാധരണ ഇടതു വശത്തുകൂടിയാണ്‌ അരങ്ങു പ്രവേശം നടത്തുന്നത്‌. മുന്‍പരിചിതരല്ലാത്ത കഥാപാത്രങ്ങള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ മാന്യസ്ഥാനാവകാശി സ്വയം ഇടതുവശം സ്വീകരിക്കുകയും വലതുവശത്തുകൂടി പ്രവേശിച്ച കഥാപാത്രത്തിന്‌ ഈ തിരിച്ചറിവ്‌ ഉണ്ടാവുന്ന അവസരത്തില്‍ തല്‍സ്ഥാനം വിട്ടുകൊടുക്കുകയും ചെയ്തു കൊണ്ട്‌ വലതു പ്രൗഢിയെ ഒന്നുകൂടി ഉറപ്പിക്കുന്നുണ്ട്‌. (ഉദ: മൂന്നാം ദിവസത്തില്‍ നളനും കാര്‍ക്കോടകനും, സൗഗനധികത്തില്‍ ഭീമനും ഹനൂമാനും) ഈ 'വലതു പ്രതിസനധി'യാണ്‌ നളചരിതം നാലാം ദിവസത്തില്‍ ബാഹുകനെ രംഗത്ത്‌ ഇരുത്തുകയും ദമയന്തിയെ പ്രവേശിപ്പിക്കുകയും ചെയ്തു കൊണ്ട്‌ ഉചിതമായി പരിഹരിച്ചത്‌.
2.വലന്തല: മംഗളാവസരങ്ങളില്‍ ത്യപുട വലന്തലയും ശംഖനാദവും ഒഴിവാക്കാനാവാത്തത്‌. വിവാഹം, ദൈവീകപ്രീതി, അശരീരി, മോക്ഷം തുടങ്ങിയവസരങ്ങള്‍ വലന്തലമേളത്തിന്റെ അകംമ്പടി അനിവാര്യം.(ഉദാ: സുഭദ്രാഅര്‍ജുന വിവാഹം/സുഭദ്രാഹരണം, പാത്രചരിതം, ക്യഷണപ്രവേശം/കിര്‍മ്മീരവധം, ശ്രീക്യഷ്ണകുചേല സംഗമം/കുചേലവ്യത്തം, മോക്ഷം/ പൂതനാമോക്ഷം, രാജസൂയം, നളദമയന്തി പുനസമാഗമം/നളചരിതം നാലാം ദിവസം) ഇതില്‍ നിന്ന്‌ വേറിട്ട ഒരപൂര്‍വ്വാവസരമാണ്‌ തോരണയുദ്ധം 'അഴകിയ'രാവണന്റെ രംഗപ്രവേശം.
3.തിരശ്ശീല: ഒരു നാടകത്തിന്‌ കര്‍ട്ടന്‍ നല്‍കുന്ന സംഭാവനയേക്കാളും വളരെ വിപുലമാണ്‌ കഥകളിയില്‍ തിരശ്ശീല നല്‍കുന്നത്‌. 'രംഗം മറക്കല്‍' തിരശ്ശീലയുടെ ഒരു ധര്‍മ്മം മാത്രമാണ്‌. ഇതിന്റെ നടകീയ സാദധ്യതകളെ തീരെ അവഗണിച്ചത്‌ 'കര്‍ണശപഥം' ആട്ടക്കഥ മാത്രമാവും. ശാസ്ത്ര പുരോഗതിക്കൊപ്പം മറ്റു കലാരൂപങ്ങളില്‍ പ്രകടമായ മാറ്റം സംഭവിക്കുമ്പോഴും സ്ഥല/കാലാ/അവസ്ഥകളുടെ പുനര്‍സ്യഷ്ടിക്ക്‌ കഥകളില്‍ ഉപയോഗിക്കപ്പെടുന്നത്‌ ലളിതമായ ഈ പരമ്പരാഗത സങ്കേതം തന്നെയെന്നത്‌ ഏവരേയും അല്‍ഭുതപ്പെടുത്തും.
4.കളിവിളക്ക്‌: താണുനില്‍ക്കുന്ന നടന്റെ മുഖം, കളിവിളക്കിന്റെ നാളം,  കസേരയില്‍ ഇരിക്കുന്ന ആസ്വാദകന്റെ മുഖം എന്നിവ ഒരു നേര്‍വരയില്‍ വരുന്നതാവണം. കളിവിളക്കിനും നടനും മദേധ്യ ആരും അരങ്ങു മുറിച്ചു കടക്കരുത്‌. അത്തരം ആവശ്യങ്ങളില്‍ അരങ്ങിനു പിന്‍ഭാഗത്തുകൂടി വേണം കടന്നു പോകാന്‍.
5.കഥകളി പദങ്ങള്‍: മറ്റു കീര്‍ത്തനങ്ങള്‍ പോലെ കഥകളി പദങ്ങള്‍ ഒരേ കാലത്തില്‍ തന്നെ മുഴുവനായി ആലപിക്കപ്പെടണമെന്നില്ല. ദ്യശ്യകലയ്ക്കുള്ള പിന്നണി എന്ന നിലയില്‍ കാലപ്രമാണവ്യതിയാനം ഭാവരസപൂര്‍ത്തീകരണത്തിന്‌ ഉദകും വിധം ആയിരിക്കും. കൂടാതെ ഒരേ രാഗം അതിന്റെ വ്യത്യസ്ത ആലാപനശൈലിയാല്‍ വ്യത്യസ്ത ഭാവരസം ആണ്‌ പ്രകടിപ്പിയ്ക്കുന്നത്‌ എന്നും കാണാം.

