വെണ്മണി ഹരിദാസ്

Venmani Haridas Photo by:Sandeep Venmani

വെണ്മണി ഹാരിദാസ് 1946 സെപ്റ്റംബര്‍ 16ന് ആലുവായിലെ വെണ്മണി മനയില്‍ ജനിച്ചു. അച്ഛന്‍ വെണ്മണി നാരായണന്‍ നമ്പൂതിരിപ്പാട്. അമ്മ തൃശ്ശൂര്‍ കൈപ്പറമ്പ് കുറൂര്‍ ദേവസേന അന്തര്‍ജ്ജനം. അച്ഛന്‍ ഒരു മുഴുവന്‍ സമയ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായിരുന്നു.

തൊട്ടടുത്തുള്ള അകവൂര്‍ മനയില്‍ കഥകളി കണ്ട് അദ്ദേഹത്തിനു കഥകളിയില്‍ കമ്പം ജനിച്ചു. മുണ്ടക്കല്‍ ശങ്കര വാര്യര്യുടെ അടുത്ത് നിന്ന് കഥകളി സംഗീതം ആദ്യപാഠങ്ങള്‍ പഠിച്ചു. 1960 ഹരിദാസ് കലാമണ്ഡലത്തില്‍ ചേര്‍ന്നു. നീലകണ്ഠന്‍ നമ്പീശന്‍, ശിവരാമന്‍ നായര്‍ എന്നിവരായിരുന്നു ഹരിദാസിന്റെ ഗുരുനാഥനമാര്‍. പിന്നീട് കലാമണ്ഡലം ഗംഗാധരന്‍ കലാമണ്ഡലത്തില്‍ സംഗീതാദ്ധ്യാപകനായി ചേര്‍ന്നപ്പോള്‍ ഹരിദാസ് അദ്ദേഹത്തിന്റെ പ്രഥമശിഷ്യനായി. ശങ്കരന്‍ എംബ്രാന്തിരി, മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി, കലാമണ്ഡലം ഹൈദരാലി എന്നിവര്‍ അദ്ദേഹത്തിന്‍റെ സീനിയേഴ്സ് ആയി കലാമണ്ഡലത്തില്‍ സംഗീതം അഭ്യസിച്ചവരാണ്. സംഗീതപഠനം കഴിഞ്ഞ ഹരിദാസ് 1968ല്‍ ദര്‍പ്പണ (അഹമ്മദാബാദ്) യില്‍ സംഗീതാദ്ധ്യാപകനായി ചേര്‍ന്നു. ഹിന്ദുസ്റ്റാന് സംഗീതത്തില്‍ അറിവ് നേടാന്‍ ഇക്കാലം ഹരിദാസിനെ സഹായിച്ചു.1978ല്‍ തിരുവനന്തപുരത്തെ മാര്‍ഗ്ഗിയില്‍ അദ്ദേഹം കഥകളി സംഗീതാദ്ധ്യാപകനായി ചേര്‍ന്നു.

ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത, സ്വം, വാനപ്രസ്ഥം എന്നീ രണ്ട് മലയാളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

കരള്‍ രോഗബാധിതനായി അദ്ദേഹം  2005 സെപ്റ്റംബര്‍ 17ന് തിരുവനതപുരത്ത് വെച്ച് അന്തരിച്ചു.

എന്‍.പി. വിജയകൃഷ്ണന്‍ അദ്ദേഹത്തിന്റെ ജീവചരിത്രം “ഭാവഗായകന്‍” എന്നപേരില്‍ എഴുതി റെയ്ന്‍ബോ ബുക്ക്സ് ചെങ്ങന്നൂര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘ചിത്തരഞ്ജിനി - റിമംബറിങ്ങ് ദ മാസ്റ്റ്രോ’ ഹരിദാസിനെ കുറിച്ച് ഒരു ഡോക്യുമെന്ററി സെന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ശ്രീ സുനില്‍ ഗോപാലകൃഷ്ണനും രതീഷ് രാമചന്ദ്രനും ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുണ്ട്.

 

പൂർണ്ണ നാമം: 
കലാമണ്ഡലം വെണ്മണി ഹരിദാസ്
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Monday, September 16, 1946
മരണ തീയ്യതി: 
Saturday, September 17, 2005
ഗുരു: 
മുണ്ടക്കല്‍ ശങ്കരവാര്യര്‍
കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍
കലമാമണ്ഡലം ശിവരാമന്‍ നായര്‍
കലാമണ്ഡലം ഗംഗാധരന്‍
കളിയോഗം: 
കേരള കലാമണ്ഡലം
ദര്‍പ്പണ അക്കാദമി, അഹമ്മദാബാദ്
മാര്‍ഗ്ഗി, തിരുവനന്തപുരം