ധനാശി

അവസാന രംഗത്ത്‌ വരുന്ന സാത്വിക കഥാപാത്രമണ്‌ ധനാശി എടുക്കാറ്‌. കഥാപാത്രമല്ല നടനാണ്‌ ധനാശി എടുക്കുന്നത്‌ എന്നതിനാല്‍ രാക്ഷസ വേഷങ്ങളും 'മരണ'പ്പെട്ട വേഷവും ധനാശി എടുക്കുന്നതില്‍ അസ്വാഭാവികതയില്ല. ധനാശിയോടെ ആ ദിവസത്തെ കഥകളിക്ക്‌ പരിസമാപ്തിയായി. എന്നാല്‍ കര്‍ത്തവ്യ നിരതനായ അരങ്ങുതകര്‍ത്ത കഥകളിക്കാരന്റെ കലാസപര്യ യാത്ര അപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കും.

കളിയച്ഛന്‍

മഹാനടനും നാട്യാചാര്യനും ആയിരുന്ന സമാദരണീയനായ പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ നാമധേയം പരാമാര്‍ശിക്കാതെ കഥകളി സംബനധമായതൊന്നും പൂര്‍ണ്ണമാവില്ല. അതുകൊണ്ടു തന്നെയാവണം ശാസ്ത്രീയ കലകളുടെ വളര്‍ച്ചയില്‍ നിഷ്ണാതനായിരുന്ന മഹാകവി വള്ളത്തോള്‍ ഈ യുഗപ്രഭാവനെ 'കളിയച്ഛന്‍' എന്ന്‌ വിശേഷിപ്പിച്ചത്‌. ഒരു കഥകളി കലോപാസകനെ(എല്ലാ ഗുരുക്കന്‍മാരേയും) സംബനധിച്ചിടത്തോളം തന്റെ ശിഷ്യസമ്പത്തിലൂടെയാണ്‌ അവര്‍ ജനഹ്യദയങ്ങളില്‍ പുനര്‍ജീവിക്കുന്നത്‌. പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ ശിഷ്യരില്‍ ഒമ്പതു പേര്‍ ദേശീയ പുരസ്ക്യതരായെന്നത്‌ ആ ആചാര്യന്റെ ജീവിത വിജയത്തെ തന്നെയാണ്‌ സൂചിപ്പിക്കുന്നത്‌. പിന്നീട്‌ കഥകളിയില്‍ വിജയ രഥം പറത്തിയവരില്‍ ബഹുഭൂരിഭാഗവും (സംഗീത മേള വിദഗ്ധരുള്‍പ്പെടെ) അദേ്ദഹത്തിന്റെ ശിഷ്യ പ്രശിഷ്യ പരമ്പരക്കാരാണെന്നതും ആകസ്മികമല്ല. ഈ ജ്വലിക്കുന്ന ഓര്‍മ്മതന്നെയാവട്ടെ വരും തലമുറകളുടെ പ്രചോദനവും.

കഥകളിയുടെ ദ്യശ്യ സാഫല്യം അനുഭവിച്ചറിയാന്‍ എന്റെ ഈ നുറുങ്ങുവെട്ടം ഏവരേയും സാഹിയിക്കട്ടെ എന്ന്‌ പ്രത്യാശിക്കുന്നു.

Article Category: 
Malayalam

Comments

ഗംഭീരം വേറെ ഒന്നും പറയാനില്ല.

ചുവന്നതാടിയിലുള്ള ജരാസന്ധനെ കാണാൻ തെക്കൻ കേരളത്തിലെ കഥകളി ആസ്വാദക വിദ്യാർഥി വിഷമിക്കും.

pradeepthennatt's picture

ആട്ടകഥ , ആട്ടക്കഥാ കര്‍ത്താവ് , കഥാപാത്രങ്ങള്‍ എന്ന് കോളം തിരിച്ചപ്പോള്‍  page alignment പ്രശ്നം ഉണ്ട്. കൂടാതെ ഇരയിമ്മന്‍ തമ്പിക്ക് പകരം ഇരയിമ്പന്‍ തമ്പി

Excellent Nandettan...short & sweet...at the same time serves the purpose in full..

കാലത്തിന്നനുയോജ്യമായ ലിഖിതം തന്നെന്നു മന്യേ; മുറയ്-
ക്കാലംബം പുതുവീക്ഷകർക്കു വരുമാറാകും നിനച്ചാലിതും
ശീലം വന്നവനൊന്നു ശങ്ക വരികിൽ തീർക്കാനുമൊക്കും; വരും
കാലേ ലേഖകനാട്ടെ വീണ്ടുമിതുപോൽ സൽകർത്തൃകം തീർക്കുവാൻ.

കാലത്തിന്നനുയോജ്യമായ ലിഖിതം തന്നെന്നു മന്യേ; മുറയ്-
ക്കാലംബം പുതുവീക്ഷകർക്കു വരുമാറാകും നിനച്ചാലിതും
ശീലം വന്നവനൊന്നു ശങ്ക വരികിൽ തീർക്കാനുമൊക്കും; വരും
കാലേ ലേഖകനാട്ടെ വീണ്ടുമിതുപോൽ സൽകർത്തൃകം തീർക്കുവാൻ.

C.Ambujakshan Nair's picture

P.Ravindranath:  ചുവന്ന താടിയിലുള്ള ജരസന്ധനെ അവതരിപ്പിച്ചു കാണുന്നതിൽ തെക്കുള്ള ആസ്വാദകർക്കോ ആസ്വാദക വിദ്യാർത്ഥികൾക്കോ ഒരു വിഷമവും ഉണ്ടാകാനിടയില്ല. രണ്ടു രീതിക്കും അതിന്റേതായ പ്രത്യേകതകൾ ഉണ്ട്. വടക്ക് രാജസൂയത്തിലെ വേഷങ്ങൾ ചെയ്തുള്ള ശീലം, അനുഭവം എന്നിവ അരങ്ങിനു ഗുണം ചെയ്യും. തെക്ക് യുദ്ധരീതികൾക്ക് ഉള്ള പ്രത്യേകതകൾ ഭീമൻ ചെയ്യേണ്ടി വരുന്ന പലനടന്മാർക്കും അനുഭവക്കുറവ് ഉണ്ട്.

ചുവന്നതാടിയിലുള്ള ജരസന്ധനെ വടക്കൻ രീതിയും തെക്കൻ രീതിയും മിക്സ്‌ ചെയ്ത് ഒരു നടൻ അവതരിപ്പിച്ചു കണ്ടിരുന്നു. സത്യത്തിൽ എനിക്ക് ഒട്ടും ഇഷ്ടമായില്ല.